സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എറച്ചീം പൊറാട്ടീം

ഡോ.സന്തോഷ് കുമാർ.എൻ

ദുബായിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്ന് അവൻ ചക്രവാളത്തിലേക്ക് നോക്കി. അസ്തമയമാണ്. ചുവന്നു തുടുത്ത സൂര്യന് ചുറ്റും  ചുവപ്പും മെറൂണും ഓറഞ്ചും മഞ്ഞയും തീർക്കുന്ന വർണ്ണപ്രപഞ്ചം. മുകളിൽ തെളിഞ്ഞ ആകാശം. അവിടെ ഒന്ന് രണ്ടു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആ നക്ഷത്രങ്ങളിൽ ഒന്ന് തന്നെ നോക്കി കണ്ണ് ചിമ്മുന്നതായി അവനു തോന്നി.

അടുക്കളയിൽ നിന്നും തിളച്ചു മറിയുന്ന ബീഫ് കറിയുടെ മണം അവന്റെ മൂക്കിലേക്ക് തുളച്ചു കയറി. സലീനയുടെ സ്പെഷ്യൽ ഐറ്റം ആണ് ബീഫ് കറി. അധികം മസാലയൊന്നും ചേർക്കാത്ത ചുട്ട മുളകും വറുത്ത മല്ലിയും അരച്ച് ചേർത്ത ബീഫ് കറി. നാട്ടിലാണെങ്കിൽ അതിന്റെ മണവും സ്വാദും ഒന്നും കൂടി കൂടും. കാലങ്ങളുടെ പഴക്കമുള്ള അടുക്കളയുടെ ഗുണമാണോ വർഷങ്ങളുടെ തഴക്കവും പഴക്കവും മിനുക്കവും ഉള്ള വടക്കേപ്പുറത്തെ അമ്മിയുടെ ഗുണമാണോ അതോ നാട്ടിൽ എത്തുമ്പോൾ സലീനയുടെ കൂടി വരുന്ന ആത്മവിശ്വാസത്തിന്റെ ആണോ എന്തോ അറിയില്ല.

എന്നാലും ദുബായിലെ ഈ മണവും അവനെ പഴയ കുറേ ഓർമ്മകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയി.

അവൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഷമീറായി. സ്കൂളിൽ പോവുന്ന വഴിക്കാണ് ചട്ട്യാക്കാന്റെ ചായക്കട. ഉച്ചക്കൊരു പന്ത്രണ്ട് മണി ആവുമ്പൊൾ ആ ചായക്കടയിൽ നിന്നും ഒരു മണം വരും. നല്ല തിളക്കുന്ന ബീഫ് കറിയുടെ മണം. ചട്ട്യാക്കയുടെ മസാലക്കൂട്ട് ഒരു രഹസ്യമായിരുന്നൂത്രേ. മസാല ഒന്നും ഇല്ല. എല്ലാം മൂപ്പരുടെ ബീവി ഇടിച്ചും അരച്ചും ഉണ്ടാക്കുന്ന കൂട്ട്. ചട്ട്യാക്കാന്റെ കടയിലെ ചൂടുള്ള, നല്ലോണം മൊരിഞ്ഞ പൊറാട്ടേം ബീഫ് കറീം അന്ന് ഷമീറിന്റെ ഇഷ്ട വിഭവം ആയിരുന്നു. ഷമീറിന്റെ മാത്രമല്ല, അവന്റെ കൂട്ടുകാരും ഉമ്മ വരെ ആ ബീഫ് കറീടെ ആരാധകർ ആയിരുന്നു. അപ്പോൾ ഉപ്പയോ എന്ന് നിങ്ങൾ ചോദിക്കും. ഉപ്പ ആയിരുന്നല്ലോ അവനിതെല്ലാം പരിചയപ്പെടുത്തിയതും വാങ്ങി കൊടുത്തതും.

അന്ന് കുട്ടികളും വലിയവരും തമ്മിൽ തമ്മിൽ  ബെറ്റ് വെച്ചിരുന്നത് പോലും   ചട്ട്യാക്കാന്റെ കടയിലെ ബീഫിനും പൊറാട്ടക്കും വേണ്ടി ആയിരുന്നു.
“എറച്ചീമ്  പൊറാട്ടീം” അതായിരുന്നു അന്നത്തെ വിളിപ്പേര്.  നാട്ടിലെ സെവെൻസ് കളിയിലെ വിജയിയുടെ പേരിലായാലും ലോകകപ്പിൽ ബ്രസീലിന്റെയോ അർജന്റീനയുടെയോ കളി ആണെങ്കിലും ബെറ്റ് നടക്കുന്നത് ചട്ട്യാക്കാന്റെ എറച്ചിക്കും പൊറാട്ടക്കും വേണ്ടി ആയിരുന്നു.

സ്കൂളില്ലാത്ത ഒരു വെള്ളിയാഴ്ച്ച ഉപ്പാന്റെ കൂടെ കോട്ടപ്പള്ള ചന്തക്കു പോയ ദിവസമാണ് അവനാദ്യമായി ചട്ട്യാക്കാന്റെ എറച്ചീമ്  പൊറാട്ടീം  കഴിക്കുന്നത്. അന്നവൻ രണ്ടാം ക്‌ളാസ്സിലോ മൂന്നാം ക്‌ളാസ്സിലോ ആണ്. കുറച്ചും റബ്ബർ ഷീറ്റും ചാക്കിലാക്കി ഉപ്പ മുൻപേ നടന്നു. അവനും വരട്ടേ എന്ന് ചോദിച്ചപ്പോൾ ആദ്യം ഉമ്മ വേണ്ട എന്നാണ് പറഞ്ഞത്. പക്ഷേ, ഉപ്പാന്റെ മുൻപില് ചിണുങ്ങി നിന്നപ്പോൾ  കൂടെ പോന്നോളാൻ പറഞ്ഞു.

ആദ്യം ചേട്ടന്മാരുടെ റബ്ബർ കടയിലേക്ക്. അവിടെ റബ്ബർ കൊടുത്ത് കാശ് വാങ്ങിയശേഷം വേറൊരു കൊമ്പൻ മീശക്കാരൻ ചേട്ടന്റെ വളക്കടയിലേക്ക് . (ഹാർഡ് വെയർ ഷോപ്പ് , അവിടെയാണ് രാസവളങ്ങളും കീടനാശിനികളും ഒക്കെ വിറ്റിരുന്നത്.) ഇവരൊക്കെ ഉപ്പാനെ ബഹുമാനിച്ചിരുന്നു. എല്ലാവരും ഉപ്പാനോട് തമാശകൾ പറയും അവന്റെ  തലയിൽ വാത്സല്യപൂർവ്വം തലോടും. ആ രാസവളക്കടയിലെ കൊമ്പൻ മീശക്കാരൻ ചേട്ടൻ ഒരു  ദിവസം അവനോട്  തുരിശിന്റെ കെമിക്കൽ നെയിം ചോദിച്ചു.

രണ്ടു ദിവസം മുൻപ് അബൂബക്കർ മാഷ് പഠിപ്പിച്ചത് നല്ലോണം ഓർമ്മയുണ്ടായിരുന്നു. “കോപ്പർ സൾഫേറ്റ്” എന്ന അവന്റെ  മറുപടി കേട്ട് ആ കണ്ണുകൾ ഒന്ന് കൂടി ചുവക്കുകയും പുറത്തേക്ക് തള്ളുകയും ചെയ്തു. അന്നുറക്കെ മുഹമ്മദിന്റെ മകനെ കണ്ടോ മിടുക്കനാ എന്നും പറഞ്ഞു പോക്കറ്റിൽ കിടന്ന തിളങ്ങുന്ന റെയ്‌നോൾഡ്‌സിന്റെ ജെറ്റർ പേന അവന് സമ്മാനം  ആയി തന്നു.

ഇത് പോലൊരു വെള്ളിയാഴ്ച്ച ചന്തക്കുള്ള പോക്കിലാണ് ഉപ്പ അവനെ  ആദ്യമായി ചട്ട്യാക്കാന്റെ കടയിൽ കൊണ്ടുപോയത്. അന്നവന്  എറച്ചീമ്  പൊറാട്ടീം വാങ്ങി തന്നിട്ട് ഉപ്പ എങ്ങോട്ടോ പോയി. തിരിച്ചു വന്നപ്പോഴേക്കും അവൻ  ആറു പൊറാട്ടേം ബീഫും ഉള്ളിലാക്കിയിരുന്നു. അന്നത്തെ അവന്റെ  വലിപ്പവും പ്രായവും അതിനനുവദിക്കുന്നില്ല എന്നറിയാമായിരുന്നെങ്കിലും അവന്റെ  വയറിന്റെ പരിമിതി നാക്കിനും വായിനും അറിയില്ലായിരുന്നു. അന്ന് വീട്ടിൽ പോയി ആരും കാണാതെ ശർദ്ധിച്ചു. ആരോടും പറഞ്ഞില്ല, പക്ഷേ, ഉമ്മക്ക് മനസിലായി എന്ന് തോന്നുന്നു. പാൽക്കായം കൊണ്ട് മണപ്പിക്കുക പോലുള്ള കലാപരിപാടികൾ ഒക്കെ ഉമ്മ ചെയ്യുന്നുണ്ടായിരുന്നു.

എന്തായാലും അന്ന് മുതൽ അവന് ,  ചട്ട്യാക്കാന്റെ എറച്ചിയോടും പൊറാട്ടയോടും ഉള്ള പ്രേമം ഉപ്പാക്ക് മനസിലായി എന്ന് തോന്നുന്നു. പിന്നീടുള്ള പല ദിവസങ്ങളിലും ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ഉപ്പാന്റെ കയ്യിൽ അവനുള്ള  പാർസൽ കവർ ഉണ്ടാവുമായിരുന്നു. അവന്  മാത്രമല്ല, ഉമ്മക്കുള്ളതും കൂടി ആ വെളുത്ത കവറിൽ ഉണ്ടാകും.

“ഇങ്ങളിത് കൊണ്ടുരും ന്നറിഞീരുന്നൂങ്കിൽ വെറുതേ അരി കളയണ്ടീരുന്നില.”

“അത് നാളെ വെള്ളചോറാക്കിക്കോ. കുറച്ചു തൈരും അച്ചാറും തന്നാ ഞാൻ തീർത്തോളം.”  ഉപ്പാക്ക് വെള്ളച്ചോറ് കൊടുക്കാൻ ഉമ്മാക്ക് മടിയായിരുന്നു. പക്ഷേ, ഉപ്പക്ക് വെള്ളച്ചോറ് വളരേ ഇഷ്ടമായിരുന്നു.

അവൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്, ഒരു ദിവസം ഉപ്പ വന്നത് കുറച്ചധികം വൈകി ആണ്. ഉപ്പയില്ലാതെ അവനുറക്കം  വന്നിരുന്നില്ല. ഉമ്മയോട് ചേർന്ന് കിടക്കുകയായിരുന്നെങ്കിലും ഉപ്പയില്ലെങ്കിൽ അവന്  കള്ളന്മാരെ പേടിയായിരുന്നു. ഓടിളക്കി കള്ളന്മാർ വീട്ടിൽ കയറുന്നതും ചുമര് തുരന്നു വീട്ടിനുള്ളിൽ കയറുന്നതും ഒക്കെ കണ്ണടച്ചാൽ കാണും. പിന്നെ ഉറങ്ങാൻ പറ്റില്ല. അതേ സമയം, ഉപ്പ വീട്ടിലുണ്ടെങ്കിൽ അവനങ്ങനത്തെ  പേടി ഒന്നും ഉണ്ടായിരുന്നില്ല.

അന്ന് വളരെ വൈകി വന്ന ഉപ്പാന്റെ കയ്യിൽ എന്തോ സഞ്ചിയോ ബാഗോ ഉണ്ടായിരുന്നു. കണ്ണടച്ച് കിടന്നിരുന്ന അവൻ  ഉപ്പേം ഉമ്മേം അടക്കം പറയുന്നത് മാത്രമേ കേട്ടുള്ളൂ. ആ സഞ്ചി നിറയെ കാശാണെന്ന് മാത്രം അവന്  മനസിലായി.

അത് കഴിഞ്ഞു മൂന്നാമത്തെ ദിവസം രാത്രി ഉപ്പ തിരിച്ചു വന്നില്ല. അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. അഞ്ചാം ക്ലാസ്സിൽ ആയതു മുതൽ സ്ക്കൂൾ മാറിയത് കൊണ്ട് പഴയത് പോലെ ഉപ്പാന്റെ കൂടെ വെള്ളിയാഴ്ച്ച ചന്തക്കു പോകാൻ കഴിഞ്ഞിരുന്നില്ല. പുതിയ സ്കൂളിൽ ശനിയും ഞായറും ആയിരുന്നു അവധി ദിവസങ്ങൾ.

രാവിലെ സ്കൂളിൽ പോവുന്നതിനു മുൻപ് ഉപ്പാന്റടുത്ത്, രാത്രി വരുമ്പോൾ ചട്ട്യാക്കാന്റെ എറച്ചീമ്  പൊറാട്ടീം വാങ്ങി വരണമെന്നു പറഞ്ഞിരുന്നു. രാത്രി ഒമ്പതേകാലിന് ആകാശവാണീല് ഇംഗ്ളീഷിലുള്ള വാർത്ത കഴിയുന്നത് വരെ ഉമ്മ കാത്തു. എന്നിട്ടും കാണാതിരുന്നപ്പോൾ ഉമ്മ കഞ്ഞി വിളമ്പി. എന്നാലും ഉപ്പ വരുമെന്നും ചട്ട്യാക്കാന്റെ എറച്ചീമ്  പൊറാട്ടീം കൊണ്ട് വരുമെന്നും പ്രതീക്ഷിച്ച അവൻ  വയറിലെ  കുറച്ചു സ്ഥലം ബാക്കിയിട്ടിരുന്നു.

രാത്രിയിൽ ഉറക്കം വരാതെ കുറെ നേരം കാത്തിരുന്നു. ഉമ്മക്കന്നു പതിവിൽ കൂടുതൽ ടെൻഷൻ ഉണ്ടായിരുന്നു. എപ്പോഴോ അവൻ  ഉറങ്ങി. പിറ്റേന്ന്, എഴുന്നേറ്റപ്പോഴും ഉപ്പയെ കണ്ടില്ല. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് ഉമ്മയെ കണ്ടാൽ അറിയാം.

അന്ന് സ്കൂളിലെ രണ്ടാമത്തെ പീരീഡിന് ശേഷം മൂത്രമൊഴിക്കാൻ വിട്ട ഗ്യാപ്പിൽ അജ്മലിന്റേം അശോകന്റേം കൂടെ കോട്ടി കളിക്കുമ്പോഴാണ് അവനെ  ഓഫീസിലേക്ക് വിളിക്കുന്നുണ്ട് എന്നും പറഞ്ഞു പ്യുൺ മമ്മാലിക്ക വന്നത്. മൂപ്പരവനെ  കൂടെ നടത്തി, ഇടയ്ക്കു തലമുടിയിൽ വിരലുകൾ ഓടിച്ചു.  ഉപ്പ അവന്റെ തലയിൽ അങ്ങനെ ചെയ്യാറുണ്ടായിരുന്നു.

അവനെ  കൊണ്ടുപോവാൻ അസി മാമൻ വന്നിരുന്നു. ജീപ്പിന്റെ മുൻ സീറ്റിൽ ഇരുന്ന് വീട്ടിലേക്കും പോകും വഴി എം ഇ എസ് ആശുപത്രിയുടെ അടുത്തുള്ള പഞ്ചായത്ത് കിണറിനടുത്തു ആൾക്കൂട്ടവും പോലീസ് വണ്ടികളും അവൻ കണ്ടു. എന്താ കാര്യം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും മാമന്റെ മുഖം കണ്ടപ്പോൾ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.

വീട്ടിൽ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. ഉമ്മ കരഞ്ഞു  തളർന്നു കിടക്കുന്നുണ്ടായിരുന്നു.

പിന്നീടവൻ മനസിലാക്കി, അവന്റെ ഉപ്പയാണ് ആ കിണറ്റിൽ കിടന്നിരുന്നത് എന്ന്.

പിറ്റേന്ന് ആരോ പറയുന്നത് കേട്ടു, ആ വെള്ള ഷർട്ടും മുണ്ടും ചുവന്ന കളർ ആയിരുന്നു എന്നും കയ്യിൽ മുറുകെ പിടിച്ച വെളുത്ത കവറിൽ എറച്ചീമ്  പൊറാട്ടീം ആയിരുന്നു എന്നും.

അവനന്നുറക്കെ പൊട്ടി കരഞ്ഞു.

അസി മാമൻ വന്നവനെ മാറോടു ചേർത്തു. വേങ്ങരയിൽ മാമന്റെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള ജീവിതം.

അന്നവന് നഷ്ടപ്പെട്ടത് അവന്റെ പ്രിയപ്പെട്ടതൊക്കെ ആയിരുന്നു. അവന്റെ ഉപ്പയെ …
പിന്നീടൊരിക്കലും ചട്ട്യാക്കാന്റെ എറച്ചീമ്  പൊറാട്ടീം അവൻ മണത്തിട്ടോ രുചിച്ചിട്ടോ ഇല്ല.

ഒരു വർഷം തികയും മുൻപേ അവന് ഉമ്മയെയും നഷ്ടപ്പെട്ടു.

അവനെ ഓർമ്മകളിൽ നിന്നും ഉണർത്തി കൊണ്ട് സലീനയുടെ കൊലുസിന്റെ ശബ്ദം അടുത്തു വന്നു.

“എന്താ ലൈറ്റൊന്നും ഇടാതെ ഇരിക്കുന്നത് ?”

അവളുടെ കയ്യിലെ പൊറാട്ടയും ബീഫും അവിടെ യുള്ള ടീപ്പോയിൽ വെച്ച് കൊണ്ട് അവൾ ചോദിച്ചു.

“ഞാനൊന്നു മയങ്ങിപ്പോയി.”

“ഞാൻ കട്ടൻ  കൊണ്ട് വരാം “

അന്ന് മുതൽ അവന്റെ കൂടെ അസി മാമയുണ്ട്, മാമന്റെ മോൾ സലീനയും ഉണ്ട്.

മുന്നിൽ ഇരുട്ടില്ല, രാത്രിയാണെങ്കിലും വൈദുതി വിളക്കുകൾ തീർക്കുന്ന പ്രകാശമാണ്. രാത്രിയെ തോൽപ്പിക്കുന്ന വെളിച്ചം. അവന്റെ ജീവിതത്തിലെ വെളിച്ചം അടുത്തടുത്തു വന്നു. ആ കൊലുസിന്റെ ശബ്ദം നിന്നും. അവന്റെ കഴുത്തിലും തലയിലും ആ തണുത്ത വിരലുകൾ ഓടി നടന്നു.

ആ പൊറാട്ടയുടെ ഒരു കഷണമെടുത്തു ആ ചാറിൽ മുക്കി അവൻ വായിലേക്കിട്ടു. ചട്ട്യാക്കാന്റെ എറച്ചീമ്  പൊറാട്ടീം അവനോർമ്മ  വന്നു. അവൻ കണ്ണുകൾ അടച്ചു. അവന്റെ ഉപ്പാന്റെ മണം അവനെ പൊതിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…