സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എന്താണ് പ്രവാസം?

ഇ.സതീദേവി

മനുഷ്യ സംസ്കാരത്തിന്റെ ഇന്നേ വരെയുള്ള ചരിത്രം കുടിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.സംസ്ക്കാരത്തിന്റെ വികാസപരിണാമങ്ങൾ നിർണയിക്കുന്നതിൽ കുടിയേറ്റം വഹിച്ച പങ്ക് വലുതാണ്. ആദിമ മനുഷ്യൻ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള തന്റെ പ്രയാണത്തിനിടയിൽ ആർജിച്ച അറിവുകൾ മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുള്ളവയാണ്. മനുഷ്യന്റെ ചിന്താശക്തിയും വിവേചനശേഷിയും നാൾക്കുനാൾ വികസിച്ചു കൊണ്ടിരുന്നു. എവിടെ മനുഷ്യനുണ്ടോ അവിടെയൊക്കെ കുടിയേറ്റവും അതിന്റെ സ്വത്വാവിഷ്ക്കാരവും നടന്നു മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും പാരിസ്ഥിതികമായ കുടിയേറ്റത്തിന് വിധേയമായി. കുടിയേറ്റം ഒരു പ്രകൃതി നിയമമാണ്. ജീവികളുടെ സഹജബോധമാണ് .ഈ സഹജബോധമാണ് മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് അസ്തിത്വമുണ്ടാക്കുന്നത്. അസ്തിത്വത്തിന് വേണ്ടിയുള്ള ആശ്രയമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രവാസം. അതിനാൽ പ്രവാസമില്ലാത്ത ജീവിതം നമുക്ക് അന്യമാണ്.

താൻ ജീവിച്ച പരിതസ്ഥിതിയിൽ നിന്ന് താല്കാലികമായുള്ള വിട്ടു നിൽക്കലാണ് പ്രവാസം. ഒരാൾക്ക് അയാളുടെ ജീവിതത്തിൽ അനുബന്ധമായി നിന്ന ഘടകങ്ങളെ പിരിയേണ്ടിവരുമ്പോഴുള്ള വലിയ വേദനയാണ് അത് നൽകുന്നത്. ജന്മനാൽ ഒരാൾക്ക് ആശ്രിതമായ അനുഭവങ്ങൾ നഷ്ടപ്പെടാനിടവരുന്നു. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അസ്തിത്വത്തിന്റെ അപചയം വരെ അതുണ്ടാക്കുന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ തന്റെ പഴയ ജീവിതത്തിന് ഏറെ മൂല്യം കൽപ്പിക്കുന്നു. ഭൂതകാലത്തിന്റെ തടവിൽ വർത്തമാനം കൈമോശം വന്നവരുടെ ഗൃഹാതുരത്വം എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. ഓരോ പുലർ വേളയിലും ഒരു തിരിച്ചുപോക്ക് സ്വപ്നം കാണുന്നു പ്രവാസമനസ്സ്. എല്ലാ സുഖങ്ങളിലും കഠിനതകളിലും സമാനമായ വികാരമാണ് പ്രവാസം നൽകുന്നത്. അതുകൊണ്ടായിരിക്കാം പ്രവാസം ഒരു സാംസ്കാരിക സ്വത്വമായി ഇന്ന് ലോകത്ത് മാറിയത്.

ആധുനിക കാലത്ത് പ്രവാസജീവിതത്തിലൂടെ മനുഷ്യനവന്റെ സ്വത്വത്തെ പുതുക്കി പണിയുന്നു. ചിത്രകലയിലും സാഹിത്യത്തിലും വരെ അതിന്റെ സ്വാധീനമുണ്ടാവുന്നു. ഒരു പുതിയ സാമൂഹ്യശാസ്ത്ര നിർമ്മിതിയാണ് പ്രവാസം ലോകത്തിന് നൽകുന്നത്. ആദിമ മനുഷ്യൻ ജീവിതവൃത്തി തേടിയായിരുന്നു പലായനം ചെയ്തതെങ്കിൽ പിന്നീടത് സുഖഭോഗങ്ങൾക്ക് വേണ്ടിയായി. പ്രവാസം കൊണ്ട് ലോകത്ത് ഹിംസയും യുദ്ധവുമുണ്ടായി. പ്രവാസ ജീവിതത്തിന് അടിസ്ഥാനപരമായി കാരണങ്ങൾ പലതുണ്ടെങ്കിലും ദാരിദ്ര്യം തന്നെയാണ് മുഖ്യ പ്രശ്നം. മറുനാട്ടിൽ ജീവിക്കുന്ന 90 % മനുഷ്യരുടെയും ജീവിത പശ്ചാത്തലത്തിൽ നിന്ന് ഇത് നമുക്ക് തിരിച്ചറിയാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരസ്പരമുള്ള കുടിയേറ്റത്തിന്റെ കഥയിൽ ഈ സത്യം തന്നെയാണുള്ളത്.

ജീവിത്തിൽ അനുകൂലമായ സാഹചര്യമുണ്ടാവുമെന്നുള്ള പ്രതീക്ഷയാണ് പ്രവാസ ജീവിതത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അത് പ്രതികൂലമായി തീരുമ്പോൾ കഠിനമായ മാനസികസംഘർഷങ്ങളിലൂടെ പ്രവാസി സഞ്ചരിക്കേണ്ടിവരുന്നു. അതയാളെ സമൂഹത്തിന് പാകമല്ലാത്ത മനുഷ്യനാക്കി മാറ്റുന്നു. അതുകൊണ്ട് മാനസികമായി ഒരിടത്തും വേരോട്ടമില്ലാത്ത ഒരു അർദ്ധ മനസ്സ് പ്രവാസിയിൽ പ്രവർത്തിക്കുന്നു.

പ്രവാസ ജീവിതം ഒരു തരത്തിലുള്ള പലായനമാണ്. ഒരാൾ അയാളുടെ ജീവിത വൃത്തിക്കു വേണ്ടിയോ നഷ്ട ജീവിതത്തിൽ നിന്നോ ചെയ്യാനിടവരുന്ന ഒളിച്ചോട്ടം. വ്യക്തിക്ക് ജീവിതം സങ്കീർണമായി തീരുമ്പോഴാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൂട് വിട്ട് കൂടു മാറേണ്ടി വരുന്നത്. ഈ മാറ്റം അയാളെ പുതിയ ജീവിത സാഹചര്യങ്ങളെ സ്വീകരിക്കാനും ശീലിച്ച ജീവിത സാഹചര്യങ്ങളെ മാറ്റാനും പ്രേരിപ്പിക്കുന്നു.
അതേ സമയം ജന്മ സഹജമായ വാസനകളൊന്നും അയാളിൽ നിന്നും മാഞ്ഞു പോകുന്നില്ല. ബാല്യവും കൗമാരവും യൗവനവും നൽകുന്ന ക്ര മാനുഗതമായ വികാസത്തിന്റെ അനുഭവങ്ങൾ ഏത് ചുറ്റുപാടിന്റെ മിശ്രമായി നിന്നുവോ അതിലേക്കുള്ള ഉൽക്കടമായ അഭിവാഞ്ഛ ഒരു ദർശനമായി പരിണമിക്കുകയും എല്ലായ്പ്പോഴും വ്യക്തിയെ അത് അലോസരപ്പെടുത്തുകയും ചെയ്യുന്നു. അതു കൊണ്ട് പുതിയ ഏത് കൈയേറ്റവും അയാൾക്ക് അസഹിഷ്ണുത സൃഷ്ടിക്കുന്നു.
പ്രവാസ മനസ്സ് ശിഥിലമായി തീരുന്നതിന് മനശാസ്ത്ര പരമായ ഈ സാധ്യതകളുണ്ടെന്ന് മറന്നു കൂട. ലോകത്തെവിടെയുള്ള മനുഷ്യനും പ്രവാസമുണ്ടെന്ന് പറയാം. സമ്പന്നതയോ ദാരിദ്ര്യമോ അതിനൊരതിർവരമ്പായി വരുന്നില്ല. ഒരാൾ മാനസികമായി അനുഭവിക്കുന്ന ഘടകമാണത്. പ്രവാസിക്ക് അത്തരത്തിൽ നോക്കുമ്പോൾ എപ്പോഴും നഷ്ടങ്ങളേ ഉള്ളു. അയാൾ പറിച്ച് നടപ്പെടുകയാണ്. ഈ പറിച്ചു നടലിൽ, ജന്മനാൽ ഊട്ടി ഉറപ്പിച്ച വിശ്വാസങ്ങൾക്കും ജീവിത സാഹചര്യങ്ങൾക്കും വിരുദ്ധമായൊരു ലോകമുണ്ടാകുന്നു. അയാൾ ജീവിച്ച് പോന്ന കാലത്തിന്റെയും സാഹചര്യത്തിന്റെയും സംഘർഷങ്ങളോട് പൊരുതിയാണ് ജീവിക്കുന്നത്. ഈ പോരാട്ടം ചിലപ്പോൾ അയാളെ നന്നാക്കുകയോ മോശക്കാരനാക്കുകയോ ചെയ്യാം. വളരെ പതുക്കെ നടക്കുന്ന ഒരു മാനസിക വിധേയത്വമായതിനാൽ ഒരു പ്രവാസി പൊടുന്നനെ ബോധവാനാകണമെന്നില്ല. അതുകൊണ്ട് കൃത്രിമമായ ജീവിതാഭിലാഷങ്ങളെ സാക്ഷാൽക്കരിക്കാൻ അയാൾ എപ്പോഴും സന്നദ്ധനായി കൊണ്ടിരിക്കുന്നു.

ഈ സന്നദ്ധത പലപ്പോഴും ഹിംസയിലേക്കും അത്യാഗ്രഹങ്ങളിലേക്കും അവനെ നയിക്കുന്നു. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടവനാണെന്ന് ഒരു ബോധം
അയാളെ പിടികൂടുന്നു . അന്യതാ ബോധത്തിൽ പ്രവർത്തിക്കുന്ന ഒരു മനസ്സുമായാണ് അയാൾ ലോകത്ത് സജീവമാകുന്നത്. വ്യക്തിബന്ധങ്ങളിൽ നിന്നും കുടുംബ ബന്ധങ്ങളിൽ നിന്നും ഏറെ അകന്നു പോകുന്ന ഒരാളാണ് പ്രവാസി. സമൂഹത്തിന് ഒരിക്കലും അയാളുടെ ആത്മഗതത്തെ മനസ്സിലാക്കാൻ ആവാതെ വരുന്നു. കുടുംബത്തിന്റെ അവസ്ഥയും ഏകദേശം അതുതന്നെ. വൈകാരികമായ ജീവിതത്തിന്റെ ഉണ്മകളൊന്നും സ്ഥിരമായി അയാളുടെ തലമുറക്ക് കിട്ടാതെ വരുന്നു. ചുരുക്കത്തിൽ ആരിൽ നിന്നും വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോകുന്ന ഒരാളായി തീരുന്നു പ്രവാസി.

പ്രവാസവും സംസ്കാരവും

നമ്മുടെ നാഗരിക സംസ്കാരമത്രയും പ്രവാസത്തിന് തെളിവ് നൽകുന്നു. ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സങ്കലനമെന്ന് വാഴ്ത്തപ്പെടുന്ന സൈന്ദവ നാഗരികതയും ഈജിപ്ഷ്യൻ നാഗരികതയും ഗ്രീക്ക് നാഗരികതയുമെല്ലാം ഇതിന് തെളിവുകളാണ്. ഇന്ത്യയിൽ ക്രി.മു 2300-1500 കാലഘട്ടത്തിൽ സിന്ധു നദീതട സംസ്കാരം എന്ന് പ്രസിദ്ധമായ ഹാരപ്പൻ സംസ്കാരം ഏറെ കുറെ നിരന്തരമായി നിൽക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു പോന്ന സംസ്കാരമത്രെ .( ഡോ . എൻ . വി.പി. ഉണ്ണിത്തിരി 2007,2008 ) അതുകൊണ്ട് തന്നെ മഹത്തായൊരു പുരാതന സംസ്കാരത്തിന്റെ ഉടമകളായി നാം അറിയപ്പെടുന്നു. ഏകദേശം 3500 കൊല്ലം മുമ്പ് മധ്യേഷ്യയിൽ നിന്നും മറ്റു പല ഭാഗങ്ങളിൽ നിന്നും പല സന്ദർഭങ്ങളിലായി ചെറിയ ചെറിയ സംഘങ്ങളായി ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ആര്യൻമാർ വൈദിക സംസ്കാരത്തിന് രൂപം കൊടുത്തു. ഈ കുടിയേറ്റം സൃഷ്ടിച്ച് സമ്പന്നത ലോക നാഗരികതകളോടൊപ്പം നമ്മെ ഓർമ്മിക്കുന്നതിന് കാരണമായി തീർന്നു.

ഇത് പോലെ പ്രധാനപ്പെട്ട പുരാതന സംസ്കാരങ്ങളിലൊന്നാണല്ലോ ഈജിപ്ഷ്യൻ നാഗരികത. അയ്യായിരത്തിലേറെ വർഷത്തെ പാരമ്പര്യമുണ്ട് ഇതിന്.
ഈജിപ്റ്റിന്റെ ചരിത്രം പിറന്നതും വളർന്നതും നൈൽ നദീതടത്തിലാണ്. കിഴക്ക് അറേബ്യൻ മരുഭൂമിയും പടിഞ്ഞാറ് ലിബിയൻ മരുഭൂമിയുമായി വേർതിരിഞ്ഞു നിൽക്കുന്നു. ഈ മരുഭൂമികളിൽ ആദ്യകാലത്ത് ചില നാടോടികൾ മാത്രമായിരുന്നു താമസിച്ചിരുന്നത്. അവർ ഒരിടത്തും സ്ഥിരമായിവസിക്കാത്തവരായിരുന്നു.
അവർ മരുപച്ചകളിൽ നിന്നും മരുപച്ചകളിലേക്ക് സഞ്ചരിച്ചു . ബി.സി. അയ്യായിരത്തോടടുപ്പിച്ച് അവർ നൈൽ നദീ തീരത്ത് താമസമുറപ്പിക്കുകയും സമൃദ്ധമായ നൈലിന്റെ കരയിൽ കൃഷിയും കന്നു കാലി വളർത്തലുമായി ജീവിതമാരംഭിക്കുകയും ചെയ്തു ബി. സി .3100 ആയപ്പോഴേയ്ക്കും ഈ ജനവാസ കേന്ദ്രങ്ങൾ സംസ്കാരത്തിന്റെ ഈറ്റില്ലമായി മാറി.

പുരാതന ഈജിപ്ഷ്യൻ സംസ്കാരം എ ഡി.ഏഴാം നൂറ്റാണ്ടുവരെ നിലനിന്നതായി ചരിത്രം തെളിവ് തരുന്നു.നിലവിലിരുന്ന ആദിമ ജനതയുടെ ജീവിതത്തിലേക്ക് പുതിയ സമ്പർക്കങ്ങളുണ്ടാക്കിയ വിപ്ലവമാണ് നാഗരിക സംസ്കാരത്തിന്റെ ജീവനായി തീർന്നത്. അത് വാസമായോ, കൈയേറ്റമായോ, ഹിംസയായോ ഒക്കെ വന്നതാവാം. അന്ന് കുടിയേറ്റത്തിന് ഇന്ന് കാണുന്ന സാംസ്കാരികതയോ, നൈതികതയോ ഇല്ലായിരുന്നു.

എന്നാൽ കാലങ്ങളിലൂടെ കുടിയേറ്റം ഒരു സാംസ്കാരിക ദൗത്യമായി പരിണമിച്ചു. മനുഷ്യന്റെ അഭയവും ആശ്രയവുമായി അതു മാറി.ഇവിടെ സുരക്ഷ ഒരു പ്രധാന ഘടകമാണ്. ഈ സുരക്ഷ തേടിയുള്ള സഞ്ചാരമാണ് പ്രവാസ ജീവിതത്തിനു നിദാനമെന്നു കാണാം. എന്നാൽ അതത്രയും മനുഷ്യന് വീണ്ടെടുക്കാനാവില്ല. വരുമ്പോഴുള്ള അസന്നിഗ്ധത വ്യക്തിയെ മാനസികമായി തകർക്കുന്നു. ചുരുക്കത്തിൽ പ്രവാസം ജീവിതത്തെ സമഗ്രമായി സ്പർശിക്കുന്നു.

മനുഷ്യന്റെ പുരോഗതിയുടെയും അധോഗതിയുടെയും ചരിത്രം ഇതിൽ തുടങ്ങുന്നു .

പ്രവാസിയുടെ പുതിയ ലോകം

“പ്രവാസികൾ ഇന്നെന്റെ അസൂയക്ക് പാത്രമായിരിക്കുന്നു. ദൂരെ രക്ഷയുടെ തുരുത്തിലെത്തിയവർ ഭാഗ്യവാന്മാർ. ഒന്നും നേരിൽ കാണേണ്ട. ചിന്തിച്ച് വേവലാതിപ്പെടാൻ സമയവുമില്ല. സ്വന്തമാകുന്ന നിമിഷങ്ങൾ ജന്മത്തിന്റെ മധുര സ്മരണകളും സ്വപ്നങ്ങളുമായി ചെലവഴിക്കാം. വർഷങ്ങളുടെ ഇടവേളകളിൽ നാടിന്റെ ഗന്ധം നുകരാം. വർണം പിടിപ്പിച്ച ഒഴിവുദിനങ്ങൾക്ക് ശേഷം സ്വപ്നങ്ങളിൽ ഊളിയിടാം
ഞങ്ങളോ , തളർന്ന മനസുമായി ഇവിടെ തുഴയുകയാണ് * ഞങ്ങളുടെ സ്വപ്നങ്ങളെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ വിഴുങ്ങിയിരിക്കുന്നു. ( ടൂൾ ന്യൂസ് 2010 )

പ്രവാസികളെ അസൂയയോടെ നോക്കുന്ന ഒരു സുഹൃത്ത് ബ്ലോഗിൽ കുറിച്ചതാണ് ഈ വാക്കുകൾ. മറുനാടൻ മലയാളികളെ കുറിച്ച് പലപ്പോഴും നാട്ടിലുള്ളവർക്ക് ഇത്തരം ധാരണകൾ ഉണ്ടാകും. അതിൽ സത്യമെത്രയുണ്ട്. ഇതിനെതിരെ ബ്ലോഗിൽ പ്രവാസികൾ എഴുതിയ പ്രതികരണം ശ്രദ്ധിച്ചാലും.
“ഞങ്ങൾ ഘടികാര സൂചിയിൽ മനസൂ കോർത്ത് ജീവിക്കുന്നവർ. സൂചിയുടെ ചലനത്തിനൊപ്പം നടക്കുന്നു. അല്പം തെറ്റിയാൽ എല്ലാം തകിടം മറിയുന്നു. പ്രിയപ്പെട്ടവരെ കാണാതെ അടുത്ത ബന്ധുവിന്റെ വിവാഹത്തിനാ അച്ഛന്റെ മരണാനന്തര ചടങ്ങിനോ പങ്കെടുക്കാൻ കഴിയാതെ വർഷങ്ങൾ ചോര നീരാക്കി പണിയെടുത്ത് അവസാനം കുറെ പരിഭവങ്ങളും ഓർക്കാൻ ഇഷ്ടപ്പെടാനാവാത്ത അനുഭവങ്ങളും മാത്രം കൈമുതൽ കൊണ്ടവർ. ഇവരോട് തന്നെ തോന്നണം അസൂയ.” ( ഡൂൾ ന്യൂസ് 2010 )

പ്രവാസി ജീവിതത്തിന്റെ രണ്ട് വശങ്ങളും അനാവരണം ചെയ്യുകയാണ് ഈ മനസ്സ് തുറക്കലുകൾ. ഒരു തൊഴിൽ തേടിയോ കൂടുതൽ വരുമാനം തേടിയോ നാട് വിട്ടവർ.പൂർണ മനസ്സോടെ ആകണമെന്നില്ല അത് ചെയ്തത്.
എന്നെങ്കിലും ഒരിക്കൽ നാട്ടിലെ ജീവിതം കൊതിക്കുന്നവരായിരിക്കും അവർ. തൊഴിൽ തേടി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ചേക്കേറുന്ന പ്രവണത പണ്ട് മുതലെ കേരളത്തിൽ ആരംഭിച്ചിരുന്നു . ശ്രീലങ്ക , സിംഗപ്പൂർ മലേഷ്യ രാജ്യങ്ങളിലേക്കായിരുന്നു ആദ്യകാലത്ത് കൂടുതൽ യാത്ര. എങ്കിൽ എഴുപതുകൾ ശേഷം ഗൾഫ് നാടുകൾ അമേരിക്ക, പടിഞ്ഞാറൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കായി കുടിയേറ്റം. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ മുഖ്യ സ്രോതസ്സായി പിന്നീടത് മാറി.

തന്റെ കഠിനാധ്വാനത്തിലൂടെ, ജീവിതത്തെ ഏറെ ദുരിതങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും നേരിടുകയും അതിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണ് തങ്ങളുടെത് എന്ന് ആരെയും മനസ്സിലാക്കിക്കുവാൻ പ്രവാസി ശ്രമിക്കുന്നില്ല. ജന്മനാട്ടിൽ നിലവിലുള്ള വർഗപരവും സാമൂഹികവുമായ വ്യത്യാസം തൊഴിൽ തേടിയെത്തുന്ന രാജ്യങ്ങളിലുമുണ്ടെന്ന് ബന്ധുക്കളേയോ നാട്ടുകാരെയോ ബോധിപ്പിക്കുന്നതിൽ പ്രവാസി പരാജിതനാണെന്ന് പറയാതെ വയ്യ . പ്രവാസ ജീവിതം അവന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും ഏറെ ദുരന്തങ്ങൾ ചിലപ്പോൾ അവന് നേരിടേണ്ടി വരുന്നു . മണിക്കൂറുകൾ പ്രതികൂലാവസ്ഥയിലുള്ള കഠിനാധ്വാനം, അകന്നുള്ള ജീവിതം, വിനോദോപാധികളുടെയും ജീവിത സൗകര്യങ്ങളുടെയും
അഭാവം, തൊഴിൽ പരമായും സാമൂഹ്യമായും സാമ്പത്തികമായും നേരിടുന്ന മാനസിക സമ്മർദ്ദം..ഇതൊ പ്രവാസിയുടെ ദുരിതത്തിൽ പെടുന്നതാണ്.

തങ്ങൾക്ക് തൊഴിലിടത്തിൽ നഷ്ടമാകുന്ന മാന്യത സ്വന്തം നാട്ടിൽ തിരിച്ച് പിടിക്കാനെന്നവണ്ണം ആഢംബരപൂർണമായ ജീവിത നയിക്കാനാണ് അയാൾ പണം ചെലവഴിക്കുന്നത്. അകൽച്ചയിൽ നിന്നും തിരിച്ചെത്താനും ബന്ധങ്ങളെ തിരിച്ച് പിടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായും ഇതിനെ കാണാം. സാധാരണക്കാർ ‘ ഡംഭ് എന്നോ, പണക്കൊഴുപ്പെന്നോ ഇതിനെ പരിഹസിക്കുന്നു.എന്നാൽ തനിക്ക് നഷ്ടപ്പെടുന്ന സാമൂഹിക ജിവിതത്തിലേക്ക് മടങ്ങാനുള്ള ഒരു ശ്രമമാണ് പ്രവാസിയുടെ പ്രമാണിത്തരങ്ങൾ മുഴുവൻ. കേരളത്തിലെ വാർഷിക ബജറ്റിന്റെ പകുതിയിലേറെ ഈ പ്രവാസിയെ ആശ്രയിച്ചാണ് നിൽക്കുന്നത് എന്നതാണ് വസ്തുത.ജന്മനാട്ടിൽ സ്വന്തമായി ഒരു പിടി മണ്ണും ഒരു കൂരയും സ്വപ്നം കണ്ട് പൊരിവെയിലത്ത് കുത്തിയിരുന്ന ഒട്ടേറെ ജന്മങ്ങളുടെ കഥകൾ നാം കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കി.തന്റെ കുടുംബത്തെ പോറ്റാൻ സ്വന്തം ജീവിതം തന്നെയാണ് പ്രവാസി കരിച്ച് കളയുന്നത്. ഇത്ര മാത്രം നമ്മുടെ സാധാരണ ജീവിതത്തെയും സാമ്പത്തിക ജീവിതത്തെയും സ്വാധീനിക്കുന്ന കുടിയേറ്റങ്ങളെയും അതിന്റെ പരിണത ഫലങ്ങളെയും കുറിച്ച് ഒരു പഠനവും നമ്മുടെ സർക്കാറുകളോ ഇതര സംഘടനകളോ നടത്തിയിട്ടില്ല. നമ്മുടെ നാടിന്റെ തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ പരിഹാരം കാണാനും തൊഴിലില്ലായ്മ വഴി ഉണ്ടായേക്കാവുന്ന സാമൂഹ്യ പ്രശ്നങ്ങളെ തടയിടാനും പ്രവാസികളുടെ സമ്പത്ത് കാരണമായി. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായും നാടിനുതകും വിധത്തിലും തിരിച്ച് വിടാൻ എന്തു കൊണ്ടോ ഭരണാധികാരികൾ
ക്കും രാഷ്ട്രീയ നേതാക്കൾക്കും കഴിയുന്നില്ല.

2008 ജൂൺ 8 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പ് ഒരു പ്രവാസപതിപ്പായിരുന്നു . മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങൾ ഈ അടുത്ത കാലത്ത് പ്രവാസ ജീവിതത്തിന്റെ ദുരന്താനുഭവങ്ങളെ കേന്ദ്രീകരിച്ച് ഫീച്ചറുകൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.ഒരു പ്രവാസി കാണുന്നതും ചിന്തിക്കുന്നതും എന്താണെന്ന് ഈ പതിപ്പുകൾ മുന്നോട്ട് വെക്കുന്നു. ശ്രദ്ധേയനായ കവി കുഴൂർ വിൽസൺ പ്രവാസജീവിതത്തെ കുറിച്ച് പ്രതികരിക്കുന്ന ലേഖനത്തിൽ പ്രണയവും പ്രവാസവും ഒന്നു തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. കാരണം ഒന്നിനുമൊരുറപ്പുമില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏണിയും പാമ്പും കളി പോലെയാണിത്. പ്രവാസജീവിതവും പ്രണയജീവിതവും ഒ രാത്രികൊണ്ട് കീഴ്മേൽമറിയുന്നതത്രെ. മണലാരണ്യത്തിൽ കിടന്ന് മരിക്കണമെന്ന് ആരം പറയുന്നില്ല. ഒരു മൂന്ന് വർഷം കഴിഞ്ഞ് എല്ലാം നേരയാക്കി നാട് പിടിക്കണമെന്നേ എല്ലാവരും ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ മുപ്പത് വർഷം കഴിഞ്ഞാലും അതിനവർക്ക് സാധിക്കില്ല. പ്രവാസജീവിതം എത്രമാത്രം അസ്വാസ്ഥ്യമുള്ളതാണെന്ന് വെളിപ്പെടുത്തുന്ന ഒന്നാണിത്. ഒരാളുടെ ജീവിതത്തിൽ രോഗവും മരണവും വിട്ട് പണിയും കുഞ്ഞുങ്ങളുടെ പഠിപ്പും
കല്ല്യാണവുമൊക്കെ ശ്രദ്ധിച്ച് വിദേശത്ത് താമസിക്കുമ്പോൾ മൂന്ന് വർഷം നാട്ടിൽ പോയി കൊണ്ട് സാധിക്കുന്നത് മുപ്പത് വർഷമായി തീരുന്നു. നാട്ടിൽ പോയി മരിക്കണമെന്ന് കൊതിച്ചവരിൽ എത്രയോ പേർ വിമാനങ്ങളിൽ ശവപ്പെട്ടികളിൽ മടങ്ങി. ഒറ്റ മുറിയിൽ ആറോ ഏഴോ പേരോടൊപ്പം വർഷങ്ങളോളം ഒരു പ്രവാസിക്ക് ജീവിക്കേണ്ടി വരുന്നു. കൊടും യാതനയിൽ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസിക്ക് നാട്ടിലെ സാധാരണക്കാരനുമായി തട്ടിച്ചു നോക്കുമ്പോൾ ജീവിതം എത്രയോ ചെറുതാണ്. അയാൾക്കു വേണ്ടി അയാളുടെ വീട്ടുകാരാണ് ജീവിച്ചു തീർക്കുന്നത്. എല്ലാ അർത്ഥത്തിലും മറ്റുള്ളവർക്കു വേണ്ടി ജീവിതം ഉണ്ടാക്കാൻ നിയോഗിക്കപ്പെട്ട ഒരാളാണ് ഒരു പ്രവാസി.

പ്രവാസിയോട് നമുക്ക് പലപ്പോഴും പുച്ഛം തോന്നാറുണ്ട്. അയാൾ ഏതും വിലകൊടുത്ത് വാങ്ങും. അയാൾക്ക് സ്വർണ നിറമുള്ള വാച്ചും കളർ ഷർട്ടുമുണ്ട് , മറ്റുള്ളവരിൽ നിന്ന് അയാൾ എന്തോ പ്രത്യേകത ഉള്ളവനാണെന്ന് വിശ്വസിക്കുകയും അതൊന്നും നമുക്ക് സ്വന്തമായുള്ളതല്ല എന്ന മനോഭാവത്തിൽ നാം അസൂയയും പുച്ഛവും പ്രകടിക്കുന്നു. പ്രവാസികളെ കുറിച്ചുള്ള ഈ ജീർണ സങ്കൽപങ്ങളിൽ നിന്നാണ് പ്രവാസം മനുഷ്യനെ തത്തയാക്കുന്ന മാന്ത്രികതയാണെന്ന് (മാതൃഭൂമി ആഴ്ചപതിപ്പ് 2008 ലക്കം 14 P. 36 ) വിൽസൺ പ്രഖ്യാപിക്കുന്നത്. കാരണം തത്ത കൂട്ടത്തിൽ കൂടാത്ത ഒന്നാണെന്ന് ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…