ഭാരതീയ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഭർത്താവ് കാണപ്പെട്ട ദൈവമാണ്. ഭർത്താവിന്റെ പേരുച്ചരിക്കു ന്നതുപോലും പാപമായി ഇവർ കരുതുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി സ്ത്രീകളെ സമീപിക്കുന്ന സർക്കാർ ഉ ദ്യോഗസ്ഥന്മാരാണ് കൂടുതൽ കുഴങ്ങുന്നത്. കാനേഷുമാരിപോലുള്ള കണക്കുകൾക്കുപോലും സ്ത്രീകൾ സ്വന്തം ഭർത്താവിൻ്റെ പേര് പറഞ്ഞു കൊടുക്കില്ല. തീരെ നിവൃത്തിയില്ലാതെ വന്നാൽ അടുത്തു നില്ക്കുന്ന വൃദ്ധയുടെ കാതിൽ മന്ത്രിക്കും. ആ വൃദ്ധയാണ് പിന്നീട് സർക്കാരുദ്യോഗസ്ഥന്മാർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. ജയിലിലുള്ള എന്റെ കൂട്ടുകാരികളിൽ ഭർത്താക്കന്മാരിൽനിന്നും അടികൊ ള്ളാത്തവർ വളരെ ചുരുക്കമാണ്.അ സാധാരണത്വമൊന്നും അവരതിൽ കാണുന്നില്ലെന്നുള്ളതാണ്, അത്ഭുതം. കറിയിൽ ഉപ്പു കൂടിപ്പോയതിനാണ് ഒരുവൾക്ക് അടികിട്ടുന്നതെങ്കിൽ, ചോറു തണുത്തുപോയതിനാവും മറ്റൊരുവൾക്ക് ചവിട്ടേൽക്കേണ്ടി വരുന്നത്. എത്ര കഠിനമായ വിശപ്പുണ്ടെങ്കിലും ഭർത്താവിന്റെ ഭക്ഷണ ശേഷം മാത്രമെ അവരെന്തെങ്കിലും കഴിക്കു.അതും അയാളുടെ എച്ചിൽ കിണ്ണത്തിൽ. ആർത്തവകാലങ്ങളിൽ സ്ത്രീകൾ വീട്ടിനുള്ളിൽ കാലുകുത്തുക പോലുമില്ല. പ്രായേണ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽപ്പെട്ട സ്ത്രീ കൾപോലും വീട്ടിനുള്ളിൽ തന്നെ അ ടച്ചുപൂട്ടി കഴിയുന്നവരാണ്. ദരിദ്രരാണെങ്കിൽ കൂലിവേലയ്ക്കും മറ്റുപജീ വനമാർഗ്ഗങ്ങൾക്കുമായി പുറത്തുപോകും. എന്റെ കൂട്ടുകാരികളുടെ ഭർത്താ ക്കന്മാരിലധികം പേർക്കും ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ട്.
ഹസാരിബാഗിൽ നിന്നും മുപ്പതു മൈലകലെയുള്ള ഛത്രയിലെ സബ് ജയിലിൽനിന്ന് ഒരു ദിവസം ഒരു യുവതി ഞങ്ങളുടെ ജയിലിലേക്ക് മാറിവന്നു. അവളുടെ കൈയിൽ പ്രസവിച്ചിട്ടധികം നാളായിട്ടില്ലാത്ത ശ്വസിക്കുന്ന ഒരസ്ഥിപഞ്ജരം ഞങ്ങൾ കണ്ടു. അതിന്റെ ജീവൻ നിലച്ചിട്ടില്ലെന്നുമാത്രം. ഉണങ്ങിയ വള്ളിപോലെയുള്ള രണ്ട് കാലുകൾ. നേരിയ പാടപോലെ തൊലിവലിഞ്ഞു മുറുകിയ മുഖത്ത് നിന്ന് ദുരന്തപൂർണ്ണങ്ങളായ ആ രണ്ടു കണ്ണുകൾ തുറിച്ച് വെളിയിൽ ചാടാൻ പോകുകയാണെന്നു തോന്നും. മുട്ടുകളിൽ വ്രണങ്ങൾ പൊട്ടിയൊലിക്കുന്നു. വിളറി വെളുത്ത കൈകാലുകൾ, ഇരുതോളകളും കാൽമുട്ടുകളും മാംസം പൊഴിഞ്ഞ് സഞ്ചികൾപോലെ തൂങ്ങി. അമ്മയുടെ മാറോട് പറ്റിച്ചേർന്ന് ഒരു ഞാഞ്ഞൂലിനെ പോലെ അവൻ പിടയുന്നതു കണ്ടാൽ ഗർഭാശയത്തിലെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിപ്പോ കാൻ ഒരുക്കൂട്ടുകയാണോ എന്ന് തോന്നുമായിരുന്നു. കരയാൻപോലും അതിനുശേഷിയില്ല. രണ്ടുമാസമായി അവന് വയറുകടി തുടങ്ങിയിട്ട് അവൻ ഇഞ്ചിഞ്ചായി മരണത്തോടടുക്കുകയായിരുന്നു. അവന്റെ അമ്മയെ പുട്ടിയിട്ടിരുന്ന സബ് ജയിലിൽ അവന് കൊടുക്കാൻ മരുന്നൊന്നുമുണ്ടായിരുന്നില്ല. അവന്റെ മരണം സുനിശ്ചിതമായിക്കഴിഞ്ഞപ്പോൾ ജയിലധികൃതർ അവനേയും തള്ളയേയും വിദഗ്ദ്ധ ചികിത്സക്കായി ഇവിടെക്കയക്കുകയാണുണ്ടായത്. രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു. അവൻ്റെ അമ്മക്ക് അല്പം വിശ്രമിക്കാൻ അവസരം നകുന്നതിനുവേണ്ടി മൃതപ്രായമായ ആ കുഞ്ഞിനെ മടിയിൽ കിടത്തി മരവിച്ച മനസ്സുമായി ഞാൻ ഇരിക്കുകയാ
യിരുന്നു. ആരോടും പ്രതിഷേധിക്കാതെ ആരേയും അറിയിക്കാതെ നിശ്ശബ്ദമായി ആ ജീവൻ ഞാൻ നോക്കിയിരിക്കെ മോചനം നേടി.
ജീവിതത്തിലാദ്യമായി ഒരു പ്രസവം വളരെ അടുത്തുനിന്നു ഞാൻ കണ്ടു. ഒരു ദിവസം രാവിലെ പതിവുപോലെ തടവറയുടെ പൂട്ടുതുറന്ന് വാർഡൻ തിരികെ പോയി. പുറത്തേക്കു വെച്ച എന്റെ കാൽ ഒരു ചാക്കുകഷണത്തിൽ തട്ടി. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രംഗം. ആ പെൺകുഞ്ഞു ജനിച്ചിട്ടു അധികനേരമായിട്ടില്ല. ഒരു സ്ത്രീ തടവറയുടെ ഭിത്തിയോട് ചേർന്ന്, പുറം തിരിഞ്ഞു നില്ക്കുന്നു. അരയ്ക്കുമുകളിൽ ഉടുവസ്ത്രങ്ങൾ തെരുത്ത് കയറ്റിവെച്ചിട്ടുണ്ട്. അവളുടെ ദേഹത്തുനിന്നും വിയർപ്പ് കുത്തിയൊഴുകുന്നു. ഇരുകാലുകളിൽ കൂടി നിലയ്ക്കാത്ത രക്തപ്രവാഹം. മറുപിള്ളയും കറുത്ത കട്ടച്ചോരയും അവളുടെ കാൽക്കൽ കട്ടിപിടിച്ചുകിടക്കുന്നു. ഭാഗ്യവശാൽ സൂക്ഷിപ്പുകാരി പ്രസവസമയത്ത് അവളെ സഹായിക്കാനുള്ള മനഃസ്ഥിതി കാണിച്ചു. പക്ഷെ, ആ ഇളം കുഞ്ഞിനെ കയ്യിലെടുക്കാനോ പരിസരം വൃത്തിയാക്കുന്നതിൽ സഹായിക്കാനോ മുന്നോട്ടുവന്നില്ല. ബീനയും ഞാനും എന്തായാലും അതിനൊരുങ്ങി. കുട്ടിയെ കൈയ്യിലെടുക്കാനുള്ള തുണിക്കഷ്ണം പോലും എങ്ങുമുണ്ടായിരുന്നില്ല. ആ സമയത്താണ് പ്രഭാത ഭക്ഷണവുമായി ആൺതടവുകാർ ആ വഴി വരുന്നത്. പ്രസവിച്ചശേഷം മതിലിൽ ചാരി നില്ക്കുന്ന പെണ്ണിനെയോ തറയിൽ തളംകെട്ടിക്കിടക്കുന്ന ചോരയോ കാണാതെ അവർ പയറും ശർക്കരയും വിളമ്പി പതിവുപോലെ വേഗത്തിൽ
ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. അശുദ്ധമായെങ്കിലോ എന്നുകരുതി ആചാരനിഷ്ഠയുള്ള ആ ബ്രാഹ്മണൻ അമ്മയേയോ കുഞ്ഞിനെയോ തൊടാൻ കൂട്ടാക്കിയില്ല. പൊക്കിൾകൊടി മുറിച്ചുകെട്ടേണ്ടവിധം കൂടെവന്ന തടവുകാരന് പറഞ്ഞുകൊടുത്തു. ആ പാവത്തിന് ജീവിതത്തിലാദ്യമായിട്ടായിരിക്കും അങ്ങനെയൊരു ജോലി ചെയ്യേണ്ടി വരുന്നത് എന്നെനിക്കു തോന്നി. മരുന്നുകളെപ്പറ്റി ആ സിൽബന്ധിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസമുള്ള ചുരുക്കം ചില തടവുകാരിൽ ഒരാളെന്ന നിലയിൽ അയാൾക്കായിരുന്നു ആശുപത്രിയുടെ ചുമതല. ആശുപത്രിയെന്ന് ആ ഇരുട്ടുമുറിയെപ്പറ്റി പറഞ്ഞുകൂട. രോഗം മൂർച്ഛിച്ച് തീരെ അവശരായ തടവു കാർക്ക് ആസ്പിരിൻ പോലുള്ള ചില ഗുളികകളും മറ്റും നൽകാനുള്ള ഒരു വിതരണമുറി എന്നതിനപ്പുറം ഒന്നുമായിരുന്നില്ല അത്.
(ഗ്രാമീണ ഭാരതത്തെപ്പറ്റി പഠിക്കാൻ ഗ്രാമങ്ങളിൽ ജീവിച്ചു കൊണ്ടിരിക്കെ നക്സലൈറ്റ് എന്ന് തെറ്റായി മുദ്രകുത്തി ഇന്ത്യൻ ജയിലിൽ അഞ്ചു വർഷം കഴിയേണ്ടി വന്ന യൂറോപ്പുകാരിയായ മേരിടെയിലറുടെ കുറിപ്പുകളിൽനിന്ന്.)