സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കേരളീയ സംഗീതവിചാരത്തിൻ്റെ പുസ്തകം

കെ.പി.രമേഷ്

കേരളീയ സംഗീതത്തെ അടുത്തറിയാനുള്ള ശ്രമമാണ് ശ്രീ. രമേശ് ഗോപാലകൃഷ്ണൻ രചിച്ച “സംഗീത കേരളം” എന്ന കൃതി. സംഗീതത്തിൻ്റെ ഉൾപ്പിരിവുകളെക്കുറിച്ച് അവിടവിടെ ചില ലേഖനങ്ങൾ വാർന്നുവീഴുന്നുണ്ടെങ്കിലും സമഗ്രമായ അന്വേഷണങ്ങൾ അധികമൊന്നും പുസ്തകരൂപത്തിൽ എത്തുന്നില്ല എന്നതല്ലേ സത്യം? ഇവിടെയാണ് രമേശ് ഗോപാലകൃഷ്ണൻ്റെ പുസ്തകം സാർത്ഥകവും അഭിനന്ദനീയവും ആകുന്നത്. ശാസ്ത്രീയ സംഗീതത്തെയും ജനപ്രിയ സംഗീതത്തെയും ചേർത്തു വായിക്കുവാൻ ഇത് പ്രേരണയരുളുന്നുണ്ട് എന്നതാണ് ഒരു സവിശേഷത.
ഈ പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീ.ടി.ആർ.അജയൻ, കേരളത്തിലെ എണ്ണം പറഞ്ഞ സംഗീതനിരൂപകരുടെ ഒരു നീണ്ട പട്ടിക തന്നെ നിരത്തുന്നുണ്ട്. സംഗീതത്തിൻ്റെ ശാസ്ത്രീയ വിശകലനങ്ങൾ നന്നേ കുറവാണെന്ന് അദ്ദേഹവും പറയുന്നു.
” പാലക്കാടിൻ്റെ സംഗീത പാരമ്പര്യം “, ” റേഡിയോ സംഗീതം” , ” അറുപതാണ്ടിൻ്റെ കേരളസംഗീതം”, ” കർണ്ണാടക സംഗീതവും കാലിക സംഗീതവും ” എന്നീ അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യുന്നുണ്ട് രമേശ് ഗോപാലകൃഷ്ണൻ.
പാലക്കാടിൻ്റെ സംഗീത പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം വായനയിൽ ഒരു നൂറ്റാണ്ടുകാലത്തെ സംഗീതവഴികൾ തുറന്നിടുന്നു. പാലക്കാട്ടെ മഹാരഥന്മാരെ ഇവിടെ അടയാളപ്പെടുത്തുന്നു. സർക്കാർ തലത്തിലുള്ള രണ്ട് സംഗീത വിദ്യാലയങ്ങൾ ഇവിടെ ഉണ്ട്. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയും സ്വരലയയും ആണ് സംഗീതകുതുകികളെ ഹൃദയത്തോടു ചേർന്നുപിടിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന വസ്തുതയും ഇതോടൊപ്പം ഓർക്കണം.
റേഡിയോ സംഗീതത്തെക്കുറിച്ചുള്ള പഠനം സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. ക്ലാസിക്കൽ സംഗീതത്തെ പ്രസരിപ്പിക്കാൻ ആകാശവാണിക്കു സാധിച്ചിട്ടുണ്ട് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. പക്ഷേ, ലളിതസംഗീതത്തിൻ്റെ കാര്യത്തിൽ ആകാശവാണി നടത്തിയ പരിശ്രമങ്ങൾ എന്തുകൊണ്ട് വിസ്മരിച്ചു? തൃശൂർ പി.രാധാകൃഷ്ണനും എം.ജി.രാധാകൃഷ്ണനും മറ്റും ആ രംഗത്ത് നടത്തിയ തപസ്സ് അപഗ്രഥിക്കപ്പെടേണ്ടതല്ലേ? മറ്റു രംഗങ്ങളിൽ പ്രശസ്തരായ വൈശാഖനും സി.പി.രാജശേഖരനും മറ്റും ലളിതഗാനങ്ങൾ കൂടി എഴുതിയിട്ടുണ്ട് എന്ന കാര്യം ചെവിയോർമ്മയിൽ ഇവിടെ സൂചിപ്പിക്കുകയാണ്.
ഭീംസെൻ ജോഷി പാടിയപ്പോൾ എം.എഫ്.ഹുസൈൻ ചിത്രം വരച്ചതിനെ ഇത്തിരി നീരസത്തോടെയാണ് രമേശ് ഗോപാലകൃഷ്ണൻ കാണുന്നത്. ഇന്ദ്രിയസങ്കലനം എന്ന ആശയം (സൈനസ്തേഷ്യ) തെറ്റാണെന്ന് അദ്ദേഹവും കരുതുന്നുണ്ടോ? സംഗീതവും ചിത്രകലയും സമന്വയത്തിലേക്ക് സഞ്ചരിച്ചിട്ടുള്ളത്. വാസിലി കാൻ്റിൻസ്കി മുതൽ നമ്മുടെ സ്വന്തം അച്യുതൻ കൂടല്ലൂർ വരെയുള്ളവരുടെ രചനകൾ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല എന്ന് വിനീതമായി അറിയിക്കട്ടെ.
“അറുപതാണ്ടിൻ്റെ കേരളസംഗീതം”, ” കർണ്ണാടക സംഗീതവും കാലികസംഗീതവും” എന്നീ പഠനങ്ങൾ നാദോപാസകരുടെ സിദ്ധിയെയും ഭക്തിയെയും പ്രണമിക്കുന്നു. നാടോടിസംഗീതവും കഥകളി സംഗീതവും ഇശൽസംഗീതവും ഗോത്രസംഗീതവും സോപാനസംഗീതവും കൂടി ഉൾപ്പെടുന്നതാണ് കേരളസംഗീതം എന്ന തിരിച്ചറിവ് പരത്തുവാൻ ഈ പുസ്തകം സഹായകമാണ്.

സംഗീതകേരളം – രമേശ് ഗോപാലകൃഷ്ണൻ – കറൻ്റ് ബുക്സ്, തൃശൂർ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…