സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ട്രയിന്‍ ഓഫ് തോട്ട്സ്

ദിവ്യ പ്രസാദ്

ഒന്നാം ചിന്ത : വെള്ളച്ചുരിദാറിട്ടവള്‍
തറയില്‍കിടന്നുരുണ്ട് ചെളിപുരണ്ട വെളുത്ത ഷാള്‍ അവളെ വല്ലാതെ അലോസരപ്പെടുത്തി.അത് ശരീരത്തില്‍നിന്നു വലിച്ചെടുത്ത് തീവണ്ടിയുടെ ജനാലയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞാലോ എന്നവള്‍ ഒരുവേള ചിന്തിച്ചു.പക്ഷേ ഷാളില്ലാതെ ചുരിദാര്‍ പൂര്‍ണ്ണമാവില്ലെന്നോര്‍ത്തപ്പോള്‍ വേണ്ടെന്നുവെച്ചു.അല്പംകൂടി ക്ഷമിച്ചാല്‍ ചെളി മാത്രമായി കഴുകിക്കളയാം .ട്രയിന്‍ ഇപ്പോള്‍ ഒരു ടണലിലേക്കു പ്രവേശിക്കുകയാണ്. ഇരുട്ടിന് ശരീരത്തെ പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് അവള്‍ കണ്ണടച്ചുകിടന്നു.ദിവസങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ശാന്തത അനുഭവിക്കുന്നത്.അതിന്‍റെ കാരണം തിരയുന്നത് ആ ശാന്തതയെ നശിപ്പിക്കാനേ ഉപകരിക്കൂ എന്നുള്ളതുകൊണ്ട് അവളതിനു മെനക്കെട്ടില്ല..പരുപരുത്ത സീറ്റിലേക്കവള്‍ അവള്‍ ഒന്നുകൂടി മുഖമമര്‍ത്തി.തനിക്കുമുന്‍പത്തെ യാത്രക്കാരി ബാക്കിവെച്ച കടുകെണ്ണയുടേയും മുല്ലപ്പൂവിന്റേയും ഗന്ധം.അതുമായി തന്‍റെ ‘ബ്ല്യൂ ലേഡി’യുടെ ഗന്ധം ഇടകലരുന്നതും പുതിയ ഗന്ധം അടുത്ത യാത്രക്കാരനേയോ യാത്രക്കാരിയേയോ ആശയക്കുഴപ്പത്തിലാക്കുന്നതും ഓര്‍ത്തുതുടങ്ങിയപ്പോഴേക്കും അവള്‍ക്കുറക്കംവന്നു. സമാധാനമായൊന്നുറങ്ങിയിട്ട് എത്ര ദിവസങ്ങളായെന്നോര്‍മ്മയില്ല .ശരീരത്തിനും മനസ്സിനും മുകളില്‍ സര്‍വ്വാധികാരം സ്ഥാപിക്കാന്‍ ഉറക്കത്തെ ക്ഷണിച്ചു കാത്തിരുന്ന എത്രയോ രാത്രികള്‍.ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിനു സ്ഥലംമാറ്റം കിട്ടുകയും മകള്‍ ഹോസ്റ്റലില്‍നിന്നു പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ അവള്‍ക്കു വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നിയിരുന്നു .ഒറ്റയ്ക്കുള്ള ഒരു ജീവിതം ഏറെക്കാലമായി അവളെ മോഹിപ്പിക്കുന്നുക്കുന്നുണ്ടായിരുന്നു.ഓര്‍ക്കാതെയെത്തുന്ന ഏകാന്തതയില്‍ വെന്തുനീറിക്കഴിയുന്നവര്‍,ആള്‍ക്കൂട്ടത്തിനിടയ്ക്കും ഏകാകികളായി ജീവിച്ചുമരിക്കുന്നവര്‍,ഏകാന്തതതേടി നാടും വീടും വിട്ടലയുന്നവര്‍.അങ്ങനെയുള്ള മനുഷ്യര്‍ക്കിടയില്‍ അവള്‍ വീണുകിട്ടിയ ഏകാന്തതയുടെ ദിവസങ്ങളെ കൃത്യമായി പ്ലാന്‍ ചെയ്തുവെച്ചു. കാലത്തു നേരത്തേ എഴുന്നേറ്റ് ഒരു മണിക്കൂറോളം എറോബിക്സും യോഗയും ,പിന്നെ കുറച്ചുനേരം വായന,വൈകുന്നേരം ജോലി കഴിഞ്ഞുവന്ന് ഇരുട്ടുവോളം ഗാര്‍ഡനിങ്.ഒഴിവുദിവസങ്ങളില്‍ പാര്‍ക്കുകള്‍,സിനിമാശാലകള്‍,ആരാധനാലയങ്ങള്‍ അങ്ങനെയൊരു ക്ലീഷേ പ്ലാനിംഗ്. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ തട്ടും തടവുമില്ലാതെ കടന്നുപോയി.
അലോസരങ്ങള്‍ തുടങ്ങിയത് ദുസ്വപ്നങ്ങളുടെ രൂപത്തിലാണ് .അര്‍ത്ഥങ്ങളും രൂപങ്ങളുമില്ലാത്ത ദുസ്വപ്നങ്ങള്‍.അവ സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ അവളുടെയുള്ളില്‍ പൊടുന്നനെ ഒരു തോന്നലുണ്ടായി.വീട്ടിലും ജോലിസ്ഥലത്തും യാത്രക്കിടയിലുമെല്ലാം തന്നെ താനറിയാതെ ആരോ വീക്ഷിക്കുന്നുണ്ട്..കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊരു തോന്നലല്ല സത്യം തന്നെയാണെന്നവളുറപ്പിച്ചു.അനേകായിരം സവെയ്ലന്‍സ് ക്യാമറകളുടെ ഇടയില്‍പ്പെട്ടവളെപ്പോലെ അവള്‍ തന്‍റെ ജീവിതം ക്രമീകരിച്ചു.നഗ്നയായി കുളിക്കാന്‍പോലും മടിച്ചു.ഉറക്കത്തില്‍ പലതവണ ഞെട്ടിയുണര്‍ന്ന് മുറിയില്‍ ആരുമില്ലെന്നുറപ്പുവരുത്തി.ഓഫീസിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇടവഴികളിലെ വളവുകള്‍ തിരിയുമ്പോഴുമെല്ലാം അവള്‍ തന്നെ പിന്തുരുന്നതു ആരാണെന്നറിയാന്‍ പെട്ടെന്നു തിരിഞ്ഞുനോക്കുന്നതു പതിവായി.ഓഫീസിലേക്കും തിരിച്ചുമുള്ള ട്രയിന്‍ യാത്രയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.താന്‍ ചെയ്യുന്നതെല്ലാം നോക്കിക്കണ്ടുകൊണ്ട് കൂടെയൊരാള്‍.ആ തോന്നലില്‍ അവളുടെ ജീവിതമാകെ താറുമാറായി.എങ്കിലും സ്വബോധത്തെ വെല്ലുവിളിക്കുന്ന തോന്നലുകളെ തനിക്കുള്ളില്‍ത്തന്നെ ഒതുക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു.പാദങ്ങള്‍ കട്ടില്‍ക്കാലുമായി ബന്ധിച്ച് ശൂന്യമായ കണ്ണുകളോടെ മച്ച് നോക്കിക്കിടന്നിരുന്ന ചെറിയമ്മയുടെ വിധി ആവര്‍ത്തിക്കപ്പെടുമോ എന്നവള്‍ ഭയപ്പെട്ടു. പക്ഷേ,ഇന്ന് ഇവിടെ ഈ ട്രെയിനില്‍ തന്‍റെ ആശങ്കകള്‍ വിട്ടൊഴിയുന്നതുപോലെ അവള്‍ക്കുതോന്നി .നാളുകള്‍ക്കുശേഷം ഉറക്കം കണ്ണുകളുമായുണ്ടായിരുന്ന ശീതസമരം അവസാനിപ്പിക്കുന്നു .ട്രെയിന്‍ ടണലുതാണ്ടി പുറത്തിറങ്ങി.അവള്‍ വെളിച്ചത്തിനു ശരീരത്തെ വിട്ടുകൊടുത്തുകൊണ്ടു കണ്ണടച്ചുകിടന്നു.നേര്‍ത്ത മയക്കത്തില്‍കണ്ട സ്വപ്നത്തില്‍ അവള്‍ ചന്ദനത്തിരിയുടെ ഗന്ധം അനുഭവിച്ചു.

രണ്ടാം ചിന്ത : നരച്ച ഷര്‍ട്ടിട്ടവന്‍

യാത്ര തുടങ്ങിയതുമുതല്‍ ജനാലയ്ക്കരികിലിരിക്കുന്ന മധ്യവയസ്കന്‍ എതിര്‍വശത്തെ ബര്‍ത്തിലെ സ്ത്രീയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.തൊട്ടടുത്തിരിക്കുന്ന പയ്യന്‍ തന്നെ ശ്രദ്ധി ക്കുന്നുണ്ടെന്നുകണ്ടപ്പോള്‍ അയാള്‍ ആ സ്ത്രീയില്‍നിന്നു കണ്ണുകളെ പിന്‍വലിച്ച് ഫോണില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതുപോലെ ഭാവിച്ചു.പയ്യന്‍ വീണ്ടും അവന്‍റെ കയ്യിലെ ചതുരലോകത്തിലേക്കു പിന്‍വാങ്ങിയെന്നുറപ്പായപ്പോള്‍ അയാള്‍ തലയുയര്‍ത്തി ആ സ്ത്രീയിരിക്കുന്ന ഭാഗത്തേക്കു കണ്ണുകള്‍ പായിച്ചു.അവരില്‍നിന്നു ശ്രദ്ധ മാറ്റേണ്ടിവരുമ്പോഴൊക്കെ അയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.അവരിന്ന് തൂവെള്ള നിറത്തിലുള്ള ഒരു ചുരിദാറാണ് ധരിച്ചിരിക്കുന്നത്.വെളുത്ത ഷാളുകൊണ്ടു തലവഴിമൂടിയിരിക്കുന്നു.സാധാരണ അവര്‍ കടുംനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.ഇന്നലെ മഞ്ഞ,മിനിഞ്ഞാന്ന് ചുവപ്പ്.അതിനു മുന്‍പത്തെ ദിവസം എന്തായിരുന്നു …അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഇന്നും ഇടത്തേക്കയ്യില്‍ ആ തടിച്ച കടകവളയുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായി അതിനു മാറ്റമൊന്നുമില്ല.പക്ഷേ വലത്തേക്കയ്യില്‍ ദിവസവും പുതിയ പുതിയ വളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.വയറിനു പകുതിയോളം ഇറക്കമുള്ള കനത്ത താലിമാലയില്‍ മറ്റൊരു നേര്‍ത്ത മാല പിരിച്ചിട്ടിരിക്കുന്നു.ഇന്നലെ അതിനു പകരം ഒരു കരിമണിമാലയായിരുന്നു..സാധാരണ ട്രെയിനില്‍ എന്നും ജോലിക്കുപോയിവരുന്ന സ്ത്രീകളുടെ കഴുത്തില്‍ ഇറക്കം കുറഞ്ഞ ഒരു നേര്‍ത്ത മാല മാത്രമാണ് കാണാറുള്ളത്.എന്നാല്‍ ഇവരുടെ ശരീരത്തില്‍ ദിവസവും വൈവിദ്ധ്യമാര്‍ന്ന ആഭരണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.ഈ ആഭരണങ്ങള്‍കാരണമാണ് അയാള്‍ അവരെ ശ്രദ്ധിച്ചുതുടങ്ങിയത്.ആഭരണങ്ങളില്ലാത്ത സ്ത്രീകള്‍,അവരെത്ര സുന്ദരികളാണെങ്കിലും അയാള്‍ക്ക് അവരില്‍ താത്പര്യം തോന്നാറില്ല.ഏതാണ്ട് ഒരു മാസത്തോളമായി അയാള്‍ ഈ സ്ത്രീയുടെ പുറകിലുണ്ട്.അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും വൈകുന്നേരങ്ങളില്‍ മസാലദോശയും ചായയും കഴിക്കാന്‍ പോവാറുള്ള ഉഡുപ്പി റെസ്റ്റോറന്‍റുമെല്ലാം അയാള്‍ക്കിപ്പോള്‍ സുപരിചിതമാണ്.നഗരപ്രാന്തത്തിലുള്ള ഒരു വലിയ വീട്ടില്‍ അവരൊറ്റയ്ക്കാണ്.ആ വീടിന്‍റെ മുറ്റത്തേക്കുതുറക്കുന്ന ജനാലകളുള്ള ലോഡ്ജില്‍ മുറിയെടുത്ത് അയാള്‍ അവരെ രണ്ടാഴ്ചയോളമായി നിരീക്ഷിച്ചുവരുകയാണ്.ഇന്നു വൈകുന്നേരം അയാള്‍ ലോഡ്ജിലെ താമസം മതിയാക്കും.രാത്രി വീടിനുള്ളില്‍ കയറിപ്പറ്റാനുള്ള പദ്ധതികളെല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു.അവര്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അലമാരയെക്കുറിച്ചും അയാള്‍ക്കൊരു ഏകദേശ ധാരണയുണ്ട്.കഴിയുന്നതും അവരെ ഉണര്‍ത്താതെതന്നെ കാര്യം നടത്താന്‍ അയാള്‍ ശ്രമിക്കും.അഥവാ കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടുപോയില്ലെങ്കില്‍ ഉപയോഗിക്കാനായി തന്‍റെ കറുത്ത ബാക്ക്പാക്കില്‍ അയാളൊരു കഠാര കരുതിയിട്ടുണ്ട്.
കുറച്ചുനേരം പുറത്തേക്കു നോക്കിയിരുന്ന് ശ്രദ്ധതിരിക്കാന്‍ അയാള്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ആ സ്ത്രീയെ തിരിഞ്ഞുനോക്കാതിരിക്കാനായില്ല .അയാളുടെ നോട്ടം കാണുന്ന കഥയറിയാത്തൊരാള്‍ അയാളെ ഒരു നഷ്ടപ്രണയകഥയിലെ നായകനായി സങ്കല്‍പ്പിച്ചേക്കാം.അയാള്‍ നോക്കുമ്പോഴെല്ലാം ആ സ്ത്രീ നല്ല ഉറക്കത്തിലായിരുന്നു.സാധാരണയവര്‍ ട്രയിന്‍ യാത്രയ്ക്കിടയില്‍ ഉറങ്ങാറില്ല.എല്ലാം നന്നായി നടക്കുകയാണെങ്കില്‍ ഇതു തന്‍റെ കരിയറിലെ അവസാനത്തെ മോഷണമായിരിക്കുമെന്ന് അയാള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.കുറച്ചു നാളായി അയാള്‍ക്കെന്തൊക്കെയോ വല്ലായ്മ അനുഭവപ്പെടുന്നുണ്ട് .എപ്പോഴും ആരോ പിന്തുടരുന്നപോലെ.തന്‍റെ പ്രവൃത്തികള്‍ മാത്രമല്ല,മനസ്സിലിരിപ്പുവരെ ആരൊക്കെയോ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്നോരു തോന്നല്‍.താന്‍ മോഷ്ടിക്കുമ്പോള്‍ ഉറക്കം നടിച്ചുകിടന്ന ഏതോ ഒരു ഗൃഹനാഥന്‍,താന്‍ കാരണം ജോലി നഷ്ടപ്പെട്ട ഒരു പോലീസുകാരന്‍,തന്‍റെ മോഷണവൈദഗ്ദ്യത്തെ ഭീഷണിയായിക്കാണുന്ന ഫീല്‍ഡിലുള്ള മറ്റൊരു കള്ളന്‍.എന്തുതന്നെയായാലും ഈയവസ്ഥയില്‍ അധികം മുന്നോട്ടുപോവാന്‍ സാധിക്കില്ല.എല്ലാം അവസാനിപ്പിച്ച് ഇവിടെനിന്നോടിരക്ഷപ്പെടണം.ചിന്തകളില്‍ മുഴുകവേ അയാളുടെ കണ്‍പോളകള്‍ കനംതൂങ്ങിയടയാന്‍ തുടങ്ങി . മനസ്സില്ലാമനസ്സോടെ തന്‍റെ ലക്ഷ്യത്തില്‍നിന്നു കണ്ണുകളെ വലിച്ചെടുത്ത് അയാള്‍ സീറ്റില്‍ തലചായ്ച്ചുകിടന്നു.

മൂന്നാം ചിന്ത : തുളവീണ കുര്‍ത്തയിട്ടവന്‍

യാത്രക്കാരെല്ലാം അവരവരുടെ ലോകത്തിലായിരുന്നു .അതിനാല്‍ത്തന്നെ കമ്പാര്‍ട്ട്മെന്‍റിലാകെ നിറഞ്ഞുനിന്നിരുന്ന മടുപ്പിന്‍റെ അന്തരീക്ഷം അവരെയാരേയും കാര്യമായി ബാധിച്ചില്ല.ഉറക്കംതൂങ്ങുകയും മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്കിടയില്‍ ഒരാള്‍മാത്രം കണ്ണുംകാതുംതുറന്ന് ഉണര്‍ന്നിരുന്നു.ട്രെയിനിലെ ഓരോ മുഖങ്ങളിലേക്കും അയാള്‍ മാറിമാറി നോക്കി.കുറച്ചകലെയുള്ള ഒരു സീറ്റില്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ ഒരു സ്ത്രീ കൊച്ചുകുഞ്ഞിനെപ്പോലെ പരിസരം മറന്നു കിടന്നുറങ്ങുന്നതും യാത്രതുടങ്ങിയതുമുതല്‍ അവരെത്തന്നെ നോക്കിക്കൊണ്ടിരുന്ന കുറ്റിത്താടിയും കുറുകിയ കണ്ണുകളുമുള്ള ഒരു മനുഷ്യന്‍ അല്പംമുന്പ് ഗാഡനിദ്രയിലേക്കു വഴുതിവീണതും അയാള്‍ നിര്‍വ്വികാരനായി നോക്കിക്കണ്ടു.ഇടയ്ക്കിടക്കു ജനാലയ്ക്കു പുറത്തേക്കുനോക്കുമ്പോഴെല്ലാം ലോകം തന്നോടു കൈവീശിക്കാണിച്ചുകൊണ്ട് പുറകിലേക്കു പായുന്നതുപോലെ അയാള്‍ക്കു തോന്നി.ഇനിയൊരിക്കലും കാണാനിടയില്ലാത്ത കാഴ്ചകള്‍.ഈ ട്രെയിനില്‍കയറിയ ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യസ്ഥാനങ്ങളുണ്ട്.പക്ഷേ അയാളുടെ ലക്ഷ്യം ഈ ട്രയിന്‍ തന്നെയാണ്.ഈ ട്രെയിനില്‍നിന്നു പുറത്തിറങ്ങുമെന്ന് പ്രതീക്ഷയില്ലാതെ കയറിയത് താന്‍ മാത്രമാണല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.അയാള്‍ മടിയില്‍വെച്ചിരിക്കുന്ന കറുത്ത പെട്ടിക്കുമേല്‍ പതുക്കെ തലോടി.അത് തന്നെയേല്‍പ്പിച്ചവരെക്കുറിച്ചോ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചോ അയാള്‍ക്കൊന്നുമറിയില്ല.പകരം ഈ ജോലിക്കു പ്രതിഫലമായി അവരേല്‍പ്പിച്ച നോട്ടുകള്‍ അസ്സലാണോ എന്നുമാത്രമേ അയാള്‍ നോക്കിയുള്ളൂ.അതെല്ലാംകൂടി ഇതേപോലെയുള്ള മറ്റൊരു കറുത്ത പെട്ടിയിലാക്കി അനിയനേയും അനിയത്തിമാരേയും ഏല്‍പ്പിച്ച് അവരെ ജീവിതത്തിലേക്കോടുന്ന ഒരു ട്രയിനില്‍ യാത്രയാക്കിയപ്പോഴാണ് അയാള്‍ക്കാദ്യമായി ജയിച്ചതുപോലെയൊരു തോന്നലുണ്ടായത്.അതിനുശേഷം പണമേല്‍പ്പിച്ചവര്‍ തന്‍റെ പുറകില്‍ത്തന്നെ ഉണ്ടായിരുവെന്നു അയാള്‍ക്കറിയാം.അവരുടെ രൂപം കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും തെരുവോരത്തെ കടയിലിരുന്ന് മീട്ട ചവയ്ക്കുമ്പോഴും ആക്രിക്കടയിലെ പണികഴിഞ്ഞ് ഇരുട്ടത്തു വീട്ടിലേക്കു നടക്കുമ്പോഴുമെല്ലാം അവരുടെ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞിരുന്നു.ഈ ട്രയിനില്‍നിന്നു താന്‍ ജീവനോടെ പുറത്തിറങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ തന്‍റെ മുന്നില്‍ നേര്‍ക്കുനേര്‍ പ്രത്യക്ഷപ്പെടുമെന്നുറപ്പാണ് .അയാള്‍ വീണ്ടും മടിയിലിരിക്കുന്ന പെട്ടിയിലേക്കുനോക്കി.താന്‍ ഇതു തുറന്ന് പലയിടത്തായി ഘടിപ്പിച്ചിരിക്കുന്ന വയറുകള്‍ ഇളക്കിമാറ്റുന്നതുവരെ ഈ പെട്ടിക്കു യാതൊരു ശക്തിയുമില്ല.തനിക്കുവേണമെങ്കില്‍ അതിപ്പോള്‍ത്തന്നെ ചെയ്യാം.അല്ലെങ്കില്‍ പെട്ടി ഏതെങ്കിലും പുഴയിലേക്കോ വെളിമ്പ്രദേശത്തേക്കോ വലിച്ചെറിയാം.ഇപ്പോള്‍ ഈ ട്രയിനിന്‍റെ ദൈവവും ചെകുത്താനും താന്‍ മാത്രമാണെന്നു ചിന്തിച്ചപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ ഒരു പ്രകമ്പനമുണ്ടായി.ഒരിക്കല്‍ക്കൂടി ആ ചിന്തയെ നുണഞ്ഞുകൊണ്ട് അയാള്‍ സീറ്റില്‍ ചാരിക്കിടന്ന നിമിഷത്തില്‍ ട്രയിന്‍ വല്ലാത്തൊരു കുലുക്കത്തോടെ പകുതിയും തകര്‍ന്നുകിടന്നിരുന്ന പാലത്തിനു മുകളില്‍ പ്രവേശിച്ചു.

5 Responses

  1. Well written Divya. A different train of thoughts have led you to write differently. Enjoyable read creating an eagerness to look for what next.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…