തിരയേണ്ടതില്ലെന്നെ നീ
നിർന്നിദ്രമാം നഗരി തൻ
നിലയ്ക്കാത്തിരകളിൽ,
തിരഞ്ഞു ചെല്ലേണ്ട നീ
മധുശാലകൾതൻ
നിഴൽത്തണുപ്പുകളിൽ,
നിലാവു തീണ്ടിയ
കാപ്പിപ്പൂക്കളുടെ
പൊള്ളുന്ന ഗന്ധത്തിൽ,
സഞ്ചാരികളുടെ
വേർപ്പു ഘനിക്കും
ഹരിതശൃംഗങ്ങളിൽ..
കാണാം നിനക്കെന്നെ,യിന്നും
നീണ്ടു നീണ്ടു പോകും
നിൻപാത പിൻചെല്ലും
സായാഹ്ന മൗനത്തിൻ
ചുവന്ന കണ്‍മുനയിൽ,
കപ്പൽച്ചേതം വന്ന വാക്കിൻ
ഉടഞ്ഞ കോണിൽ..