കഴിഞ്ഞ ദിവസം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികൾക്കൊപ്പം വർത്തമാനം പറഞ്ഞിരുന്നത് ജീവിതത്തിൽ എന്നെന്നും സ്മരിക്കുന്ന അനുഭവമായി തുടരാതിരിക്കില്ല. അതത്രയും ഹൃദയസ്പർശിയായിരുന്നു.
ആദ്യമായാണ് ഒരു ജയിലിൽ പോകുന്നത്. സെൻ്റ് മേരീസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയായിരുന്നു. അതിത്രയും എന്നെ ഉലച്ചുകളയുമെന്ന് കരുതിയേയില്ല.
മതതീവ്രവാദികൾ, മാവോയിസ്റ്റുകൾ, കൊലപാതകികൾ, അങ്ങനെ വിചാരണ തടവുകാരായും അല്ലാതെയുമുള്ളവർ. വർഷങ്ങളായി ജയിലിൽ കഴിയുന്നവർ. അതിൽ കുറ്റം ചെയ്യാത്തവരുമുണ്ട്. നീണ്ടുപോകുന്ന വിചാരണയിൽ നീറിയെരിയുന്നവർ. യാതൊരു കൂസലുമില്ലാതെ നിസ്സംഗരായി ഇരിക്കുന്നവരെയും കണ്ടു. ചേർത്തു പിടിച്ച് നില്ക്കുമ്പോൾ ഒരാൾ ചെവിയിൽ മൂളിയ ഞാൻ ഒന്നും ചെയ്തിട്ടില്ല സർ എന്ന വാക്കുകൾ നെഞ്ചിൽ വന്നു വീണത് കനലായാണ്.
നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ജയിലിൽ കഴിയുന്നവരാണ് സുഹൃത്തുക്കളേ… സ്നേഹമുള്ളവരോടു പോലും പലപ്പോഴും സ്നേഹത്തോടെ പെരുമാറാൻ കഴിയാതെ പൊട്ടിത്തെറിക്കുന്ന ചിന്തയുടെയും വാക്കിൻ്റെയും പ്രവൃത്തിയുടെയും ജയിലറകളിൽ നീറിയെരിയുന്നവർ.
സ്നേഹമുള്ളവരെപ്പോലും മര്യാദയ്ക്ക് സ്നേഹിക്കാൻ പ്രയാസപ്പെടേണ്ടി വരുന്നിടത്ത് ശത്രുവായി കാണുന്ന വരെ സ്നേഹിക്കുന്നതിനെ കുറിച്ചുള്ള ചിന്തയ്ക്ക് എന്ത് സ്ഥാനമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഒരേ വീട്ടിൽ തന്നെ സ്വത്തിനായി പരസ്പരം പോരടിക്കുന്നവർ ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്, ഒരേ പ്രാർത്ഥന നടത്തുന്നവരാണ്. എന്നിട്ടും അവരെ ശത്രുക്കളാക്കുന്നതിൽ നിന്ന് അവരുടെ ദൈവത്തിനും വിശ്വാസത്തിനും രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തായിരിക്കും നമ്മുടെ പ്രശ്നം?
ലോകം മുഴുവൻ വിശ്വാസികളാണ്. പ്രാർത്ഥനകളാണ്. എന്നിട്ടും നാം പരസ്പരം പോരടിക്കുന്നു. നമുക്ക് നാമാണ്, നമ്മൾ മാത്രമാണ് ശരി. അതിന് വിരുദ്ധമായോ വ്യത്യസ്തമായോ ആരെന്ത് പറഞ്ഞാലും ഉടൻ അവർ നമ്മുടെ ശത്രുവാകുന്നു. അത് ഭാര്യയായാലും ഭർത്താവായാലും മക്കളായാലും മാതാപിതാക്കളായാലും സുഹൃത്തുക്കളായാലും..
മനുഷ്യസഹജമായ ആ സ്വഭാവത്തിൻ്റെ വികാസപരിണാമങ്ങളാണ് മതങ്ങളുടെയും രാഷട്രീയത്തിൻ്റെയും മറ്റു ആശയലോകങ്ങളുടെയും ശത്രുതയായി നാം അനുഭവിക്കുന്നത്. ആ ശരിയായ കാരണത്തെയാണ് നാം അറിഞ്ഞ് ചികിത്സിക്കേണ്ടത്. മതവും ദൈവവും ഉണ്ടായതു കൊണ്ടോ ഇല്ലാതായതുകൊണ്ടോ തീരുന്ന പ്രശ്നമല്ല ഞാനും നീയും തമ്മിലുള്ള ശത്രുത.
എൻ്റെ മതിലിന് പുറത്തു വളരുന്ന ചെടിയും അകത്തു വളരുന്ന ചെടിയും ഒരേ ഭൂമിയുടെ സന്താനങ്ങളാണെന്ന് ചിന്തിച്ചനുഭവിക്കാനുള്ള വിവേകം വളർത്തിയെടുത്താലേ നമ്മുടെ പ്രശ്നങ്ങൾക്ക് അയവു വരൂ.
വീട്ടിലൊരു പൂന്തോട്ടമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് നാം വ്യത്യസ്തമായ ചെടികൾ കൊണ്ടുവന്ന് വയ്ക്കുന്നത്. അപ്പോഴേ അതൊരു മനോഹരമായ പൂന്തോട്ടമാകൂ എന്ന് നമുക്കറിയാം. എന്നിട്ടും നാം എന്തുകൊണ്ടാണ് എല്ലാവരും എന്നെപ്പോലുള്ള ചെടികളാകണം എന്ന് നിർബന്ധം പിടിക്കുന്നത്? മറ്റു ചെടികളെ എന്തുകൊണ്ടാണ് അംഗീകരിക്കാനും ആസ്വദിക്കാനും കഴിയാത്തത്?
ചോദ്യങ്ങൾ അവസാനിക്കുന്നില്ല. നല്ലൊരു മനുഷ്യനാകാൻ നാം നമ്മോട്, നമ്മുടെ ജൈവിക സ്വഭാവത്തോട് നിരന്തരം സമരം ചെയ്യേണ്ടതുണ്ടെന്ന് അറിയുമ്പോൾ എല്ലാ ന്യായീകരണങ്ങളും നാം നിറുത്തിവെക്കും. അപരൻ എന്നാൽ തന്നിൽ നിന്നും അന്യനല്ലാത്തവൻ എന്നാണർത്ഥമെന്ന് തെളിയുമ്പോഴാണ് ആ സമരം, സംയമനം നമ്മിൽ സംഭവിച്ചു തുടങ്ങുക..