“അടുത്ത കാലത്തായി കാലേൽ തൊടണമെന്നു തോന്നിയ ഒരു സന്ദർഭം പറയാം.
കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ് ബസിൽ യാത്ര ചെയ്യുന്ന സമയത്ത്, ഏതാണ്ട് ഏറ്റുമാനൂർ കഴിഞ്ഞപ്പോൾ ഒരാൾ ഛർദ്ദിക്കാൻ തുടങ്ങി.
വളരെ വേഗത്തിൽ പോകുന്ന ബസ് ആയതുകൊണ്ട് അതു ചിതറി അകത്തേക്ക് വരാതിരിക്കാനായി എല്ലാവരും ഷട്ടർ ഇടുന്നതിനിടയിൽ ആ തിരക്കുള്ള ബസിലെ കണ്ടക്ടർ (ഒരു ഇരുപത്തൊന്നു വയസു കാണും അവന്) ഓടിയെത്തി.
ലെഗ് സ്പേസ് ഇല്ലാത്തതു കൊണ്ട് ചരിഞ്ഞു കിടന്നു കൊണ്ട് പാസ്സെഞ്ചറെ അവൻ തടവി കൊടുത്തു കൊണ്ടിരിക്കയാണ്.
എപ്പോഴും യാത്ര ചെയ്യുന്ന എന്റെ ഇത്രയും നാളത്തെ ദീർഘമായ യാത്രക്കിടയിൽ ഞാൻ കണ്ടിട്ടില്ല ശർദ്ദിക്കണ പാസ്സെഞ്ചറെ കണ്ടക്ടർ തടവി കൊടുക്കുന്നത്.”
“എനിക്കു തോന്നി, ഇത് മറ്റൊരു ജനുസിൽപ്പെട്ട മോനാണ്. അവൻ മുന്നോട്ടു പോയി ഡ്രൈവർ സീറ്റിന്റെ അടുത്തു നിന്ന് വെള്ളം കൊണ്ടു വന്നിട്ടു പറഞ്ഞു “ചേട്ടാ, വാ കൊപ്ലിച്ചു കള, ആ രുചി മാറുമ്പോൾ തന്നെ സുഖമുണ്ടാകും”.
വാ കഴുകി അയാൾ കുപ്പി തിരികെ കൊടുക്കുമ്പോൾ അവൻ പറയുകയാണ് “വലിച്ചു കുടിക്കു ചേട്ടാ”, അയാൾ വിഷമിച്ചു. അവർക്കു വേണ്ടി കരുതി വച്ച വെള്ളമാണല്ലോ.
അപ്പോൾ അവൻ വീണ്ടും പറയുകയാണ് “കുടിക്കു ചേട്ടാ, പൈപ്പിൽ കിട്ടുന്ന വെള്ളമല്ലേ..”
“നേരത്തെ പറഞ്ഞതു പോലെ എനിക്കു തോന്നി. ഇപ്പോൾ ഇവന്റെ കാലിൽ തൊടണം. തോന്നുന്നത് എപ്പോഴും ചെയ്യാൻ പറ്റില്ലല്ലോ, എങ്കിലും എത്ര നേരം സീരിയസ് ആയിരിക്കും.
വൈറ്റില വരുമ്പോഴുള്ള ചെറിയ തിരക്കിനിടയിൽ ഞാൻ കാര്യം പറ്റിച്ചു. പതുക്കെ അവന്റെ കാലേൽ തൊട്ടു നമസ്കരിച്ചു.
അവനെയൊക്കെ തൊട്ടു നമസ്കരിച്ചില്ലേൽ നമ്മളൊക്കെ എന്തിനാണ് ഈ മീശയും വച്ചു നടന്നിട്ട്. അവൻ ഇത്തിരി അമ്പരപ്പോടെ എന്നെ നോക്കുന്നുണ്ട്.
കുറച്ചു കൂടി സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ എനിക്ക് അവനോട് ഒരു കാര്യം കൂടെ പറയാൻ താല്പര്യമുണ്ടായിരുന്നു..
എന്താണ്?
അവന്റെ കഴുത്തിൽ മലയ്ക്കു പോകുന്ന മാല കിടപ്പുണ്ട്.
എനിക്ക് അതു കൂടെ പറയാൻ താല്പര്യമുണ്ടായിരുന്നു.
“നീ എന്തിനാടാ മലയ്ക്കു പോകുന്നത്, നീ തന്നെയാണ് അയ്യപ്പൻ”.
കരിമുണ്ടു ചുറ്റി, ഇരുമുടിക്കെട്ടെടുത്ത്, നഗ്നപാദനായി കല്ലും മുള്ളും ചവിട്ടി, വ്രതമൊക്കെ എടുത്ത് പതിനെട്ടാം പടി ചെല്ലുമ്പോൾ അവിടെ ഒറ്റക്കാര്യമേ എഴുതി വച്ചിട്ടുള്ളൂ. ‘തത്വമസി’ എന്താണർത്ഥം, ‘അതു നീയാണ്’.
അതറിയാനായി മല കയറണമെന്നില്ല, കോട്ടയം വൈറ്റില റൂട്ടിൽ ടിക്കറ്റ് മുറിച്ചു കൊടുത്താൽ മതി..”
” ‘അതു നീയാണ്’. പുറത്തു നിൽക്കുന്ന ആളും അകത്തു നിൽക്കുന്ന ആളും ഒന്നാകുന്ന ഒരു കാലം വരും.”
“ഒരാൾക്ക് അയാളോട് തോന്നുന്ന മതിപ്പും, അപരനോട് തോന്നുന്ന ആദരവിന്റെയും പേരാണ് ആത്മീയത.”