സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഗാന്ധി വരച്ച ഇന്ത്യ

ആകാംക്ഷ

ഗാന്ധിജിയെ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനായില്ല. കൊന്നുകളഞ്ഞു. ഗോവിന്ദ പന്‍സാര, ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, സഫ്ദര്‍ ഹാശ്മി ഇവരെയെല്ലാം കൊന്നുകളഞ്ഞതുപോലെ അനായാസം. എല്ലാവധവും ഒരുറക്കം കഴിഞ്ഞുണരുമ്പോള്‍ ചെറുതായി ശേഷിക്കുന്നു ലോകത്തിന്. ഈ വധങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. അത് മതരാഷ്ട്രീയ വിദ്വേഷമാണ്. ശത്രു ദയയര്‍ഹിക്കുന്നില്ലെന്ന പഴയ ഇതിഹാസചരിതത്തെ കൂട്ടുപിടിച്ച് ഹിന്ദുത്വം നടത്തിയ വധങ്ങളെല്ലാം രാജ്യത്തിന് വലിയ നാണക്കേടാണ് വരുത്തിയത്. ഈ നാണക്കേടില്‍ നിന്ന് നമുക്ക് അത്രയെളുപ്പം കരകയറാനാവില്ല. രാജ്യത്തിന്റെ വലിയ മിത്രങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അവര്‍ ആരെയും കൊലചെയ്തിട്ടില്ല. മോഷ്ടാക്കളൊ, രാജ്യദ്രോഹികളോ, വഞ്ചകരോ, ഏകാധിപതികളോ ഒന്നുമല്ല. പുതിയ മനുഷ്യനിര്‍മ്മിതിക്കും രാജ്യനിര്‍മ്മിതിക്കും വേണ്ടി നിലകൊണ്ട ശുദ്ധമനുഷ്യരായിരുന്നു അവര്‍.

ഇന്ത്യക്കാര്‍ക്ക് ജീവിച്ച ഗാന്ധിജിയെ ആവശ്യമില്ലാതിരിക്കുകയും മൃതിപ്പെട്ട ഗാന്ധിജിയെ ആവശ്യമായിതീരുകയും ചെയ്തു. ഗാന്ധിജി കൊലചെയ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ വലിയ ആഘോഷങ്ങള്‍ക്ക് ഇടനല്‍കാതെ അദ്ദേഹത്തിന്റെ ജീവിതം ഒരു സാധാരണ രാഷ്ട്രീയനേതാവിന്റെ പരികല്പനയില്‍ അവസാനിക്കുമായിരുന്നു. കാരണം, ജീവിച്ചിരുന്ന ഗാന്ധിജിയില്‍ അത്രമാത്രം ആരോപണങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ജാതീയവും വര്‍ഗീയവുമായ ചേരിതിരുവുകള്‍ വര്‍ധിച്ചിരുന്നതായും മനസ്സിലാക്കാം.

‘ഗാന്ധി ഒരിക്കലും മഹാത്മാവല്ലെന്നും അദ്ദേഹത്തെ മഹാത്മാവെന്ന് വിളിക്കാന്‍ തയ്യാറല്ലെന്നും’ ഒരിക്കല്‍ ഒരു ബി ബി സി അഭിമുഖത്തില്‍ ഡോ.അബേദ്കര്‍ പറയുകയുണ്ടായി. ഗാന്ധിജിയില്‍ അടിസ്ഥാനപരമായി മാറാതിരുന്ന ജാതിസങ്കല്പവും വര്‍ഗ്ഗസങ്കല്‍പ്പവും കടുത്തനിലയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ആയിക്കോട്ടെ. അതദ്ദേഹത്തിന്റെ വലുപ്പമോ ചെറുപ്പമോ ആവാം. പക്ഷെ, ഹിന്ദുത്വത്തിന് കൊന്നുകളയാന്‍ മാത്രം കുറ്റാരോപിതനല്ല ഗാന്ധി. ഗാന്ധിജിയില്‍ ജീവിതം മുഴുവന്‍ തിരുത്തലുകള്‍ കൊണ്ടു ശ്രദ്ധേയനായ ഒരാധുനിക മനുഷ്യനുണ്ട്. പക്ഷെ അതത്രയും അദ്ദേഹത്തിന് ഉപകരിക്കാതെ പോയി.

താന്‍ നേരിട്ട പ്രതിസന്ധിയെ ലോകം അതിജീവിക്കേണ്ട പ്രതിസന്ധിയായി കാണുക എന്നത് മനുഷ്യന്റെ സ്വാഭാവികതയാണ്. ഗാന്ധിജി ജീവിതത്തില്‍ പകര്‍ത്തിയ ആദര്‍ശങ്ങളെല്ലാം അത്തരത്തില്‍ സ്വാഭാവികവും ശ്രദ്ധേയവുമാണ്. എന്നാല്‍ സ്വന്തം മക്കളോടും ഭാര്യ കസ്തൂര്‍ഭയോടും തുല്യഅളവില്‍ അദ്ദേഹം വെച്ചുപുലര്‍ത്തിയ അവഗണനയും നിന്ദയും ഗാന്ധിജി അസാധാരണനല്ലെന്ന് തെളിയിക്കുന്നതുമാണ്.

പല കാലങ്ങളിലായി തനിക്കനുഭവപ്പെട്ട ജീവിതത്തെ ബുദ്ധചിന്തകൊണ്ടും ഭഗവത്ഗീതകൊണ്ടും അളന്നെടുത്ത ഒരാളായിരുന്നു അദ്ദേഹം. അതിലദ്ദേഹത്തെ തെറ്റു പറയാനാവില്ല. പക്ഷെ, സര്‍വ്വത്ര അഹിംസയില്‍ ലോകം പുലരുമെന്ന് കരുതി എല്ലാം അടിയറവെയ്ക്കുന്ന ഒരാളുണ്ട് ഗാന്ധിജിയില്‍. അതുമാത്രമാണ് വലുതെന്ന് കരുതി ലോകത്തെ സമീപിച്ച ഒരാളും കൂടിയാണദ്ദേഹം. അത് ലോകം കണ്ട ഒരു ഗാന്ധിജിയല്ല.

വര്‍ഗസമരത്തെ തള്ളിപ്പറയുകയും ഏറെക്കുറെ ശാസ്ത്ര സാങ്കേതികതയെ കടുത്ത രൂപത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു മനോഭാവം ഗാന്ധിജി ജീവിതത്തിലുടനീളം വെച്ചു പുലര്‍ത്തിയിരുന്നു. വര്‍ഗസമരം നാളിതുവരെയുണ്ടായ മനുഷ്യവംശ ചരിത്രത്തിലെ വലിയ മുന്നേറ്റമെന്നനിലക്കോ, പ്രതിരോധമെന്നനിലക്കോ വായിച്ചെടുക്കാന്‍ ഗാന്ധിജിക്കായില്ല. എന്നാല്‍ അതൊന്നും ഗാന്ധിജിയെ കുറ്റാരോപിതനാക്കാന്‍ യോജിച്ച കാരണങ്ങളല്ല. അതൊരാളിന്റെ അറിവിന്റെയും ജീവിതത്തിന്റെയും പകര്‍പ്പാണ്. അയാള്‍ പാകപ്പെട്ട ലോകത്തിന്റെ ഭാഗമാണ്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാത്തിന് ഗാന്ധിജി നല്‍കിയ സംഭാവന എന്താണെന്ന് നാം ആരോടും പറയാറില്ല. കാരണം, നാലുപതിറ്റാണ്ടിനുള്ളില്‍ ഗാന്ധി വരച്ച ഇന്ത്യയെ കൊണ്ടാണ് നമ്മുടെ ദേശീയ പ്രസ്ഥാനം കരുത്താര്‍ജിച്ചത്. ഗാന്ധിജിയുടെ ഉണര്‍വ്വിലും ഉറക്കത്തിലും ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെ രോധനമുണ്ടായിരുന്നു. അതറിഞ്ഞ മനസ്സുകളുടെ ബലമായിരുന്നു ഗാന്ധിജിയുടെ ബലം.

ലക്ഷ്മണാചാര്യയെഴുതി പണ്ഡിറ്റ് വിഷ്ണു ദിഗാംബര്‍ പലുസ്‌കര്‍ ഈണമിട്ട ഒരു രാമഭക്തി ഗാനമുണ്ട് ഹിന്ദിയില്‍,
‘രഘുപതി രാഘവ് രാജാറാം പതീത പാവന് സീതാറാം-
സുന്ദരവിഗ്രഹ മേഘശ്യാം ഗംഗാ തുളസി സാളഗ്രാം’

എന്ന് എല്ലാവരാലും പാടിപതിഞ്ഞ ആ ഗാനം ഗാന്ധിജിയില്‍ ഒരിക്കല്‍ ശുദ്ധമതേതരത്വമായി തീര്‍ന്നു.
”സീതാറാം സീതാറാം
ഭജ് പ്യാരെ തു സീതാറാം
ഈശ്വര് അള്ളാ തേരെ നാം
സബ് കോ സന്മതി ദേ ഭഗ്‌വാന്‍”.

ദൈവങ്ങളെല്ലാം ഒന്നാകുമ്പോള്‍ മനുഷ്യരും ഒന്നാകുമെന്ന് അദ്ദേഹം സങ്കല്‍പ്പിച്ചുവോ ആവോ? ഗാന്ധിജി ഒരു മനുഷ്യനല്ല, അനേകം മനുഷ്യരുടെ ആകെ തുകയാണ്. ലളിതജീവിതം കൊണ്ട് ധന്യനായി തീര്‍ന്ന ഒരാള്‍.

ഒരു ഇന്ത്യക്കാരനും ഇനി ജീവിച്ചു പകര്‍ത്താന്‍ അവസരങ്ങളില്ലാതെ നീണ്ടകാലം സ്വാതന്ത്ര്യത്തിന് വേണ്ടി തീര്‍ത്തും സ്വതന്ത്രനായി ജീവിച്ച ഒരാള്‍. ഗാന്ധിജിക്ക് സ്വാതന്ത്യം എന്നത് ഒരാള്‍ സ്വയം അനുഭവിച്ചു തീര്‍ക്കേണ്ട മാനസികാവസ്ഥയായിരുന്നു. ദുരിതത്തിലും അതദ്ദേഹം നിര്‍വ്വഹിച്ചു. വ്യക്തിപരമായി ഒരാള്‍ നേടിയെടുക്കുന്ന ആത്മശക്തിയെ തികഞ്ഞ സ്വാതന്ത്ര്യമായി തിരിച്ചറിയുന്നിടത്തേക്കാണ് അദ്ദേഹം സഞ്ചരിച്ചത്. അത് പകര്‍ത്തുകയും പാകപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിലെ കോടിക്കണക്കായ മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്ക് മറ്റൊരു കാലത്തുമില്ലാത്ത സംയമനത്തിന്റെ ഭാഷ എന്താണെന്ന് പഠിപ്പിക്കുന്നതില്‍ ഗാന്ധിജിയോളം വലിയൊരാളെ ഇന്ത്യ കണ്ടിട്ടില്ല. ലോകത്തിലെ എല്ലാമതങ്ങളെയും ആദരവോടെ കണ്ട ഗാന്ധിജിയില്‍ എല്ലാമതങ്ങളും ജീവിച്ചിരുന്നു. ലോകത്തിലെ എല്ലാ ആത്മീയതയിലും അര്‍ത്ഥമുണ്ടെന്ന് വാദിച്ച ഗാന്ധിജിയില്‍ ആവശ്യത്തിന് ആത്മീയതയുമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഉടുതുണിയില്ലാത്തവന്റെ വേദനയ്ക്കായി ഉടുതുണി ഉപേക്ഷിച്ചവന്റെ മാര്‍ഗമാണ് ഗാന്ധി. നമ്മളൊന്നും ഗാന്ധിയന്മാരല്ലെങ്കിലും ഇടയ്ക്ക് ഗാന്ധിയുടെ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നുണ്ട്. അതുകൊണ്ടു പറയുന്നു: ഒരിക്കലും കൊലചെയ്യാനരുതാത്ത ഒരാളെ കൊലചെയ്തതിന്റെ കുറ്റം ഇന്ത്യക്കാര്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…