മൊഴിമാറ്റം: ഡോ.ശാന്തി.
(ക്രിസ്ത്വബ്ദത്തിന് 700 ഉം 800 ഉം വർഷങ്ങൾക്ക് മുമ്പ്,ഗ്രീക്ക് കവയിത്രി.1073 ൽ അവളുടെ രചനകൾ മുഴുവൻ പള്ളി നശിപ്പിച്ചു. ബാക്കി യുള്ളത് ഏതാനും ഉദ്ധരണികളും കവിതാ ശകലങ്ങളും മാത്രം.)
ഈ കറുത്തിരുണ്ട ഭൂമിയിൽ മഹാദൃശ്യങ്ങളായി
ചിലർ കാണുന്നത് കുതിരപ്പട്ടാളങ്ങളെയാണ്.
ചിലരാവട്ടെ
കാലാൾ പട്ടാളങ്ങളെയും.
എന്നാൽ ഞാൻ പറയുന്നു
നാം സ്നേഹിക്കുന്ന
വ്യക്തിയുടെ മുഖമാണ്
ഏറ്റവും നല്ല ദൃശ്യമെന്ന്.
ഇക്കാര്യങ്ങൾ ഇന്നെന്നെ ഓർമ്മിപ്പിക്കുന്നത്
വിദൂരതയിലെങ്ങോ ഉള്ള
എന്റെ അനക്ടോറിയയെയാണ്. എനിക്കാവട്ടെ
അവളുടെ ഊഷ്മളവും പ്രസരിപ്പാർന്നതുമായ നടത്തവും അവളുടെ മുഖത്തെ തിളക്കവും കാണാനാണ് ആഗ്രഹം.
ലിഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരഥങ്ങളേക്കാളും
പടച്ചട്ടയിട്ട യോദ്ധാക്കളേക്കാളും അവളെക്കാണാനാണെനിക്കിഷ്ടം.