ഈ ലോകം അളിഞ്ഞ ഒരു ലോകമല്ല. ദൈവം നിറഞ്ഞുനിൽക്കുന്നതാണ്. ബുദ്ധന്റെ വാക്കുകളിൽ പറഞ്ഞാൽ ശൂന്യത നിറഞ്ഞത്. എന്തെങ്കിലും ഒന്ന് അളിഞ്ഞതായി ഇവിടെയുണ്ടെങ്കിൽ അതു നിങ്ങളുടെ മനസ്സത്രെ. അതെ, അളിഞ്ഞ ഒരു മനസ്സുകൊണ്ട് സ്നേഹത്തെ കണ്ടെത്തുക വളരെ പ്രയാസമാകുന്നു. പ്രേമം ആത്മീയമോ ഭൗതികമോ അല്ല. പ്രേമം ലളിതമായി പ്രേമം മാത്രമാകുന്നു.
സ്നേഹമെന്നാൽ ജീവിതം ഇതരനുമായി പങ്കുവെക്കലിന്റെ ആനന്ദം എന്നത്രെ. ശരീരമാകാം പങ്കുവെയ്ക്കപ്പെടുന്നത്, സത്തയുമാകാം. പ്രേമമെന്നത് പങ്കുവെക്കൽ ആകുന്നു; എന്താണ് പങ്കുവെയ്ക്കുന്നത് എന്നതല്ല, ആകയാൽ എല്ലാ പ്രേമവും വെറും പ്രേമം മാത്രമാകുന്നു
ഇങ്ങനെ പറയാൻ എന്നെ അനുവദിക്കുക, സർവ്വവും സ്വപ്നമാകുന്നു. പക്ഷെ, നിങ്ങൾക്ക് ബോധപൂർവ്വം ആസ്വദിക്കാനാവുമെങ്കിൽ,
ആനന്ദം സ്വപ്നമല്ല. ആ ആനന്ദമത്രെ എല്ലാ മതങ്ങളുടേയും ലക്ഷ്യം.
എല്ലാം സ്വപ്നമാണെന്നിരിക്കിൽ നിങ്ങൾക്ക് കൂടുതൽ ആനന്ദിക്കാൻ പറ്റിയേക്കും. അപ്പോൾ ഒന്നുമേ ആകുലപ്പെടേണ്ടതില്ല. വിജയമാണുള്ളതെങ്കിൽ നല്ലത്. പരാജയമാണ് വരുന്നതെങ്കിലും നല്ലത്.
ദൈവത്തിന്റെ വേരുകൾ പദാർത്ഥത്തിലാകുന്നു. പദാർത്ഥത്തിന് എതിര് നിൽക്കാതിരിക്കുക. ഒരിക്കൽ നിങ്ങൾ പദാർത്ഥപരമെന്നും ആത്മീയമെന്നും വിഭജനമുണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ എന്നും നിങ്ങളൊരു സ്കീസോ ഫ്രാനിക് ആയിരിക്കും.
ഭൂമിയും ആകാശവും ഒരിടത്തും സംഗമിക്കുന്നില്ല. അവ രണ്ടല്ലാത്തതിനാലാകുന്നു അവയ്ക്ക് സംഗമിക്കുവാനാവാത്തത്. ആകാശത്തിന്റെ ഇടങ്ങളുടെ പദാർത്ഥരൂപം മാത്രമത്രെ ഭൂമി. ആകാശക്കടലിലെ ഒരലമാത്രമാകുന്നു അത്.
എപ്പോഴും ഓർമ്മിക്കുക, പ്രപഞ്ചം അജ്ഞേയമത്രെ, പൂർണ്ണമായും. കാരണം അത് ജീവനുള്ളതാകുന്നു. വിശകലനം മരണത്തിലെത്തിക്കുന്നത്. ഇതുകൂടി ഓർക്കുക, മരണപ്പെട്ട സംഗതികളെ മാത്രമെഅറിയാനാവുകയുള്ളൂ. ജീവിതം, അജ്ഞാതവും അജ്ഞേയവുമായി തന്നെയിരിക്കുന്നു. കൊല ചെയ്യപ്പെട്ട സംഗതികളെ മാത്രമേ അറിയാനാവുകയുള്ളു. അതുകൊണ്ട് , ഒരിക്കലും അറിവിനെ തേടാതിരിക്കുക. അല്ലെങ്കിൽ നിങ്ങളൊരു കൊലപാതകിയായിതീരും. അതാണ് ശാസ്ത്രം ചെയ്തുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ എല്ലാ പരീക്ഷണശാലകളിലും അവർ പ്രകൃതിയെ കൊലചെയ്തു കഴിഞ്ഞു. കൊല ചെയ്തുകൊണ്ടേയിരിക്കുന്നു. അക്രമത്തെ മൂടിവെക്കാനുള്ള മനോഹരമായ ഒരുപാധിയാണ് ശാസ്ത്രം.
ആന്തരികതയ്ക്ക് അതിരുകളില്ല. ആലംബങ്ങളില്ല. തൂണുകളില്ല. അത് അന്തമായ ഇടമത്രെ. വിശുദ്ധമായ ഇടം. നിശ്ശൂന്യത. അവിടെ ആരുമില്ല. അത് പൂർണ്ണനിശബ്ദം. ഒരു ശബ്ദവും അതിനെ ഒരിക്കലും തുളച്ചു കയറിയിട്ടില്ല. നിങ്ങളുടെ ആന്തരതീരങ്ങളിൽ ഒരാളും ഒരിക്കലും നടന്നുപോയിട്ടില്ല. അവിടെ കാല്പാടുകളില്ല. അവിടം ഒരു കന്യാഭൂമി. നിങ്ങൾ അകത്തേക്കുപോകുമ്പോൾ നിങ്ങളുടെ മനസ്സ് ആയിരക്കണക്കിനു ചിന്തകളെ കെട്ടഴിച്ചുവിടുന്നു. പൊടുന്നനെ ചിന്തക്ക് വേണ്ടി ഒരൂർജ്ജപ്രവാഹം ആവിർഭവിക്കുന്നു. അത് ഒരക്ടോപസ് തനിക്കുചുറ്റും കറുത്തിരുണ്ട മഷിതൂവിപ്പൊതിയും പോലെയാകുന്നു. തങ്ങൾക്ക് ആന്തരികമായ ശൂന്യത ദൃശ്യമാകാത്തവിധം ഒരു കാർമേഘങ്ങളുണ്ടാക്കുക. നിങ്ങൾക്ക് സത്യത്തിൽ കാണുവാനുള്ള ഉത്സുകതയില്ല. ഉള്ളിലേക്ക് കാണുക എന്നാൽ സ്വയം മരിക്കുക എന്നതത്രെ. ഞാൻ എന്നതിന്റെ മരണം.