സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധം: ഏത് ദര്‍ശനത്തിന്റെ വെളിച്ചമാണ് ഇരുട്ടകറ്റുക

ആകാംക്ഷ

പ്രിയപ്പെട്ട മനുഷ്യാ
രക്തം തന്റേതോ അപരന്റേതോ ആകട്ടെ
എന്തായാലും അതു മനുഷ്യരക്തമാണ്.
യുദ്ധം പടിഞ്ഞാറോ കിഴക്കോ ആകട്ടെ
ചിന്തുന്നത് സമാധാനപ്രിയരുടെ രക്തമാണ്.
ബോംബുകള്‍ വീഴുന്നത് വീടുകളിലോ
അതിര്‍ത്തിയിലോ ആകട്ടെ,
ക്ഷതമേല്‍ക്കുന്നത് ഹൃദയത്തിന്റെ ചുമരുകള്‍ക്കാണ്.
കത്തുന്നത് തന്റേയോ അന്യന്റേയോ വയലാകട്ടെ
പട്ടിണികൊണ്ടു പിടയന്നത് ജീവിതമാണ്.
വന്ധ്യമാകുന്നത് ഭൂമിയുടെ ഗര്‍ഭാശയമാണ്.
അതുകൊണ്ട് പ്രിയപ്പെട്ട മനുഷ്യാ
യുദ്ധം ഒഴിവാകുന്നെങ്കില്‍ അതാണുത്തമം.
നിങ്ങളുടെയും ഞങ്ങളുടെയുമെല്ലാം അങ്കണത്തില്‍
ദീപങ്ങള്‍ജ്വലിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍
അതാണുത്തമം.

-സാഹിര്‍ ലുധിയാന്‍ ബി

ഉക്രൈനില്‍നിന്നും റഷ്യയില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് ഈ രാജ്യങ്ങള്‍ കടന്നു പോകുന്നത്. സിവിലിയന്‍സ് ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യര്‍ കുരുതി കൊടുക്കപ്പെട്ടു. ഈ മത്സരം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഒരു ഉത്തരം ലഭിക്കുന്നു. ഇത് ഞങ്ങളുടെ ദേശത്തിന്, ഇത് ഞങ്ങളുടെ രാജ്യത്തിന്. എന്നാല്‍ അവിശ്വസനീയമാണ് ഈ ഉത്തരം. നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണെങ്കില്‍ യുദ്ധമല്ല പരിഹാരം. ഇവിടെ നടക്കുന്ന ഒറ്റ മനുഷ്യന്റെ മരണം പോലും നീതിയുക്തമല്ല. ഓരോ പട്ടാളക്കാരനും സിവില്യനും സ്ത്രീകളും
കുഞ്ഞുങ്ങളും വൃദ്ധരും മരിക്കുന്നത് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങളുണ്ടാക്കുന്ന താല്പ്പര്യങ്ങള്‍ക്ക് വേണ്ടി.

യുദ്ധം കാല്പനിക മനസ്സുകളുടെ ഉന്മാദമാണ്. വിവേകശൂന്യരുടെ ഉടുതുണിയില്ലായ്മയാണ്. ലോകത്ത് അശക്തര്‍ അവരുടെ ശക്തിതെളിയിക്കാന്‍ നടത്തുന്ന പരാക്രമങ്ങളാണ്. ഹിംസയാണ്. ഹിംസ ജന്തുജന്യമാണ്. ഈ ജന്തുജന്യതയാണ് ഇന്ന് നിങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുന്നത്.

കോടാനുകോടി മനുഷ്യരുടെ തലയ്ക്കുമുകളില്‍ രാസായുധങ്ങളുടെ ബലൂണുകളുണ്ട്. ഏത് നിമിഷവും പൊട്ടാവുന്നവ. കരുതിയിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന സംഭാഷണങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. രക്ഷയെ കരുതി ഏതെതിരാളിയുടെ തലയിലും കൊണ്ടിടാന്‍ പാകത്തില്‍ ഒരുക്കിയവ. രണ്ടാം ലോകമഹായുദ്ധം മുതല്‍ സാമ്രാജ്യത്വ ശക്തികള്‍ അതിനൊരുങ്ങുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ശീതയുദ്ധങ്ങള്‍ക്ക് ഒരറുതിയുമില്ലായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ സൃഷ്ടിയാണ്. യൂറോപ്യന്‍യൂണിയനും ഒരു പ്രതിരോധ നയതന്ത്രസംഘനയായ നാറ്റോയുമാണ് ഏഴു പതിറ്റാണ്ട് കാലം ലോകത്തെ നിയന്ത്രിച്ചിരുന്നത്. എല്ലാ ഗൂഢാലോചനകള്‍ക്കു( conspiracy )നടുവിലും നിലനിന്ന ഈ മുപ്പത് രാജ്യങ്ങളുടെ ശത്രുതയിലാണ് റഷ്യ അകപ്പെട്ടിരിക്കുന്നത്. യുക്രൈന്‍ നാറ്റോ സഖ്യത്തിലകപ്പെടുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രതിരോധ ഭീഷണിയാണ് റഷ്യയെ ഈ യുദ്ധത്തിന്റെ മുള്‍മുനയിലെത്തിച്ചിരിക്കുന്നത്. റഷ്യയുടെ സംശയം ഏറെക്കുറെ തള്ളിക്കളയാനുമാവില്ല. അപ്പോള്‍ ഒരു പ്രതിരോധ നയതന്ത്രസംഘനകൂടിയാണ് ഈ യുദ്ധത്തിന് കാരണം.

വിപര്യയമെന്ന് പറയട്ടെ, എല്ലാ യുദ്ധങ്ങള്‍ക്കും കാരണം ഇത്തരത്തിലുള്ള ഭയം തന്നെ. ഭയം ലോകത്തിന്റെ സദാചാരമാകുന്നു. അതുകൊണ്ട് രാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്നത് ഭയത്തിലാണ്. ഭയമില്ലാത്ത ഒറ്റമനസ്സും ഭൂമിയിലില്ല.

അത് ജന്തുലോകസത്യം. പക്ഷെ, മനുഷ്യന്‍ ജീവിക്കന്നത് പ്രാകൃതമായ ജന്തുലോകത്തിലല്ല. വളരെ പരിഷ്‌കൃതവും സാംസ്‌ക്കാരികവുമായ മുന്നേറ്റങ്ങള്‍ നടന്ന ലോകത്താണ്. എന്നിട്ടും എന്തുകൊണ്ടു ഈ ഹിംസയെ തിരുത്താനാവുന്നില്ല. ചരിത്രം, സംസ്‌ക്കാരം, ആത്മീയത, ഇവയൊന്നും പ്രയോജനപ്പെടാതെ പോകുന്ന ഒരു ലോകത്തില്‍ ഏത്് ദര്‍ശനത്തിന്റെ വെളിച്ചമാണ് നമ്മുടെ ഇരുട്ടകറ്റുക? മാര്‍ക്‌സിസത്തിനോ, ഗാന്ധിസത്തിനോ ഇത് പരിഹാരമായതല്ല. പിന്നെ, മതങ്ങള്‍ക്കാകുമോ? ആത്മീയതയ്ക്കാവുമോ?

നൂറ്റാണ്ടുകളായി മനുഷ്യന്‍ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ പരസ്പരം കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. മത്സരത്തിന്റെ ആ വലിയ ലോകമാണ് നമ്മുടെ മുമ്പിലുള്ളത്. ഭൂമിയ്ക്കും ജീവജാലങ്ങള്‍ക്കും ക്ഷതമേല്‍പ്പിച്ച് അര്‍ഹതയുള്ള മനുഷ്യന്റെ ലോകം കെട്ടിപ്പടുക്കുന്ന യുദ്ധമന:ശാസ്ത്രം വലിയ പാപ്പരത്തമാണ്.
എന്നാല്‍ യുദ്ധം ഒരിക്കലും അര്‍ഹതയുള്ളതിന്റെ നിലനില്പിനെ ലക്ഷ്യം വയ്ക്കുന്നില്ല. അതുകൊണ്ടു surveilance of exist എന്ന ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പറഞ്ഞ്
ഭൂമിയില്‍ മനുഷ്യരുണ്ടാക്കുന്ന വിധ്വംസകജീവിതത്തെ നീതിവത്കരിക്കരുത്. ഹിറ്റ്‌ലറും മുസോളനിയും ചിന്തിച്ചതിന് സമമാണത്.
ഇവിടെ ക്ഷമയാണ്, പരിഹാരമാണ്, വലുത്.

അത് പഠിപ്പിക്കുന്നിടത്താണ് വലിയ രാഷ്ട്രമൂണ്ടാവുന്നത്. രാഷ്ട്രതന്ത്രജ്ഞരുണ്ടാവുന്നത്്. നമ്മുടെ രാഷ്ട്രതന്ത്രജ്ഞര്‍ അതറിയാത്തവരുമല്ല, അറിഞ്ഞതില്‍ പാതി കണ്ണുചിമ്മുന്ന വ്യവസ്ഥാപിത ലോകമാണ് മനുഷ്യനെ നയിക്കുന്നത്. അതുകൊണ്ട് ക്ഷമയെന്നത് നമുക്ക് ഒരു സാങ്കല്പികസംജ്ഞയാണ്.

ക്ഷമയെപ്പറ്റിപറയുമ്പോള്‍ ഇന്ത്യക്കാര്‍ ചേരിചേരായ്മയെ കൂട്ടുപിടിക്കും. ചേരിചേരായ്മ നമ്മുടെ ക്ഷമയെന്ന് പറഞ്ഞുകൂടാ. ചേരിചേരായ്മപോലും ഒരു പക്ഷമോ, സഖ്യമോ ആയി ലോകത്ത് പ്രത്യക്ഷപ്പെടാനിരിക്കെ, അല്ലെങ്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കെ, പക്ഷരഹിതരെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ദേശീയതയുടെ ചിഹ്നം കൊണ്ട് നാം അഹങ്കരിക്കുവോളം കാലം നമ്മളും ചേരിയിലാണ്. നമുക്കും പക്ഷമുണ്ടെന്നുള്ളതാണ് സത്യം. ഈ പക്ഷം മറ്റൊരുപക്ഷത്തോട് ശീതസമരം ചെയ്യുന്നു. എക്കാലവും അങ്ങനെ നാം യുദ്ധത്തിന്റെ നിഴലിലാണ്.

ജീവിക്കാന്‍ ആഗ്രഹിക്കുന്നത് പോലെ മരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുദ്ധത്തിന്റെ മന:ശാസ്ത്രം കൊല്ലുക എന്നതാണ്. കൊല്ലുന്നത് എതിരാളിയെ മാത്രമല്ല നിരപരാധിയെ കൂടിയാണ്. യുദ്ധത്തില്‍ ശത്രുക്കളെങ്കില്‍ ഉറ്റവരും പ്രശ്‌നമല്ലെന്നതുപോലെ ഏത് രാജ്യം കടപുഴകിവീണാലും എന്റെ രാജ്യമുണ്ടാവണമെന്ന തീര്‍പ്പിലേക്ക് നാം പരിണമിച്ചു കഴിഞ്ഞു.

ഒരു സുപ്രഭാതത്തില്‍ ഇതില്‍ നിന്നും ഭിന്നനായ ഒരാളെ നമുക്ക് കിട്ടണമെന്നില്ല. കാരണം ഒരു പാഠവും യുദ്ധമനസ്സുകള്‍ക്ക് പാഠങ്ങളല്ല. ലോകത്തിലെ എല്ലാദരിദ്ര, സോഷ്യലിസ്റ്റ്-കാപ്പറ്റലിസ്റ്റ് രാജ്യങ്ങളും യുദ്ധത്തില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. ഏറ്റവും വലിയ ആണവായുധ ശക്തിയായി റഷ്യവളര്‍ന്നാലുണ്ടാവുന്ന അപകടം തന്നെയാണ് യൂറോപ്പ്യന്‍ യൂണിയനുള്‍പ്പെടെയുള്ള നാറ്റോസഖ്യം സംഘടിച്ചാലുമുണ്ടാവുന്നത്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് അമേരിക്ക
നടത്തിയ കയ്യേറ്റവും തുടര്‍ന്നുള്ള പിന്‍മാറ്റവുമെല്ലാം ആരുടെ നീതിക്ക് യോജ്യമായത്? അതുകൊണ്ടു അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന് ജോബൈഡന്‍ വ്യാകുലനാവുമ്പോള്‍ അല്ലങ്കില്‍ തമാശപറയുമ്പോള്‍ നമുക്ക് ചിരിക്കാനാവില്ല. രാഷ്ട്രനേതാക്കള്‍ക്ക് വിവേകമാണ് വേണ്ടത്. അവബോധത്തില്‍ നിന്നേ വിവേകമുണ്ടാവു. അതില്ലാതെ വളര്‍ന്ന ‘രാജ്യസ്‌നേഹികളാണിവര്‍’.

റഷ്യന്‍ പ്രസിഡന്‍്റ് വ്‌ളാദിമീര്‍ പുതിനും യുക്രൈന്‍ പ്രസിഡന്റ് സെലനസ്‌കിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍ മാത്രം. തോല്‍ക്കുമ്പോള്‍ രാഷ്ടത്തിന് രാഷ്ട്രീയമില്ലന്ന് വിശ്വസിക്കുന്നവര്‍. ദേശീയതയും പ്രതിരോധവും അജണ്ടയായി കണ്ട് രാഷ്ടീയബോധത്തെ പരിശീലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് നേതാക്കള്‍. അതുകൊണ്ടു ദാരുണമാണ് ആ ജനതയുടെ വിധി. പതിനെട്ടുവയസ്സാകുമ്പോള്‍ അഭിമാനത്തിന്റെ മധുരം പുരട്ടി, ഇളം കയ്യില്‍ തോക്കിന്റെ ഭാരം നിറക്കുന്ന ഒരു ജനതയുടെ പൊതുബോധത്തില്‍ നിന്നാണ് ലോകം ഊറ്റം കൊള്ളുന്നത്.

ലോകവിപണിയില്‍ മാര്‍ക്കറ്റുള്ള പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ യുദ്ധസാമഗ്രികളുടെ പരസ്യമാണ് നേരത്തെ അമേരിക്കയും ഇപ്പോള്‍ റഷ്യയും ഒരു തരത്തില്‍ ചെയ്തിരിക്കുന്നത്. നാളെ ഏതു സാമ്പ്രാജ്യശക്തിയും ഇതുതന്നെ ചെയ്യും. നഷ്ടം സാധാരണക്കാരായ പാവം ജനതയ്ക്ക് മാത്രം. വിദ്യാര്‍ത്ഥികളും കൂഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യര്‍ അഭയാര്‍ത്ഥികളായി ഇന്ന് ലോകത്തലയുന്നു. പ്രാഥമിക സൗകര്യങ്ങള്‍പോലും ലഭ്യമാകാതെ മനുഷ്യര്‍ നരകിയ്ക്കുന്ന കാഴ്ചകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നു. എണ്ണവില കുതിച്ചുയരാനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യദിനത്തില്‍ തന്നെ സ്്റ്റോക്ക് എക്‌സേഞ്ചുകളില്‍ ഉറുപ്പികയുടെ മൂല്യമിടിഞ്ഞ്. ഒറ്റ ദിനംകൊണ്ട് പത്ത് വര്‍ഷം ലോകമുണ്ടാക്കിയ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും യുദ്ധം മോഷ്ടിച്ചെടുക്കുന്നുണ്ട്. യുദ്ധം ഏതെങ്കിലും ഒരു രാജ്യത്തെയല്ല ബാധിക്കുന്നത്.

നമുക്കറിയാം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ മങ്ങലേല്‍ക്കാതെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. കലയിലും സാഹിത്യത്തിലും അടയാളപ്പെടുന്ന മാജിക് റിയലിസത്തിന്റെ ലാവണ്യമാകാന്‍ യുദ്ധം ആവശ്യമോ? കൂറ്റം ആരൂടേത്. കാരണം എന്ത്? ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഗോസ്ലാവാക്യയില്‍ ജനിച്ചു വളര്‍ന്ന സ്ലാറ്റ ഫിലിപ്പോവ് എന്ന പതിമൂന്നുകാരി പെണ്‍ക്കുട്ടി തന്റെ ‘പ്രിയപ്പെട്ട മിമ്മി’ എന്ന ഡയറികുറിപ്പില്‍ എഴുതി : രാഷ്ട്രീയമാണത്രെ എല്ലാറ്റിനും കാരണം. എന്താണീ രാഷ്ട്രീയമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മുതിര്‍ന്നവരാണ് അത് കൈകാര്യം ചെയ്യുന്നത്. ഒന്നറിയാം, ഞങ്ങള്‍ കുട്ടികളാണ് അത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഭേദം. കാരണം, ഞങ്ങളൊരിക്കലും യുദ്ധമുണ്ടാക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…