സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കുടിയേറ്റവും കാനേഷുമാരിയും

ഇ.സതീദേവി

പ്രവാസത്തിന്റെ ഒരാദിമരൂപമാണ് കുടിയേറ്റം. കുടിയേറ്റവും പ്രവാസവും പരസ്പര പൂരകമാണെങ്കിലും രണ്ട് വ്യത്യസ്ത തലങ്ങൾ അവയ്ക്കുണ്ട്. കുടിയേറ്റം തന്നെ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നിർബന്ധിത കുടിയേറ്റ വും താല്കാലിക കുടിയേറ്റവും. നിർബന്ധിത കുടിയേറ്റം പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുൾപ്പെടെയുള്ള പ്രശ്നങ്ങൾ കൊണ്ടുണ്ടാവുന്നതാണ്. യുദ്ധവും വർഗ്ഗീയ കലാപങ്ങളും മറ്റും ഇതിന് കാരണമായി തീരാറുണ്ട്. എന്നാൽ താല്കാലിക കുടിയേറ്റം കുറെ കൂടി സ്വതന്ത്രമാണ്. അതേ സമയം പ്രവാസത്തിന്റെ എല്ലാ ദൈന്യതകളും ഈ താല്കാലിക കുടിയേറ്റത്തിൽ നിന്നുണ്ടാകുന്നതാണ്.

കുടിയേറ്റം ഒരു സാമൂഹ്യ നിർമ്മിതിയാണെന്നു വരുന്നു.അതിന് സമൂഹവുമായി നല്ല ബന്ധമുണ്ട്. സ്വന്തം ദേശത്ത് രക്ഷയില്ലെന്ന് വരുമ്പോഴാണ് സ്വദേശം വിട്ട് മറ്റൊരിടം തേടി പോകുന്നത്. അത് താല്കാലികമാണെന്ന ബോധം പലപ്പോഴും ഗൃഹാതുരത്വ ചിന്തകൾക്ക് വഴിയുണ്ടാക്കുന്നു. നിർബന്ധിത കുടിയേറ്റത്തിൽ അതുണ്ടാവുന്നില്ല. ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു നിരാശ്രയത്വ ബോധം നിർബന്ധിത കുടിയേറ്റത്തിലുണ്ടാവുന്നു. അതുകൊണ്ട് തന്റെ സ്വത്വം മുഴുവനായും
ആവിഷ്ക്കരിക്കുന്ന ഒരാളാവുന്നു നിർബന്ധിത കുടിയേറ്റക്കാരൻ.

എഴുപതുകളിൽ തൊഴിലില്ലായ്മ രൂക്ഷമാവുകയും എണ്ണ സമ്പന്ന രാജ്യങ്ങളിൽ വൻ സാമ്പത്തിക വളർച്ച ഉണ്ടാവുകയും ചെയ്തപ്പോഴാണ് വിദേശങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചത്. കുടിയേറ്റമാണ് കേരളത്തിന്റെ വളർച്ചക്ക് ഏറ്റവും സഹായിച്ചത്.
1976 – ൽ ആരംഭിച്ച വൻതോതി ലുള്ള കുടിയേറ്റം 83 വരെ തുടരുകയും പിന്നീട് നിരക്ക് ക്രമേണ കുറയുകയും ചെയ്തതായി സി.ഡി.എസിന്റെ പഠനകുറിപ്പുകൾ സൂചിപ്പിക്കുന്നു. 91ന് ശേഷം അത് വീണ്ടും വർധിച്ചു. എന്നാൽ കഴിഞ്ഞ ഒരു ദശകമായി കുടിയേറ്റക്കാരുടെ മടങ്ങിവരവ് വർദ്ധിക്കുകയും കുടിയേറ്റ നിരക്ക് കുറയുകയും ചെയ്തു. അതിനു കാരണം പലതാണെങ്കിലും ഐ.ടി ഉൾപ്പെടെയുള്ള രംഗങ്ങളുടെ വളർച്ചയുടെ ഫലമായി പാശ്ചാത്യ നഗരങ്ങളിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കുമുള്ള കുടിയേറ്റം കൂടിയത് ഒരു പ്രധാന കാരണമാണ്. കണക്ക് പ്രകാരം 17 ശതമാനം. വീടുകളിൽ നിന്ന് ഒരാളെങ്കിലും വിദേശത്ത് ഉണ്ട്. പ്രതിവർഷം 25000 കോടി രൂപ അവർ നാട്ടിലേക്ക് അയക്കുന്നു.ചുരുക്കത്തിൽ 20 ലക്ഷം പേരാണ് ഗൾഫിനെ ആശ്രയിച്ച് ജീവിക്കുന്നത്.
ആകാശ സ്വപ്നങ്ങൾ നെയ്ത് ജന്മനാടിന്റെ സ്മരണയിൽ ജീവിക്കുന്ന അവരിലൂടെയാണ് ഒരു നാട് പുലർന്നു പോരുന്നത്. ഇതിനൊരു തകർച്ചവന്നു കൂടായ്കയില്ല. സ്വാശ്രയത്വത്തിന്റെയും വളർച്ചയുടെയും ഈ ശതമാന കണക്കുകൾ എത്ര വലുതാണെങ്കിലും ലോകത്തുള്ള പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയുമായി തട്ടിച്ച് നോക്കുമ്പോൾ ഒന്നുമല്ല എന്നുള്ളത് സത്യമാണ്.പ്രവാസി ജീവിതം അത്ര കഠിനമാണ്.

ഗൾഫ് നാടുകളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവിടെ ആവശ്യത്തിന് വിദ്യാഭ്യാസമോ സ്വാശ്രയമോ തീരെ ഇല്ല, അതുണ്ടാക്കി കൊടുക്കുന്നവർ പ്രവാസികളാണ്. കുടിയേറി പാർത്തവരിലൂടെ രൂപപ്പെട്ട സംസ്കാരവും ജീവിതവുമാണ് അറേബ്യൻ മണ്ണിന്റെ സമ്പത്ത്, ഉഷ്ണത്തിന്റെ തീഷ്ണതയിൽ ശരീരം അനുകൂലമാക്കി ജീവിക്കാൻ വിധിക്കപ്പെട്ട അറബ് ജനത അകാലത്തിലെ വൃദ്ധന്മാരാണ്. പ്രതിരോധം കൊണ്ട് കെട്ടിപ്പടുത്ത നൈമിഷിക സുഖങ്ങൾ മാത്രമെ അവർ അനുഭവിക്കുന്നുള്ളു. കാമവും ഹിംസയും അതുകൊണ്ടുതന്നെ ഇവരുടെ കൂടപിറപ്പായി. ഇന്ന് ഈ ജനത ലോകത്തിലെ ഏറ്റവും വലിയ മടിയന്മാരാണ്.സുഖലോലുപന്മാരാണ്. ആ സുഖലോലുപതയെ ജീവിതത്തിൽ പകർത്താനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ അറേബ്യൻ മണ്ണിലേക്ക് പോയികൊണ്ടിരിക്കുന്നത്.

പ്രവാസികളായി തീരുന്ന ഈ ജനത തുടർന്നങ്ങോട്ട് ഏറെ യാന്ത്രികവും ക്രൂരവുമായ അനുശാസനകൾക്കും ശിക്ഷകൾക്കും വിധേയമായി പരുവപ്പെടുന്നതായി കാണാം.

കേരളത്തിൽ നിന്ന് തൊഴിൽ തേടിപോയ മലയാളി സഹോദരങ്ങൾ സ്വന്തം നാടിനെയും സംസ്കാരത്തേയും ഭാഷയേയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നു. അബുദാബി ശക്തിയും കൈരളിയും പോലുള്ള സംഘടനകൾ അതിന് തെളിവാണ്. മലയാളി അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആശ്വാസമേകാനാണ് ഇത്തരം സംഘടനകൾ രൂപം കൊണ്ടത്. വീഴ്ചയും കോട്ടങ്ങളും ഉണ്ടെങ്കിൽ പോലും പ്രവാസികൾക്ക് ഏറെ ആശ്വാസമാണ് ഇത്തരം സംഘടനകൾ. അതു പോലെ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസികൾ പ്രവാസികളുടെ കാര്യത്തിൽ അ കാര്യക്ഷമമായി ഇടപെടുന്നു എന്ന് പറഞ്ഞുകൂടാ. മാത്രമല്ല, കുടിയേറ്റ നിയമത്തിന്റെ – ശരിയായ വഴികളിലൂടെയല്ല മിക്ക രാജ്യങ്ങളും സഞ്ചരിക്കുന്നത്

പ്രവാസവും കുറ്റവും

ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ബാധിക്കുന്ന പ്രവാസത്തിന്റെ ആന്തരിക ലോകം ഭൂമിയിൽ കുറ്റവാളികളെ ഉണ്ടാക്കുന്നതാണ്. ഏറെ ആദിമമായ ഒന്നാണെങ്കിൽ പോലും എല്ലാ ജന സമൂഹങ്ങളിലും കുറ്റവാളികളെ വാർത്തെടുക്കുന്നതിൽ പ്രവാസത്തിന് പങ്ക് ഉള്ളതായി കാണാം. തൊഴിൽ തേടി വിദേശത്ത് എത്തുന്ന പ്രവാസികൾ പലപ്പോഴും അവരുടെ കുറ്റങ്ങൾ കൊണ്ടല്ല കുറ്റവാളികളായി തീരുന്നത്. വിദേശികളുടെ പീഢാനുഭവങ്ങളിൽ
നിന്ന് കുറ്റവാളികളായി മാറുന്നവരാണിവർ. ഒരിക്കൽ കുറ്റവാളിയായ ഒരാൾ ജീവിതത്തിലുടനീളം കുറ്റവാസനയുള്ളതായി രൂപപ്പെടുന്നത് കാണാം. കടുത്ത ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യനെ കുറ്റക്കാരനാക്കുന്നത്.

വർഷങ്ങളോളം വിദേശ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തുന്ന സുഹൃത്തുക്കളുടെ സമ്പർക്കത്തിൽ നിന്ന് ഒരു കാര്യം മനസിലാക്കാം. മറ്റുള്ള ആളുകളിൽ നിന്നും ഭിന്നമായി ചില അസ്വാസ്ഥ്യങ്ങൾ അവരെ നിഴൽ പോലെ പിന്തുടരുന്നുണ്ട്. മറ്റൊരു ‘ സംസ്കൃതി ‘ അടിച്ചേൽപ്പിക്കുന്ന അനുഭവങ്ങളുടെ അസ്വാസ്ഥ്യമാണിത്. മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴാണ് അവൻ കൂടുതൽ സ്വാതന്ത്ര്യത്തെ ആഗ്രഹിക്കുന്നത്. സ്വാതന്ത്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാൻ സാധിക്കുന്നതല്ല. പക്ഷെ നമ്മുടെ കാലത്തിൽ ഓരോ വ്യക്തിയും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളിൽ തളക്കപ്പെടുന്നുണ്ട്. ജീവിതത്തിലെ അസ്വാസ്ഥ്യങ്ങളാണ് പലപ്പോഴും അസ്വതന്ത്രരായ മനുഷ്യരെ സൃഷ്ടിക്കുന്നത്. അതിലൂടെ അന്തർമുഖരായ മനുഷ്യർ ഏറെ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. പ്രവാസ മനസ്സ് ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നതു കൊണ്ട് പരോക്ഷമായി കുറ്റവാളികൾ ജനിക്കുന്നു. അവർ നമ്മുടെ സമൂഹത്തിൽ കുറ്റം ചെയ്തു കൊണ്ടേയിരിക്കുന്നു. നാടോടികളായ മനുഷ്യർ മുതൽ ടൂറിസ്റ്റുകൾ വരെ ഈ മനശാസ്ത്ര തലത്തിൽ ജീവിക്കുന്നു. ലോകത്തിലെ എല്ലാ പ്രവാസിയും ഏറിയും കുറഞ്ഞും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്

സ്ത്രീയും പ്രവാസവും

പ്രവാസത്തിന്റെ കഷ്ടതകൾ അങ്ങേയറ്റം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്വന്തം വീട് വിട്ട് വർഷങ്ങളോളം വിദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരി പക്ഷത്തിനും അവരുടെ ദാമ്പത്യ ജീവിതം നഷ്ടപ്പെടുന്നു. ഇടയ്ക്ക് നാട്ടിൽ വന്ന് തിരിച്ചു പോകുന്ന അവർക്ക് തങ്ങളുടെ പുരുഷൻമാരുടെ പരിഗണന പരിമിതമായേ ലഭിക്കുന്നുള്ളു .. ലോകത്തിലെ പട്ടിണിപാവങ്ങളായ സ്ത്രീകളാണ് പലപ്പോഴും അറേബ്യയിൽ പ്രവാസ ജീവിതം നയിക്കേണ്ടി വരുന്നത്. ഏറ്റവും മോശപ്പെട്ട തൊഴിലാണ് അവരെ സ്വാഗതം ചെയ്യുന്നത്. അലക്ക്,വിട്ടു പണി, ആയമാർ എന്നിങ്ങനെ അവിദഗ്ധ തൊഴിലുകൾ ചെയ്യേണ്ടി വരുന്ന അവർ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നു. എപ്പോഴും അനാരോഗ്യമുണ്ടാക്കുന്ന കാലാവസ്ഥയിൽ ജീവിക്കേണ്ടി വരുന്നു. അവർക്ക് സ്വന്തം കുടുംബത്തെയും കുട്ടികളെയും വരെ പലപ്പോഴും മറന്ന് പോകുന്നതായി പറയപ്പെടുന്നു.സ്ത്രീക്ക് യാതൊരു സുരക്ഷിതത്വവും വാസ്തവത്തിൽ ഗൾഫ് നാടുകളിൽ ഇല്ല. മൊത്തം പ്രവാസി മലയാളികളുടെ ഏകദേശം പത്ത് ശതമാനം മാത്രമേ സ്ത്രീകൾ വരുന്നു എങ്കിലും അവരിൽ ഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളാണ്. പ്രവാസി സ്ത്രീകൾ പുരുഷന്മാരേക്കാളധികം വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണെങ്കിൽ പോലും അർഹതപ്പെട്ട ജോലി അവർക്ക് കിട്ടാതെ വരുന്നു.കുടുംബ വിസക്കുള്ള
നിശ്ചിത വരുമാന പരിധി നിയമവും ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷവും ഉയർന്ന ജീവിത ചെലവുകളുമൊക്കെ കുടിയേറ്റത്തിന് പ്രതികൂലമായ ഘടകങ്ങളാണ്.

വീട്ട് ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രവാസജീവിതത്തിൽ ഏറ്റവും കൂടുതൽ കഷ്ടതയനുഭവിക്കുന്നത്. വീട്ടുജോലിക്ക് കൃത്യസമയമില്ലാത്തതിനാൽ 24 മണിക്കൂർ ജോലി എന്നഅവസ്ഥയി ലാണ് പലരും. കിട്ടുന്ന വളരെ തുച്ഛമായ ശമ്പളം പലപ്പോഴും കൃത്യമായി കിട്ടുകയില്ല.വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഒരു കാലത്ത് അഡ്മിനിസ്ട്രേഷൻ രംഗത്ത് തൊഴിൽ ചെയ്യുന്ന ആയിരകണക്കിന് സ്ത്രീകളെ നമുക്ക് വിദേശത്ത് കാണാമായിരുന്നു. സ്വദേശി വത്ക്കരണം ഉണ്ടാവുന്നതോടെ മെച്ചപ്പെട്ട ജീവിത നിലവാരമുണ്ടായിരുന്ന ഈ വിദേ സ്ത്രീകളുടെ ജോലികളാണ് നഷ്ടപ്പെടാൻ പോവുന്നത്. ചുരുക്കത്തിൽ ഒട്ടും പ്രതീക്ഷ നൽകുന്ന വാർത്തകളല്ല.പ്രവാസി സമൂഹത്തിന് നൽകാനുള്ളത്.

പ്രവാസി സ്ത്രീകളുടെ കൃത്യമായ കണക്കം അവരുടെ ഞാഴിൽ വിവരങ്ങളും ശേഖരിച്ച് വിദേശത്ത് മാറി വരുന്ന തൊഴിൽ സാധ്യതകളെ കുറിച്ച് ഒരു പഠനം നടത്തി അടിയന്തിരമായി ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്. സ്ത്രീക്ക് തൊഴിൽ സംബന്ധമായ വിദഗ്ധ പരിശീലനം നൽകുകയും അന്താരാഷ്ട്ര നിലവാരത്തിൽ സ്ത്രീക്ക് അർഹതപ്പെട്ട സ്ഥാനം ഉറപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ സർക്കാരിന്റെ ബാധ്യതയാണ്.

പലപ്പോഴും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വിദേശത്ത് തൊഴിലിന് എത്തുന്ന സ്ത്രീക്ക് തൊഴിൽ കരാർ നിർബന്ധമുണ്ട്. നമ്മുടെ സർക്കാറും അത്തരത്തിൽ തൊഴിൽ കരാറും സുരക്ഷയും പ്രവാസികൾക്ക് ഉറപ്പ് വരുത്തേണ്ടതാണ്.

ലൈംഗിക ചൂഷണത്തിന്റെ കഥകൾ സ്ത്രീ പ്രവാസിയെ സംബന്ധിച്ച് ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. വീട്ട് ജോലിക്കുന്ന പേരിൽ വിദേശത്ത് എത്തുന്ന ആയിരകണക്കിന് പ്രവാസികൾ ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നതായി പറയപ്പെടുന്നു.

പ്രവാസവും സമ്പദ് വ്യവസ്ഥയും

ഏതൊരു സമൂഹത്തെ കുറിച്ചും നമുക്ക് മനസിലാക്കാനാകുന്നത് ആ സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് വിലയിരുത്തുമ്പോഴാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന ഒന്നാണ് പ്രവാസം.പ്രവാസം കൊണ്ട് തദ്ദേശീയമായി ഉണ്ടാകുന്ന വളർച്ച പലപ്പോഴും നിർമ്മാണ പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റി മാത്രമാണ്. അത് വിദേശ മൂലധനമുപയോഗിച്ചുള്ള പരിമിതമായ വളർച്ചയാണ്. സ്വദേശത്ത് നിന്നുള്ള സ്വാശ്രയത്വം ഇല്ലാതെ പോകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ഒരു സമൂഹത്തിൽ നിന്നും വലിയൊരു വിഭാഗം ആളുകൾ മറ്റൊരു ദേശത്തേക്ക് മാറുമ്പോൾ അത് സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും പ്രതികൂലമായി ബാധിക്കും. ജനസംഖ്യയുടെ ഘടനയിൽ, തൊഴിൽ ശക്തിയുടെ ഘടനയിൽ, സ്വഭാവത്തിൽ, കുടുംബഘടനയിൽ, സ്ത്രീപുരുഷഅനുപാതത്തിൽ, വിഹാഹനിരക്കിൽ, ആരോഗ്യ വിദ്യാഭ്യാസരീതിയിൽ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും അത് സ്വാധീനം ചെലുത്തുന്നു .

സ്വദേശത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക വഹിക്കുന്നത് . മറുനാട്ടിലേക്കുള്ള കുടിയേറ്റമാണെന്ന് പറയപ്പെടുന്നു. വിദേശത്ത് നിന്നും വരുന്ന വരുമാനത്തിന്റെ ഫലമനുഭവിച്ച് സുഖജീവിതം നയിക്കുന്ന വ്യക്തി സമൂഹം ഇവിടെ കൂടുതലാണ്. കേരളത്തിലെ ചെറുപ്പക്കാർ തങ്ങളുടെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പാതിവഴിയിൽ അവസാനിപ്പിച്ച് വിദേശത്തുള്ള ബന്ധുക്കള ആശ്രയിക്കുന്നത് കാണാം. കേരളത്തിലെ സി ഡി എസിന്റെ കേരള കുടിയേറ്റ പഠനം ( Kerala migration study ) പുറത്ത് കൊണ്ടു വരുന്ന വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ്. 2004 ൽ കേരളത്തിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവർ 18.4 ലക്ഷം ആളുകളായിരുന്നു. ( 100 വീടുകൾക്ക് 27 പേർ എന്ന തോതിൽ )പുറം നാടുകളിൽ നിന്ന് ഈ കാലയളവിൽ മടങ്ങി വന്നവർ 8.9 ലക്ഷം പേർ ( 100 വീടുകൾക്ക് 13 പേർ എന്ന തോതിൽ 1999 ൽ വിദേശി മലയാളികൾ ( മടങ്ങി വന്നവരും, പുറം നാടുകളിൽ താമസിക്കുന്ന വരുമടക്കം )21 ലക്ഷം ആയിരുന്നത് 2004 ൽ 27.3 ലക്ഷമായി വർധിച്ചു. 99-2004 ൽ 30 ശതമാനം വളർച്ച. എന്നാൽ ഒരു വിദേശ മലയാളിയെങ്കിലും ഉള്ള ഒരു കുടുംബങ്ങളുടെ എണ്ണം 1999 ൽ 24 ശതമാനം എന്നത് 2004 ൽ 26 ശതമാനമായി മാത്രമെ വർധിച്ചുള്ളു. 2 ശതമാനം മാത്രം വളർച്ച. പുറം രാജ്യങ്ങളിൽ പണിയെടുക്കുന്നവർ ആരും തന്നെ ഇല്ലാത്ത കുടുംബങ്ങൾ 1990 ൽ 48.39 ലക്ഷമായിരുന്നത് 2004 ൽ 51.08 ലക്ഷമായി വർധിച്ചു. ഇതിൽ നിന്നും പ്രകടമാകുന്ന വസ്തുത പുതുതായി വിദേശത്ത് പോകുന്നവർ മിക്കവാറും മുമ്പേ പോയവരുടെ ബന്ധുക്കൾ തന്നെയാണെന്നതാണ്. ( ശാസ്ത്രഗതി 2006 പി.സുരേഷ് ലക്കം 5 , പേജ് 13. )
വികസനത്തിന്റെ ഈ ചട്ടക്കൂട് പരിശോധിക്കുമ്പോൾ അത്ര മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്വാശ്രയത്വമല്ല വരുന്നതെന്ന് മനസ്സിലാക്കാൻ പറ്റും .

പ്രവാസം എന്ന യാഥാർത്ഥ്യം ലോകത്ത് ഏറ്റവും അസന്തുഷ്ടമായ മാനസിക പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. ചരിത്രത്തിന്റെയും മാനവരാശിയുടെയും ബഹുമുഖമായ അവസ്ഥാ ഭേദങ്ങൾ പ്രവാസത്തെചുറ്റിപ്പറ്റി രൂപപ്പെടുന്നുണ്ട് അത് ഒരു സാംസ്കാരിക സമന്വയമായി മനുഷ്യന്റെ ചിന്താധാരകൾക്ക് മുമ്പിലേക്ക് വരുന്നു. ഏറെ സങ്കീർണ്ണമായ വർത്തമാന സമസ്യകൾക്ക് മുമ്പിൽ നിൽക്കുമ്പോഴും മനുഷ്യന്റെ ഒടുങ്ങാത്ത അഭിവാഞ്ചയുടെ ആശാസങ്കേതമായി പ്രവാസിയും പ്രവാസിയുടെ ലോകവും മാറുന്നു എന്നത് ശുഭ സൂചകമാണ്. ഏറെ ഗവേഷണങ്ങൾക്കും ചിന്തകൾക്കും ആധാരമായി തീരേണ്ട ഒന്നാണ് പ്രവാസിയുടെ മനസ്സും പ്രവാസവും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…