സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിചാരണ ചെയ്യപ്പെടേണ്ടത്

ബിബിത്ത്

“ഒരു വിധവക്ക് കരച്ചിലിനേക്കാൾ ഭയം ചിരിയോടാണ്
വൈദിക ശ്രേഷ്ഠൻമാരെ….നിങ്ങൾക്കറിയാമോ അതിന്റെ നോവും നീറ്റലും?ഈ പുകച്ചിലിന്റെ തീയാണ് നമ്പൂതിമാരുടെ അന്ത:പ്പുരങ്ങളിൽ എന്നും കത്തുന്നത്”

ലളിതാംബിക അന്തർജനത്തിന്റെ ഈ വാചകങ്ങളോടെയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിലൊന്നായ, ഇന്നലെ നവതിയിലെത്തിയ എം.ടി വാസുദേവൻനായരുടെ പരിണയം ആരംഭിക്കുന്നത്.

വിദ്യഅഭ്യസിച്ചാൽ പെൺകുട്ടികൾ വായാടികളാകും. ഇംഗ്ലീഷ്ഭാഷ പഠിച്ചാൽ വിധവകളാകും എന്നു വിശ്വസിക്കുന്നവീട്ടിലാണ് ആശൂപൂർണാദേവിയുടെ സുവർണലത ജീവിച്ചുമരിക്കുന്നത്.

വൈധവ്യം ക്രൂരമായി വേട്ടായാടുന്ന പദവും പദവിയുമായിരുന്നു ഇന്ത്യയിൽ.

പ്രസവത്തിൽ തൻറെ കുഞ്ഞു മരിച്ച് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് ആര്യാപള്ളം ആദ്യത്തെ വിധവാ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നത്. അത് സംബന്ധിച്ച് തൻറെ വികാരങ്ങൾ ആര്യാപള്ളം ഇങ്ങനെ പങ്കുവയ്ക്കുകയുണ്ടായി:
“എങ്ങനെയാണ് വിധവാ വിവാഹത്തിൽ പങ്കെടുക്കുക എന്നുള്ള ചോദ്യം മനസ്സിൽ വന്നു എന്തുകൊണ്ട് പാടില്ല എന്നും മനസ്സ് തന്നെ ചോദിക്കുന്നു ആൾക്കാർ എന്തുപറയും? ഇതുവരെ ആൾക്കാർ പറഞ്ഞത് കേട്ടാണോ എല്ലാം നടന്നത്? ആൾക്കാർ സഹായത്തിന് ഇല്ലാത്തവർ പറഞ്ഞതിനെക്കുറിച്ചെനിക്കെന്തിനു ക്ലേശം ? തീരുമാനിച്ചു. എന്തായാലും കുട്ടി ഇനി തിരിച്ചുവരില്ല അതിനെക്കുറിച്ച് ആലോചിച്ചു ഞാനിവിടെ ഇരിക്കുന്നതുകൊണ്ടെന്ത് പ്രയോജനം? സമുദായത്തിൽ ആദ്യമായി ഒരു വിപ്ലവം_ ആചാരവിപ്ലവം_ നടക്കുവാൻ പോകുന്നു. അതിന് കൂടെനിന്ന ഞാനില്ലാതെ അതെങ്ങനെ നടക്കും? തീർച്ചയായും എൻറെ വ്യക്തിപരമായ ദുഃഖത്തെക്കാൾ വലുതാണ് നടക്കുവാൻ പോകുന്ന ഈ വിപ്ലവം. ഇത് മുഴുവൻ വിധവകളുടെയും ജീവിതത്തിൽ തിരികൊളുത്താൻ പോന്നതാണ്. ഞാൻ പോയേ തീരൂ എൻറെ സ്ഥാനം സമൂഹത്തിലാണ്.”

നമ്പൂതിരി യോഗക്ഷേമ സഭയുടെ ഒരു യോഗത്തില്‍ വിധവാ വിവാഹത്തെക്കുറിച്ച് ധീര ധീര പ്രസംഗിച്ചു കൊണ്ടിരുന്ന നേതാക്കള്‍ക്കെതിരെ അന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍വതി നെന്മിനി മംഗലം ഒരു ചോദ്യം ഉന്നയിച്ചു.
“ വിധവാവിവാഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതിൽ എന്ത് കാര്യം ? നിങ്ങളിലാരെങ്കിലും ഒരു വിധവയെ കല്യാണം കഴിക്കാൻ തയാറാകുമോ ?”
നിശബ്ദമായ അന്തരീക്ഷത്തിനൊടുവിൽ മെലിഞ്ഞ ഒരു യുവാവ്‌ എണീറ്റ്‌ നിന്ന് പറഞ്ഞു “
“ഞാന്‍ തയാറാണ്.”
അങ്ങനെയാണ് എം ആര്‍ ബി എന്ന സൗമ്യനായ വിപ്ലവകാരി വീ ടീ യുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്‌. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വങ്ങളാണ്. അതിന്റെ മറ്റൊരു പേരുകൂടിയാണ് നവോത്ഥാനം. അല്ലാതെ വീടിന്ന്പുറത്ത് അഴിച്ചുവെക്കുന്ന ചെരിപ്പായിരുന്നില്ല.

വിധവകളുടെ ദുരിതലോകത്തെക്കുറിച്ചുതന്നെയാണ് വീടിയും ലളിതാംബിക അന്തർജനവും പാർവതി നെൻമിനിമംംഗലവും ആര്യാപ്പള്ളവും ഇ.എം.എസ് ഉൾപ്പെടെയുള്ളവർ അഭിസംബോധനചെയ്തത്. അത്യന്തം ക്രൂരമായ അവസ്ഥയുടെ പര്യായമാണ് വൈധവ്യം എന്നത് എക്കാലത്തേയും സ്ത്രീകൾ അനുഭവിക്കുന്ന ഒന്നാണ്.

വിധവകളെന്ന അവസ്ഥയ്ക്കെതിരെ നവോത്ഥാനസമൂഹം നടത്തിയ പോരാട്ടത്തിന്റെ പരിണതികൂടിയാണ് ആധുനിക കേരളവും ആധുനിക സ്ത്രീവിമോചന പ്രസ്ഥാനവും. ആര്യാപള്ളത്തിന്റേയും ദേവകി നീലയങ്ങോടിന്റെയും പാർവതി നെൻമിനി മംഗലത്തിന്റെയും ദേവകീ വാര്യരുടേയും ചരിത്രം പറയുന്നത് അതുതന്നെയാണ്. അവിടെനിന്നാണ് മുടവൻ മുഗൾ സമരത്തിൽ ഏകെജിയോടൊപ്പം പോലീസ് വലയംഭേദിച്ച് മതിലു ചാടിക്കടക്കുന്ന ആര്യാപള്ളം ഉയർന്നുവരുന്നത്. നിസ്സാരമല്ല…. നിസ്സാരമല്ല…. നവോത്ഥാനത്തിൽനിന്നും കമ്യൂണിസ്റ്റുപാര്ട്ടിയിലേക്കുള്ള ചരിത്രം.
മറന്നുപോകരുതാരും.

ഇതിലൊക്കെ മുമ്പ് വിധവകളെ തീയിൽച്ചുട്ടുകൊന്ന ആർഷഭാരത സംസ്കാരത്തിന്റെ പാരമ്പര്യംകൂടിയുണ്ട് ഈ ‘മഹത്തായ’ രാജ്യത്തിന്.

ഒരുസമൂഹം സ്ത്രീകളോട് കാണിക്കുന്ന ക്രൂതയുടെ പേരാണ് വിധവ.

വിധവകളെ തീയിൽച്ചുട്ടിരുന്നകാലത്താണ് മുഗളൻമാരുടെ ഇന്ത്യൻ അധിനിവേശം ആരംഭിക്കുന്നത്. യുദ്ധത്തിന്റെ കൊടുംക്രൂരതകളിലൂടെ മുന്നേറിയ മുഗളൻമാരെപ്പോലും നാണിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തത്രേ ഈ ഉടന്തടിച്ചാട്ടം. ബാബർ മുതൽ അക്ബർ വരെയുള്ളവരും ഹുമയൂണുമുൾപ്പെടെ എല്ലാ രാജാക്കൻമാരും ഈ മനുഷ്യവിരുദ്ധ ആചാരത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇന്ത്യയിലെ ബ്രാഹ്മണിക്ക് ആചാരങ്ങളുടെ ഭാഗമാണതെന്നും അതിൽ ഇടപെടേണ്ടതില്ലെന്നുംപറഞ്ഞ് അന്നത്തെ പൗരോഹിത്യം തടയുകയായിരുന്നു.

സ്ത്രീകളോട് കാണിക്കുന്ന അത്തരം ക്രൂരതകൾ അവസാനിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. അവിടെനിന്നാണ് കേരളത്തിലടക്കം വിധവാവവിവാഹത്തിലേക്കു നീങ്ങുന്ന സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമാരംഭിക്കുന്നത്. വിധവാവിവാഹത്തിൽ പങ്കെടുക്കുന്നതുപോലും ഭ്രഷ്ടിനുകാരണമാകുന്ന അത്യന്തം ക്രൂരമായ കേരളീയ മനുക്കാലം.

വിധവയുടെ പുല്ലിംഗം എന്താണ് ?
പുല്ലിംഗമില്ലാത്ത എല്ലാ പദങ്ങളും സ്ത്രീവിരുദ്ധമാണ്.

വൈധവ്യത്തിനെതിരെ സ്വന്തം മക്കൾ അമ്മമാരെ വിവാഹം കഴിപ്പിച്ച് ആ അവസ്ഥയെ മറികടക്കുന്ന അത്യന്തം മനോഹരമായ കാലത്താണ് ജനപ്രതിനിധികൗരവസഭയിൽ ആധുനിക ദുശ്ശാസ്സനൻമാർ സ്ത്രീസമൂഹത്തെ പിന്നേയും അപമാനിച്ചുകൊണ്ടിരിക്കുന്നത്.

അൽപ്പബുദ്ധികളും ബൂർഷ്വാലിബറലിസത്തിന്റെപോലും ബോധ്യമില്ലാത്തതുമായ ഓൺലൈൻ കൊടിസുനിമാരും കമ്യൂണിസ്റ്റ് പാർട്ടിയെന്നു വിളിക്കപ്പെടുന്നൊരു പേരുള്ള പാർട്ടിയിലെ സമുന്നതരായ നേതാക്കളും പിന്നേയും പിന്നേയും ചോദിക്കുന്നത്, വിധവ എന്നത് തെറ്റായ വാക്കാണോ എന്നാണ്. എന്തുമാത്രം ലജ്ജാകരമായ ബോധത്തിലൂടെയാണ് ഇവർ കേരളമാർജ്ജിച്ച സാംസ്കാരിക ഔന്നത്യത്തിനുമേൽ പ്രാചീനതയുടേയും മധ്യകാലനാടുവാഴിത്തത്തിന്റെയും ചീഞ്ഞളിഞ്ഞ അവസ്ഥകളെ പുനസ്ഥാപിക്കാൻ നോക്കുന്നതെന്നു നോക്കൂ. താലിയെക്കുറിച്ചുള്ള സുപ്രീംകോടതി മാഹാത്മ്യത്തിൽനിന്നും എങ്ങനെയാണീ സ്ത്രീവിരുദ്ധത വ്യത്യാസപ്പെട്ടിരിക്കുന്നത്.

വിധവയെന്നാൽ അടങ്ങിയൊതുങ്ങി വീട്ടിന്നകത്ത് കാറ്റുംവെളിച്ചവും കടക്കാതെ, ഈറനണിഞ്ഞ വസ്ത്രവുമുടുത്ത് പഴകിയ മണമുൾക്കൊണ്ട് ജീവിതകാലം മുഴുവൻ നരകിച്ച് കഴിയുകയെന്ന സാമൂഹ്യ അവസ്ഥയുടെ പേരാണ്.

കൗരവസഭയിൽ പാഞ്ചാലിയെ വലിച്ചിഴച്ചപ്പോൾ അരുതെന്നുപറയാൻ തലനരച്ച പിതാമഹൻമാരുണ്ടായിരുന്നു. ഇവിടെ ആധുനിക കൗരവസഭയിൽ ദുശ്ശാസനൻമാരായി അരങ്ങുവാഴുന്നത്, പിതാമഹൻമാരാണ്.

പ്രസവത്തിൽ തന്റെ കുഞ്ഞ് മരിച്ചതിന്റെ പിറ്റേദിവസം മരണക്കിടക്കയിൽനിന്നുമാണ് പാർവതി നെൻമിനിമംഗലം കേരളത്തിൽ നടന്ന ആദ്യത്തെ വിധവാ വിവാഹത്തിൽ പങ്കെടുക്കാൻപോകുന്നത്.
തന്റെ ജീവിതസഖാവ് കൊല്ലപ്പെട്ട അതേ തെരുവിൽവെച്ചുതന്നെയാണ് സഫ്ദർഹാഷ്മിക്ക് പൂർത്തിയാക്കാൻ കഴിയാതെപോയ നാടകം മാലശ്രീഹാഷ്മി പൂർത്തിയാക്കുന്നത്.
അമ്മയുടെ ചിതക്ക് തീകൊളുത്തിയാണ് മല്ലികാസാരാഭായ് ആചാരങ്ങളുടെ ചിതൽകുത്തിയ ഓലക്കെട്ടുകൾക്ക് തീകൊളുത്തുന്നത്.
കൊല്ലപ്പെട്ട സഖാവിന് ‘പുലയിരിക്കാതെ’ പത്രക്കാരെ കണ്ടവളാണ് പ്രിയസഖാവ് കെ.കെ.രമ

കുറിയേടത്ത് താത്രിയുടെ വിചാരണ സംബന്ധിച്ച് പറയുന്ന വേളയിൽ എം.ഗോവിന്ദൻ പറയുന്ന വാചകമുണ്ട്,
“അവരെ വീണ്ടും വിചാരണ ചെയ്യാനല്ല; അവരുടെ സാന്നിധ്യത്തിൽ നാം സ്വയം വിചാരണ ചെയ്യപ്പെടാൻ ” എന്ന്.

വിചാരണ ചെയ്യപ്പെടേണ്ടത് കേരളീയ പുരുഷാധിപത്യവും അവന്റെ ആണഹന്തയും അവന്റെതന്നെ ഫ്യൂഡൽ ബോധങ്ങളുമാണ്.

കുറിയേടത്ത് താത്രിയുടെ വിചാരണ സംബന്ധിച്ച് സംസാരിക്കുന്ന വേളയിൽ എം.ഗോവിന്ദൻ പറയുന്ന വാചകമുണ്ട്,
“അവരെ വീണ്ടും വിചാരണ ചെയ്യാനല്ല; അവരുടെ സാന്നിധ്യത്തിൽ നാം സ്വയം വിചാരണ ചെയ്യപ്പെടാൻ ” എന്ന്.

വിചാരണ ചെയ്യപ്പെടേണ്ടത് കേരളീയ പുരുഷാധിപത്യവും അവന്റെ ആണഹന്തയും അവന്റെതന്നെ ഫ്യൂഡൽ ബോധങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…