
..
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 75-ആം വാർഷികമാണ് 2020 – 21ൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ആചരിച്ചത്. ലോക ചരിത്രം മുതൽ തന്നെ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കി ഭരിക്കലിന്റെയും കഥകൾ മനുഷ്യരാശിക്കു പരിചിതമാണ്. ഇത്തരം പടയോട്ടങ്ങളിൽ ലോകത്തിന്റെ വൈവിധ്യം മുഴുവൻ വ്യത്യസ്ത വീക്ഷണങ്ങളും ജീവിത രീതികളും വിശ്വാസങ്ങളും സമീപനങ്ങളുമെല്ലാം അടങ്ങിയ ആദിമവാസികളടക്കമുള്ള വൃന്ദങ്ങൾ വിവിധതരത്തിൽ പങ്കാളികളായിട്ടുമുണ്ട്.
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും എക്കാലവും ലോക ചരിത്രത്തിൽ മനുഷ്യ കുലം ഭീതിയോടെ ഓർക്കുന്ന രണ്ടു ചരിത്ര സംഭവങ്ങളാണ് .ബ്രിട്ടന്റെ അധികാര പരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളുമുൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് 1939 ൽ നാസി ജർമ്മനിക്കെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ ,ഫ്രാൻസ് തുടങ്ങിയ സംഖ്യകക്ഷികളുടെ നിന്നിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ അഞ്ചു ലക്ഷത്തോളം സൈനികർ ജർമ്മനി ,ജപ്പാൻ ,ഇറ്റലി എന്നീ അച്ചുതണ്ടു ശക്തികൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ യുദ്ധം ചെയ്തു.സൈനിക സഹായത്തിനു പുറമെ ധനസഹായം നൽകിക്കൊണ്ടും ബ്രിട്ടീഷ് ഇന്ത്യ യുദ്ധത്തിൽ പങ്കാളിയായി.
രണ്ടാം ലോകമഹായുദ്ധത്തിൽ സംഖ്യകക്ഷികൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ പങ്കാളിത്തം ബ്രിട്ടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. അച്ചുതണ്ടു ശക്തികളെ പരാജയപ്പെടുത്താൻ ബ്രിട്ടീഷുകാർക്കു വേണ്ട ധനസഹായവും സൈനിക പിന്തുണയും ഇന്ത്യയിൽ നിന്നും അവർക്കു ലഭിച്ചു.രണ്ടാം ലോകമഹായുദ്ധകാലത്ത് പശ്ചിമ മരുപ്രദേശങ്ങളിലും പോരാടിയ ഏറ്റവും വലിയ സംഖ്യകക്ഷിസേനകളിൽ ഒന്നായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ സൈന്യം. യുദ്ധം ഏറ്റവും ശക്തി പ്രാപിച്ച കാലത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം ഇന്ത്യൻ സൈനികർ യുദ്ധത്തിൽ പങ്കാളികളായിരുന്നു.
ഈ യുദ്ധത്തിനു ശേഷം രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുണ്ടായ പുരോഗതിയാണ് പിന്നീട് 1947 ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഇന്ത്യക്കു കരുത്തു
നൽകിയതും.
കേരളീയ നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടമെന്നു വിശേഷിപ്പിക്കുന്നത് മുപ്പത് നല്പതുകളിലാണ്.ജനാധിപത്യവും ജനകീയവുമായ കലാമൂല്യ സങ്കല്പങ്ങൾ ഇവിടെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും കേരള ദേശീയതയുടെയും ശക്തികൾ ഒരുമിച്ചു ചേർന്ന കാലമായിരുന്നു അത്. നാടുവാഴിത്ത വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ ഈ നവീന ദേശീയാവബോധത്തിന് അതിന്റെ തായ ഒരു കലാമൂല്യ സങ്കല്പവും അനിവാര്യമായിരുന്നു. കേരളത്തിനകത്തും പുറത്തും പലമാതിരി ബൂർഷ്വാലിബറൽ കലാ സങ്കല്പങ്ങളും ഇക്കാലങ്ങളിൽ ശക്തിയാർജ്ജിക്കാൻ തുടങ്ങി. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളെയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും പുതിയൊരു ഘട്ടത്തിലേക്ക് വികസിപ്പിക്കാനായി എല്ലാ സാംസ്കാരിക ശക്തികളും ശ്രമിച്ചു. അധികാരത്തിന്റെ/ ജന്മിത്തത്തിന്റെ ആധിപത്യത്തിനും അതിനെ താങ്ങി നിറുത്തിയ വൈദേശിക ശക്തികൾക്കുമെതിരായി കേരളീയ ജനത വിവിധ ഘട്ടങ്ങളിലായി നടത്തിയ സമരങ്ങളിലൂടെ ആണ് ആധുനിക കേരളത്തിന്റെ സംസ്കാര ജീവിതം രൂപപ്പെട്ടത്.
റഷ്യൻ വിപ്ലവം കഴിഞ്ഞ ഉടനെത്തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ പല രാജ്യങ്ങളിലുമെന്നപോലെ ഭാരതത്തിലും ശക്തമായി. എങ്ങനെയാണ് സാമ്പത്തിക സാമൂഹിക സമത്വം ഉണ്ടാക്കേണ്ടത് എന്നതിനായിരുന്നു ഓരോ സംഘടനകളും ഊന്നൽ കൊടുത്തിരുന്നത്.സാഹിത്യത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ജന്മിത്തത്തിനെതിരെ അധികാരത്തിനെതിരെ പ്രവർത്തനങ്ങൾ ശക്തമായി. തൊഴിലാളി സംരക്ഷണത്തിനും വേതനങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ ഉണ്ടായി.തൊഴിലാളി മുതലാളി എന്നീ രണ്ടു വിഭാഗങ്ങൾ ആയി രൂപപ്പെട്ട താഴ്ന്ന ജാതിക്കാർക്കും പട്ടിണിക്കാർക്കും പുറ മെ ചിന്തിക്കുന്നവരും കൂടിച്ചേർന്നു.സോഷ്യലിസം കമ്യൂണിസത്തോട് ആഭിമുഖ്യം കാണിച്ചു. ജീവൽ/പുരോഗമന സാഹിത്യങ്ങൾ കേരള രാഷ്ട്രീയത്തെ എടുത്തുകാണിക്കുന്നവയായി മാറി.
ഇങ്ങനെയൊരു പശ്ചാത്തലത്തിൽ ജീവിച്ചതുകൊണ്ടുതന്നെയാണ് മനുഷ്യപ്രകൃതി എന്ന മൗലികതയിൽ ഊന്നി ക്കൊണ്ട് കഥാപാത്രാവിഷ്കാരം നടത്താൻ അക്കാലത്തെ സാഹിത്യകാരൻമാർക്ക് കഴിഞ്ഞത് .അതിൽ മികവുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥാകൃത്തായിരുന്നു തകഴി ശിവശങ്കരപ്പിള്ള. തന്റെ കയർ എന്ന കൃതിയിലൂടെ താൻ ജനിച്ച ഭൂവിഭാഗത്തിന്റെ അല്പ വികസിതാവസ്ഥയും ജനിച്ചു വളർന്ന സമൂഹത്തിന്റെ പിന്നോക്കാവസ്ഥയും അവയുടെ വാചാലനായ ആഖ്യാതാവുമാകാൻ നിയുക്തനായ വ്യക്തിയായിരുന്നു തകഴി. അദ്ദേഹത്തിന് എഴുത്ത് ഒരു ശക്തികേന്ദ്രവും പ്രചോ ദനവുമാവാൻ ആലപ്പുഴ എന്ന ഭൂവിഭാഗവും ഭൂപ്രകൃതിയും താങ്ങും തണലുമായി തീരുകയും ചെയ്തു.
കഥയും കഥാപാത്രവും വിശ്വസനീയതയും സ്വാഭാവികതയും വായനക്കാരിലേക്ക് പകർന്നു കൊടുക്കുമ്പോഴാണ് സഹൃദയർക്ക് സൃഷ്ടിയുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നത്. നാട്ടുവഴികളിലെ പച്ചമണ്ണിന്റെ ഗന്ധം ജീവശ്വാസമാക്കി മാറ്റി വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ ആവിഷ്കരിച്ച മലയാള കഥകളിലൊന്നാണ് തകഴിയുടെ കയർ എന്ന നോവൽ. “അർപ്പിത മനോഭാവത്തോടെ ചെയ്ത ആ സാഹിത്യ സേവനം മഹായുദ്ധത്തിനു മുമ്പ് ആധുനിക വിദ്യാഭ്യാസത്തിനോ യാത്രാ സൗകര്യങ്ങൾക്കോ യാതൊരു സാധ്യതയുമില്ലാതിരുന്ന കാലത്ത് സമ്പൂർണ്ണമായ അപ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം ആന്തരിക പ്രചോദന കേന്ദ്രങ്ങളെയും നൈസർഗ്ഗിക പ്രതിഭാശക്തിയെയും ആണ് ആശ്രയിക്കേണ്ടത് എന്ന് മലയാളത്തിന് മനസ്സിലാക്കി തന്ന വ്യക്തിയായിരുന്നു തകഴി ” എന്നാണ് ഡോ.കെ.അയ്യപ്പപ്പണിക്കർ അദ്ദേഹത്തെ കുറിച്ചു പറഞ്ഞിട്ടുളളത്.
തകഴിയുടെ കയർ എന്ന നോവലിലെ രണ്ടദ്ധ്യായങ്ങളിലായി പറഞ്ഞ പോസ്റ്റ്മാന്റെ ജീവിതം, രണ്ട് മഹായുദ്ധങ്ങളുടെ ഇടയിൽ പോസ്റ്റ്മാൻ അനുഭവിച്ച വേദനയും യുദ്ധഭീതിയും നെരിപ്പോടിൽ നീറുന്ന വേദനയോടെയാണ് ഓരോ സഹൃദയനും അനുഭവിക്കുന്നത്. രണ്ടാം ലോകയുദ്ധക്കെടുതികൾ അധികമൊന്നും അറിയാത്ത നമ്മുടെ നാട്ടിൽ അക്കാലത്ത് ധാരാളം ചെറുപ്പക്കാർ കൂലിപ്പട്ടാളക്കാരായി പട്ടിണി മാറ്റാൻ വേണ്ടി മാത്രം യുദ്ധത്തിൽ ചേർന്നു. ഇങ്ങനെ ഒരു പശ്ചാത്തലത്തെ കേന്ദ്രീകരിച്ചാണ് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ചിത്രങ്ങളിലൊന്നായ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയുടെ പിറവി.മികച്ച സംവിധായകൻ, തിരക്കഥ, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ തുടങ്ങി നിരവധി ദേശീയ / സംസ്ഥാന പുരസ്കാരങ്ങൾ നേടിയെടുത്ത സിനിമയാണ് എപ്പിക് നോവലായ കയറിലെ രണ്ടദ്ധ്യായങ്ങൾ ചേർത്തുവച്ച് തിരക്കഥയാക്കിയ ഭയാനകം.യുദ്ധകാലഘട്ടത്തിന്റെ മുഴുവൻ പ്രതിഫലനമായി മാറുന്ന ഭയാനകത്തിലെ തിരക്കഥയിൽ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ് 1939 ൽ കുട്ടനാട്ടിൽ നടക്കുന്ന കഥയാണ് ഉള്ളടക്കം .അങ്ങനെ കുട്ടനാട്ടിലെത്തുന്ന പോസ്റ്റുമാനിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്.ചിത്രത്തിൽ പോസ്റ്റുമാനായി വേഷമിട്ടത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ആയ രൺജി പണിക്കരാണ്. ലോകമഹായുദ്ധത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ ഒരു പോസ്റ്റുമാന്റെ വേഷമാണ് കേന്ദ്ര കഥാപാത്രമായ രൺജിപണിക്കർക്ക്.ഗൗരിക്കുഞ്ഞമ്മ (ആശാ ശരത് )യു ടെ വീട്ടിൽ താമസിക്കാനെത്തുന്ന പോസ്റ്റ്മാന്റെ ജീവിതത്തിൽ കൂടി ലോകരാജ്യങ്ങൾ യുദ്ധം നടത്തുവാനുള്ള പട യൊരുക്കത്തിന്റെയും അതുവഴി നടക്കുന്ന ജനങ്ങളുടെയും അവസ്ഥകൾ വരച്ചുകാട്ടുന്നു. ഒരു വശത്ത് യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. പട്ടാളത്തിൽ ചേരാൻ കാരണമായി മാറുന്നതോ അക്കാലത്തെ ദാരിദ്ര്യവും.ജന്മിത്തം വാഴുന്ന കാലത്ത് ജന്മിയുടെ ക്രൂരതകൾ സഹിച്ച് ജീവിതം മുമ്പോട്ടു കൊണ്ടു പോകുമ്പോഴും അഭിമാനത്തോടെ ജീവിക്കാൻ ഉള്ള സാഹചര്യം കൂടിയായിരുന്നു അക്കാലത്തെ പട്ടാളത്തിൽ ചേരൽ.ഗൗരിക്കുഞ്ഞമ്മയുടെ മക്കളായ കൃഷ്ണനും വാസുദേവനും പട്ടാളത്തിൽ ചേർന്നതും അങ്ങനെ തന്നെയാണ്.
ഒരിക്കൽ താൻ യുദ്ധത്തിൽ പങ്കെടുത്ത അവസ്ഥകളെ കുട്ടികൾക്കും മറ്റും പോസ്റ്റുമാൻ വിവരിച്ചു കൊടുക്കുന്നുണ്ട്. ആ സംവാദമെല്ലാം അതിന്റെ ഭീകരതയെ പ്രേക്ഷകർക്കും സമൂഹത്തിനും ഇടയിൽ പങ്കുവയ്ക്കലായി മാറുകയും ചെയ്യുന്നു. മക്കളെ ഓർത്ത് അഭിമാനത്തോടെ ജീവിക്കുന്ന ഗൗരിക്കുഞ്ഞമ്മ എന്തൊക്കെ പ്രതിസന്ധിയിലും മക്കളുടെ ധൈര്യവും അവരെക്കുറിച്ചുള്ള ആത്മവിശ്വാസവും കൊണ്ടു നടക്കുന്ന അക്കാലത്തെ സ്ത്രീകളുടെ പ്രതിനിധി കൂടിയാണ്.
പോസ്റ്റ്മാന്റെ ജീവിതം രണ്ടു ഘട്ടങ്ങളായാണ് ചരിക്കുന്നത്. യുദ്ധം തുടങ്ങുന്നതിനു മുമ്പും -ശേഷവും. ആദ്യഭാഗത്ത് മണിയോർഡർ കൊണ്ടു വരുന്നു, മക്കളുടെ വിവരങ്ങൾ കത്തിലൂടെ വായിച്ചു കൊടുക്കുന്ന പോസ്റ്റ്മാൻ ഓരോ കുടുംബത്തിലെയും അംഗമാണ്. അയാളുടെ വരവിനായി കുടുംബാംഗങ്ങൾ കാത്തിരിപ്പാണ് എങ്കിൽ രണ്ടാം ഭാഗത്ത് യുദ്ധം തുടങ്ങിയതിനു ശേഷം അയാൾ ഏവർക്കും ദു:ശകുനവും മരണദൂതനുമാകുന്നു. ഈ രണ്ട് ജീവിത അവസ്ഥകളും സംഘർഷങ്ങളും വളരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് നായകൻ തന്റെ കഥാപാത്രത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ തോൾസഞ്ചിയിലാണ് രണ്ടാം ലോകമഹായുദ്ധം നടക്കുന്നതെന്നും, കൊല്ലുന്നവനും മരണപ്പെടുന്നവനും അറിയില്ല ;എന്തിനായിരുന്നു യുദ്ധം എന്നും യുവാക്കളില്ലാത്ത കുട്ടനാടിനെ നോക്കി പോസ്റ്റുമാൻ പറയുമ്പോൾ സമൂഹത്തിനു നൽകാനുള്ള യുദ്ധവിരുദ്ധ സന്ദേശമായി ഈ സിനിമ മാറുന്നു. ഒരു വെടി ശബ്ദം പോലും കേൾപ്പിക്കാതെ, ഒരു പട്ടാളക്കാരനെ പോലും കാണിക്കാതെ ഒരു പോസ്റ്റുമാനിലൂടെ യുദ്ധത്തിന്റെ ഭീകരത പേക്ഷകർ അറിയുന്നു.
ഭയാനകം എന്ന സിനിമ തരുന്ന സന്ദേശങ്ങൾ വളരെ പ്രസക്തമാണ്. എത്രയോ കാലങ്ങൾക്കു ശേഷവും മാനവരാശിക്കുൾപ്പെടെ യുദ്ധം എന്നത് ഭീതിപ്പെടുത്തുന്ന ഒന്നാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് യുദ്ധം. എന്തിനു വേണ്ടി ചെയ്യുന്ന യുദ്ധമായാലും അത് ഒന്നിനും ശാശ്വത പരിഹാരമില്ലെന്നും പരാജിതരും വിജയികളും ഒന്നുപോലെ ദുഃഖം അനുഭവിക്കേണ്ടി വരുമെന്നും നാമറിയേണ്ടതുണ്ട്. ഏതു യുദ്ധവും അവസാനിക്കുമ്പോൾ നിരവധി അനാഥത്വങ്ങൾ നാം കാണേണ്ടി വരും.അനന്തരതലമുറക്ക് യുദ്ധം സമ്മാനിക്കുന്നത് കടുത്ത വിഷാദം മാത്രമാണെ സത്യം നാം തിരിച്ചറിയണം. ഇതു വരെ നടന്ന ലോകയുദ്ധങ്ങളേക്കാൾ ഭയാനകമായിരിക്കും ഇനിയുണ്ടാകുന്നവ. അതിനു കാരണം അത് പലവിധ മാരകായുധങ്ങൾ തമ്മിലായിരിക്കും എന്നതു തന്നെയാണ്. യുദ്ധം തുടങ്ങി വക്കുന്ന സാമ്രാജ്യശക്തികളായിരിക്കില്ല മരിക്കുന്നത് പാവം നിരപരാധികളായ മനുഷ്യരായിരിക്കും. അതു കൊണ്ടു തന്നെ ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കാൻ ഓരോ ചുവടിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്തിന്റെ നിലനില്പിന്റെ ഭദ്രതക്കായി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി മുന്നേറണം.