
‘
സ്വപ്നങ്ങളിലെന്നപോലെ കടന്നുവന്ന് ഹൃദയത്തിൽ കൂട് വയ്ക്കുന്ന ചില മനുഷ്യരുണ്ട്. യാഥാർത്ഥ്യമെന്നു തോന്നും അവരുടെ സ്നേഹം. നാമതിൽ ആനന്ദത്തോടെ അഭിരമിച്ചു തുടങ്ങുമ്പോൾ പാഴ്ക്കിനാവുപോലെ മാഞ്ഞുപോകുന്നു.
ഒരാളെ സ്നേഹിക്കുകയെന്നാൽ വിശുദ്ധമായൊരു ദേവാലയത്തിനു മുന്നിൽ പ്രാർത്ഥനകളോടെ നില്ക്കുന്നതുപോലെയാണ്. ആ സ്നേഹം എത്രമേൽ അന്ധമാകുന്നോ അത്രമേൽ നമ്മൾ പീഡാസഹനങ്ങളിലൂടെ കടന്നുപോകും. നാം നമ്മെത്തന്നെ മറന്നുപോകും. എത്ര തിരസ്കരിക്കപ്പെട്ടാലും നാം അവിടെത്തന്നെ മുട്ടുകുത്തുന്നു. ദൈവസന്നിധിയിലെന്നപോലെ.
പെട്ടെന്നൊരു ദിനം കൂട്ടുവന്ന്, വന്നപോലൊരു ദിനം കടന്നുകളയുന്ന മനുഷ്യരെക്കുറിച്ചാണ്. അവരേല്പിക്കുന്ന മുറിവുകളെക്കുറിച്ചാണ്. മുൻപൊരിക്കൽ ഞാനിതേക്കുറിച്ച് എഴുതിയിട്ടുണ്ട്. അന്നുമിന്നും നിർമമതയോടെ അവർ പറയും, ‘ഞാനുണ്ടല്ലോ കൂടെയെന്നത് ഇനിയുമെങ്ങനെയാണ് പ്രകടിപ്പിക്കുക’
പ്രകടിപ്പിക്കാത്ത സ്നേഹമെന്നത് എനിക്കൊരിക്കലും മനസിലാകാത്ത കാര്യമാണ്. ചേർത്തുപിടിക്കേണ്ടിടത്ത് ചേർത്തുപിടിക്കുകതന്നെ വേണം. കൂടെനടക്കേണ്ടപ്പോൾ കൂടെയുണ്ടാവുകതന്നെ വേണം. അല്ലെങ്കിൽ സ്നേഹവും വിർച്വൽ റിയാലിറ്റിയാവും.
വ്യക്തമാണ് ആ ഉപേക്ഷാഭാവം. നിന്നോടെനിക്കൊന്നുമില്ല, എനിക്കു നീ വേണ്ടപ്പെട്ട ഒരാളേയല്ല എന്ന അവഗണന അവരുടെ ഓരോ പെരുമാറ്റത്തിലും നിഴലിട്ടുനില്ക്കും. വ്യക്തിപരമായി അവരനുഭവിക്കുന്ന പലവിഷമങ്ങൾക്കും, സങ്കടങ്ങൾക്കും നമ്മളാണുത്തരവാദിയെന്നുവരേ അവർ പറഞ്ഞുകൊണ്ടിരിക്കും.
സംഭവിച്ചത് എന്തെന്നറിഞ്ഞാലും നാം നിശബ്ദരായി നില്ക്കും. അവരോടുള്ള സ്നേഹാധിക്യത്താൽ, അവരോടു കലഹിക്കാൻ മനസ്സനുവദിക്കാതെ നാമൊരു വിഡ്ഢിയെപ്പോലെ പഴികേട്ടു നില്ക്കുന്നു.
എത്രയൊക്കെ അനുനയത്തോടെ നിന്നാലും വഴക്കിനുള്ള കാരണങ്ങൾ പിന്നെയുമവർ ഉണ്ടാക്കിക്കൊണ്ടിരിക്കും. നമ്മളാണ് വഴക്കാളിയെന്ന് ഇതിനിടയിൽ അവർ സ്ഥാപിക്കുക കൂടി ചെയ്യും. എല്ലാം മുറിവുകളാണ്. ആ മുറിവുകളിൽ പിന്നെയും പിന്നെയും കുത്തിനോവിക്കാൻ അവർക്ക് ഹരമാണ്. നിരാകരിച്ചു പോകുന്ന മനുഷ്യർ പങ്കാളിക്കിത്രമേൽ മുറിവുകളേല്പിക്കുന്നതെന്തിനെന്നു മനസിലാകുന്നില്ല. കുത്തിനോവിക്കാൻ മാത്രം ക്രൂരമായൊരു അനുഷ്ഠാനമാണോ സ്നേഹം, എങ്കിൽ സ്നേഹിക്കപ്പെടുകയെന്ന ആഗ്രഹംതന്നെ ഭയാനകമായി മാറും.
സ്നേഹിക്കുന്നവരോടു പറയണം, എന്നാണോ ഉപേക്ഷിക്കണമെന്നു തോന്നുന്നത്, അന്ന് പരസ്പരം മുറിവേല്പിക്കാതെ പിരിയണമെന്ന്. സ്നേഹം തുടിച്ചുനിന്ന നല്ല നാളുകളിലെ ഓർമ്മകളുണ്ടല്ലോ കൂടെക്കൊണ്ടുപോകാൻ. അതുമതി. അലോസരങ്ങളൊക്കെ ആരോരുമറിയാതെ പോയ്‌മറയട്ടെ. ഊഷ്മളമായി ഒന്നാശ്ലേഷിച്ച് ശുഭയാത്ര പറയുക.
സ്നേഹിക്കുന്നവരേ മാറുന്നുള്ളൂ, സ്നേഹമെന്ന അനശ്വരകാവ്യം അവിടെത്തന്നെയുണ്ട്.
.