സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിവർത്തകയ്ക്ക് നഷ്ടപ്പെടുന്നത്

ആർ കെ ബിജു


2020 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായ Quo Vadis, Aida?യുടെ കാഴ്ചാനുഭവം
‘Quo V adis, Aida? Director: Jasmila Zbanic (2020)

കവിക്കോ കഥാകാരനോ സൃഷ്ടി സംഭവിക്കുന്നിടത്ത് ലഭിക്കുന്ന ഏകാന്തത ,പലപ്പോഴും ചലച്ചിത്രകാരന് അന്യമാണ് .മിക്കപ്പോഴും ബഹളങ്ങൾക്ക് നടുവിലിരുന്ന് പരിസരം അപ്പപ്പോൾ ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കനുസൃതമായി ചമക്കുന്ന ഫ്രെമുകളിലും അവക്കിടയിലും കവിത കിനിയണമെങ്കിൽ അയാൾക്ക് /അവൾക്ക് മറ്റുള്ളവരോട് എന്തോ പറയാനുണ്ടാകണം ,പറഞ്ഞില്ലെങ്കിൽ വീർപ്പു മുട്ടിക്കുന്ന ഒന്ന് .തന്റെ ഉള്ളിലെ ദൃശ്യങ്ങളുടെ ആ വീർപ്പു മുട്ടലിനെ മട വെട്ടി കാഴ്ചക്കാരനിലേക്ക് ഒഴുക്കാൻ അയാൾക്ക് /അവൾക്ക് ക്യാമറ കൈയിലെടുത്തെ തീരൂ …
‘Quo V adis, Aida? ഇതി വൃത്തമാക്കുന്നത് 1995 ൽ നടന്ന ബോസ്നിയൻ വംശഹത്യയാണ് .അവിടെ ദാരുണമായി കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളികൾ ചെവിയിൽ മുഴങ്ങുമ്പോൾ സംവിധായിക ഒറ്റയാവുന്നുണ്ടാവാം ,കാഴ്ചക്കാരനിലേക്കെത്താനുള്ള നിസ്സംബ്ദമായ ആ ഒറ്റ വയൽ വരമ്പ് അവർക്ക് മുന്നിൽ തെളിഞ്ഞിട്ടുണ്ടാവണം .മതവും ഗോത്രവും ഉറക്കാത്ത ചായ്വുകളില്ലാതെ ചാഞ്ചാടി നടന്നിരുന്ന കുരുന്നുകളുടെ രക്തം വീണ തെരുവകൾ നിങ്ങളെത്ര വെള്ള പൂശിയാലും ,മറവി ചികഞ്ഞു പോയി സാക്ഷ്യപ്പെടുത്തതാനായി ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്നതിന്റെ ഓര്മപ്പെടുത്തലാണ് ഈ സിനിമ .


ഐദയിലൂടെ ആണ് സംവിധായിക സിനിമ പറയുന്നത് .ആലംബമറ്റ സ്വന്തം ജനതയെ മലമുകളിൽ നിന്ന് ഏറ്റവും കരുണയോടെ ക്രിസ്തു നോക്കിയ പോലെ UN ക്യാമ്പിന്റെ മതിൽ ക്കെട്ടിനു മുകളിൽ നിന്ന് , മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന തന്റെ ജനതയെ ഐദയും നിസ്സഹായതയോടെ കാണുന്നുണ്ട് .പ്രത്യാശയുടെ ഒരു രാജ്യം തന്നെ അവനു നല്കാനുണ്ടായിരുന്നു .ഐദ പക്ഷെ നിസ്സഹായായിരുന്നു. ഐദക്ക് പിന്നെ ചെയ്യാനുള്ളത് തന്റെ കുടുംബത്തെയെങ്കിലും രക്ഷിക്കുക എന്നുള്ളതായിരുന്നു .ദൃശ്യത്തിലെ ജോർജൂട്ടിയെ പോലെ അതിനായി ഏതറ്റം വരെ പോകാനും ഐദ തയ്യാറായിരുന്നു .തിരക്കഥാകൃത് ജോർജൂട്ടിക്ക് കൊടുത്ത പോലത്തെ അസാമാന്യ ബുദ്ധി പാടവം ഐദയ്ക്ക് നൽകാൻ പറ്റില്ലായിരുന്നു കാരണം 1995 ലെ ബോസ്നിയയിലെ Srebrenica യിൽ നടന്ന 8000 ൽ പരം ബോസ്നിയൻ മുസ്ലിങ്ങളുടെ കൂട്ടക്കുരുതി ,വംശീയ ഉന്മൂലനം , ചരിത്രമാണ് . നടന്നു കഴിഞ്ഞ ഒരു ദുരന്തം സിനിമയാകുമ്പോൾ ,ജീവിച്ചിരുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവും ഇല്ല എന്ന് എഴുതി കാണിച്ച് ,തനിക്ക് തോന്നുന്ന പോലെ ചരിത്രത്തെ വളച്ചൊടിക്കുമ്പോൾ , ആ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ അവസാനത്തെ നോട്ടവും പ്രേക്ഷകന്റെ കാഴ്ചയും നേർക്ക് നേർ വന്നു തൊടുമ്പോഴാണ് സിനിമ നീതിയെ ചെന്ന് തൊടുന്ന തെന്ന് സംവിധായകൻ ഓർക്കണം..മരിച്ചവർ ചരിത്രമാണ് ,സത്യമാണ് . Qua dis Aida യുടെ സംവിധായിക Jasmila Zbanic സത്യത്തെ ബഹുമാനിച്ചു എന്നതാണ് ഈ സിനിമയുടെ ഹൈലൈറ് .

UN സമാധാന സേനയുടെ കണക്കിൽ Srebrenica സേഫ് സോൺ ആണ് .എണ്ണത്തിൽ തുച്ഛമായ ഡച്ച് സൈനികരാണ് യുൻ ക്യാമ്പിന്റെ ചുമതലക്കാർ .സെർബിയൻ പട്ടാളം സ്രെബ്രെണിക്കയിലേക്ക് ഇരച്ചു കയറിയതോടെ രക്ഷ തേടി ക്യാമ്പിലെത്തിയ തദ്ദേശ വാസികളിൽ കുറച്ചുപേരെ മാത്രമേ ക്യാമ്പിനകത്തെത്തേക്ക് അവർക്ക് കടത്തി വിടാൻ പറ്റുന്നുള്ളു.ആയിരങ്ങൾ വരുന്ന ഭൂരിഭാഗം ക്യാമ്പിന്റെ മുള്ളു വേലികൾക്കു പുറത്ത് ദയ കാത്ത് കഴിയുന്നു, സെർബിയൻ ആർമി ഏതു സമയവും അവിടെ എത്താം. .യു ൻ സേനയുടെ ദ്വിഭാഷിയാണ് സ്ക്കൂൾ ടീച്ചറായിരുന്ന ഐദ . രക്ത ദാഹികളായ സെർബിയൻ ആർമിയുടെ നെഗോഷ്യയേഷൻ എന്നു പേരിലവതരിപ്പിക്കപ്പെടുന്ന ആസൂത്രിത കളവുകൾ UN സമാധാന സേനയ്ക്കും UN സേനക്ക് തന്നെ യാതൊരു ഉറപ്പുമില്ലാത്ത ഉറപ്പുകൾ തന്റെ നാട്ടുകാർക്കും വിവർത്തനം ചെയ്യുന്നതിലെ എല്ലാ ധർമ സങ്കടങ്ങളും ഐദയുടെ മുഖഭാവങ്ങളിലും ചലനങ്ങളിലും നൽകാൻ കഴിഞ്ഞിട്ടുണ്ട് പ്രശസ്ത അഭിനേത്രി Jasna Duricic ന് .

ഐഡയുടെ ഭർത്താവും ഒരു മകനും UN ക്യാമ്പിന്റെ മതിൽ ക്കെട്ടിന് പുറത്താണ് UN ID കാർഡിന്റെ ബലത്തിൽ അവരെ ക്യാമ്പിനകത്തെത്തിക്കുന്നതിൽ ഐദ വിജയിക്കുന്നുണ്ട് എന്നാൽ UN എന്ന സ്ഥാപനത്തിന്റെ പൂർണ പരാജയം ഐദ അതിനകത്ത് നിന്ന് തന്നെ കാണുകയാണ് .അഭയാർത്ഥികൾക്കു വേണ്ട ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലന്ന് മാത്രമല്ല അവരുടെ ജീവനപകടത്തിലായിട്ടും ഫലവത്തായ ഒരു ഇടപെടലും UN ന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനാൽ കാമ്പിന്റെ ഇൻ ചാർജായ കേണൽ ഒരു ഘട്ടത്തിൽ തന്റെ സുപീരിയർ ഓഫീസറോട് “മുഴുവൻ UN സിസ്റ്റവും വെക്കേഷനിലാണോ ” എന്ന് പൊട്ടിത്തെറിക്കേണ്ടി വരുന്നുണ്ട്.

അവസാനം ആണിനെയും പെണ്ണിനെയും വെവ്വേറെ ബസുകളിൽ സുരക്ഷിതമായ സ്ഥലത്തേക്ക് എന്ന പേരിൽ സെർബിയൻ General Ratko Mladic , UN ന്റെ മേൽനോട്ടത്തിൽ തന്നെ കടത്തി കൊണ്ട് പോകുന്നുണ്ട് .നാസി കോൺസേഷൻ കാമ്പുകളിലേയ്ക്ക് ജൂതരെ കൊണ്ട് പോയ തീവണ്ടികളെ ഓർമിപ്പിക്കുന്നുണ്ട് ഈ ദൃശ്യങ്ങൾ. അതിനു മുൻപായി അപ്പവും ചോക്കലേറ്റുകളും നൽകുന്ന ദൃശ്യവും ബിബിലോളജിക്കൽ ബിംബങ്ങളോട് സംവിധായികയ്ക്കുള്ള താല്പര്യം വെളിപ്പെടുത്തുന്നു.തന്റെ ഇമേജ് ബിൽഡിങ്ങിനായി തനിക്കൊപ്പം സദാ സമയവും താൻ പറയുന്ന കാഴ്ചകൾ മാത്രം പകർത്താനായി സെർബിയൻ ജനറൽ മ്ലാടിക് കൂടെ കൂട്ടുന്ന ക്യാമെറ ,വാർ എംബെഡഡ് ജേണലിസത്തിന്റെ ദയനീയതയെ പ്രതീകവൽക്കരിക്കുന്നു.

കൊലക്കളത്തിലേക്കാണ് ഈ പോക്കെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പോയി ബസിൽ കയറിയിരിക്കൂ എന്ന് UN ഓഫീസറുടെ ആജ്ഞ തന്റെ ജനതയോട് അവരുടെ ഭാഷയിൽ പറയേണ്ടി വരുന്നുണ്ട് ദ്വിഭാഷിയായ ഐ ദയ്ക്ക്. തന്റെ കുടുംബത്തെ ഈ കൂട്ടക്കുരുതിയിൽ നിന്ന് രക്ഷിക്കാനായി UN ക്യാമ്പി ന്റെ ലാബ്രിയൻതുകളിലൂടെ ഐദയുടെ ഓട്ടപ്പാച്ചിലുകൾ കൈയൊതുക്കത്തോടെ ക്യാമറ പിന്തുടരുന്നുണ്ട് .വേണ്ടിടത്ത് നിർത്തിയും വേണ്ടത് മാത്രം ചേർത്തൊട്ടിച്ചും എഡിറ്ററും ഐദയുടെ നിസഹായമായ തിടുക്കങ്ങൾ കാഴ്ചക്കാരന്റേത് കൂടിയാക്കി മാറ്റുന്നു.

എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ ,മരണത്തിലേയ്ക്ക് കൊണ്ടു പോകാനായി കാത്ത് നിൽക്കുന്ന സെർബിയൻ ആർമിയുടെ ബസുകളിലേയ്ക്ക് തന്റെ രണ്ട് മക്കളിൽ ഒരാളെയെങ്കിലും അയയ്ക്കാതെ വിട്ടു നൽകാനായി U N കേണലിന്റെ കാൽക്കൽ വീഴുന്നുണ്ട് ആ അമ്മ . ഓഫീസർ തല താഴ്ത്തി നോ പറയുന്നു . അഥവാ Yes പറഞ്ഞിരുന്നെങ്കിൽ ഒരമ്മ എങ്ങനെയായിരിക്കും മരണത്തിന് വിട്ടു കൊടുക്കേണ്ടവനെ തിരഞ്ഞെടുക്കുക .

മരണ വീട്ടിൽ ആളുകളുടെ സംസാരങ്ങൾ കനം തൂങ്ങി പതുക്കെയാവുന്നതിനെക്കുറിച്ച് കൽപറ്റ നാരായണൻ മാഷ് പറയുന്നുണ്ട് . മരണ വീട്ടിൽ വച്ച് കടം ചോദിച്ചാൽ ആരും തരും ,കൺ മുന്നിലെ മരണം നമ്മെ ഇത്തിരി നേരത്തേക്ക് ഇത്തിരി കൂടി നല്ലവരാക്കുന്നു മരണം പൊതിഞ്ഞു നിൽക്കുന്ന UN ക്യാമ്പിനകത്ത് വച്ച് പിശുക്കില്ലാതെ ചുംബിക്കുന്ന വരെ കാണുന്നുണ്ട് ഐദ . ആ ചുംബനം കഴിയുന്നത് വരെ ഒരു ശക്തിക്കും മരണ ദൂതുമായി കടന്നു വരാൻ കഴിയില്ല എന്നു കരുതിയാവണം ഐദ ചിരിക്കുന്നുണ്ട്. Best Hair Style മത്സരത്തിൽ പങ്കെടുക്കുന്ന യുദ്ധ പൂർവ്വ ഐദയെ കാണിക്കുന്നുണ്ട് സംവിധായിക. സ്ക്കൂൾ ടീച്ചറായിരുന്ന ഐദയുടെ പഴയ ശിഷ്യന്മാരുമുണ്ട് പുറത്ത് തോക്കുമായി കാത്തു നിൽക്കുന്നവരിൽ .നല്ല അയൽക്കാരിൽ കുത്തി വയ്ക്കപ്പെട്ട വംശീയത അവരെ എവ്വിധം മാറ്റുന്നുവെന്നത് അനായാസമായി സംവിധായിക ദൃശ്യങ്ങളിലേക്ക് പകരുന്നു .


ഒരു സിനിമാ ഹാളെന്ന് തോന്നിക്കുന്ന സ്ഥലത്ത് കൈ രണ്ടും പിന്നിൽ കെട്ടി തല താഴ്ത്തി നില്ക്കുന്ന Srebrerica ക്കാരോട് സെർബിയൻ പട്ടാളക്കാരൻ പറയുന്നു, ഇനിയാണ് യഥാർത്ഥ സിനിമ നീയൊക്കെ കാണാൻ പോകുന്നതെന്ന്. തീ തുപ്പുന്ന തോക്കുകൾ മാത്രമേ സ്ക്രീനിൽ വരുന്നുള്ളൂ പതുക്കെ കാമറ പിൻവാങ്ങുന്നു. ഒരുതുള്ളി ചോര പോലും സിനിമയിലൊരിടത്തും സംവിധായിക Jasmila Zbanic കാണിക്കുന്നില്ല,പക്ഷെ സ്ക്രീനിന്റെ നാലതിരികൾക്കു പുറത്തുമുള്ള ചോരയുടെ മണം നമ്മളറിയുന്നുണ്ട് .


ലാറ്റിൻ phrase ൽ നിന്നാണ് സിനിമയുടെ തലക്കെട്ട് .റോമിൽനിന്നും പലായനം ചെയ്യുന്ന പീറ്റർ ,വഴിയിൽ ഉയിർത്തെഴുന്നേറ്റ യേശുവിനെ കാണുന്നു .പീറ്റർ ചോദിക്കുന്നു Qua dis my loard (where are you going my Loard )പീറ്ററിനോട് യേശു പറയുന്നു, വീണ്ടും കുരിശേറാനായി പോകുന്നു. വർഷങ്ങൾക്ക് ശേഷം ഐദയും തിരിച്ചു വരുന്നുണ്ട് Srebrerica യിലേക്ക് , നഷ്ടങ്ങൾ എല്ലാക്കാലത്തേക്കുമുള്ളതാണെന്ന് ഓർമിപ്പിച്ച് കൊണ്ട്

Terry George ന്റെ ഹോട്ടൽ റുവാണ്ട എന്ന സിനിമയുമായി , രണ്ടും യഥാർത്ഥ സംഭവങ്ങളെ അതിജീവിച്ചായതിനാലും സംഭവങ്ങൾക്ക് സാമ്യമുള്ളതിനാലും , പ്ലോട്ടിൽ സാദൃശ്യങ്ങളുണ്ട് സിനിമയ്ക്ക് . പക്ഷെ Director Brilliance ഒന്നുകൂടി തെളിഞ്ഞു നിൽക്കുന്നത് ഐദയിലാണെന്ന് തോന്നി. സിനിമ കണ്ടിറങ്ങുമ്പോൾ വഴിയിൽ ഏതു തിരിവുകളിലും കൈയിൽ എരിയുന്ന സിഗരറ്റുമായി തിരക്ക് പിടിച്ച് നടക്കുന്ന ഐദയെ കണ്ടുമുട്ടും എന്നൊരാന്തലുണ്ടായിരുന്നു. അവരോടുള്ള ചോദ്യം വെറുതെ കരുതി വെച്ചിരുന്നു…Qua dis Aida … ഐദ നീയെങ്ങോട്ടാണ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…