
സിനിമ ആനന്ദകരമായ അനുഭൂതി സമ്മാനിക്കുന്നതോടൊപ്പം തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നൃത്തം, സാഹിത്യം, സംഗീതം, അഭിനയം, ഫോട്ടോഗ്രാഫി,ചിത്ര സംയോജനം തുടങ്ങി വിവിധങ്ങളായ സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് വാർത്തെടുക്കുന്നവ വിസ്മയക്കാഴ്ചയാണ്.
സിനിമയിലും സ്ത്രീകൾക്കുള്ള പ്രാധാന്യം ചെറുതല്ല.ലോക സിനിമാ ചരിത്രത്തിലോ ഇന്ത്യൻ സിനിമാചരിത്രത്തിലോ ഒറ്റ അച്ചിൽ വാർത്തെടുത്ത സിനിമകളല്ല പ്രേക്ഷകസമക്ഷം എത്തിയിട്ടുള്ളത് എന്നത് കാലാകാലങ്ങളായി സ്ത്രീയ്ക്ക് ഒറ്റ മാനം മാത്രം കണക്കാക്കുന്ന ഷോവനിസ്റ്റ് വീക്ഷണങ്ങൾക്കുള്ള ഉത്തരം കൂടിയാണ്.പ്രത്യക്ഷത്തിൽ ഇന്നും ആധികാരികമായ മേൽക്കെയ്മ പുരുഷൻ ഏത് മേഖലയിലും എന്നത് പോലെ പുരുഷന് തന്നെയാണ് എന്ന് ചിലരെങ്കിലും വാദിക്കുമ്പോൾ സൂക്ഷ്മവും ജാഗ്രതയോടും കൂടിയ വിലയിരുത്തലിൽ അത് തീർത്തും തെറ്റാണെന്നും ഇന്ന് ഈ മേഖലകൾ പെണ്ണിടങ്ങൾ കൂടി ആയിത്തീർന്നിരിക്കുന്നു എന്നും വ്യക്തമാകും.ഇന്ന് ധാരാളം സ്ത്രീകൾ സിനിമയുടെ പിന്നണി പ്രവവർത്തകരായും ഉണ്ട്.കാലഹരണപ്പെട്ട ഇന്നലെകളുടെ കെട്ട സംസ്കാരത്തെ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടം ജനതയുടെ ഇരുണ്ട ചിന്തകളെ പിന്നിലേയ്ക്ക് തളളിക്കൊണ്ടാണ് സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ഫിനിക്സ് ചിറകുകൾ വീശി പുലിക്കുട്ടികളായ സ്ത്രീകൾ ഇത്തരം ഇടങ്ങളിൽ കൂടുകൂട്ടി വിജയിക്കുന്നത്. പെൺ ശരീരങ്ങളെ കച്ചവടലാക്കോടെ പ്രദർശ്ശനച്ചരക്കാക്കിയിരുന്ന ഒരു സിനിമാക്കാലത്തെ മണ്ടയ്ക്കടിച്ച് കൊണ്ടാണ് പെണ്ണിൻ്റെ അവകാശവും ചങ്കൂറ്റവും ശക്തിയും സമരമുഖത്തെ മുദ്രാവാക്യമെന്നോണം സ്ത്രീകൾ തന്നെ സിനിമയുടെ സാരഥികളായിക്കൊണ്ട് മുന്നോട്ട് വെക്കുന്ന പുതിയ ആശയത്തിലധിഷ്ടിതമായ സർഗ്ഗസൃഷ്ടികളായി മുൻപോട്ട് വെക്കുന്നത്.മഹാശ്വേതാദേവി,മൃണാളിനി സാരാരാബായി, എം എസ്സ് സുബ്ബലക്ഷ്മി തുടങ്ങി എത്രയെത്ര പേരുകൾ പെൺശക്തി അനുസ്മരിപ്പിച്ച് കൊണ്ട് കാലത്തിനൊപ്പം നിൽക്കുന്നു.സിനിമയിൽ നീതിപുലർത്തിക്കൊണ്ട് കലാമൂല്യമുള്ള സംഭാവനകൾ ചെയ്യാൻ പെണ്ണിനെ സർവ്വംസഹ എന്ന പോസ്റ്റിൽ നിന്ന് മാറ്റി സ്വന്തം സ്വാതന്ത്ര്യങ്ങൾ തുറന്ന് പറയാനും പ്രവർത്തിക്കാനും കഴിവുള്ള അസ്തിത്വബോധമുള്ള വ്യക്തിയാക്കി ചിത്രീകരിക്കാൻ എന്ന് സ്ത്രീകൾ അല്ലെങ്കിൽ ഫെമിനിനിയൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാസമൂഹം തെയ്യാറായോ അന്നു മുതൽ വിപ്ലവകമായ മാറ്റം സിനിമയിൽ വന്നു കഴിഞ്ഞു.സമൂഹത്തെ നിരന്തരമായി പുതുക്കിപ്പണിയാൻ ശേഷിയുള്ള സർഗ്ഗസൃഷ്ടികൾ എന്നും ഉണ്ടായിട്ടുണ്ട് എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത ജനാധിപത്യ ബോധത്തിൽ ഊന്നിയ ഒരു സംസ്കാരത്തെ വാർത്തെടുക്കണമെങ്കിൽ പെൺബലത്തിൽ ഭയമുള്ള ചില പുരുഷകേന്ദ്രീകൃത ചിന്തകളുടെ കരാളഹസ്തങ്ങളെ നിർഭയം തട്ടിമാറ്റി വീടകത്തെ പ്രതിഭകളായ സ്ത്രീകൾ പുറത്ത് കടന്ന് അവരവരുടേതായ സംഭാവനകൾ ലോകത്തിന് നൽകണം.ക സ ബ സിനിമ പോലുള്ള വ്യാവസായിക ഉൽപ്പന്നങ്ങൾ ഇനിയും മാറാത്ത ചെറിയൊരു ജനതയെ സന്തോഷിപ്പിച്ചേക്കാം.
എന്നാലും കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതിൻ്റെ ഇച്ഛാശക്തിയാൽ ഇതിനോടെല്ലാം പ്രതികരിക്കുകയും നല്ല കഴമ്പുള്ള സന്ദേശങ്ങൾ തരുന്ന സ്ത്രീയെ ബഹുമാനിക്കുന്ന സിനിമകളെ കൈയ്യടിച്ച് സ്വീകരിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല.
നവസിനിമയുടെ ചരിത്രത്തിൽ പുരുഷാധിപത്യത്തോടും ഫാസിസ്റ്റ് ചിന്താധാരയോടും കൊടുങ്കാറ്റായ് ആഞ്ഞടിച്ചെത്തിയവയാണ് ലിന വെർട്ട്മുളളറിൻ്റെ സിനിമകൾ. പരമ്പരഗതമായി നിലനിന്നുപോരുന്ന സ്ത്രീ സങ്കൽപ്പത്തിലധിഷ്ടിതമായ സംവിധാനങ്ങളെ തൂത്തെറിയുന്ന കഥാപാത്രസൃഷ്ടിയിലൂടെ ആൺസമൂഹത്തെ ഞെട്ടിപ്പിച്ച് പെൺകരുത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റേയും നിലപാടുകളുടെയും ബിംബങ്ങളെ കത്തിജ്ജ്വലിപ്പിച്ച് നിർത്തിക്കാൻ അവർക്ക് കഴിഞ്ഞു.ദി സെഡക്ഷൻ ഓഫ് മിമി,ലൗ ആൻ്റ് അനാർക്കി എന്നീ ചിത്രങ്ങൾ സ്‌ത്രീപക്ഷ കാഴ്ചപ്പാടുകളുടെ കെട്ടുറപ്പും പൊളിറ്റിക്കൽ നിലപാടുകളും വ്യക്തമാക്കി.ഇതുപോലെ ധാരാളം സ്ത്രീ സംവിധായകൻ സിനിമാ ചരിത്രത്തിൻ്റെ ഭാഗമായി.ഡൊറോത്തി ആർസ്നർ,മാർത്ത മെസെറോസ്, സമീറ മക്മൽബഫ്,മായ ദെരെൻ,മീര നായർ,ലൂസി മുറാത്ത്,അക്കെർമാൻ ചാൻ്റൽ തുടങ്ങിയവരെല്ലാം തന്നെ ലോകസിനിമയിൽ പെണ്ണിങ്ങൾ സൃഷ്ടിച്ച പ്രതിഭകളാണ്. പുതിയ കാലത്തും പേരെടുത്ത് പറയേണ്ടതായ സംവിധായികമാർ ഈ തട്ടകത്ത് ശിരസ്സുയർത്തി നിൽക്കുന്നു.
ടർക്കിഷ് അഭിനേത്രിയും സംവിധായികയുമായ വുൽസെറ്റ് സരഷോഗുവിന്റെ ‘ഡെബ്റ്റ്, അർജന്റീനിയൻ സംവിധായികയും നടിയുമായ മോണിക്ക ലൊറാനയുടെ ‘ദി ബെഡ്, സംവിധായികയും എഴുത്തുകാരിയുമായ ബിയാട്രസ് സൈനറിന്റെ ‘ദി സൈലന്റ്’. നാടക പ്രവർത്തകയും ഇന്ത്യക്കാരിയുമായ അനാമിക ഹക്സറിന്റെ ‘ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’ എന്നിവരും മലായാള സിനിമയിൽ പേരെടുത്ത് പറയുമ്പോൾ ആറു വനിതാ സംവിധായികമാരുടെ ചിത്രങ്ങളാണ് മനസ്സിൽ അണിനിരക്കുന്നത്.അഞ്ജലി മേനോന്‍,ഗീതു മോഹന്‍ദാസ്, രോഷ്നി ദിനകര്‍, സൗ സദാനന്ദന്‍,ഹസീന സുനീർ, ലീല സന്തോഷ് എന്നിവരാണവർ.മലയാള സിനിമ സന്തോഷത്തോടെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ബഹുമുഖപ്രതിഭകൾ.
പുരുഷകേന്ദ്രീയത സംസ്കാരത്തെ പൊളിച്ച് വാർക്കാൻ എക്കാലത്തും സ്ത്രീപക്ഷത്ത് നിന്ന് ഒരു പെണ്ണെങ്കിലും മുൻപോട്ടു വന്നിട്ടുണ്ട് എന്ന് ചരിത്രം തെളിയിക്കുന്നു. സർഗ്ഗാത്മകസിദ്ധി കൊണ്ട് പരിമിതമായ ലോകത്തെ വ്യാപ്തിയുള്ളതാക്കിത്തീർക്കാൻ അവരിൽ ചിലർക്കെങ്കിലും കഴിഞ്ഞിട്ടുണ്ട് എന്നതും സ്ത്രീകൾക്ക് എന്നല്ല ജനാധിപത്യബോധമുള്ള ഒരു സമൂഹത്തിന് തന്നെ അഭിമാനിക്കാവുന്ന കാര്യമാണ്.