സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പുസ്തകം – ഒരിക്കൽ ( നോവൽ )

എഴുത്ത് - ദീപ്തി ജിതിൻ

കഥാകൃത്ത് – എൻ. മോഹനൻ

ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും എഴുത്തുകാരനുമായ എൻ. മോഹനൻ എഴുതിയ നോവലാണ് ഒരിക്കൽ. തന്റെ ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് അദ്ദേഹമെഴുതിയ ആത്മകഥാപരമായ നോവൽ കൂടിയാണിത്. പ്രണയമെന്ന ദീനത്താൽ മുറിവേറ്റ്, തന്റെ ഹൃദയത്തിൽ നിന്ന് വാർന്ന ഓരോ തുള്ളി രക്തവും മഷിയാക്കിയാണ് അദ്ദേഹം ഈ നോവൽ പൂർത്തിയാക്കിരിക്കുന്നത്. ഇതിലെ ഓരോ അക്ഷരങ്ങളെ സ്പർശിക്കുമ്പോഴും ആ വേദനയുടെ കാഠിന്യം നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈ നോവൽ എഴുതുന്ന വേളയിൽ തന്നെ ഏറെ സ്വാധീനിച്ച സ്ത്രീ ആരായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹം വളരേയധികം ചിന്താവിഷ്ടനായി. അമ്മയുടെയും ഭാര്യയുടെയും തലോടലാണ് കഥാകൃത്തിനെ ആദ്യം തന്റെ ഓർമകളിൽ നിന്ന് ഉണർത്തുന്നത്. അവർ തന്റെ ജീവിതത്തിന്റെ വൈകാരിക ഭാവത്തിന് നൽകിയ ഊർജ്ജവും ചൈതന്യവും സ്വാധീനവുമെല്ലാം അനന്യമാണെന്ന് അദ്ദേഹത്തിനറിയാം. എന്നാൽ അതു മാത്രമല്ല ജീവിതമെന്ന അത്ഭുതം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുള്ളത്, മറ്റാരെക്കൊണ്ടും പകരമാവാൻ കഴിയാത്തത്ര ഒരു നിധി അദ്ദേഹത്തിന്റെ ഹൃദയത്തിലിരുന്ന് തുളുമ്പുന്നത് വായനക്കാരന് ഈ നോവലിന്റെ ആദ്യമേ ദർശിക്കാൻ സാധിക്കും. ഈ നിധിയെ നമുക്ക് നിസ്സംശയം ‘പ്രണയം’ എന്നു തന്നെ വിളിക്കാം. അതിനാൽ ഒട്ടും മുഷിപ്പുളവാക്കാതെ തന്നെ കഥാകൃത്ത് വേഗം തന്റെ ഹൃദയത്തിന്റെ വാതിൽ വായനക്കാർക്ക് മുന്നിൽ തുറക്കുന്നു. അമ്മയേക്കാൾ ഭാര്യയേക്കാൾ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീയെ അദ്ദേഹം അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്,
” ഒരു മാപ്പപേക്ഷയുടെ ക്ഷമാപണസ്വരത്തിൽ പറയട്ടെ: ഉണ്ടായിരുന്നു. സ്ത്രീ എന്നാണോ അവളെപ്പറ്റി പറയേണ്ടതെന്നറിഞ്ഞുകൂടാ. ഞാൻ അറിയുന്ന കാലത്ത് യൗവ്വനത്തിന്റെ ആദ്യ രോമാഞ്ചത്തിൽ തളിർത്തു പൂത്തു നിന്നിരുന്ന ഒരു പെൺകുട്ടി മാത്രമായിരുന്നു അവൾ.” ചക്കിയെന്ന ഓമന പേരിലാണ് അദ്ദേഹം ഈ സ്ത്രീ രത്നത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. ജി.ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ,
” അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം “
എന്ന വരികളിലൂടെ പരസ്പരം അറിയാതെ ഹൃദയം കൈമാറിയവർ. അനുരാഗബദ്ധമായ ഹൃദയവും മിഴികളിൽ തുളുമ്പിയിരുന്ന പ്രണയവും കവിതകളും കഥകളുമെല്ലാം ഇരുവരെയും പ്രണയബന്ധിതമാക്കി. പരസ്പരം കൈവിരലുകളിൽ സ്പർശിക്കാൻ പോലും മുഹൂർത്തദിവസത്തിനായി കാത്തിരുന്ന പ്രിയപ്പെട്ടവർ. എത്ര സുന്ദരമീ പ്രണയകാവ്യമെന്ന് വായനക്കാരന് പലപ്പോഴും തോന്നി പോകുന്നു. കഥാകൃത്തിന്റെ ജീവിതത്തിൽ സ്വപ്നങ്ങളും പ്രതീക്ഷകളും വാഗ്ദാനങ്ങളും നട്ടു നനച്ചു വളർത്തി, സ്നേഹം നൽകി സ്നേഹം കവർന്നെടുത്ത സുന്ദരി. എന്നാൽ ഈ നോവലിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ‘ ഒരിക്കൽ ‘ യാത്രപോലും പറയാതെ എവിടേക്കോ പോയ് മറഞ്ഞവൾ. അതെ, ശിലപോൽ ഉറച്ചുപോയ ജാതി മത വ്യവസ്ഥകൾക്കു മുന്നിൽ മുറിവേറ്റ ഹൃദയവുമായി അറിഞ്ഞു കൊണ്ട് തന്നെ പരസ്പരം അകന്നവർ. പിന്നീട് കൂറെ വർഷങ്ങൾക്കപ്പുറം അദ്ദേഹം തന്റെ പ്രിയതമയെ അവിചാരിതമായി ദുസ്സഹസാഹചര്യത്തിൽ വീണ്ടും കണ്ടുമുട്ടുന്നു. ഇത്തരം വേളയിൽ ഭൂതകാലത്തേക്ക് മനസ്സുകൊണ്ടെങ്കിലും ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കാത്ത ആരാണുള്ളത്. അതെ സ്വന്തമെന്നു പറയാൻ ആ ഓർമ്മകൾ മാത്രമേ ഇവർക്കെന്നും കൂട്ടായി കൂടെയുണ്ടായിരുന്നത്. അത്രമേൽ പരിശുദ്ധവും അഗാധവുമായിരുന്നു അവരുടെ പ്രണയം. കാലങ്ങൾ ഒരുപാട് പിന്നിട്ടിട്ടും തങ്ങളുടെ ഹൃദയത്തിൽ അണയാത്ത ഒരു ദീപമായി ആ സ്നേഹമെന്നും ജ്വലിച്ചിരുന്നുവെന്ന സത്യം ഇരുവരും തിരിച്ചറിയുന്നു. അത്രമേൽ അഗാധമായി പ്രണയിച്ച ഹൃദയങ്ങളെ ഒരു ശക്തിക്കും ‘ഒരിക്കലും’ വേർപിരിക്കാൻ കഴിയില്ലെന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടി കൊണ്ടാണ് ഈ നോവൽ അവസാനിക്കുന്നതും. തന്റെയല്ല എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കുമ്പോൾ, അവിടെ പ്രണയം പോലും തോറ്റു പോകുന്നു. പ്രണയം എന്നത് വെറും വികാരം മാത്രമായി മാറിയ ഈ ലോകത്ത്
‘ഒരിക്കൽ ‘ നോവലിന് വളരെയധികം പ്രസക്തിയുണ്ട്. വർത്തമാന കാലത്തെ പ്രണയങ്ങൾ പലപ്പോഴും ഒരു വിനോദ ഉപാധിയായി മാത്രം മാറുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരസ്പരം അഗാധമായി പ്രണയിച്ചിട്ടും, ഇതിലൊരാൾ അവരുടെ സ്വകാര്യ കാരണങ്ങൾ കൊണ്ട് സ്വയം അകലേണ്ടി വന്നാൽ ആ വ്യക്തിയെ കാമുകി അല്ലെങ്കിൽ കാമുകൻ കൊലപ്പെടുത്തുമ്പോൾ ഇതിൽ എവിടെയാണ് പ്രണയം ?? അതെ പ്രണയമെന്നത് വെറും വികാര വിചാരങ്ങളെ ശമിപ്പിക്കുന്ന വെറുമൊരു ലഹരി മാത്രമെന്ന മട്ടിലേക്കാണ് നമ്മുടെ ലോകം നീങ്ങി കൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയോട് നമുക്ക് തോന്നുന്ന ഇഷ്ടം ആത്മാർത്ഥമെങ്കിൽ ആ ഹൃദയത്തെ ഒരു വാക്കുകൊണ്ട് പോലും നമുക്ക് നോവിക്കാൻ സാധിക്കില്ലെന്നുള്ള സത്യത്തെയാണ് ‘ഒരിക്കൽ ‘ എന്ന നോവൽ പ്രതിനിധീകരിക്കുന്നത്. പ്രണയം എന്നാൽ തീർത്തും നിരുപാധികമായിരിക്കണം, നിസ്വാർത്ഥമായിരിക്കണം. ഒരുപക്ഷേ സ്വന്തമാക്കാൻ കഴിയാതെ പോയാലും, ആരും അറിയാത്ത ആരും കേൾക്കാത്ത നമ്മുടെ ഹൃദയ സ്പന്ദനമായി ആ വ്യക്തി നമ്മിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതിനെ ആത്മാർത്ഥ പ്രണയമെന്ന് വിളിക്കാം. ഇത്തരം ചിന്തകൾ ഓരോ വ്യക്തിയിലും സ്വയം ഉടലെടുക്കണമെങ്കിൽ ‘ഒരിക്കൽ’ പോലെ നല്ല പുസ്തകങ്ങളിലൂടെയുള്ള വായന സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.ആത്മാർത്ഥമായി കളങ്കമില്ലാതെ എങ്ങനെ പ്രണയിക്കാൻ സാധിക്കുമെന്നും സ്വന്തമാക്കുന്നത് മാത്രമല്ല പ്രണയമെന്നും വിട്ടു കൊടുക്കുന്നതും പ്രണയമാണെന്ന സത്യത്തിലൂടെ ഈ നോവൽ നമുക്ക് നൽകുന്ന സന്ദേശം വളരെ വലുതാണ്.

” എന്നിട്ടും അവൾ അറിഞ്ഞില്ല ! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം. എന്നിട്ടും അവൾ അറിഞ്ഞില്ലല്ലോ ! ഇപ്പോൾ ഈ വൈകിയ വേളയിൽ പ്രപഞ്ചാന്ത്യത്തിൽ കോരിച്ചൊരിയുന്ന ഈ പേമാരി എന്റെ കണ്ണുനീരാകുന്നു എന്ന സത്യം മാത്രം അവൾ അറിയുന്നുവത്രേ. ഹാ! കഷ്ടം!
എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ ! നിനക്ക് എന്നും നല്ലതു വരട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…