സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജലം ചിത്രകലയിൽ

അഭിലാഷ് തിരുവോത്ത്


ജീവന്റെ സാന്നിധ്യവും, ജീവിക്കാനുള്ള സാഹചര്യവും തേടിയലയുമ്പോൾ നമ്മൾ ആദ്യം നോക്കുന്ന കാര്യം ജലത്തിന്റെ സാന്നിധ്യമാണ്. മനുഷ്യസംസ്കാരങ്ങളിൽ മിക്കതും നദീതടങ്ങളിലും, സമൃദ്ധമായ ജലസ്രോതസ്സുകൾക്കും സമീപമാണ്. നീരുറവകൾ, നദികൾ, ജലാശയങ്ങൾ, കടൽ എന്നിവയൊക്കെ സാമൂഹിക ജീവിതത്തിന്റെ ഭാഗഭാക്കായതിനാൽ മനുഷ്യൻ ഗുഹാചുമരുകളിൽ തുടങ്ങി പിന്നീട് സാധ്യമായ എല്ലാ മാധ്യമങ്ങളിലും, കലകളിലും, ജലം ആശയമായി വന്നിരുന്നു. ചിത്രകലയിലാകട്ടെ ജലം ഒരു ആശയമായും, വസ്തുവായും സവിശേഷമായ രീതിയിൽ ഇടകലർന്ന് ചരിത്രാതീതകാലം മുതൽ ഇങ്ങോട്ട് മനുഷ്യനിലെ കലാകാരൻ പ്രയോഗത്തിൽ വരുത്തിയിരുന്നു… ഭാഷകൾ രൂപപ്പെടുന്നതിനു മുൻപേ തന്നെ ആശയവിനിമയത്തിനും, വേട്ടയാടലും, കൃഷിരീതികളും ആലേഖനം ചെയ്യാനും വേണ്ടി വിവിധ നിറത്തിലുള്ള മണ്ണും, ഇലച്ചാറുകളും, ജലവുമായി കൂട്ടിച്ചേർത്ത് പുതിയ നിറങ്ങൾ ഉണ്ടാക്കുവാനും, ചാലിച്ചെടുക്കുവാനുള്ള വസ്തുവായും “സാർവത്രികലായകമായ” ജലത്തെ ഉപയോഗിച്ചിരുന്നു.

ചിത്രകല ഒരിക്കലും ഒറ്റപ്പെട്ട കലയല്ല. പ്രാദേശിക സംസ്കാരത്തിന്റെ വിവിധ രൂപത്തിലുള്ള വ്യാപനത്തിൽ സവിശേഷമായ പങ്കുവഹിച്ചിട്ടുള്ള കലയാണത്. ഭാഷകൾ രൂപപ്പെട്ടുവരുന്നതിനു മുമ്പെ ചിത്രഭാഷയിലായിരുന്നു സംസ്കാരത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ കാലത്ത് ശില്പികളും കരകൗശല വിദഗ്ധരും, ചിത്രകാരന്മാരും തയ്യാറാക്കിയ ശില്പങ്ങൾ, കളിമൺപാത്രങ്ങൾ, ചിത്രങ്ങൾ, മറ്റു കലാരൂപങ്ങൾ എന്നിവയുടെ വിശകലനത്തിലൂടെയാണ് പൗരാണിക സംസ്കാരം എങ്ങനെയായിരുന്നെന്ന് ആധുനിക മനുഷ്യൻ മനസ്സിലാക്കുന്നത് തന്നെ.

സമൂഹത്തിലുള്ളവർക്കാവശ്യമായ ഇന്ദ്രിയവിഭവങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ ചിത്രകാരന്റെയും, ശില്പിയുടെയും അത്ര ഇടപെടൽ മറ്റാർക്കാണുള്ളത്. ഏതൊരാൾക്കും ആശയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാൻ ചിത്ര, ശില്പ മാധ്യമങ്ങൾ വഴി സാധ്യമാകുന്നു എന്നത് മനസ്സിലാക്കുകയും ഉദ്ദേശാധിഷ്ഠിതമായി അത് പ്രയോഗത്തിൽ വരുത്തിയത് മതപ്രചരണത്തിനായാണ്. മതപുരോഹിതന്മാർ അവരുടെ മതാശയങ്ങൾ പ്രചരിപ്പിക്കുവാൻ വേണ്ടി ചിത്രകാരന്മാരേയും, ശില്പികളെയും ഏറ്റവും സാധ്യമായ രീതിയിൽ തന്നെ പ്രയോഗിക്കുകയുണ്ടായി. ഏകദേശം പതിനാലാം നൂറ്റാണ്ടുവരെ ചിത്രകല ഇക്കാരണത്താൽ മതപ്രധാനമായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ചിത്രകാരന്മാർ വെറുമൊരു കരകൗശല പണിക്കാരൻ എന്ന നിലയിൽ നിന്നും മാറി സ്വന്തം ആശയങ്ങൾ പ്രതിഫലിപ്പിക്കാനും, മതപരമായ ചിത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും അപ്പുറത്ത് തന്റെ ചുറ്റിലും അനുഭവമായി വരുന്നതൊക്കെയും വരയ്ക്കുവാൻ തുടങ്ങി. ജിയോട്ടോ(Giotto di Bondone) ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ ഈ കാലഘട്ടം ചിത്രകലയിലെ നവോത്ഥാനത്തിന്റെ തുടക്കമായിരുന്നു.

സ്വാതന്ത്രാശയങ്ങൾ മാറ്റിമറിച്ച നവോത്ഥാനകാലത്ത് ചിത്രകലയെ ശാസ്ത്രീയമായും, ആശയപരമായും ഉന്നതങ്ങളിൽ എത്തിച്ച ഡാവിഞ്ചി തന്നെയാണ് ജലത്തെ, അത് ഒഴുകുന്ന രീതിയെ വിശേഷണരീതിയിൽ ആവിഷ്കരിച്ച ആദ്യകാല ചരിത്രകാരൻ. ജലത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ നിരവധി സ്കെച്ചുകൾ അത് തെളിയിക്കുന്നുമുണ്ട്. ക്ഷണികമായ, ചലനാത്മകസ്വഭാവമുള്ള ജലം ഒഴുകുന്നതെങ്ങനെയാണെന്ന് അഞ്ഞൂറുവർഷങ്ങൾക്കു പിറകിൽ അദ്ദേഹം വരച്ചുണ്ടാക്കിയിരുന്നു. അസാമാന്യ പ്രതിഭാശാലിയും ശാസ്ത്രപ്രതിഭയുമായ അദ്ദേഹം ജലം വസ്തുക്കളിൽ തട്ടി ഒഴുകിമാറുന്നത് വരച്ചത് എത്ര സൂക്ഷ്മതയോടെയാണെന്നത് ഇപ്പോഴും ആശ്ചര്യകരമാണ്. മാത്രമല്ല താഴ്ന്ന നിരപ്പിൽ നിന്നും ഉയർന്ന നിരപ്പിലേക്ക് ജലം എത്തിക്കുവാനുള്ള യന്ത്രങ്ങൾ, കനാൽ ഉണ്ടാക്കുവാനുള്ള യന്ത്രം, ജലാശയങ്ങളിൽ നീന്താൻ ആവശ്യമായ വസ്ത്രസംവിധാനം എന്നിവയൊക്കെ അദ്ദേഹത്തിന്റെ ചിത്രലേഖനങ്ങളിൽ ഉണ്ടായിരുന്നു.

മതപ്രാധാന്യമുള്ള ചിത്രപണികൾ ചെയ്യുക എന്ന തലത്തിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ നവോത്ഥാന കാലത്ത് ഉണ്ടായെങ്കിലും പിന്നീട് ഫ്യൂഡൽ പ്രഭു കുടുംബ വാഴ്ച്ചകൾ വന്നപ്പോൾ ജീവിതമാർഗ്ഗമെന്ന രീതിയിൽ വലിയൊരു വിഭാഗം ചിത്രകാരന്മാരുടെയും താല്പര്യം രാജാക്കന്മാരെയും, രാഞ്ജിമാരെയും, പ്രഭുകുടുംബാംഗങ്ങളെയും വരയ്ക്കലായി മാറി. ഇന്ത്യ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന കാലത്ത്‌ ലോകോത്തര ശ്രദ്ധനേടിയ ഇന്ത്യൻ ചിത്രകാരൻ രാജാരവിവർമ്മ ചെയ്ത സിംഹഭാഗം ചിത്രങ്ങളും ഈ ഗണത്തിൽ പെട്ടവയായിരുന്നു.

ജലം ആധുനിക ചിത്രകലയിൽ

ക്ലോഡ് മൊനെ ( Claude monet : 1840-1926) ആണ് ജലത്തെയും, ജലാശയങ്ങളെയും ഏറ്റവും വ്യത്യസ്തമായി ആലേഖനം ചെയ്ത ചിത്രകാരൻ. 1874 ൽ അദ്ദേഹം പ്രദർശനത്തിന് വെച്ച ഇംപ്രഷൻ(Impression) എന്ന പെയിൻറിംഗ് അന്നുവരെയുണ്ടായിരുന്ന പ്രകൃതി ദൃശ്യ ചിത്രകലാ രീതികളെ, കലാസ്വാദകരുടെ ദൃശ്യബോധത്തെ മാറ്റി മറിക്കുന്നതായിരുന്നു. ചിത്രകാരന്റെ അടയാളപ്പെടുത്തലുകൾ എങ്ങനെയാണ് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ ആലേഖനം ചെയ്യുമ്പോൾ പ്രയോഗിക്കേണ്ടത് എന്ന് കാണിച്ചു തന്ന ആ ചിത്രത്തിന്റെ പേരിൽ തന്നെ പിന്നീട് സാഹിത്യലോകത്ത് ഇംപ്രഷനിസം എന്ന നിരൂപണ രീതിതന്നെ ആവിർഭാവം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടം ആമ്പൽപൊയ്കകൾ വരയ്ക്കുക എന്നതായിരുന്നു.

കടൽ ആർക്കും കണ്ടുതീർക്കാൻ കഴിയാനാവാത്ത അനുഭവമാണ്. കടൽ എന്നും ചിത്രകാരന്മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായിരുന്നു. കടൽ പശ്ചാത്തലമായി സാഹസികതയുടെയും, പിടിച്ചടക്കലിന്റെയും, ദുരന്തങ്ങളുടെയും ആവിഷ്കാരത്തിനായി ചിത്രകാരന്മാർ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. മറൈൻ ആർട്ട് (marine art) എന്ന ചിത്രരചന രീതിതന്നെ ചിത്രകലയിൽ ഉരുതിരിഞ്ഞു വന്നു. രാത്രിയിൽ പ്രക്ഷുബ്ധമായ കടൽ ജലത്തിൽ ആടിയുലയുന്ന പായ്ക്കപ്പലിനെയും അത് നിയന്ത്രിക്കുന്ന ജോലിക്കാരെയും വരച്ച റംബ്രാന്റിന്റെ പെയിൻറിംഗ് കടലിൻറെ സൗന്ദര്യവും ഭയാനകതയും കാണിച്ചുതന്നിട്ടുണ്ട്…. ചിത്രകാരന്മാരും, പുതിയകാലത്തെ ഡിജിറ്റൽ ആർട്ടിസ്റ്റുകളും പ്രകൃതിയുടെ രാഷ്ട്രീയം പറയാൻ ഏറ്റവും അധികമായി ഉപയോഗിച്ചത് കടലിനെയോ, ജലാശയങ്ങളെയോ നദികളെയോ ആധാരമാക്കിയ പെയിൻറിംഗുകളോ ഡിജിറ്റൽ ഇമേജുകളോ ആണ്.

ചിത്രകലയിൽ ജലം ഒരു വസ്തുവായി ഉപയോഗിക്കുമ്പോൾ

ജലഛായം (water colour) – ചിത്രകലയുടെ ആദ്യകാല പാഠഭാഗങ്ങൾ പഠിക്കുമ്പോൾ പൊതുവേ ജലഛായ ചിത്രരചനാ രീതിയാണ് പ്രയോഗിക്കാറ്. ക്ഷേത്രചുമരുകളിലും, കൊട്ടാരങ്ങളിലും ചുമർ ചിത്രം തയ്യാറാക്കുമ്പോഴും ജലം ഉപയോഗിച്ച് അതിൽ പ്രകൃതി വർണ്ണങ്ങൾ ചാലിച്ചാണ് നിറങ്ങൾ നൽകിയിരുന്നത്. സുതാര്യതയാണ്(Transparency) ജലഛായത്തിന്റെ ഏറ്റവും ആകർഷണീയത. രവിവർമ്മയുടെ കാലത്തിനുശേഷമാണ് ഓയിൽ പെയിന്റിംഗ് (oil painting) ഇവിടെ വ്യാപകമായത്. അതിനുമുമ്പ് ഇന്ത്യയിൽ കലാകാരന്മാർ വ്യാപകമായി ഉപയോഗിച്ചത് ജലഛായ കൂട്ടാണ്. ഇന്നും ലോകോത്തര ജലഛായ ചിത്രകാരന്മാരിൽ ഇന്ത്യൻ ചിത്രകാരന്മാർ ഏറെ മുന്നിലാണ്. കേരളത്തിലെ ചിത്രകാരന്മാരിൽ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്ന ചിത്രരചനാ രീതിയും ജലഛായമാണ്. കണ്ണൂർ തലശ്ശേരി മേഖലയിലുള്ള ചിത്രകാരന്മാരുടെ ജലഛായ ചിത്രരചന ഇന്ത്യയിലും വിദേശങ്ങളിലും പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജലഛായ ചിത്രരചന ഈ ആധുനിക, രാഷ്ട്രീയ സാമൂഹിക കാലത്തും പ്രകൃതി ദൃശ്യങ്ങൾ മാത്രമാണ് വരയ്ക്കുന്നത് എന്നതാണ് മറ്റൊരു വിമർശനം. സാമൂഹ്യവിഷയങ്ങൾ കൈകാര്യം ചെയ്യാൻ ചിത്രകാരന്മാർ പൊതുവേ വിമൂഖരാണ്. അതിൽ ഏറ്റവും വിമൂഖർ ഈ പ്രകൃതിദൃശ്യ ജലഛായ ചിത്രകാരൻമാർ.

മാലിദ്വീപിലെ കടൽ ശില്പങ്ങൾ

മത്സരാധിഷ്ഠിത വ്യവസായ, സാമ്പത്തിക താൽപര്യങ്ങളുടെ പേരിൽ വമ്പൻ വ്യാവസായിക രാഷ്ട്രങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾ ലോക കാലാവസ്ഥയെ മാറ്റിമറിക്കുകയാണ്. അതിൻറെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന രാജ്യമാണ് മാലിദ്വീപ്. കടൽനിരപ്പ് ഇനിയും ഉയർന്നാൽ ഇല്ലാതാകാൻ പോകുന്ന രാജ്യങ്ങളിൽ ആദ്യത്തേത്. അത് ലോകത്തെ അറിയിക്കാൻ കടലിനുള്ളിൽ ശിൽപങ്ങളും ചിത്രപ്രദർശനവും ഒരുക്കുകയാണ്. അതായത് ലോകം അനുഭവിക്കുന്ന ഏറ്റവും ഭീകരമായ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ ഏറ്റവും ഉത്തമമായ മാർഗമായി കണക്കാക്കപ്പെട്ടതും ചിത്രകലയും, ശില്പകലയുമാണ്. എങ്കിലും നിർഭാഗ്യകരമായ ഒരു കാര്യം മാലിയിലെ തീവ്ര ഇസ്ലാമിക തീവ്രവാദികൾ ജാസൻ ഡിക്ലെയറിന്റെ (Jason Declaires) പാതിമുങ്ങിയ ശില്പങ്ങൾ അനിസ്ലാമികവും മതനിന്ദയുള്ളതുമാണെന്ന് ആരോപിച്ച് ആധുനിക കാലത്തെ പ്രതീകാത്മക ശില്പങ്ങൾ തച്ചുടയ്ക്കുകയാണുണ്ടായത്.

ജലം രാഷ്ട്രീയ ആയുധമായി മാറുന്ന ഈ സമയത്ത് കൊച്ചംബയിലെ ജല സമരത്തെ ആധാരമാക്കി 2013 ൽ ഞാൻ തയ്യാറാക്കിയ ‘വാട്ടർവാർ’ എന്ന ചിത്രവും ഈ എഴുത്തിന്റെ കൂടെ ചേർക്കട്ടെ. സ്വന്തം മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പോലും സ്വരൂപിച്ച് നിത്യജീവിതാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ട ഒരു ജനത ചെയ്ത ഐതിഹാസിക സമരം. 1999 ൽ ബൊളിവിയൻ ഭരണകൂടം കൊച്ചംബ മുനിസിപ്പാലിറ്റിയിലെ ജലവിതരണം ബഹുരാഷ്ട്രഭീമനായ ‘ബെച്ചൻ കോർപ്പറേറ്റിന്’ കൈമാറുന്നു. ആദ്യം കുറഞ്ഞ നികുതി ഉണ്ടായിരുന്ന ജലം പിന്നീട് മുന്നൂറ് ഇരട്ടിയായി മാറുകയും, പ്രകൃതി ജല സ്രോതസ്സിനുമേൽ ജനങ്ങളുടെ അവകാശം നഷ്ടപ്പെടുകയും ചെയ്തു. അതിനെതിരെ ജനങ്ങൾ നടത്തിയ സമരം വിജയിച്ചതിനോടുള്ള ആദരസൂചകമായി വരച്ച ചിത്രമാണത്.

ജലം ചിത്രകാരന്റെയോ, കവിയുടെയോ, സാഹിത്യകാരന്റെയോ മാത്രം കാര്യമല്ല, അത് നമ്മുടെയും അടുത്ത തലമുറയുടെയും, ലോകത്തെ സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന്റെ അടിസ്ഥാനമാണെന്നും നിരന്തരം ഓർമ്മിപ്പിക്കുക എന്നത് കലാകാരന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്ന് പറയാം…

One Response

  1. ചിത്രകലയെ ജലവുമായി ബന്ധിപ്പിച്ച വേറിട്ടൊരാലോചന. പൊതുവിൽ ചിത്രകലാ സാക്ഷരത കുറഞ്ഞ നമ്മുടെ നാട്ടിൽ ലളിതമായ ഭാഷയിൽ എഴുതപ്പെടുടുന്ന ഇത്തരം ലേഖനങ്ങൾ വളരെ നല്ലതാണ്. സ്ഥിരം പംക്തിയാക്കാൻ അപേക്ഷ.
    ഷിജു ആർ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…