സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൃതരുടെ പുസ്തകം

വിജെ തോമസ്‌

അമൂല്യയുടെ വീട്ടിലൊന്നു പോകണം നമുക്ക് .
നിങ്ങളെ കാണണമെന്നവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് .
അവധിക്കു നാട്ടിൽ വന്നപ്പോഴാണു ഭാര്യ അയാളോടിങ്ങനെയൊരു കാര്യമാവശ്യപ്പെട്ടത് .
ഫോണിലൂടെ ചിലപ്പോഴെല്ലാം അമൂല്യയെക്കുറിച്ചു പറഞ്ഞിരുന്നു ,
അയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തായിരുന്നു അമൂല്യയുടെ വീട് .
പുതിയ വീട്ടിലേക്കു താമസ്സം മാറി പത്തോ പതിനഞ്ചോ ദിവസ്സം കഴിഞ്ഞയാൾക്കു വിദേശത്തെ തൻറെ ജോലിസ്ഥലത്തേക്കു പോകേണ്ടിവന്നു ,ക്രമേണ അയൽക്കാരോടെല്ലാം ഭാര്യയും കുടുംബവും സൗഹാർദ്ദത്തിലായി. അങ്ങനെയാണു അമൂല്യയെയും അവരുടെ ഭർത്താവിൻറെയമ്മയെയും
മറ്റും അവൾ പരിചയപ്പെടുന്നത്.
അവളുടെ ഒരുവിധം കാര്യങ്ങളെല്ലാം അറിയുന്നതിനാൽ
തീർച്ചയായും അവളെ ചെന്നുകാണണമെന്നയാൾക്കും തോന്നി,
ശനിയാഴ്ച്ച വൈകിട്ടു രണ്ടുപേരും അവരുടെ വീട്ടിൽച്ചെന്നു.
ആ വീട് അടഞ്ഞുകിടന്നിരുന്നു ,ജന്നാലകളും .
മുൻഭാഗത്തു മങ്ങിയപ്രകാശമുള്ള ലൈറ്റ് ഓണായിക്കിടന്നിരുന്നു.
വിശാലമായ മുറ്റത്തിൻറെ വശങ്ങളിൽ പേരക്കയും സീതപ്പഴവും മാഗോസ്റ്റിനും പന്തലിച്ചു നിന്നിരുന്നു അതിനു കീഴിൽ പരിചണമില്ലാതെ മെലിഞ്ഞചെടികൾ ഉണങ്ങിയ ചട്ടികളിൽ നിന്നിരുന്നു .
ബെല്ലടിച്ചപ്പോൾ
അവിടുത്തെ അമ്മ വാതിൽ തുറന്നു ,
ഹാളിൽ ടീവി ഓണായിക്കിടപ്പുണ്ടായിരുന്നു
കാണാനാളില്ലാതെ ,അതിൽ കുട്ടികൾക്കുള്ള കാർട്ടൂൺപരമ്പര ചെറിയ ശബ്‌ദത്തിൽ തുടരുന്നു
അവളുടെ കുട്ടികൾ ടീപ്പോയുടെ അരുകിൽ കളിക്കുകയായിരുന്നു .
സെറ്റിയിലേക്കു കൈചൂണ്ടി വന്നാട്ടെ….
അകത്തോട്ടിരുന്നാട്ടേയെന്നായമ്മച്ചി അവരെ ക്ഷണിച്ചു .
അകത്തേക്കുവരുന്നതുകണ്ടു ജസ്റ്റ് വിഷ് ചെയ്തശേഷം കുട്ടികൾ അവരുടെ കളികളിൽ മുഴുകി .
സോഫയിലിരുന്നാൽ മുന്നിൽ കാണുന്ന ജനലിനരുകിലെ അക്വേറിയം മീനുകളൊന്നുമില്ലാതെ ഇരുണ്ടുമൂടിക്കിടന്നു,വെളിച്ചമുണ്ടായിട്ടും ഒഴുക്കാറ്റുപോയൊരു ജലാശയം പോലെ വീടു നിലച്ചുകിടന്നു .
ഏകാന്തതയും നിശൂന്യതയും മൂടുപടം വാരിചൂടിയപോലെ വീടിനെ കവിഞ്ഞിരുന്നു .

ഭാര്യ അവരുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നതിനാൽ
ഒട്ടും അപരിചിതത്വമില്ലാതെ അവിടുത്തെ അമ്മ അയാളോടുമിണ്ടിപ്പറഞ്ഞുതുടങ്ങി.
അവരുടെനാലു മക്കളും യു എ യി ലായിരുന്നു, അയാളുടെ ജോലിസ്ഥലവും അവരുടെ മക്കളുടെ താമസസ്ഥലവും തമ്മിൽ ഏറിയാൽ രണ്ടു മണിക്കൂർ ദൂരമേയുണ്ടായിരുന്നുള്ളു,
തിരിച്ചുചെല്ലുമ്പോൾ മക്കളെ ചെന്നുകാണണമെന്നോർമ്മിപ്പിച്ചവരുടെ നമ്പർ കൊടുത്തു.
അടുക്കളയിലേക്കുപോകാനെഴുന്നേറ്റ അമ്മച്ചിയെ
ഞങ്ങളിപ്പോൾ കഴിച്ചതേയുള്ളുവെന്നുപറഞ്ഞവിടെത്തന്നെ പിടിച്ചിരുത്തി.
വീട്ടുകാരി വർത്തമാനം തുടരുന്നതിനിടെ
അയാൾ അവരുടെ ഷോ കേസ്സും ബുക്ക്‌ഷെൽഫും മറ്റുംനോക്കിക്കണ്ടു നടന്നു.
പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയുടെ ഒരുകള്ളിയിൽ വയലിൽ ചാരിവെച്ചിരുന്നു ,
ചുവരിലും മറ്റുമുള്ള അലങ്കാരപ്പണികളും പുസ്തക റാക്കാറ്റുകളുമെല്ലാം ആളനക്കമില്ലാതെ പൊടിപിടിച്ചു കിടന്നിരുന്നു , അതെല്ലാം അമൂല്യയുടെ ശേഖരമായിരുന്നു എന്നും അവൾക്കേറ്റവും പ്രിയമുള്ളതായിരുന്നവെന്നും ആ അമ്മ അമൂല്യയെക്കുറിച്ചഭിമാനിയായി .
അവളെനിക്കു മരുമകളല്ല എന്തോരം നല്ല മകളാണെന്നും
ഞാൻ മാത്രം മനസ്സിലാക്കിയിട്ടെന്നാ കാര്യമെന്നുംമറ്റും ആ അമ്മ പറയുന്നുണ്ടായിരുന്നു.

ഞങ്ങൾ അമൂല്യയെ കണ്ടോട്ടേയെന്നു പറഞ്ഞു ഭാര്യ അയാളെയും കൂട്ടി അവളുടെ മുറിയിലേക്കുചെന്നു. വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളു മുട്ടിവിളച്ചപ്പോൾ അവൾ വന്നു വാതിൽ തുറന്നു ..
അമ്മച്ചിയുടെ മുറിയിൽനിന്നാൽ കാണണം ,
ഭർത്താവു വരുന്നതുവരെ അവളും കുഞ്ഞുങ്ങളും ആമുറിയിലായിരുന്നു കിടപ്പ് .

ഞാൻ മരിച്ചതാ ………
എന്തോരം പറഞ്ഞിട്ടും ഇവരാരും എൻറെ ശവമടക്കുന്നില്ല……… എന്നുപറഞ്ഞശേഷം
അമൂല്യ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ ഉറക്കച്ചടവുള്ള കണ്ണുകൾ പാതിതുറന്നവരെ അഭിമുഖീകരിക്കാതെ തുറക്കാത്ത ജനലിനഭിമുഖം ചെരിഞ്ഞു നിന്നു .
അതൊന്നും സാരമില്ല …..
അതുകൊണ്ടല്ലേ ….
ഞങ്ങൾ വന്നതെന്നുപറഞ്ഞു സമാധാനിപ്പിച്ചു സംഭാഷണം തുടർന്നു .

അൽപ്പ സമയത്തിനുശേഷം അയാൾ മനപ്പൂർവ്വം അവൾക്കിഷ്ടമുള്ള വിഷയത്തിലേക്കു കടന്നു .
അല്ലാ ….പഠനം കഴിഞ്ഞപ്പോൾ വല്ല കോളേജിലും ജോലിക്കു ചേരാമായിരുന്നില്ലേ ?
പെട്ടെന്നെവൾ വാചാലയായി
അപ്പച്ചൻറെ പ്രൗഢിക്കുവേണ്ടി പ്ലസ്സ് ടൂ മുതൽ കോൺവെന്റിൽ നിർത്തിച്ചായിരുന്നു പഠനം,
ഞാൻ മാർ ഈവാനിയോസിലായിരുന്നു ഡിഗ്രിയും പി ജിയും ചെയ്തത് ,
നല്ല മാർക്കുണ്ടായിരുന്നു ,എം ഫിലിനിടെ , എൻ ഇ റ്റി കിട്ടിയിരുന്നതിനാൽ കോളേജിൽ ചേരണമെന്നും
പിന്നെ റിസേർച്ചിനു ശ്രമിക്കണമെന്നും ,നല്ലൊരു കരിയർഗ്രാഫ് ഉണ്ടാവണമെന്നും ആഗ്രഹിച്ചു
രണ്ടുവർഷം വയലിനിൽ വാഴ്സിറ്റി വിന്നറായിരുന്നു
എന്നാ പറഞ്ഞിട്ടെന്നാ …..
അതിനിടയിലല്ലേ ഞാൻ മരിച്ചത്
ഇനീം വെച്ചോണ്ടിരിക്കാൻ പറ്റത്തില്ലന്നപ്പച്ചൻ തീർത്തുപറഞ്ഞു
അപ്പച്ചൻറെ അനിയൻറെ ഭാര്യയുടെ വകയിലുള്ള കുടുംബക്കാരനാണെന്ന് ,
നാലാണ്മക്കളും വെളിയിലാണെന്ന്, ഇളയവനവിടെത്തന്നെ സ്വന്തമായിട്ടു കടയാന്നെന്ന് ,
തറവാടും പുരയിടവും അയാൾക്കാണെന്ന് , വിളിച്ചു ചൊല്ലി മൂന്നിന്റന്നു നടത്താമെന്ന്
അടക്കു കഴിഞ്ഞയാൾക്കു വേഗം തിരിച്ചു പോകണമെന്ന്

വീടുനോക്കാനൊരാളുവേണം
പെണ്ണുങ്ങളുടെ ജോലീംകൂലിമൊന്നും ഇവിടാർക്കും വേണ്ട ,
അതിൻറെ ആവശ്യം ഞങ്ങടെ വീട്ടിലുമില്ല എന്നു തറവാടികൾ തുറന്നുപറഞ്ഞില്ലേ ?
അവർക്കൊരുപെണ്ണുവേണം ,കണ്ടിഷ്ടപ്പെടുകയും ചെയ്‌തു ,അതിലപ്പുറം എന്നാ വേണം .
ഇവൾക്കിതെന്നാത്തിൻറെ …..കേടാ അപ്പച്ചൻ പിന്നേം ഇടഞ്ഞു
ഇപ്പ വന്നയീ ചെറുക്കനെന്നാത്തിൻറെ കുറവാന്നേ ?
ഇത്തിരിവിദ്യാഭ്യാസം വല്ലതും… കുറഞ്ഞെന്നു വെച്ച് ?
അതൊരു തലപോകുന്ന കാര്യമാണോ ?
ഇത്രേം കൊച്ചിലെ സ്വന്തം കാലിൽ നിന്നു മൂത്തവരെക്കാൾ അവൻ പണമുണ്ടക്കുന്നില്ലേ ?
ആരോഗ്യവും പണിയെടുക്കാനുള്ള മനസ്സുമില്ലേ ?
അതിനെല്ലാം പുറമെ വല്ല കുറവുള്ള ഒരു കുടുംബമാണോ ?
അമ്മച്ചിപോലും അതൊക്കെത്തന്നെ പറഞ്ഞോണ്ടിരുന്നു
ചേട്ടനും നാത്തൂനും കടുത്തൊരേനിൽപ്പുനിന്നു
എന്നാപ്പിന്നെ ……
എന്നേലും കാണിക്കാൻ പറഞ്ഞതോർമ്മയുണ്ട്
മേലാകെ വലിഞ്ഞു മുറുകി ,നെഞ്ചുപൊട്ടിച്ചാകുമെന്നു തോന്നി,
വായിലൂടെ പതയുംനുരയും കവിഞ്ഞു .കണ്ണുകൾ മറിഞ്ഞുപോയി .

ആശുപത്രീന്നു വന്നതും
ആളുകളെല്ലാം ആഘോഷമായി പള്ളീലെക്കെടുത്തു
ഇരുപത്തൊന്നു ദിവസത്തെ ഒപ്പീസ്സുകഴിഞ്ഞയാൾപോയി .
ഇങ്ങനെയൊരടക്കം നാട്ടിൽ നടന്നിട്ടില്ലെന്ന് അപ്പച്ചനോടാരാണ്ടൊക്കെയോ പറഞ്ഞെന്ന്

മതിയീ മാനംപറച്ചിൽ
അതുകൊണ്ടെന്നാ ….പറഞ്ഞപോലെ രണ്ടു പെറ്റിട്ടിട്ടുണ്ട് …..
പോരെ ?
മതിയായെങ്കിൽ അപ്പനും അമ്മേം നിങ്ങളുമെല്ലാംചേർന്ന്
എൻറെ ശവമൊന്നടക്കിത്തരണം .
ഞാൻ മരിച്ചതാ…..
വെച്ചോണ്ടിരിക്കാൻ പറ്റത്തില്ല .
ഈ പറയുന്നവർക്ക് ….വല്ലതും അറിയാവോ …..?
ഭാര്യ അമൂല്യയുടെ കൈകളിൽ അമർത്തിപ്പിടിച്ചിട്ടും
അവൾ വിറയ്ക്കുകയും കിതയ്ക്കുകയും ചെയ്‌തുകൊണ്ടിരുന്നു .

കാര്യങ്ങൾ അടുത്തുനിന്നുകേട്ടു എന്നല്ലാതെ സോർട്ട്ഔട്ട്‌ചെയ്യാനോ
ആശ്വസിപ്പിക്കാനോ കഴിയാതെ മടങ്ങേണ്ടി വന്നു . അന്നുരാത്രി അമൂല്യയുടെ ചില അവസ്ഥകൾ .
കൂടി കേട്ടു ,
ഒന്നോരണ്ടോ തവണ അവളെയും വിസിറ്റുനു കൊണ്ടുപോയിട്ടുണ്ട്
,കുടുംബമൊത്തായാൽ കച്ചവടത്തിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നും അമ്മയ്ക്കു കൂട്ടായി
നാട്ടിൽനിൽക്കട്ടെയെന്നും പറഞ്ഞു തിരിച്ചയച്ചു .
അവധിക്കയാൾ നാട്ടിൽ വന്നാൽ അവരുടയുമ്മയെ കുറച്ചു നാളത്തേക്കു ചേട്ടന്മാരുടെ വീട്ടിലേക്കയക്കും ,
അപ്പോഴേക്കും അയാളുടെ പുതുകൂട്ടുകാർവരും ഭാര്യമാരെന്നപേരിൽ പെണ്ണുങ്ങളുമുണ്ടാകുമാത്രേ
പിന്നെ അവളുടെ കണ്ണിന്മുന്നിൽവെച്ചു കുടിയും കൂത്താട്ടവുമായിരിക്കും, അവളെയും നിർബന്ധിക്കും
ആളുകളിൽനിന്നൊക്കെ ഉപദ്രവം സഹിക്കേണ്ടിവരികയും ചെയ്തിട്ടുണ്ടുപോലും ,
അങ്ങനെയാണത്രെ അവളീനിലയിലായത് .

കേട്ട കഥകളിൽ നിന്നും അമൂല്യയുടെ മുഖവും വാക്കുകളും മായുന്നില്ല.
ആ അമ്മമാത്രം മകൻ തളച്ചിട്ട കുരിശിൽനിന്നവളെ ഇറക്കി മടിയിൽ താങ്ങിക്കിടത്തും ,
എൻറെ… മകളേയെന്നു ചോരവിയർക്കും, കണ്ണീരിൽ കുളിപ്പിക്കും.
എൻറെ പിഴ…. എൻറെപിഴ…. എൻറെ വലിയ പിഴയെന്നു മകനെച്ചൊല്ലി
നെഞ്ചിലൂടെ കടന്നുപോകന്ന വാളിനാൽ രണ്ടായി പിളരും ,
വ്യകുലസമുദ്രങ്ങളിലവർ തളംകെട്ടിക്കിടക്കും .

കിട്ടിയ ഇത്തിരി ദിവസത്തിനുള്ളിൽ വീട്ടിലെ പലകാര്യങ്ങളും ക്രമീകരിക്കാനുള്ളതു കഴിച്ചുകൂട്ടുന്നതിനിട യിൽ അവധിക്കാലം കഴിഞ്ഞു, ഒന്നിനും സമയം തികഞ്ഞില്ല, തിരിച്ചു ജോലി സ്ഥലത്തു ചെന്നശേഷം ഒന്നു വിളിച്ചതല്ലാതെ അയാളെ പോയിക്കാണാനോ,കൈവിട്ടുപോകാതെ , വീണ്ടെടുക്കുന്നതിക്കുറിച്ചു സംസാരിക്കാനോ ഒന്നുമുള്ള പഴുതു മറുഭാഗത്തുനിന്നും
ലഭിച്ചില്ല .

ഇടയ്‌ക്കിടെയോ ചിലപ്പോൾ തുടർച്ചയായോ അവൾ അനാവശ്യമായി കഴിക്കുന്ന മരുന്നുകളും
അതു കൊടുക്കുന്ന മയക്കവും ഉറക്കവും ക്ഷീണവും നിസ്സംഗതയും നിർവ്വികാരതയും കഴിഞ്ഞാൽ ,
അമൂല്യ കഠിനം കടന്നുപോകുന്ന പകലുകളെയോ, നീറിപ്പിടിക്കുന്ന രാത്രികളെയോ അയാൾ ഓർത്തില്ല ,
കൺമുന്നിലൊരാൾ വെള്ളത്തിൽ താണുപോകുമ്പോഴും കോരിയെടുത്തില്ലയെന്ന കുറ്റബോധം ബാധിക്കത്തൊരാളായി ഒഴിവുകഴിവുകളുടെ വഴുവഴുപ്പിൽ ചവിട്ടിനടക്കാൻ ശീലിച്ചു .

വർഷങ്ങൾക്കു ശേഷം
നാളിതുവരെ സ്വന്തം ജീവിതത്തിൽ അഭിനയിച്ചുകൊണ്ടിരുന്നവരെ തിരിച്ചറിയാനും,
എന്നോ മരിച്ചതറിയാതെ അതിനെ ജീവിതമെന്നുനെഞ്ചോടു ചേർത്തുപിടിച്ചതിൻറെ പൊള്ളത്തരം
അറിഞ്ഞപ്പോഴേ, മറവുചെയ്യാനാവാത്ത ശവജീവിതത്തെക്കുറിച്ച്‌ അമൂല്യ പറഞ്ഞതിൻറെയാഴം
അയാൾക്കുപൊള്ളിയുള്ളു, അറിയുന്നതുവരെ നിങ്ങൾക്കു പൊള്ളുമോ ?
എനിക്കറിഞ്ഞകൂടാ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…