അപർണ വിശ്വനാഥൻ / ലിജിഷ രാജൻ
ജീവിത വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നസ്ഥാപനമാണ് സോഷ്യോ. കുഞ്ഞുങ്ങളില്‍ സാമൂഹിക വൈകാരിക ശേഷി വളര്‍ത്തിയെടുത്ത്, അവരുടെ വ്യക്തിത്വ വികാസത്തിന് സഹായിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സോഷ്യോയുടെ ഡയറക്ടറും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകയുമായ അപര്‍ണ വിശ്വനാഥനുമായി നടത്തിയ അഭിമുഖം.
മാഡം, കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വേദനകളെ തിരിച്ചറിയുന്ന ഒരു വലിയ മനസ്സുളള ആളാണല്ലോ താങ്കള്‍. അവരുടെ സാമൂഹിക പ്രശ്‌നങ്ങള്‍ നല്ല നിലയില്‍ കൈകാര്യം ചെയ്യുന്ന ഒരു സംഘടനയാണ് സോഷ്യോ എന്ന് തോന്നുന്നു. സോഷ്യോ തികച്ചും എന്താണ്?
നമ്മളിലേക്ക് തന്നെ ചുരുങ്ങികൊണ്ടിരിക്കുന്ന ഇടുങ്ങിയ കാലത്തില്‍, സാമൂഹിക വൈകാരിക ശേഷി വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി, ട്രാന്‍സ് കമ്മ്യൂണിറ്റികളും, ഭിന്ന ശേഷിക്കാരുമെല്ലാം നമ്മുടെ ദൈനംദിന സംഭാഷണത്തിന്റെയടക്കം ഭാഗമായി തീരേണ്ടവരാണ്. അക്കാദമികമായ മുന്നേറ്റത്തിനപ്പുറത്ത് ചുറ്റുമുള്ളവരെ തിരിച്ചറിയാനും, അംഗീകരിക്കാനുമുള്ള നൈപുണ്യമാണ് ആദ്യമായി നമ്മളില്‍ വളര്‍ത്തിയെടുക്കേണ്ടത്. പ്രധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയം മാനസിക ആരോഗ്യമാണ്. വിഷാദ രോഗങ്ങളും, ഉല്‍കണ്ഠയും ആത്മഹത്യാ പ്രവണതയുമെല്ലാം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാനെങ്കിലും നമുക്ക് കഴിയണം. ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയില്‍ ഇന്നും ഗൗരവത്തോടെ സമീപിക്കാത്ത മേഖലയാണിത്. ഇത്തരം വിഷയങ്ങളാണ് സോഷ്യോ കൈകാര്യം ചെയ്യുന്നത്. സോഷ്യല്‍ ഇമോഷണല്‍ ഇന്റലിജെന്‍സിനെ അടിസ്ഥാനമാക്കി കുട്ടികളോടും, അധ്യാപകരോടും, വളരെ അടുത്ത് ഇടപഴകുന്ന ഒരു സ്ഥാപനമാണ് സോഷ്യോ.
സോഷ്യല്‍ ഇമോഷണല്‍ ലേണിംഗ് എന്നത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിപ്പെട്ടത്?
സമൂഹം സൃഷ്ടിച്ച അനാരോഗ്യപരമായ ആണത്വ ബോധങ്ങളില്‍ തങ്ങളുടെ വികാരം വരെ നിയന്ത്രിച്ച് ജീവിച്ചുവരുന്ന ഒരു വിഭാഗം ആളുകള്‍ ഇവിടെയുണ്ട്. പുരുഷന്‍ കരഞ്ഞാല്‍ അയ്യേ! എന്ന് മൂക്കത്ത് വിരല്‍വെക്കുന്ന, കണ്ണീരും സ്ത്രീയും പരസ്പര പൂരകങ്ങളാണെന്ന് കരുതുന്ന ഒരു സമൂഹം. എന്റെ മകന് അഞ്ചുവയസ്സുള്ളപ്പോള്‍ കളിക്കുന്നതിനിടെ വീണ് അവന്റെ മുട്ടിന് പരിക്കേറ്റു. ആ വേദനയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ നേര്‍ക്ക് ‘നീയെന്താ ഇങ്ങനെ പെണ്‍കുട്ടികളെ പോലെ കരഞ്ഞുകൊണ്ടിരിക്കുന്നത്?’ എന്ന അതിസാധാരണമായ ചോദ്യമുയര്‍ന്നു. എന്ത് കൊണ്ടാണ് ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നും, പെണ്‍കുട്ടികളായാല്‍ കരയുമെന്നും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അവന്റെ ഈ സംശയമാണ് സാമൂഹിക വൈകാരിക പഠനം എത്രത്തോളം പ്രസക്തമാണ് എന്ന് എന്നെകൊണ്ട് ചിന്തിപ്പിച്ചത്. നിസ്സാരമെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന, എന്നാല്‍ ഗഹനമായി ചിന്തിക്കേണ്ട നിരവധി സന്ദര്‍ഭങ്ങളിലൂടെ ആളുകള്‍ നിരന്തരം കടന്നുപോകുന്നുണ്ട്. സമൂഹത്തിന്റെ ഇത്തരത്തിലുള്ള പ്രവണതകള്‍ മാറേണ്ടതുണ്ട്. ഈ ഒരു ചിന്തയില്‍ നിന്നാണ് സോഷ്യല്‍ ഇമോഷണല്‍ ലേണിംഗ് എന്ന ആശയത്തിലേക്കെത്തിയതും സോഷ്യോ എന്ന സ്ഥാപനം തുടങ്ങിയതും..
കുട്ടികളുടെ ഭാവിയോര്‍ത്ത് ആകുലപ്പെടുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. അവരുടെ കരിയര്‍, എന്‍ട്രന്‍സ്, എപ്ലസ് മുതലായവ. ഈ ആകുലതകളെല്ലാം എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?
രക്ഷിതാക്കളുടെ ആഗ്രഹ സഫലീകരണത്തിനുള്ള ഒരു ഉപാധി മാത്രമായി പലപ്പോഴും കുട്ടികള്‍ മാറുന്നുണ്ട്. അടിസ്ഥാനപരമായ തന്റെ ആവശ്യങ്ങള്‍ക്ക് പോലും തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം കുട്ടിക്ക് ലഭിക്കുന്നില്ല. സമഗ്രമായ അവന്റെ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കാതെ, രക്ഷിതാക്കളുടെ ചിന്തയിലൂടെയും, ആശയ സംഹിതയിലൂടേയുമാണ് പലകുട്ടികളും വളരുന്നത്. ഇന്ന് മത്സരം പലപ്പോഴും രക്ഷിതാക്കള്‍ തമ്മിലാണ്. തന്റെ കുട്ടി മികച്ചതാവണം, സമ്പൂര്‍ണ്ണ എപ്ലസ് കിട്ടിയേ തീരു, എന്നിവയൊക്കെ രക്ഷിതാക്കളുടെ അഭിമാന പ്രശ്‌നമായി മാറുന്നു. ഇത്തരം ചിന്തകള്‍ കുട്ടികളിലേക്കുകൂടി കടത്തിവിട്ട് അവരെ ഒരു പ്രഷര്‍ കുക്കറിനുള്ളിലാക്കുകയാണ്. ഇത് കുട്ടികളില്‍ നിരവധി മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉയര്‍ന്ന് വരുന്ന ആത്മഹത്യാ നിരക്കുകളും, വിഷാദരോഗകണക്കുകളും ഇതിന്റെ തെളിവാണ്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരുടെ കഴിവിലും, മേഖലയിലും, താല്‍പര്യങ്ങളിലുമെല്ലാം ഈ വ്യത്യസ്തത നിലനില്‍ക്കുന്നുണ്ട്. രക്ഷിതാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ശ്വാസം മുട്ടിക്കാതെ അവരുടെ ഇടങ്ങള്‍ അവര്‍ സ്വയം കണ്ടെത്തട്ടെ.
നമ്മുടെ മത്സര കാലഘട്ടത്തില്‍, എന്നെകൊണ്ടൊന്നിനും കഴിയില്ല, ഞാനൊരു തോല്‍വിയാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ പലപ്പോഴും കുട്ടികളെ വേട്ടയാടാറുണ്ട്. എങ്ങനെയാണ് ഈ പ്രവണതയെ സമീപിക്കേണ്ടത്?
വിജയത്തെ ആഘോഷമാക്കുന്നതിനോടൊപ്പം തന്നെ പരാജയത്തെ ഉള്‍ക്കൊള്ളാനും, നമ്മുടെ കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം. പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കുന്നതാണ് മികവിന്റെ മാനദണ്ഡമായി പലപ്പോഴും രക്ഷിതാക്കളും സമൂഹവും പരിഗണിക്കുന്നത്. എന്നാല്‍ അക്കാദമിക്കലി ബുദ്ധിമാനായൊരു കുട്ടി, ചിലപ്പോള്‍ ജീവിത സാഹചര്യങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോയേക്കാം. അവന് ഒരുപക്ഷേ ഒരു പരാജയത്തെ നേരിടാന്‍ കഴിഞ്ഞെന്നുവരില്ല, അത്തരം കുട്ടികളില്‍ പെട്ടെന്ന് സംഭവിക്കുന്ന പരാജയം അവരുടെ ആത്മവിശ്വാസത്തെയും, സ്വാഭിമാനത്തേയും ബാധിച്ച് ഒരുപക്ഷേ ആത്മഹത്യയിലേക്ക് വരെ അവരെ നയിച്ചേക്കാം. എന്ത് സംഭവിച്ചാലും നമുക്കൊന്നിച്ച് നേരിടാം എന്ന വിശ്വാസം കുട്ടികള്‍ക്ക് കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കാവണം. ഒരു കുട്ടിയുടെ വിജയം അവന്റെ ആത്മ വിശ്വാസത്തിലും പ്രയത്‌നത്തിലുമാണ്. മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്ത്, ജയ പരാജയങ്ങള്‍ വിലയിരുത്തുന്ന സമീപനം ഇനി മുതലെങ്കിലും നമ്മള്‍ മാറ്റിയെടുക്കണം. ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്തല്ല സ്വയം മെച്ചപ്പെടുത്തേണ്ടത്. മറിച്ച്, ഞാന്‍ വിചാരിച്ച അത്രത്തോളം എനിക്ക് മുന്നേറാന്‍ സാധിച്ചില്ല എന്നാണെങ്കില്‍, കൂടുതല്‍ പരിശ്രമിച്ചുകൊണ്ടിരിക്കുക.
കുട്ടികളിലെ വിഷാദ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. എങ്ങനെയാണ് ക്ലാസ് മുറിയില്‍ ഒരു അധ്യാപിക തന്റെ വിദ്യാര്‍ത്ഥിക്ക് വിഷാദ പ്രശ്‌നങ്ങളുണ്ട് എന്ന് മനസ്സിലാക്കേണ്ടത്. അത്തരം പ്രശ്‌നങ്ങളുള്ള കുട്ടികളെ എങ്ങനെയാണ് പരിഗണിക്കേണ്ടത്?
വിഷാദരോഗം, ഉല്‍കണ്ഠ തുടങ്ങിയ മാനസിക സംഘര്‍ഷങ്ങളെ എത്രത്തോളം മനസ്സിലാക്കാന്‍ നമ്മുടെ അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട്? കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു മേഖലയാണിത്. അവിടെയാണ് സോഷ്യോ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിഷാദത്തില്‍ അകപ്പെട്ടാല്‍ ചിലര്‍ പെട്ടെന്ന് നിശബ്ദരാകും. ഒന്നിനോടും താല്‍പര്യം തോന്നാതെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് അകന്ന് നില്‍ക്കും. ഇവരുടെ മാനസിക സംഘര്‍ഷങ്ങള്‍ മനസ്സിലാക്കി നമ്മള്‍ അനുവര്‍ത്തിക്കേണ്ട ചില പ്രഥമ ശുശ്രൂഷകളുണ്ട്. കരുതലോടെ ചേര്‍ത്ത് നിര്‍ത്തി വേണം നമുക്ക് പ്രതിരോധിക്കാന്‍. വിഷാദത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ ഒരു തുറന്ന പരിസ്ഥിതി സൃഷ്ടിച്ചെടുക്കുക. ഞങ്ങള്‍ കൂടെയുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുക്കുകയാണ് അതില്‍ പ്രധാനം. അധ്യാപകര്‍ക്ക് ഈ വിഷയത്തില്‍ പരിശീലനം കൊടുക്കുന്നതിനോടൊപ്പം തന്നെ പഞ്ചായത്ത് താലൂക്ക് തലങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. സമൂഹത്തിന്റെ കൂട്ടായ പ്രയ്നത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് സാധിക്കണം. കോവിഡ് കാലത്തിന് ശേഷം, വിഷാദ രോഗം ഭയാനകരമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇനിയെങ്കിലും ഈ പ്രശ്‌നത്തെ ഗൗരവപൂര്‍വ്വം പരിഗണിച്ചിട്ടില്ലെങ്കില്‍ നമുക്ക് വലിയ ഭവിഷത്തുകള്‍ നേരിടേണ്ടിവരും.
വൈകാരികമായ അടുപ്പം ചില അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോട് ഇല്ലാതെ വരുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
ഒരു കുഞ്ഞിനോട് വൈകാരികമായി താതാത്മ്യം പ്രാപിക്കാന്‍ കഴിയാത്തവരും നമുക്കിടയില്‍ ഉണ്ടാവും. അത്തരം അവസ്ഥകളില്‍ ഒരു കുട്ടി വേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശവും ഓരോ വ്യക്തിക്കുമുണ്ടാവണം. സമൂഹത്തിന്റെ പ്രേരണക്കു വിധേയമായോ, കുടുംബത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലോ ആവരുത് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ചിലര്‍ക്ക് അമ്മ എന്ന വികാരം ഉണ്ടാവണമെന്നില്ല. ഒരു കുട്ടി ജനിക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും സ്ത്രീകള്‍ക്ക് കുറേ മാറ്റങ്ങള്‍ സംഭവിക്കും. ഇത് ആരോഗ്യപരമായും അനാരോഗ്യപരമായും സ്ത്രീകളെ ബാധിക്കാം. ജീവിതത്തിലെ മുന്‍ഗണനകള്‍ പലതും മാറി, കുഞ്ഞിന് വേണ്ടിമാത്രം മുഴുവന്‍ സമയവും മാറ്റി വെക്കേണ്ടിവരും. ഇത് ചിലപ്പോള്‍ അമ്മയുടെ മാനസികാവസ്ഥയെ ബാധിച്ച് വിഷാദരോഗത്തിന് കാരണമായേക്കാം. സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം (Post Partum Depression ) വളരെ കൂടുതലാണ്. ഗര്‍ഭിണികളായിരിക്കുമ്പോള്‍ തന്നെ ഇത്തരം അവസ്ഥകളെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. പോസ്റ്റ് പാര്‍ട്ടം വിഷാദത്തിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യമാണ്. ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ മാനസിക വിദഗ്ധരുടെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്.
വീട്ടിലേക്ക് ക്ലാസ് മുറികള്‍ മാറുമ്പോള്‍ സ്വാഭാവികമായും കുട്ടികളുടെ സാമൂഹിക സമ്പര്‍ക്കം കുറയുന്നു. ഇത് എങ്ങനെയാണ് അവരുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നത്?
അവര്‍ അനുഭവങ്ങളില്‍ നിന്നും ഗ്രഹിക്കേണ്ടവരാണ്. സ്പര്‍ശനങ്ങളില്‍ നിന്നും പഠിക്കേണ്ടവരാണ്. കണ്ടും, കേട്ടും, തൊട്ടും അനുഭൂതിയാക്കിമാറ്റിയാണ് പഠനത്തെ സമീപിക്കേണ്ടത്. അതിനു വിപരീതമായ ഓണ്‍ലൈന്‍ പഠന രീതി കുട്ടികളെ കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ മുപ്പതു മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് പരമാവധി ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളു. ആ അവസ്ഥയില്‍ നിന്ന് തുടര്‍ച്ചയായി ആറുമണിക്കൂര്‍ വരെയെല്ലാം ഫോണുപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അവരുടെ സാമൂഹിക, ശാരീരിക മാനസിക വളര്‍ച്ചയെ ബാധിക്കാം. എന്നാല്‍ ഇതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് ഇപ്പോള്‍ നമുക്ക് പൂര്‍ണ്ണമായും അനുമാനിക്കാന്‍ സാധിക്കില്ല. ഇനി സ്‌കൂള്‍ തുറന്ന് വിദ്യാഭ്യാസം പഴയരീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ രക്ഷിതാക്കള്‍ വീണ്ടും സ്‌ക്രീന്‍ സമയം കുറക്കാന്‍ ശ്രമിക്കും. അതുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് പ്രയാസമായിരിക്കും. അവര്‍ തീര്‍ച്ചയായും പ്രതികരിക്കും. നിരവധി പ്രതിസന്ധികളുള്ള ഒരു വിഷയമാണിത്. ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലേ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളു.
ഇന്റര്‍നെറ്റ് പഠന രീതി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത എങ്ങനെ പരിഹരിക്കാം?
പ്രാഥമിക സൈബര്‍ അവബോധം രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കണം. പഠനാവശ്യങ്ങള്‍ക്കായി ചെറിയ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍നുകള്‍ ലോക്ക് ചെയ്ത് കൊടുക്കാം. തന്റെ കുട്ടിയെ വിശ്വാസമുണ്ടെങ്കിലും, സൈബര്‍ ഇടത്തെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുക. ഒരു പതിമൂന്ന് വയസ്സുവരെയെങ്കിലും ഈ നിരീക്ഷണം ആവശ്യമാണ്. സൈബര്‍ ക്രൈമിനെ കുറിച്ചെല്ലാം നമ്മള്‍ ബോധവാന്മാരായിരിക്കണം. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷിതാക്കളോട് മനസ്സു തുറക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അവര്‍ക്ക് തുറന്ന് സംസാരിക്കാന്‍ കഴിയുന്ന പരിസ്ഥിതി ഉണ്ടാക്കിയെടുത്തേ മതിയാവൂ.
ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവ് പലപ്പോഴും കുട്ടികള്‍ക്ക് ഉണ്ടാവണമെന്നില്ല. മുതിര്‍ന്ന് കഴിയുമ്പോഴാണ് താനും ലൈംഗികാ തിക്രമണത്തിന് വിധേയരായിട്ടുണ്ട് എന്ന് കുട്ടികള്‍ മനസ്സിലാക്കുന്നത്. എങ്ങനെയാണ് അടിസ്ഥാനപരമായ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കേണ്ടത്?
ആദ്യമായി നാം മനസ്സിലാക്കേണ്ട വസ്തുത ലൈംഗിക ചൂഷണം പെണ്‍കുട്ടികള്‍ മാത്രമല്ല അനുഭവിക്കുന്നത് എന്നതാണ്. തുറന്ന സംസാരങ്ങളിലൂടെ മാത്രമേ നമുക്ക് കുട്ടികളെ ബോധവാന്മാരാക്കാന്‍ സാധിക്കു. കൈകാലുകളെ കുറിച്ച് പറയുന്ന പോലെ തന്നെ മാറിടത്തെകുറിച്ചു പറയാനും നമുക്ക് സാധിക്കണം. ഇത്തരത്തിലുള്ള തുറന്ന സംസാരങ്ങളുടെ അഭാവം കാരണം കുട്ടികള്‍ സംശയദൂരീകരണത്തിനായി സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. എന്നാല്‍ സൈബറിടത്തില്‍ തെറ്റായ രീതിയിലേക്ക് അവരെ നയിക്കുന്ന ഉള്ളടക്കം ലഭിക്കാനുള്ള സാധ്യതയേറെയാണ്. ഉദാഹരണമായി ഒരു കുട്ടി, എങ്ങനെയാണ് ഒരു കുഞ്ഞ് ജനിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുമ്പോള്‍, ഉത്തരമായി പലപ്പോഴും മാതാപിതാക്കള്‍ നല്‍കുന്ന മറുപടി ദൈവം തന്നതാണ്, അല്ലെങ്കില്‍ അത്തരത്തിലുള്ള കടംകഥകളിലൂടെയാണ് കുട്ടികളുടെ സംശയം തീര്‍ത്ത് കൊടുക്കുന്നത്. ഇങ്ങനെ യാഥാര്‍ഥ്യത്തില്‍ നിന്നകന്ന് മിഥ്യയിലൂടെയും, കെട്ടുകഥകളിലൂടെയും അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലും നല്ലത് അവര്‍ക്ക് അടിസ്ഥാനപരമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതാണ്. വളരെ ചെറിയ പ്രായത്തില്‍ പോലും കുട്ടികള്‍ ലൈംഗികാതിക്രമണത്തിന് ഇരയാകുന്നുണ്ട്. തീരെ ചെറിയൊരുകുട്ടിക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക പ്രയാസകരമാണ്. അവര്‍ക്ക് ഏറ്റവും ആവശ്യം രക്ഷിതാക്കളുടെ സാമിപ്യവും, സംരക്ഷണവുമാണ്. അതിനപ്പുറത്ത് കുട്ടികളെ നമുക്ക് പ്രതികരിക്കാന്‍ പ്രാപ്തരാക്കാം. അസ്വസ്ഥരാക്കുന്ന രീതിയില്‍ ആരെങ്കിലും അവരെ തൊട്ടാല്‍ ഉറക്കെ അലറാനെങ്കിലും കുട്ടികളെ പഠിപ്പിക്കുക. അതിനപ്പുറത്ത് തീരെ ചെറിയ പ്രായത്തിലെ തെറ്റായ രീതിയിലുള്ള സമീപനങ്ങള്‍ എങ്ങനെയാണെന്ന് പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍, ചിലപ്പോള്‍ അത് അവരുടെ നിഷ്‌കളങ്കതയെ തന്നെ ബാധിക്കാം. വളര്‍ന്ന് വരുമ്പോള്‍ അവരുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുകയും ചെയ്യും. ഭാവിയില്‍ എല്ലാറ്റിനേയും പേടിയോടെ സമീപിക്കുന്ന ഒരു വ്യക്തിയായി ആ കുട്ടിമാറാനുള്ള സാധ്യത അവഗണിക്കാന്‍ കഴിയില്ല. കുട്ടികളെ സമീപിക്കുന്ന രീതിയില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കൗമാര ബോധവല്‍ക്കരണം കൂടുതലായും പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഈ സമീപനത്തോടുള്ള താങ്കളുടെ കാഴ്ച്ചപ്പാട്?
ഇതിനുള്ള പ്രധാന കാരണം ഇപ്പോഴും നമ്മുടെ സമൂഹം വിചാരിക്കുന്നത് പെണ്‍കുട്ടികള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് എന്നാണ്. ആണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ എവിടേയും പരാമര്‍ശിക്കപ്പെടുന്നില്ല. പുതിയ രാജ്യാന്തര കണക്കുകള്‍ പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളിലെ ആത്മഹത്യാനിരക്കില്‍ ഈ വര്‍ഷം വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യാന്തര റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യാ നിരക്കില്‍ ആണ്‍ കുട്ടികളുടെ എണ്ണം കൂടുതലാണ്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്? നമ്മുടെ വീടുകളില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ ലഭിക്കുന്നില്ല. അവരുടെ വികാരങ്ങളെ സമൂഹം പരിഗണിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രം ക്ലാസ് എടുക്കണം എന്ന് പറഞ്ഞ് ഞങ്ങളുടെ സ്ഥാപനത്തിലേക്കും അന്വേഷണങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഞങ്ങളൊരിക്കലും അത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തിനായുള്ള ക്ലാസുകള്‍ പ്രാത്സാഹിപ്പിക്കാറില്ല. ലിംഗത്തിന്റെ പേരില്‍ വേര്‍തിരിവ് കാണിക്കേണ്ട ആവശ്യമെന്താണ്. എല്ലാവരും തുല്ല്യരാണ് എന്ന് ചിന്തിക്കാന്‍ സാധിക്കണം. വിദേശ രാജ്യങ്ങളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് മന്ത്രിമാര്‍വരെ ഭരിക്കുമ്പോള്‍ ഇവിടെ ആണിനേയും, പെണ്ണിനേയും എങ്ങനെ വേര്‍തിരിക്കാം എന്നാണ് നമ്മള്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
സമ്പൂര്‍ണ്ണ സാക്ഷര കേരളത്തില്‍ ഈ 2020 കാലഘട്ടത്തിലും ലിംഗ വിവേചനം നടക്കുന്നുണ്ടോ? വീട്ടില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുപോലെയാണോ പരിഗണിക്കപ്പെടുന്നത്?
ലിംഗവിവേചനം ഇപ്പോഴും നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് അതിനൊരു കാരണം. എത്രത്തോളം വിദ്യാ സമ്പന്നരായിട്ടും സ്ത്രീ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നിയന്ത്രണങ്ങള്‍ തീര്‍ക്കുന്നു. ഈ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തേയും,അവരുടെ സ്വപ്‌നങ്ങളേയും ബാധിക്കുന്നു. തെറ്റായ ഒരു പ്രവണതയാണിത്. പെണ്‍കുട്ടികളെ കൂട്ടിലടച്ച് സംരക്ഷിക്കുകയല്ല വേണ്ടത്, പെണ്‍കുട്ടിളോട് എങ്ങനെ പെരുമാറണം എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ബാല്യത്തില്‍ തന്നെ പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവരെ ബഹുമാനിക്കുന്നതിനും ആണ്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.
പല വിദേശ രാജ്യങ്ങളിലും 12 വയസ് കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറില്ല. ജീവിതത്തില്‍ അവരെ സ്വയം പര്യാപ്ത മാക്കുന്നതിന്റെ ഭാഗം കൂടിയാണിത്. ഈ രീതിയെ അനുകൂലിക്കുന്നുണ്ടോ?
തന്നോളം വളര്‍ന്നാല്‍ താന്‍ എന്ന് വിളിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഓരോ കുട്ടിക്കും അവരുടേതായ വ്യക്തിത്വവും കാഴ്ചപ്പാടുകളുമുണ്ട്. അതിനെ മുതിര്‍ന്നവര്‍ ബഹുമാനിക്കണം. തിരഞ്ഞെടുക്കാനുള്ള അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം അവര്‍ക്ക് ലഭിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മുടെ നാട്ടില്‍ കുട്ടികളുടെ അഭിപ്രായത്തിന് തീരെ പ്രധാന്യം കൊടുക്കുന്നില്ല. ഈ പ്രവണത മാറണം. 15 വയസ്സുകഴിഞ്ഞ ഒരു കുട്ടിയെ കൗമാര പ്രായക്കാരനായി തന്നെ വേണം പരിഗണിക്കാന്‍. 18 വയസ്സുകഴിയുമ്പോള്‍ അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവര്‍ക്ക് ലഭിക്കണം. സ്വയം പര്യാപ്തമായ ഒരു തലമുറയാണ് നമുക്കാവശ്യം.
2 Responses
It’s very informative communication thanks a lot Aparna mam and lijisha
Good 👍carrion congrats your bright future