സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അഭൗമിക പ്രണയം

ലക്ഷ്മിപ്രിയ എ എസ്

ഒരിക്കൽ പേർഷ്യൻ കവിയായ റൂമി ഇപ്രകാരം കുറിച്ചു; “നിനക്കു നൽകുവാൻ വിശിഷ്ടമായൊരു സമ്മാനത്തിനായ് ഞാനേറെ നടന്നു; സ്വർണ്ണഖനിയിലേക്ക് സ്വർണം കൊണ്ടുവരുന്നതെന്തിന്? കടലിനെന്തിനാണിനിയും ജലം? ഞാൻ കണ്ടുപിടിച്ചതെല്ലാം പൗരസ്ത്യ ദേശത്തേക്ക് സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുവരുന്നതുപോൽ ആയിരുന്നു. നിനക്കതുള്ളതിനാൽ എന്റെ ഹൃദയവും ആത്മാവും നൽകുന്നതിൽ അർത്ഥമില്ല. അതിനാൽ ഞാൻ നിനക്കൊരു കണ്ണാടി നൽകാം. നിന്നെ നീയതിൽ കാണുമ്പോൾ, നീ എന്നെയും ഓർക്കുക.”

കാലങ്ങളോരോന്നും അതിവേഗത്തിൽ മത്സരിച്ചു കടന്നുപോകുമ്പോൾ, ഓരോദിനവും ജീവിതം പൊഴിക്കുന്ന വിയർപ്പുകണങ്ങൾക്കുമേൽ നനുത്തൊരു കാറ്റിന്റെ തലോടലായിവന്നു കുളിർമയേകുവാൻ കഴിയുന്നൊരു ബന്ധം; പ്രണയമെന്ന വിശ്വവികാരത്തിന് കവികളും കഥാകാരന്മാരും കല്പ്പിച്ചു നൽകിയ മനോഹരമായ ഒരു വാഗ്മയചിത്രം. മാസങ്ങളോളം ഭ്രാന്താലയത്തിൽ കഴിയേണ്ടി വന്ന വിശ്വപ്രസിദ്ധ ചിത്രകാരനായ വിൻസെന്റ് വാൻ ഗോങിന്റെ “ദ സ്റ്റാറി നൈറ്റ്‌”ലും സാമൂഹ്യ വ്യവസ്ഥിതികൾ കൊണ്ട് ഒറ്റമുറിയിലിരുന്ന് നിശ്ശബ്ദയായി വരികൾ തുന്നിച്ചേർക്കേണ്ടിവന്ന എമിലി ഡിക്കിൻസൺ കവിതകളിലും
കാണാം, വ്യത്യസ്തമെങ്കിലും, ഭ്രാന്തമായ സങ്കൽപ്പങ്ങൾ പകരുന്ന ഒരാശ്വാസമായി, മഞ്ഞുതുള്ളിപോലൊരു പ്രണയം. ഒരു വർഷത്തിലെ, ഒരു മാസത്തിലെ, ഒരു ആഴ്ചയിലേക്കും ഒരു ദിവസത്തിലേക്കുമൊതുക്കി പ്രണയത്തിനു രണ്ട് ഹൃദയത്തിന്റെയും രണ്ടാത്മാവിന്റെയും രണ്ട് ശരീങ്ങളുടെയും അതിരുകൾ നൽകി വാഗ്ദാനങ്ങളുടെ ഒരാഘോഷമാക്കുമ്പോൾ, ദിവസങ്ങൾ കൂട്ടിക്കെട്ടിയൊരു വർഷമുണ്ടാക്കാതെ, അടുക്കുംതോറും അകലുന്ന ജീവിതത്തിലെ ചക്രവാളങ്ങൾ കണ്ട് അന്ത്യമില്ലാതെ ആവേശത്തോടു കൂടി
തിരയിലാഴ്ന്നും പൊങ്ങിയും കടലിലൂളിയിട്ടും ഇടക്കൊരു ചിപ്പിയിലൊളിച്ചും നാം നമ്മെ തന്നെ പ്രണയിക്കുവാൻ ഇനി എന്നാണ് ശ്രമിക്കുന്നത്? പഠനം ആവശ്യമില്ലാത്ത, ശാരീരിക പരിമിതികൾ കൊണ്ട് ബുദ്ധിമുട്ടേണ്ടതില്ലാത്ത മനോഹരമായ ഒരു കലയാണ് പ്രണയം. ‘കണ്ടീഷൻ’ ചെയ്യപ്പെട്ട പ്രണയങ്ങൾക്കു പുറകേ വേദനകൾ സഹിച്ചും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനായ് പുറപ്പെടുമ്പോൾ ആലോചിക്കേണ്ടതായ ഒന്നുണ്ട്; നിങ്ങൾ ആദ്യം നിങ്ങളെ പ്രണയിച്ചിരുന്നുവോ എന്ന്.

പ്രണയത്തേക്കാൾ മനോഹരമായ മറ്റേതു കാര്യമാണ് ഭൂമിയിലുള്ളതെന്നു മാധവിക്കുട്ടി ചോദിച്ചപ്പോൾ അവരുടെ ഉള്ളിലുമുണ്ടായിരുന്നിരിക്കാം പകപോക്കാതെ പൂർണമായ സ്നേഹത്തോടെ എന്നും കരുതിവച്ചു പോന്നിരുന്നൊരു പ്രണയം. നിങ്ങളുടെ പ്രണയം നിങ്ങളുടേത് മാത്രമാണെന്നും അതു നിങ്ങളുടെ സ്വകാര്യ ഇഷ്ടമാണെന്നുമുള്ള വിചാരത്താൽ, കാട്ടിക്കൂട്ടലുകൾക്ക് പാത്രമാവേണ്ടി വരുന്നതിനും മുൻപ്, ഒരു തവണയെങ്കിലും എം. ടി യുടെ “മഞ്ഞ്” ലെ സർദാർജിയെ പോലെ “ഒരു ബന്ധവും കൽപ്പിക്കാതെ” കൂടെയുള്ള വ്യക്തിയേയും നിങ്ങളെയും പ്രണയിക്കുവാൻ ശ്രമിക്കുക.
നിങ്ങളൊരു കവിതയുടെ വരിയായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ കവി ആകുക; നിങ്ങളുടെ കവിതയിലെ പ്രണയം നിങ്ങളാകുക. ലഭിക്കാതെ പോയൊരു കത്തിലെ പ്രിയപ്പെട്ടവനും പ്രിയപ്പെട്ടവളുമാകുക. ഒരരുവിയായി തുടങ്ങിയ പ്രണയം നിങ്ങളിൽ ഒരു പുഴയായും നദിയായും കടലായും നിറയുന്നത് നിങ്ങൾ തന്നെ അറിയുക. പകുത്തു നൽകുന്നതിൽ പ്രണയത്തോളം സന്തോഷം മറ്റെന്തിനാണ്! പ്രണയത്തിന്റെ അർത്ഥതലങ്ങൾക്ക് നിങ്ങളുടേതായ വ്യാഖ്യാനം നൽകി നിങ്ങളിൽ നിന്നും തുടങ്ങുക. പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരൻ ഫ്രാൻസിസ് സ്കോട്ട് ഫിസ്ജെറാൾഡ് പറഞ്ഞതുപോലെ “നിങ്ങളാരിൽ നിന്നും ഒറ്റക്കല്ല, നിങ്ങളൊരു ഏകാകിയുമല്ല, നിങ്ങളുടെ വാഞ്ഛകളെല്ലാം പ്രാപഞ്ചികമാണ്”. നിങ്ങളുടെ പ്രണയവും, നിങ്ങളുടെ വിചാരങ്ങളും പ്രാപഞ്ചികമാണ്.
ഒരുപക്ഷേ മഹാഭാരതകഥയിലെ ‘ഛായാമുഖി’ എന്ന മായക്കണ്ണാടി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ നിങ്ങൾ കാണുന്ന നിങ്ങളുടെ പ്രണയം മറ്റൊരാൾക്കു പകരം നിങ്ങൾ തന്നെ ആയിരിക്കട്ടെ.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…