സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും (2)

ഷൗക്കത്ത്

ഗുരുവിന്റെ ദര്‍ശനസമഗ്രത
ഗുരുവിന്റെ ദര്‍ശനങ്ങളെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആകവേ പടര്‍ന്നു കിടക്കുന്ന മൂല്യങ്ങളെ നാലായി പിരിച്ചുവയ്ക്കാമെന്നുതോന്നുന്നു. അലിവുള്ളവരാകുക, നന്ദിയുള്ളവരാകുക, ഭക്തിയുള്ളവരാകുക, അറിവുള്ളവരാകുക എന്ന തരത്തില്‍ ആ കാഴ്ച ജീവിതത്തെ പുണര്‍ന്നു നില്ക്കുന്നതാണ് ഗുരുവില്‍ കാണാന്‍ കഴിയുന്നത്.

അലിവുള്ളവരാകുക
ജീവിതത്തെ നമുക്ക് പലരീതിയില്‍ നോക്കിക്കാണം. ഉയര്‍ന്ന ദാര്‍ശനികമണ്ഡലത്തില്‍ നിന്നുകൊണ്ട് കാണാം. തികച്ചും വൈകാരികമായി കാണാം. മതപരമായി കാണാം. രാഷ്ട്രീയമായി കാണാം. ഏതെങ്കിലും ചിന്താപദ്ധതിയുടെ കണ്ണിലൂടെ കാണാം. ഒരു ഭാഗത്തുനിന്നു നോക്കുമ്പോള്‍ മറ്റു പല ഭാഗങ്ങളും മറഞ്ഞുപോകുകയെന്നത് കാഴ്ചയുടെ സ്വാഭാവികാവസ്ഥയാണ്. പലപ്പോഴും നമ്മുടെ ദാര്‍ശനികലോകത്തിനു് ഈ അന്ധത്വം സംഭവിച്ചിട്ടുള്ളതുകൊണ്ടാണ് വീണ്ടുംവീണ്ടും പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടേണ്ടി വന്നത്. പല ദര്‍ശനങ്ങള്‍ സംഭവിക്കുന്നത് ഒരു ന്യൂനതയല്ലെങ്കിലും ദര്‍ശനങ്ങളിലെല്ലാം അന്തര്‍ധാരയായിരിക്കേണ്ട കാരുണ്യമെന്ന സത്ത നഷ്ടപ്പെട്ടു പോകുന്നെങ്കില്‍ അതിനേക്കാള്‍ വലിയ ഹിംസയില്ലെന്നാണു് നാരായണഗുരുവിനെപ്പോലുള്ളവര്‍ പറയുന്നതു്. അനുകമ്പാദശകം, ജീവകാരുണ്യപഞ്ചകം, അഹിംസ തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയുടെ അതിപ്രസരത്തില്‍ നഷ്ടപ്പെട്ടുപോയ ഈ ഹൃദയത്തെയാണ്.

അരുളില്ലയതെങ്കിലസ്ഥിതോല്‍സിര നാറുന്നൊരുടമ്പുതാനവന്‍
മരുവില്‍പ്രവഹിക്കുമംബുവപ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം
എന്നാണ് അനുകമ്പാദശകത്തില്‍ ഗുരു പറയുന്നത്. അരുളിന്റെ, കാരുണ്യത്തിന്റെ സ്പര്‍ശമില്ലാത്ത ദര്‍ശനം അതെത്ര ബൗദ്ധികമായി ഔന്നത്യം പുലര്‍ത്തിയാലും നിരര്‍ത്ഥകമാണെന്നാണ് ഗുരു പറയുന്നത്. അസ്ഥിയും തോലും ഞരമ്പും നിറഞ്ഞ നാറുന്ന വെറും ശരീരംപോലെയും മരുഭൂമിയിലുണ്ടെന്നു തോന്നുന്ന ജലാശയംപോലെയും കായും മണവുമില്ലാത്ത പൂവുപോലെയുമാണ് ആ ജീവിതമെന്നാണ് അദ്ദേഹം വിലപിക്കുന്നത്. കാരുണ്യത്തില്‍നിന്നേ ജീവിതരസം ഉണര്‍ന്നുവരൂവെന്നും അന്‍പില്ലാത്ത ഹൃദയം എല്ലാ പ്രശ്‌നങ്ങളുടെയും ഇരിപ്പിടമാണെന്നും അറിവില്ലായ്മയും അവിവേകവും കാരുണ്യത്തെ അകറ്റുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും അതു കാരണമായിത്തീരുമെന്നും എല്ലാ തിന്മകള്‍ക്കും ബീജമായിരിക്കുന്നത് ഈ അരുളില്ലായ്മയല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു.
ഒരു മനുഷ്യജീവിയെന്ന് നമ്മെ അനുഭവിപ്പിക്കുന്നത് അരുളാണ്. മന്ത്രങ്ങളുടെ ലോകങ്ങളില്‍ വിലയിക്കുമ്പോഴും നന്മയുടെ ലോകങ്ങള്‍ വിടര്‍ന്നുവരാതിരിക്കുന്ന ബോധങ്ങളോട് ഗുരു പറയുന്നത് ‘അരുളുള്ളവനാണ് ജീവി’ എന്ന നവാക്ഷരീമന്ത്രത്തെ ധാരമുറിയാതെ ജപിക്കാനാണ്. ഹൃദയവിമലീകരണത്തിന്റെ ആ പുണ്യഭൂമിയിലാണു് തുടര്‍ജീവിതത്തിനുള്ള വിത്തുകള്‍ പാകേണ്ടത്.
വളക്കൂറുള്ള മണ്ണില്‍ വിത്തിട്ടാലെ സമയമാകുമ്പോള്‍ സമൃദ്ധിയുണ്ടായി വരൂ എന്ന യാഥാര്‍ത്ഥ്യം ബോധത്തിന്റെ കാര്യത്തിലും സത്യമാണ്. അലിവിന്റെ നാദതരംഗങ്ങള്‍ കോശങ്ങളില്‍ ധ്വനിച്ചു തുടങ്ങിയാലേ ജീവിതത്തിനോടുള്ള കൃതജ്ഞത ജീവനില്‍ സജീവമാകുകയുള്ളൂ. ആ കൃതജ്ഞതയുടെ ലോകമാണ് ഗുരുവിന് ഇനി നമ്മോടു പറയാനുള്ളത്.

നന്ദിയുള്ളവരാകുക
കൃതജ്ഞതയില്ലാത്ത ബോധത്തില്‍ സത്യദര്‍ശനമുണ്ടാവില്ല. ഉള്ളതിന്റെ മഹത്വമറിയലാണത്. നാം ഇപ്പോള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതു് എത്രമാത്രം യാദൃച്ഛികവും അനുഗൃഹീതവുമാണെന്ന് അറിയുന്നിടത്ത് ഉണരുന്ന അറിവാണത്. നാരായണഗുരു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മാംസപിണ്ഡമായി കിടക്കുന്ന കാലത്തെ സ്മരിച്ച് എഴുതിയ മഹത്തായ കൃതിയാണ് പിണ്ഡനന്ദി. ഒരു മാംസപിണ്ഡം പൊരുളിനോട് നന്ദിപറയുന്നു. എത്ര നനവാര്‍ന്ന പ്രാര്‍ത്ഥനയാണത്. അല്ലയോ ശംഭോ, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു മാംസപിണ്ഡമായി ഞാന്‍ കഴിയുന്നകാലത്ത് എത്ര കരുതലോടെയാണ് നീയെന്നെ വളര്‍ത്തിയത്. നിന്റെ കല്പനപോലെയാണ് എല്ലാം സംഭവിക്കുകയെന്നറിഞ്ഞിട്ട് എല്ലാം ആ ആത്മകാരുണ്യത്തില്‍ ഞാന്‍ അര്‍പ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആ കൃതജ്ഞത ആരംഭിക്കുന്നത്.
അണ്ഡവും ബീജവുംകലര്‍ന്ന് പ്രാണന്റെ അനുഗ്രഹവുംനിറഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതനായി ഞാന്‍ കഴിഞ്ഞു. അന്നവിടെ എന്റെ മാതാവിനും പിതാവിനും ഒന്നും ചെയ്യാനില്ലായിരുന്നു. എന്റെ താതാ, നിന്റെ കരുതല്‍ ഒന്നുകൊണ്ടുമാത്രമാണു് ഞാന്‍ വളര്‍ന്നത്.
മണ്ണ്, ജലം, തീയ്, ആകാശം, കാറ്റ് എന്നീ പഞ്ചഭൂതാത്മകതയില്‍നിന്നും രൂപപ്പെടുത്തി, അതില്‍ ജീവസ്പന്ദത്തെ നിറച്ച്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്, എല്ലാ തരത്തിലുള്ള അപകടങ്ങളില്‍നിന്നും എത്ര കരുതലോടെയാണ് നീ എന്നെ സംരക്ഷിച്ചത്.
തുടക്കങ്ങളെല്ലാം മറക്കുകയെന്നത് മനുഷ്യന് സ്വാഭാവികമാണ്. അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും ബലത്തിന്റെയും ധനത്തിന്റെയുമെല്ലാം ശക്തിയില്‍ ജീവിതം മൂന്നോട്ടൊഴുകിയപ്പോള്‍ ജീവിതത്തെ നിയന്ത്രിക്കുന്നതും കാക്കുന്നതും ബന്ധുക്കളും ബലവും ധനവുംതന്നെയാണെന്ന് ഞങ്ങളുറപ്പിച്ചു. ഉറങ്ങുകയും ഉണരുകയും സ്വപ്നംകാണുകയുമൊക്കെചെയ്ത് ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ ഒരിക്കലുമുറങ്ങാതെ ജീവനെ കാത്തുപോരുന്ന പ്രാണശക്തിയെ ഞങ്ങള്‍ കാണാതെപോയി. അല്ലെങ്കില്‍ മറന്നുപോയി.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ബന്ധുബലമോ ധനബലമോ ശക്തിബലമോ ഇല്ലാതെ എല്ലാ അര്‍ത്ഥത്തിലും അബലയായി കിടന്നിരുന്നപ്പോള്‍ യാതൊരു സുരക്ഷിതത്വത്തിന്റെ ബലത്തിലാണോ ഞാന്‍ പുലര്‍ന്നത് എന്നൊന്നറിഞ്ഞാല്‍ ആശ്ചര്യംകൊണ്ടു നാം മൗനികളായിപ്പോകും. ആ പരംപൊരുളിന്റെ മഹാകാരുണ്യമാണ് ഇതെന്നറിഞ്ഞാല്‍ പിന്നെ അന്ധത്വമാര്‍ന്ന ധാരണകളില്‍നിന്ന് മനസ്സ് മുക്തമാകും. അങ്ങനെയുള്ള കൃതജ്ഞതയാല്‍ ഹൃദയം വികസിക്കാനുള്ള അനുഗ്രഹം തന്നു കനിയണേ തമ്പുരാനേ എന്നാണ് ഗുരു പ്രാര്‍ത്ഥിക്കുന്നത്.
ഒന്‍പതുമാസം എത്ര ശ്രദ്ധയോടെയാണ് നീ എന്നെ മരണത്തിലകപ്പെടാതെ കാത്തത്. ഇന്നു ഞാന്‍ വളര്‍ന്നു വലുതായപ്പോള്‍ അതെല്ലാം മറന്നുപോയി. ഇപ്പോള്‍ ഞാനെന്റെ ആ ഗര്‍ഭകാലത്തേക്കൊന്നു തിരിച്ചുപോയി അമ്മയുടെ ഗര്‍ഭപാത്രത്തിലൊന്നു കിടന്നുനോക്കുമ്പോള്‍ നിന്റെ കാരുണ്യത്തിന്റെ മഹിമയോര്‍ത്ത് കരഞ്ഞുപോവുകയാണ്. ഹൃദയം വിതുമ്പിപ്പോവുകയാണ്. അത്രമാത്രം നിസ്സഹായനായിരുന്നിട്ടും ഞാനന്നു് പുലര്‍ന്നെങ്കില്‍ ചെറിയൊരു പ്രയാസംവരുമ്പോള്‍ എനിക്കാരുമില്ലെന്നു വിലപിക്കുന്ന ഇന്നത്തെയെന്റെ വിലാപം എത്ര അപമാനകരമാണ്. മോക്ഷം എന്നത് അത്ര അത്യാവശ്യമാണെങ്കില്‍ ധന്യമായ ലോകങ്ങളെ കാണാതെ വിലപിക്കുന്ന മനസ്സില്‍നിന്നാണ് അതു വേണ്ടതെന്നാണ് ഗുരുവിന്റെ പിണ്ഡനന്ദി വായിക്കുമ്പോള്‍ തോന്നുക.
നന്മതിന്മകള്‍ക്കെല്ലാം അധിഷ്ഠാനമായിരിക്കുന്ന ഏതോ പൊരുളിന്റെ കരുതലിലും തീരുമാനത്തിലുമാണ് ജീവിതം മുന്നോട്ടൊഴുകുന്നത് എന്നൊരറിവിലേക്കാണ് ഗുരുക്കന്മാരായ ഗുരുക്കന്മാരെല്ലാം നമ്മെ കൊണ്ടുപോകുന്നത്. ആ അറിവില്‍ നിറഞ്ഞിരിക്കുന്ന ബോധത്തിനു പിന്നെ അര്‍ത്ഥനകളൊന്നുമുണ്ടാവില്ല. സംഭവിക്കുന്നതിനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാര്‍ജ്ജിക്കുകയാകും അവിടെ പിന്നെ വേണ്ടതു്. എന്നാലും ജീവിതത്തിന്റെ ഗതിവിഗതികളില്‍പെട്ട് നട്ടംതിരിയുമ്പോള്‍ നാം അറിയാതെ പ്രാര്‍ത്ഥിച്ചുപോകും; ശംഭോ, എന്റെ ദുരിതങ്ങള്‍ക്കെല്ലാം ഒരറുതി വരുത്തണേ എന്ന്. നീയല്ലാതെ മറ്റാരാണ് അതു ചെയ്തു തരികയെന്ന ആ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നമ്മെ കൂടുതല്‍ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.

ഭക്തിയുള്ളവരാകുക
വൈകാരികതയില്ലാത്ത അറിവും അറിവില്ലാത്ത വൈകാരികതയും മനുഷ്യസമൂഹത്തിലുണ്ടാക്കിയ വരള്‍ച്ചയും അക്രമവും നന്നായി ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു നാരായണഗുരു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഭക്തിദര്‍ശനങ്ങള്‍ ജ്ഞാനാഗ്‌നിയുള്ളതായി മാറിയത്. ദൈവദശകമെന്ന കുഞ്ഞു പ്രാര്‍ത്ഥനമാത്രം മതി ഉദാഹരണം. ദൈവമേ എന്നു തുടങ്ങി സുഖം എന്നവസാനിക്കുന്ന ആ പത്തു ശ്ലോകങ്ങളുള്ള ദാര്‍ശനികപ്രാര്‍ത്ഥനയില്‍ ഹൃദയത്തിന്റെയും ബുദ്ധിയുടെയും പാരസ്പര്യത്തിന്റെ നിറവില്‍ ഉണര്‍ന്നുവരുന്ന ആനുഭൂതികതയാണ് നാം അനുഭവിക്കുന്നത്.
ആഴിയും തിരയും കാറ്റും ആഴവുംപോലെയാണ് ഞങ്ങളും മായയും നിന്‍മഹിമയും നീയും എന്ന് എനിക്കു മനസ്സിലാകണം ദൈവമേ.. എങ്കിലേ സുഖം എന്ന സഹജാവസ്ഥയില്‍ എനിക്ക് സ്ഥിതപ്രജ്ഞനാകാനാവൂ എന്നാണ് അദ്ദേഹം ദൈവദശകത്തിലൂടെ പറയുന്നത്. കടലില്‍നിന്നും അന്യമല്ലാതിരിക്കുന്നതാണ് തിരയും ആഴവും എന്ന് മറന്നുപോയതാണ് നമ്മുടെ ദുഃഖങ്ങള്‍ക്ക് അധിഷ്ഠാന കാരണമെന്നാണ് ഗുരു പറയുന്നത്.
പഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ അനുഭവിച്ച ഞങ്ങള്‍ക്ക് ലോകം പലതായിരിക്കുന്നതായാണ് തോന്നിയത്. കണ്ണുകൊണ്ട് അതിനെ കണ്ടു. കാതുകൊണ്ട് അതിനെ കേട്ടു. കൈകൊണ്ട് അതിനെ തൊട്ടു. നാക്കുകൊണ്ട് അതിനെ രുചിച്ചു. ഇതെല്ലാം ഒന്നിനെത്തന്നെയായിരുന്നുവെന്ന് അനുഭവത്തിനൊപ്പം നിന്നപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായില്ല. കടലുപോലെ ഞങ്ങളങ്ങനെ പടര്‍ന്നു പന്തലിച്ച് കിടക്കുകയായിരുന്നു. തിരയിലേക്കു നോക്കുമ്പോള്‍ കടല്‍ മറയുകയും കടലിലേക്കു നോക്കുമ്പോള്‍ തിര മറയുകയും ചെയ്യുന്നതുപോലെയാണ് ഞങ്ങളുടെ ലോകാനുഭവവും.
ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും കണ്ണിലൂടെ ലോകത്തെ അനുഭവിക്കുമ്പോള്‍ ഞങ്ങള്‍ എന്ന സമഗ്രമായ അനുഭവം മാഞ്ഞുപോയിട്ട് അവിടെ അത്, ഇത് എന്ന വിഭജനങ്ങളാണ് സംഭവിക്കുന്നത്. ഈ വേര്‍തിരിച്ചുള്ള കാഴ്ചയെയാണ് മായയെന്ന് ഗുരു പറയുന്നത്. അത് ആഴിയും തിരയും വെള്ളംതന്നെ ആയിരിക്കുമ്പോഴും ആ സത്യത്തിലേക്കുണരാതെ രണ്ടും രണ്ടായിരിക്കുന്നു എന്നു ധരിക്കുന്നതുപോലെയാണ്. കാറ്റുണ്ടാകുമ്പോഴാണ് തിരമാലയുണ്ടാകുന്നത്. അതുപോലെ നിശ്ചലമായികിടക്കുന്ന ബോധാകാശത്തില്‍ ചലനമുണ്ടാകുമ്പോഴാണ് നാമരൂപാത്മകപ്രപഞ്ചം വിരിഞ്ഞുവരുന്നത്. അതു് അതേ നിശ്ചലമായ പൊരുളിന്റെ ആവിഷ്‌ക്കാരമായതുകൊണ്ടാണ് ദൈവത്തിന്റെ മഹിമയാണ് മായയായിരിക്കുന്നതെന്ന് ഗുരു പറയുന്നത്. ഇതെല്ലാം നമുക്ക് ബോദ്ധ്യമാവുക ആഴത്തിലേക്കു പ്രവേശിക്കുമ്പോഴാണ്.
കടലിന്റെ ആഴം നിശ്ചലവും മൗനഘനാമൃതാബ്ധിയുമാണ്. ആ നിശ്ചലതയില്‍ നിമീലിതമാകുമ്പോഴാണ് കടലെന്നു പറയുന്നതും തിരയെന്നെണ്ണുന്നതുമെല്ലാം ജലമല്ലാതെ മറ്റൊന്നുമല്ലെന്ന അനുഭൂതിയുണ്ടാകുക. അതുപോലെ ബോധത്തിന്റെ മദ്ധ്യബിന്ദുവായിരിക്കുന്ന കരുവിലമരുമ്പോഴാണ് നാമരൂപാത്മകമായ പ്രപഞ്ചങ്ങളെല്ലാം ഒരേ പൊരുളിന്റെ ഭാവാവിഷ്‌ക്കാരമാണെന്ന് നാമറിയുക. കടലിന്റെ ആഴംപോലെയാണ് ദൈവമേ നീ ഞങ്ങളില്‍ കരുവായിരിക്കുന്നത് എന്നാണ് ഗുരു പറയുന്നത്. ഈ ഒരറിവിലേക്ക് ബോധത്തെ നയിക്കണേ എന്നാണ് ഗുരു പ്രാര്‍ത്ഥിക്കുന്നത്.
തരണേ തരണേ എന്ന് അര്‍ത്ഥിച്ചുമാത്രം ശീലമുള്ള നമ്മോട് ഗുരു പറയുന്നത് ഇനി കിട്ടിയതില്‍ നന്ദിയുള്ളവരാകാനാണ്. അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ; ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്നാണദ്ദേഹം പ്രാര്‍ത്ഥിക്കുന്നത്. ഇപ്പോള്‍, ഇവിടെ നമ്മള്‍ ആരോഗ്യത്തോടെ, ജീവനോടെ ഇരിക്കുന്നെങ്കില്‍ അതിനു കാരണമായ അന്നം പ്രാണനായും മറ്റും യാതൊരു പൊരുളില്‍നിന്നാണോ ലഭിക്കുന്നത് ആ ഊര്‍ജ്ജത്തോട് നന്ദിയുള്ള ബോധത്തോടെ ഇരിക്കുക എന്നതാണ് ഏറ്റവും ഉദാത്തമായ പ്രാര്‍ത്ഥന.

ഇങ്ങനെ തികച്ചും ജ്ഞാനാധിഷ്ഠിതിമായ ഒരു അന്തര്‍പ്രവാഹമായാണ് ദൈവദശകം വിരിഞ്ഞു വരുന്നത്. പ്രാര്‍ത്ഥന ചൊല്ലി അവസാനിക്കുമ്പോള്‍ കലുഷമായിരുന്ന ബോധം തെളിഞ്ഞു വരുന്ന അനുഭവം. ഒന്നും വേണ്ട, ഈ സമാധാനത്തിലിങ്ങനെ ഇരുന്നാല്‍മതി എന്ന തോന്നല്‍. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളോടൊക്കെയുള്ള അടങ്ങാത്ത പ്രണയം. ഹൃദയവും കണ്ണും നിറഞ്ഞുതൂവുന്ന അനുഭൂതി. ഇതൊക്കെയാണ് നമ്മില്‍ വന്നുനിറയുക. അതാണ്, അതുമാത്രമാണ് പ്രാര്‍ത്ഥനയെന്ന് അവിടെയാണ് നാം അനുഭവിക്കുന്നത്.

ഇല്ലാതമായയിടും ഉല്ലാസമൊന്നുമറിവല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാത ശൂന്യമിതെല്ലാമൊരാദിയറിവാം
തല്ലാഘവംപറകിലില്ലാരണംക്രിയകള്‍ മല്ലാടുകില്ലമതിയീ
സല്ലാപമൊന്നുമതിയെല്ലാവരുംതിരയും ഉല്ലാഘബോധജനനീ.
എന്നാണ് ജനനീനവരത്‌നമഞ്ജരിയില്‍ ഗുരു പ്രാര്‍ത്ഥിക്കുന്നത്. ആത്മീയത വേദഹോമമന്ത്രാദികര്‍മ്മങ്ങളിലും വാദകോലാഹലങ്ങളിലും മുങ്ങിപ്പോയതുകണ്ട് അതിനെ മൂല്യനവീകരണംചെയ്‌തെടുക്കാനുള്ള വഴികളന്വേഷിച്ച ഒരു മനസ്സിന്റെ ശുദ്ധമായ തിരിച്ചറിവാണ് ഈ ശ്ലോകത്തില്‍ ഒളിമിന്നുന്നത്. ഇവിടെ ഉള്ളതായി അനുഭവപ്പെടുന്ന ഈ പ്രപഞ്ചം അറിവല്ലാതെ മറ്റൊന്നുമല്ല. ഇത് ലളിതമായി മനസ്സിലാക്കാനായാല്‍ പിന്നെ അന്ധവിശ്വാസജടിലമായ ആചാരാനുഷ്ഠാനങ്ങളും വെറും താര്‍ക്കികമായ ലോകത്ത് കറങ്ങുന്ന ബുദ്ധിവൃത്തിയും അപ്രസക്തമാകും. അല്ലയോ ബോധപ്രകാശമേ, എല്ലാ ജീവനും ആരായുന്ന ആ സത്തായിരിക്കുന്ന ഉണര്‍വ്വു മാത്രം മതി എനിക്ക് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍.

അറിവുള്ളവരാകുക
നാരായണഗുരു തര്‍ക്കത്തിന്റെ വക്താവായിരുന്നില്ല. ഇതു ശരി ബാക്കിയെല്ലാം തെറ്റു് എന്നു പറയുന്ന ഏതെങ്കിലും ദര്‍ശനത്തിന്റെ പ്രചാരകനുമായിരുന്നില്ല. ഏതെങ്കിലും ഇസത്തിന്റെ സ്ഥാപകനുമായിരുന്നില്ല. ജീവിതത്തെ എല്ലാ വിഭാഗീയതകളില്‍നിന്നും മുക്തമാക്കാന്‍ സഹായിക്കുന്ന ഉള്‍വെളിച്ചത്തെ ലളിതമായ വാക്കുകളിലൂടെയും സ്വജീവിതത്തിലൂടെയും അദ്ദേഹം നമുക്കു പകര്‍ന്നു നല്കി. എല്ലാ മഹാത്മാക്കള്‍ക്കും സംഭവിച്ച ദുരന്തം കാലശേഷം അദ്ദേഹത്തിന്റെ പേരിലും സംഭവിച്ചെങ്കിലും ആ ദര്‍ശനമഹിമയില്‍ നിറഞ്ഞുജീവിക്കുന്നവര്‍ ഇല്ലാതായിട്ടില്ല. ഒരു കാലത്തും ഇല്ലാതാവുകയുമില്ല.
മനുഷ്യജീവിതത്തെ സ്‌നേഹമസൃണമാക്കാന്‍ സംഭവിച്ച മതങ്ങളെല്ലാം അക്രമത്തിന്റെയും ചൂഷണത്തിന്റെയും ലോകങ്ങളില്‍ അഴിഞ്ഞാടുന്ന ഒരു കാലഘട്ടത്തിലാണു് നാം ജീവിക്കുന്നതു്. എവിടെ നോക്കിയാലും അസഹിഷ്ണുതയുടെയും അരാജകത്വത്തിന്റെയും ഇരുള്‍ച്ചുഴികള്‍ മാത്രം. എല്ലാവര്‍ക്കും അവരവരുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ആവശ്യത്തിലധികം പ്രമാണങ്ങളുണ്ടു്. എന്നാല്‍ ‘ഞാന്‍’ എന്നും ‘നീ’ എന്നും പറഞ്ഞു് പരസ്പരം തല്ലിച്ചാകുന്ന മനുഷ്യരെ കാണുമ്പോള്‍ ഈ ഭൂമിയില്‍ മനുഷ്യന്‍ ഇല്ലാതിരുന്നെങ്കില്‍ മിണ്ടാപ്രാണികളായ ജീവികള്‍ക്കു് അവരുടെ ജന്മാവകാശമായ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കാമായിരുന്നല്ലോ എന്നു് നാരായണഗുരു പറഞ്ഞ വാക്കുകളാണു് ഓര്‍മ്മ വരുന്നതു്.
മനുഷ്യന്‍ ജീവിതത്തെ സ്വയം നശിപ്പിക്കുന്നതു കണ്ട ഒരു ഹൃദയത്തിന്റെ വിലാപമാണിതു്. ഇവിടെയാണു് മനുഷ്യനെ ഏറെ സ്വാധീനിച്ചിരിക്കുന്ന, അപകടകരമായ രീതിയില്‍ സ്വാധീനിച്ചിരിക്കുന്ന മതത്തിന്റെ അന്തസത്തയിലേക്കു വെളിച്ചം വീശുന്ന ഗുരുവിന്റെ വാക്കുകള്‍ ഒന്നുകൂടി ധ്യാനിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നതു്. നൂറുശ്ലോകങ്ങളടങ്ങിയ ‘ആത്മോപദേശശതകം’ എന്ന ദാര്‍ശനികകൃതിയിലാണു് ഗുരു മതത്തെ അവതരിപ്പിക്കുന്നതു്. വികാരാവേശത്തിന്റെ രോഗാതുരതയില്‍നിന്നു് ഇറങ്ങിവന്നു് ഈ വാക്കുകളിലൂടെ ഹൃദയത്തെ സഞ്ചരിപ്പിക്കാമെങ്കില്‍ ഇനിയും കലഹത്തിന്റെ ഇരുളിലേക്കു് നാം വീണുപോകാതിരിക്കും.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.(സകല മനുഷ്യരും ആത്മസുഖം കൈവരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്‌നം എല്ലാ തരത്തിലും ഇവിടെ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ലോകത്തില്‍ ഈ മതം ഒന്നുതന്നെയാണു്. ഇത്തരത്തില്‍ ചിന്തിച്ചു മനസ്സിലാക്കി കാലുഷ്യങ്ങളില്‍ ചെന്നുപെടാതെ മനസ്സിനെ നിയന്ത്രിച്ചു കൊള്ളേണ്ടതാണു്.)
സമൂഹജീവിയായ മനുഷ്യനെ സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്യുന്നതു് വ്യക്തി താല്പര്യങ്ങളേക്കാള്‍ സാമൂഹ്യതാല്പര്യങ്ങളാണു്. സംഘത്തിന്റെ പൊതുതാല്പര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും അവന്റെ ബുദ്ധി അന്ധമായിപ്പോകുന്നു. ആകെ മനുഷ്യരുടെ ആവേശങ്ങള്‍ക്കിടയില്‍ അവന്റെ ഹൃദയസ്വരം അടഞ്ഞുപോകുന്നു. ആവേശത്തിനടിപ്പെട്ടു് അക്രമാസക്തരാകുന്ന മനുഷ്യര്‍ ഏകാന്തതകളില്‍ ചെയ്തുപോയ തെറ്റിനെയോര്‍ത്തു് വിലപിക്കാതിരിക്കുകയില്ല. വിഭാഗീയതയുടെ കാലുഷ്യംബാധിച്ച ബോധങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്കു നയിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ അവരെ ഉപദേശിക്കാന്‍ ശ്രമിക്കാതെ ഒന്നു നടക്കാന്‍ ക്ഷണിക്കാനാണു് ഗുരു നിത്യ പറയുക.
വെറുതെ കടല്‍ത്തീരത്തോ മലമുകളിലോ അവരോടൊപ്പം നടക്കാന്‍ പോകുക. ഒന്നും സംസാരിക്കേണ്ട. ആകാശവിശാലതയും മന്ദമാരുതനും അവരോടു സംസാരിച്ചുകൊള്ളും. നാം വെറുതെ അവര്‍ക്കു കൂട്ടുപോയാല്‍മതി. നമ്മുടെ ഹൃദയം അവരോടുള്ള അനുകമ്പയാല്‍ നിറഞ്ഞിരിക്കട്ടെ. ശാന്തമായ ഒരിടത്തു അവരുമൊത്തിരിക്കുക. ഒരു ചായ വാങ്ങിക്കൊടുത്തു് അവരുടെ ഹൃദയവ്യഥകള്‍ നമ്മോടു പങ്കുവയ്ക്കാന്‍ അനുവദിക്കുക. അവര്‍ക്കു സമയം കൊടുക്കുക. അവര്‍ സംസാരിക്കട്ടെ. നമുക്കു് മൗനമായിരിക്കാം. സ്വകാര്യജീവിതത്തില്‍ അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവര്‍ പങ്കുവയ്ക്കുമ്പോള്‍ സ്‌നേഹപൂര്‍വ്വം അവരുടെ ചുമലില്‍ സ്പര്‍ശിക്കുക. സാരമില്ല, ഞാനുണ്ടു് കൂടെ എന്നു് സൗമ്യമായി അവരോടു പറയുക. സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെയാണു് നാം അതു പറയുന്നതെങ്കില്‍ അവരുടെ കണ്ണു നിറയുന്നതു് നമുക്കു് കാണാനാകും. അത്രയും മതി. അതുവരെ അന്യനെന്നു കരുതിയിരുന്ന നാം അവര്‍ക്കു് ആത്മമിത്രമാകും. അപരനില്‍ തന്നെത്തന്നെ കാണാനുള്ള ഹൃദയവിശാലത അവിടെ ഉണര്‍ന്നുവരും. സ്‌നേഹപൂര്‍വ്വമുള്ള ഇടപെടലുകളിലൂടെമാത്രമെ അതിര്‍വരമ്പുകള്‍ അറ്റുവീഴുകയുള്ളൂവെന്നു് നാം അറിയും. എല്ലാവരും ആഗ്രഹിക്കുന്നതു് ശാന്തമായ ഒരുള്ളമാണെന്നു് അതനുഭവിക്കുമ്പോഴേ അറിയാനാകൂ. അങ്ങനെയൊരു ശാന്തിയിലേക്കു് ഒരാളെ നയിക്കാനായാല്‍ അയാളോടു് എല്ലാവരും ആഗ്രഹിക്കുന്നതു് സമാധാനമാണെന്നും ആ മതം ഏകമാണെന്നും പിന്നീടു് പറഞ്ഞു കൊടുക്കേണ്ടിവരികയില്ല.
ബുദ്ധിപരതയുടെ ലോകത്തുമാത്രം വ്യാപരിക്കുന്നവര്‍ക്കു് ഇതൊന്നും മനസ്സിലാകില്ല. അവരുടെ ഹൃദയങ്ങള്‍ എന്നേ അടഞ്ഞുപോയിരിക്കുന്നു. അവരെക്കുറിച്ചു് ഗുരു പറയുന്നതു് ഇങ്ങനെയാണു്;
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതുകണ്ടലയാതമര്‍ന്നിടേണം.(പല മതങ്ങളുടേയും സാരം ഒന്നു തന്നെയാണു്. ഇതു മനസ്സിലേക്കാതെ ലോകത്തില്‍ ഒരാനയെപ്പറ്റി അന്ധന്മാര്‍ തര്‍ക്കിക്കുന്നതുപോലെ പലമാതിരിയുള്ള വാദങ്ങള്‍ ഉന്നയിച്ചു് അറിവില്ലാത്ത ജനം ലക്ഷ്യബോധമില്ലാതെ ചുറ്റിത്തിരിയുന്നതു കണ്ടു് നാം അവരെപ്പോലെ അലയാതെ ഉള്ളിലെ ശാന്തിയില്‍ നിറഞ്ഞിരിക്കണം.)
ഗുരു നിത്യ അദ്ദേഹത്തിന്റെ ആത്മോപദേശശതകധ്യാനത്തില്‍ എഴുതിയ ഒരു കഥയാണു് ഓര്‍മ്മ വരുന്നതു്. ഒരു കുളത്തില്‍ മത്സ്യങ്ങളോടൊപ്പം നീന്തി നടക്കുന്ന ഒരു ആമ ഒരുദിവസം കരയ്ക്കുകയറി കുറച്ചുനേരം നടന്നിട്ടു് മടങ്ങിച്ചെന്നു് കുളത്തിലെ മത്സ്യങ്ങളോടു്, ‘ഞാന്‍ കരയ്ക്കു നടക്കാന്‍ പോയി’ എന്നു പറഞ്ഞു. എന്നാല്‍ മത്സ്യങ്ങള്‍ വിചാരിച്ചതു് ആമ കുറെസമയം കരയ്ക്കു നീന്താന്‍പോയി എന്നാണു്. നമ്മുടെ നിറംപിടിപ്പിച്ച കണ്ണാടിയില്‍ക്കൂടി നാം മറ്റുള്ളവരെ വിലയിരുത്തുന്നതു് ഇതുപോലെയാണു്. നമ്മുടെ അനുഭവത്തിലിരിക്കുന്നതിനുപരിയായി ഒന്നുമില്ല എന്ന അന്ധമായ വിശ്വാസമാണു് നമ്മെ നയിക്കുന്നതു്.
ഒരു മതത്തിനു് മറ്റു മതങ്ങളെല്ലാം നിന്ദ്യമാണു്. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായി മാറുന്നു. എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കു് കണ്ണോടിക്കുമ്പോഴാണു് ഇതെല്ലാം വികാരത്തിനടിപ്പെട്ട മനസ്സിന്റെ ഭ്രാന്തമായ ചേഷ്ടകളാണെന്നു് അനസ്സിലാകുക. ശാന്തമായി ആലോചിച്ചു നോക്കുക. ദൈവത്തിനു് ആരോടെങ്കിലും വിവേചനം കാണിക്കാന്‍ കഴിയുമോ? ആകാശത്തു ഉണര്‍ന്നു വരുന്ന സൂര്യന്‍ മതമോ ജാതിയോ നോക്കിയാണോ തന്റെ പ്രകാശത്തെയും ഊര്‍ജ്ജത്തെയും ലോകരിലേക്കു് പ്രസരിപ്പിക്കുന്നതു്. എങ്ങുന്നോ അടിച്ചുവരുന്ന തെന്നല്‍ ആരെയെങ്കിലും പ്രത്യേകം തെരെഞ്ഞെടുത്താണോ തഴുകിയൊഴുകുന്നതു്. ഗംഗാനദി ഇനി ഞാന്‍ ഹിന്ദുവിലേക്കേ ഒഴുകൂ എന്നു പറയുന്നുണ്ടോ? നമസ്‌ക്കരിക്കാനായി നിങ്ങള്‍ വിരിച്ചിടുന്ന പായ ആരാണു് നെയ്തതു്? നാം ദൈനന്ദിനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാറ്റിലും സര്‍വ്വ മനുഷ്യരുടെയും വിയര്‍പ്പും അദ്ധ്വാനവുമാണുള്ളതെന്നു് നാം ആലോചിക്കാറുണ്ടോ? എവിടെയാണു് പിന്നെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും? മനുഷ്യനെ മനുഷ്യനായി കാണാനും എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന സത്യം ഏകമാണെന്നറിയാനും കഴിഞ്ഞാലെ സമാധാനമുണ്ടാകൂ. ഗുരു പറയുന്നു;
ഒരുമതമന്യനുനിന്ദ്യ, മൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.(ഒരു മതം മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവനു നിന്ദ്യമായി തോന്നും. ഒന്നില്‍ പറയുന്ന തത്ത്വം മറ്റൊരുവന്റെ കണക്കു കൂട്ടലില്‍ ദോഷമുള്ളതാകും. ലോകജീവിതത്തില്‍ മതരഹസ്യമായിരിക്കുന്ന തത്ത്വം ഒന്നുതന്നെയാണു് എന്നു് അറിയുന്നതുവരെ മാത്രമെ ഇത്തരം ഭ്രമബുദ്ധി ഉണ്ടായിരിക്കുകയുള്ളൂ എന്നുള്ളതു് അറിഞ്ഞിരിക്കണം.)
ഒരു മതത്തിനും വേറൊരു മതത്തെ പൊരുതിത്തോല്‍പ്പിക്കാന്‍ കഴിയുകയില്ല. തോല്‍പ്പിക്കാന്‍ ശ്രമിക്കുംതോറും ശക്തിപ്രാപിച്ചു വരികയേയുള്ളൂ. യുക്തിപരമായാലും ശക്തിപരമായാലും. അതാണു് നാം ഇന്നു് ലോകത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതു്. ഒരിറ്റു രക്തത്തില്‍നിന്നു് ആയിരം ശത്രുക്കള്‍ ഉണ്ടാവുകയേയുള്ളൂ. ഒരു തര്‍ക്കത്തില്‍നിന്നു് വേറൊരു മതമേ ഉണ്ടാകൂ. ഒരു മതത്തില്‍തന്നെ അനേകം വിഭാഗങ്ങള്‍ ഉണ്ടായി വരുന്നതു് നാം കാണുന്നുണ്ടല്ലോ. അതിനാല്‍ പൊരുതിപ്പൊരുതി സ്വയം വിഭജിക്കാതെയും നശിക്കാതെയും സ്വജീവിതത്തെ വിവേകപൂര്‍ണ്ണമാക്കുക എന്നാണു് ഗുരു പറയുന്നതു്;
പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുകൂവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.(തമ്മില്‍ പൊരുതി ഒരു മതത്തിനു് മറ്റൊരു മതത്തിനുമേല്‍ വിജയം കൈവരിക്കാം എന്നതു് അസാദ്ധ്യമാണു്. ഒന്നു് മറ്റൊന്നിനോടു് പൊരുതുന്നതുകൊണ്ടു് ഒരു മതവും നശിക്കുകയില്ല. മറ്റു മതങ്ങളുടെ ദോഷത്തെപ്പറ്റി പറഞ്ഞു നടക്കുന്നവര്‍ ഇപ്പറഞ്ഞ തത്ത്വം ഓര്‍ക്കാതെ ഒരു അര്‍ത്ഥവുമില്ലാതെ പൊരുതി നശിക്കും എന്ന ബുദ്ധി ഉണ്ടാവണം.)
എല്ലാവരും പറയുന്നു ഒരു ദൈവമേ ഉള്ളൂ എന്നു്. എന്നാല്‍ അവര്‍ പറയുന്ന ദൈവമാണു് ശരിയായ ദൈവമെന്നു് ബുദ്ധിഹീനന്മാരെപ്പോലെ വിളിച്ചു പറയുകയും ചെയ്യുന്നു. എല്ലാവരും ശ്രമിക്കുന്നതു് ഒരേ സത്യത്തെ വെളിപ്പെടുത്താനാണെന്ന കാര്യം ഈ തര്‍ക്കത്തിനിടയില്‍ നാം മറന്നു പോകുന്നു. വിവേകം നശിച്ചു് വികാരത്തിനടിമയായതിന്റെ ലക്ഷണമാണതു്. മുമ്പോട്ടുമുമ്പോട്ടു പോകുംതോറും ദൈവവും കരുണയും സത്യവുമെല്ലാം അകന്നു മറയുന്നു. പിന്നെ ഞങ്ങളും നിങ്ങളും മാത്രമെ ഉള്ളൂ. അവിടെ പിന്നെ അടിയും പിടിയും മാത്രം. എന്തിനാണു് ഞാന്‍ ഇങ്ങനെ അക്രമിയാകുന്നതെന്നു് ഒരിക്കലും അവന്‍ സ്വയം ചോദിക്കുന്നില്ല. കാരുണികനും ദയാപരനുമായ ദൈവത്തിനു വേണ്ടിയാണു് ഞാന്‍ യുദ്ധം ചെയ്യുന്നതെന്നു പറയുന്നവന്‍ യുദ്ധം കരുണയോ ദയയയോ അല്ല എന്ന കാര്യം മറന്നുപോകുന്നു. സര്‍വ്വനാശത്തിന്റെ വിത്തു വിതയ്ക്കാനേ യുദ്ധം എന്നും കാരണമായിട്ടുള്ളൂ എന്ന ചരിത്രസത്യം അവര്‍ കാണാതെ പോകുന്നു. ദൈവത്തിന്റെ വേഷം ധരിച്ച ചെകുത്താന്റെ വാക്കുകളാണു് നമുക്കു പ്രമാണം. എല്ലാ സൃഷ്ടികള്‍ക്കും കാരണമായിരിക്കുന്ന കാരുണ്യത്തിനു് എങ്ങനെ പരസ്പരം യുദ്ധം ചെയ്യുന്നതിനെ അംഗീകരിക്കാനാവും. അതുകൊണ്ടു ഗുരു പറയുന്നു;
ഒരുമതമാകുവതിനുരപ്പതെല്ലാവ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.(എല്ലാവരും പറയുന്നതു് ഒരു മതം ആകണമെന്നാണു്. ഇക്കാര്യം മതത്തെക്കുറിച്ചു് വാദിക്കുന്നവര്‍ ആരും ഓര്‍ക്കാറില്ല. പരമതനിന്ദയില്ലാത്ത പണ്ഡിതന്മാര്‍ക്കു് ഇതിന്റെ രഹസ്യം മുഴുവന്‍ അറിയാന്‍ കഴിയും.)
അനുഗൃഹീതമായ ഒരു ജീവിതത്തിന്റെ ഉടമകളാണു നാം. അതു തമ്മില്‍തമ്മില്‍ പോരടിച്ചു് കലുഷമാക്കേണ്ടതല്ല. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും സൃഷ്ടികളില്‍ സ്വാഭാവികമാണു്. ഒരു പൂന്തോട്ടത്തില്‍ വിവിധയിനത്തിലുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിടര്‍ന്നു പുഞ്ചിരിക്കുന്നതു് ആഹ്ലാദജനകമാണു്. അതുകൊണ്ടു് ഒരു ദോഷവും ആര്‍ക്കുമില്ല. എല്ലാ പൂക്കളും ഒരേ ജാതിയിലും ഒരേ വര്‍ണ്ണത്തിലും ആകണമെന്നു നിര്‍ബന്ധം പിടിക്കുന്നവര്‍ പ്രകൃതിയെ അറിയാത്തവരാണു്. അങ്ങനെ ഒരറിവുണ്ടായാലേ വിഭാഗീയതകളുടെ ഇരുള്‍വലയത്തില്‍നിന്നും നമുക്കു രക്ഷ ലഭിക്കുകയുള്ളൂ. അതിനുള്ള വിവേകം നമ്മുടെയെല്ലാം ബോധത്തില്‍ വിടര്‍ന്നു വരട്ടെ എന്നു് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

നടരാജഗുരു
തെക്കേ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ആദ്ധ്യാത്മികമായി ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളെപ്പറ്റിയൊന്നും ഗ്ലാസ്‌നാപ്പ് പറഞ്ഞുകാണുന്നില്ല. അവ തികച്ചും ശ്രദ്ധേയമാവുകയാല്‍ നിസ്സാരമായി തള്ളിക്കളയുവാന്‍ പാടില്ല. അതിന് ഉത്തമോദാഹരണങ്ങളാണ് കഴിഞ്ഞ നാല്പതു വര്‍ഷക്കാലമായി തിരുവിതാംകൂര്‍ രാജ്യത്ത് ഏകദേശം ഇരുപതു ലക്ഷം ജനങ്ങളില്‍ ആദ്ധ്യാത്മികമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞശ്രീനാരായണഗുരുവിന്റെ ശ്രേയസ്‌കരമായ തപശ്ചര്യകളും നിഷ്‌കാമമായ കര്‍മ്മപരിപാടികളും (1928ല്‍ അദ്ദേഹം സമാധിയായി) ശങ്കരാചാര്യരുടെ തത്വചിന്തയോട് ഉല്‍ക്കടമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ ബംഗാളിലെ മിസ്റ്റിക്കുകളുടെ വൈകാരികപ്രധാനമായ ഗൂഡാവബോധ സമ്പ്രദായങ്ങളില്‍നിന്നും തികച്ചും ഭിന്നമാണ്. അവരുടെ വികാരനിര്‍ഭരമായ ഭക്തി പ്രചുരിമയില്‍ അദ്ദേഹത്തിനു പറയത്തക്ക വിശ്വാസം തോന്നിയിരുന്നില്ല. ഗുരുവിനെ കര്‍മ്മകുശലനായ ജ്ഞാനി എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടാകാനിടയില്ല. ആദ്ധ്യാത്മികമായ പരിപക്വതയാര്‍ന്ന ആ ധിഷണാശാലിക്ക് ജനതതിയുടെ സാമൂഹികമായ ആവശ്യങ്ങളെ സൂക്ഷ്മമായറിഞ്ഞ് അതിനനുഗുണമായി ജീവിക്കാനുള്ള യാഥാര്‍ത്ഥ്യബോധം അന്യാദൃശമായിരുന്നു. തെക്കെ ഇന്ത്യയിലെ അധഃകൃതരായ മനുഷ്യകോടികളുടെ സര്‍വ്വതോമുഖമായ ഉന്നമനത്തിന് തികച്ചും കാരണക്കാരനായ അദ്ദേഹത്തിന്റെ പല കര്‍മ്മ പരിപാടികളും മഹാത്മഗാന്ധിയുടേതുമായി സാധര്‍മ്മ്യമുള്ളതോ സംബന്ധമുള്ളതോ ആയിരുന്നു…
ഇത് പ്രസിദ്ധ ഫ്രഞ്ച്‌സാഹിത്യകാരനും ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവചരിത്ര രചയിതാവുമൊക്കെയായ റൊമയിന്റോളണ്ടിന്റെ വാക്കുകളാണ്. നാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ യൂറോപ്പിലേക്ക് ഉപരിപടനത്തിനായി പോയ നടരാജഗുരു ജനീവയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സൂഫി ക്യാര്‍ട്ടര്‍ലി ത്രൈമാസികയില്‍ the way of the guru എന്ന പേരില്‍ നാരായണഗുരുവിനെക്കുറിച്ച് ഒരു ലേഖന പരമ്പര എഴുതി. നാരായണഗുരു ജീവിച്ചിരിക്കുമ്പോള്‍തന്നെയാണ് സംഭവം. പിന്നീട് ജനീവയില്‍നിന്നുതന്നെ അതു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുയുമുണ്ടായി. അന്നത് വായിക്കാനിടയായ റോമയിന്‍ റൊളണ്ടിന്റെ വാക്കുകളാണ് മുകളിലെഴുതിയത്. അതുപോലതന്നെ സര്‍ ഫ്രാന്‍സിസ് യങ് ഹസ്ബന്റ് അതു വായിച്ച് പത്രാധിപര്‍ക്കെഴുതിയത് ഇങ്ങനെ; നിങ്ങളുടെ ജനുവരി ലക്കം അസ്സലായിട്ടുണ്ട്. ശ്രീനാരായണന്റെ ജീവിതത്തെക്കുറിച്ച് ഇനിയും കൂടുതലായി അറിയുവാന്‍ ഞാന്‍ അക്ഷമനായി കാത്തിരിക്കുകയാണ്. കുടിലത നിറഞ്ഞ ഈ ലോകത്ത് ഇപ്രകാരമുള്ള ദിവ്യചരിതന്മാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി അറിയുന്നത് അത്ഭുതകരംതന്നെ.
അതൊരു തുടക്കമായിരുന്നു. ഒരു മഹാഗുരുവിന്റെ മഹാശിഷ്യന്‍ തന്റെ ഗുരുവില്‍നിന്ന് യാതൊരു മഹത്തായ അറിവാണോ ആര്‍ജ്ജിച്ചത് അത് ലോകമനസ്സിലേക്ക് ഒഴുകാന്‍ തുടങ്ങി. നാരായണഗുരുവിന്റെ സമാധിക്കുശേഷം ഗുരുശിഷ്യന്മാരെന്നവകാശപ്പെടുന്നവര്‍ ഗുരു വിഭാവനംചെയ്ത ദാര്‍ശനികപ്രപഞ്ചത്തെ അമ്പേ അവഗണിക്കുകയും മറ്റെന്തിലൊക്കെയോ തല്പരരാവുകയും ചെയ്തപ്പോള്‍ ഗുരു ജീവിച്ചിരിക്കുമ്പോള്‍തന്നെ തുടക്കം കുറിച്ച നാരായണഗുരുകുലം എന്ന പ്രസ്ഥാനത്തിലൂടെ ഗുരുവിന്റെ അറിവിനെ ലോകത്തെവിടെയുമുള്ള അറിവിനായി ദാഹിക്കുന്നവരിലേക്ക് എത്തിക്കുകയെന്ന ദൗത്യമേറ്റെടുത്ത് നടരാജഗുരു ലോകമെമ്പാടും യാത്ര ചെയ്യാനും ഗ്രന്ഥങ്ങള്‍ രചിക്കാനും തുടങ്ങി.
പാശ്ചാത്യപൗരസ്ത്യദര്‍ശനങ്ങളില്‍ ചേരാത്തതുപോലെ നിന്നിരുന്ന ഇടങ്ങളെയെല്ലാം നാരായണഗുരുവിന്റെ ദര്‍ശനങ്ങളോട് ചേര്‍ത്തുവെച്ച് ഇണക്കാനും ഗുരുവിന്റെ കാഴ്ചയുടെ ആഴം അങ്ങനെ വെളിപ്പെടുത്താനും നടരാജഗുരുവിനു കഴിഞ്ഞു. നാരായണഗുരുവിന്റെ അറിവിന്റെ ലോകത്തെ ആധുനിന തത്വചിന്തയോടും ശാസ്ത്രത്തോടും ചേര്‍ത്തുവെച്ച് ലോകത്തെവിടെയുമുള്ള അറിവിന്റെ സൂക്ഷ്മതയന്വേഷിക്കുന്ന മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ അവതരിപ്പിച്ച ഗുരുശിഷ്യനായി മാറി നടരാജഗുരു. നാരായണഗുരുകുലം ഒരു ആശ്രമം എന്നതിലുപരി ഒരു വിശ്വവിദ്യാലയമായി മാറിയത് അങ്ങനെയാണ്.
നാരായണഗുരുവിന്റെ കൃതികള്‍ക്ക് അതിന്റെ എല്ലാ ഗൗരവത്തോടെയും ഭാഷ്യമെഴുതുക എന്നതുതന്നെയായിരുന്നു നടരാജഗുരുവിന്റെ മുഖ്യകര്‍മ്മം. പിന്നീടു വരുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സൂക്ഷമത്തിലും ഗുരുദര്‍ശനത്തിലേക്കു് പ്രവേശിക്കാനുള്ള ഒരു വാതില്‍ പണിയലായിരുന്നു അത്. ദര്‍ശനമാല എന്ന കൃതിയ്ക്ക് എഴുതിയ An integrated science of the aboslute എന്ന ബൃഹത്തായ രചന മാത്രം മതി അതിനുദാഹരണം.
നാരായണഗുരുവിനെ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോ പല്‍പുവിന്റെ മകനായിരുന്നു നടരാജന്‍. നാലു വയസ്സുമുതല്‍ നാരായണഗുരുവിനെ കണ്ടു തുടങ്ങി. ഒരിക്കല്‍ നാരായണഗുരു പല്‍പ്പുവിനോട് ഡോക്ടരുടെ ഒരു മകനെ എനിക്കു തരണം എന്നു പറഞ്ഞപ്പോള്‍ അതിനെന്താ, എല്ലാ മക്കളെയും എടുത്തോളൂ എന്നു പറഞ്ഞത് നടരാജഗുരു ഇടയ്ക്കിടെ സ്മരിക്കാറുണ്ട്. എം എ കഴിഞ്ഞ് എല്‍ ടി പാസ്സായി വീട്ടിലേക്കു വന്നു കയറിയ നടരാജന്‍ ഇടയ്ക്കിടെ വീട്ടില്‍വന്നു വിശ്രമിക്കാറുള്ള നാരായണഗുരുവിനെ അന്നവിടെ കണ്ടപ്പോള്‍ അതൊരു നിമിത്തമായി എടുത്തു. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ആ സന്ദര്‍ഭത്തെ അദ്ദേഹമെടുത്തത്. പിന്നീട് ഗുരുവിനെ കണ്ട് ആശ്രമത്തില്‍ ചേരാനുള്ള ആഗ്രഹമുണര്‍ത്തിച്ചു. ആശ്രമത്തില്‍ ഒരു കഷണം സോപ്പിന്റെ ചിലവല്ലേ കൂടുതല്‍ വരികയുള്ളൂ എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി.
ആലുവ അദ്വൈതാശ്രമത്തില്‍ തുടക്കം കുറിച്ച ആ ശിഷ്യജീവിതം പിന്നീട് ശിവഗിരിയിലും അവിടെനിന്നും ഗുരുവിന്റെ അനുഗ്രഹത്തോടെ യൂറോപ്പിലും തന്റെ പഠനം തുടന്നു. ജനീവയിലെ സെര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും വിദ്യാഭ്യാസപ്രക്രിയയിലെ വ്യക്തിഗത അംശങ്ങള്‍ എന്ന വിഷത്തില്‍ ട്രിപ്പിള്‍ ഓണേഴ്‌സോടുകൂടി ഡി ലിറ്റ് എടുത്ത് അഞ്ചുവര്‍ഷത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. ആ യാത്രയില്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങളെ പരിചയപ്പെടുത്താന്‍ ലഭിച്ച സന്ദര്‍ഭങ്ങളെല്ലാം അദ്ദേഹം വിനിയോഗിച്ചു. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് നാരായണഗുരുവിന്റെ അനുയായികളില്‍നിന്ന് എന്നത്തേയുംപോലുള്ള അവഗണനതന്നെയായിരുന്നു ലഭിച്ചത്. പാശ്ചാത്യവിദ്യാഭ്യാസവും ആവശ്യത്തില്‍ കവിഞ്ഞ അറിവും അവര്‍ക്കെല്ലാം താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലും വര്‍ക്കലയിലെ ഗുരുകുലത്തിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെയായി പിന്നീടുള്ള ജീവിതം. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍ സംഘടിപ്പിച്ച പത്തു ദിവസം നീണ്ടുനിന്ന ഏകത്വബോധത്തിലൂടെ ലോകസമാധാനം എന്ന ലോകസമാധാനസമ്മേളനവും എല്ലാ വര്‍ഷവും കേരളത്തിനകത്തും പുറത്തും അദ്ദേഹം സ്ഥാപിച്ച നാരായണഗുരുകുലങ്ങളില്‍വെച്ചു നടത്തിപ്പോന്ന കണ്‍വെന്‍ഷനുകളും മറ്റു യാത്രകളുമെല്ലാം നാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ സൂക്ഷ്മമായ വിനിമയങ്ങളായി മാറി. നാരായണഗുരുവിന്റെ ദാര്‍ശനികകൃതികള്‍ക്ക് പൗരസ്ത്യവും പാശ്ചാത്യവുമായ ദള്‍ശനങ്ങളുടെ പാരസ്പര്യത്തില്‍ കോര്‍ത്തിണക്കിയ വ്യാഖ്യാനങ്ങള്‍ ചമച്ചുവെന്നതുതന്നെയാണ് നടരാജഗുരുവിന്റെ ഏറ്റവും വലിയ സംഭവനയും നിയോഗവും. അതദ്ദേഹം അതിന്റെ എല്ലാം പൂര്‍ണ്ണതയിലും ചെയ്തുവെച്ചു എന്നതാണു് നമുക്ക് ലഭിച്ച അനുഗ്രഹം. ഏകലോകവും വിശ്വപൗരനും എന്ന ആശയത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശിഥിലമായ ബോധങ്ങള്‍ക്ക് അപ്രാപ്യമായി. നമ്മുടെ ചിന്തകള്‍ക്കും മുകലിലൂടെയാണ് അത് പറന്നത്. ഇന്നല്ലെങ്കില്‍നാളെ അദ്ദേഹം പറഞ്ഞതായിരുന്നു സത്യമെന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഉണ്ടായി വരാതിരിക്കില്ല. പ്രശ്‌നങ്ങളായ പ്രശ്‌നങ്ങളെല്ലാം ഉന്നയിക്കുമ്പോള്‍ അദ്ദേഹത്തിനു് അതിനുള്ള ഒരേയൊരു മറുപടി ലോകഗവണ്‍മെന്റുണ്ടാകണം. നാമെല്ലാം വിശ്യപൗരന്മാരാകണം. എങ്കിലേ സാമൂഹികമായ അസമത്വങ്ങള്‍ ഇല്ലാതാവുകയുള്ളൂ എന്നായിരുന്നു. ഒരിക്കലും സംഭവിക്കാത്ത സ്വപ്നമെന്ന് നാം പുച്ഛിച്ചുതള്ളുന്ന ആ വാക്കുകള്‍ അത്രമാത്രം പരാജിതനായ ഒരാളുടെ വാക്കുകളാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വയം പറഞ്ഞത്. My life is a great failure എന്ന്. ആ ഗ്രേറ്റ് ഫെയിലിയറിലാണ് ജീവിതത്തിന്റെ എല്ലാ സൗന്ദര്യവുമിരിക്കുന്നതെന്ന് അനുഭവിച്ചുമാത്രം അറിയേണ്ടതാണ്.
ജോണ്‍സ്പിയേഴ്‌സ്, മംഗലാനന്ദസ്വാമി, നിത്യചൈതന്യയതി എന്നീ ശിഷ്യരിലൂടെ നാരായണഗുരുവിനെ കൂടുതല്‍ സുഗന്ധപൂരിതമാക്കി പ്രസരിപ്പിക്കാന്‍ നടരാജഗുരുവിലെ ഗുരുത്വത്തിനു കഴിഞ്ഞു. വാല്യൂസ് എന്ന മാസികയിലൂടെ നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും ദര്‍ശനങ്ങളെ അവതരിപ്പിക്കുന്നതില്‍ ജോണ്‍സ്പിയേഴ്‌സ് വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിലെ മുക്കിലും മൂലയിലുമെത്തി നാരായണഗുരുവിനെ സാധാരണക്കാരിലെത്തിക്കാനായിരുന്നു മംഗലാനന്ദസ്വാമിയുടെ നിയോഗം. ഇന്ത്യയ്ക്കകത്തും വെളിയിലുമുള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിച്ചും ലോകമെമ്പാടും യാത്രചെയ്തും തന്നിലേക്ക് സ്വാംശീകരിച്ച അറിവിനെ പ്രസരിപ്പിക്കാന്‍ നിത്യചൈതന്യയതി ആരംഭംകൂറിച്ചതോടെ അതൊരു ഗുരുവിന്റെ അനുഗൃഹീതമായ തുടര്‍ച്ചയാകുകയായിരുന്നു. നടരാജഗുരു വിതച്ച മണ്ണില്‍ വിളവെടുക്കുകയായിരുന്നു നിത്യ എന്ന് വേണമെങ്കില്‍ പറയാം.
നടരാജഗുരു നമുക്കു നല്കിയ മഹത്തായ ഗ്രന്ഥങ്ങളുടെ പേരിലാകും നാം അദ്ദേഹത്തെ അഭിമാനത്തോടെ ഇന്നല്ലെങ്കില്‍ നാളെ സ്മരിക്കുക. ഇതൊക്കെയാണ് ആ ഗ്രന്ഥങ്ങള്‍. വെറുതെ പുസ്തകത്തിന്റെ പേരില്‍തന്നെയുണ്ട് അദ്ദേഹം സ്വപ്നംകണ്ട ആകാശഗംഗ. എല്ലാ പുസ്തകങ്ങളും അദ്ദേഹം ഇംഗ്ലീഷിലാണ് എഴുതിയത്.
Way of the guru, Word of the guru, An anthology of poems of narayana guru(19 texts of narayanaguru}, One hundred verses of self instruction, The philoosphy of a guru, Vedantha revalued and restated, The search for a norm in western thought, Memorandum on the world government, Towards a one world economics, World education manifesto, An integrated science of the aboslute, Wisdom frame of reference, The bagvatgita, Autobiography of an aboslutist, Dialectical methodology, Language of unified science ,Saudaryalahari…
നടരാജഗുരുവും നിത്യഗുരുവും ഹിമാലയത്തില്‍ യാത്ര ചെയ്യുമ്പോള്‍ നടരാജഗുരു നിത്യനോടു പറഞ്ഞ വാക്കുകള്‍ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം ദാര്‍ശനികസൂക്ഷ്മതയില്‍ ധ്യാനനിമീലിതമാകുമ്പോഴും എത്രമാത്രം കാവ്യാത്മകംകൂടി ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെയാണ് വെറുമൊരു പണ്ഡിതന്‍ എന്നതിലുപരി അദ്ദേഹമൊരു ഗുരുവായി മാറുന്നത്. സ്വജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളിങ്ങനെ:
ഇടതൂര്‍ന്നു നില്ക്കുന്ന മഹാമരങ്ങളും അവയില്‍ ചുറ്റിപ്പടര്‍ന്നു കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളികളും ഒന്നിനുപിന്നാലെ ഒന്നായി അടുക്കിവച്ചിരിക്കുന്ന മലകളും പൂത്തു മറിഞ്ഞു കിടക്കുന്ന ചെടികളും നോക്കി, ഇഹലോകജീവിതത്തെ തീനരകമായും സംസാരം ദുഃഖമായും ചിത്രീകരിക്കുന്ന വൈരാഗികളെ മനസാ പരിഹസിച്ചും ഞങ്ങള്‍ വനമാര്‍ഗ്ഗത്തില്‍ക്കൂടി വളരെ അലസമായി നടക്കുകയായിരുന്നു. ഗുരു വളരെ വിനയം തോന്നിക്കുന്ന ഒരു ചെറിയ പൂവു പൊട്ടിച്ചെടുത്തു് ഒരു കലാകാരന്റെ സ്വാരസ്യത്തോടുകൂടി അതിനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു: `നിങ്ങള്‍ ആരെങ്കിലും എന്നെപ്പറ്റി എഴുതുകയാണെങ്കില്‍ ആല്‍പ്സ് പര്‍വ്വതനിരകളില്‍ ഇടയന്മാരോടൊപ്പം പാട്ടു പാടിയും ഹിമാലയത്തിലെ കാടുകളില്‍ ചുറ്റിത്തിരിഞ്ഞു കാണുന്ന ചെറിയ പൂക്കളെയെല്ലാം പ്രിയപ്പെട്ടജന്‍ഷിയന്‍’ എന്നു വിളിച്ചു പ്രശംസിച്ചും നടന്നഒരാളായിരുന്നുവെന്നു് എഴുതാന്‍ മറന്നു പോകരുതു്.”

ഗുരുനിത്യചൈതന്യയതി
നടരാജഗുരു സമാധിയാകുമ്പോള്‍ നിത്യ വിദേശത്തായിരുന്നു. നാട്ടില്‍ തിരിച്ചെത്തി നാരായണഗുരുകുലത്തിന്റെ ഗുരുവായിത്തീര്‍ന്ന നിത്യയ്ക്ക് എല്ലായിടത്തും സ്വീകരണം നല്കുകയുണ്ടായി. ശിവഗിരിയിലെ ബ്രഹ്മവിദ്യാമന്ദിരത്തില്‍ നടന്ന സ്വീകരണയോഗത്തില്‍വച്ച് ഗുരു പറഞ്ഞു: ഞാന്‍ വിദേശയാത്രയ്ക്കിടയില്‍ നാരായണഗുരുവിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ ഒരു കാമുകന്‍ സ്വകാമുകിയുടെ ചിത്രം എപ്പോഴും ഹൃദയത്തോടു ചേര്‍ത്തുവച്ച് കൊണ്ടു നടക്കുന്നതുപോലെ നാരായണഗുരുവിന്റെ ദര്‍ശനത്തെയും തന്റെ ഹൃദയത്തിന്റെ ഉള്ളറയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് യാത്ര ചെയ്യുകയായിരുന്നു. അത് തന്റെ നാക്കുകള്‍ക്ക് ശബ്ദവും കണ്ണുകള്‍ക്ക് പ്രകാശവും നല്കിക്കൊണ്ടിരുന്നു. ഗുരുവിന്റെ പേരുപോലും എങ്ങും ഉച്ചരിക്കേണ്ടി വന്നില്ല. ഒരു ധര്‍മ്മ പ്രവാചകനാവാന്‍ നടരാജഗുരു പഠിപ്പിച്ചിട്ടില്ല.
ഭാരതം ആദ്ധ്യാത്മികമായി സമ്പന്നമായ ഒരു രാജ്യമാണ്. നമുക്ക് ആദ്ധ്യാത്മികമായി പലതും പാശ്ചാത്യര്‍ക്കു നല്കാനുണ്ട്. എന്നാലും ലോകം ചുറ്റി നടന്നാല്‍ ശാന്തിയോട് ഏറ്റവും വിരോധമുള്ളവര്‍ ഇന്ത്യക്കാരാണെന്നു തോന്നിപ്പോകും. ഭൗതികവിരക്തരായ യുവജനങ്ങളുടെ നൈരാശ്യം സമൂഹത്തില്‍ ഇന്നൊരു വലിയ പ്രശ്നമാണ്. അതിനൊരു വഴി കാണിക്കാന്‍ ഭാരതത്തില്‍നിന്നു വരുന്നവര്‍ക്കു കഴിയുമെന്ന് മാര്‍പ്പാപ്പ തിരുമേനി പറയുകയുണ്ടായി.
സാമൂഹ്യമായ ആധുനിക പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ ഏറ്റവുമധികം വേദനിപ്പിക്കുന്നത് സഹോദരിമാരുടെ കഥകളാണ്. ഭീകരമായ സാംക്രമിക രോഗങ്ങളെയും അച്ഛനില്ലാത്ത കുഞ്ഞുങ്ങളെയും പേറിക്കൊണ്ടു നടക്കുന്ന ഇവരെ കണ്ടാല്‍ കഷ്ടം വയ്ക്കാനല്ല കരയാനാണ് തോന്നുക. ഇതിന്റെ ഭീകരതയെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നതാണ് മയക്കുമരുന്നുകളുടെ വിന. അവിടെ ഞാന്‍ ചെയ്ത ധര്‍മ്മപ്രചാരണം കേവലം മനുഷ്യനെ സ്‌നേഹിക്കുക മാത്രമായിരുന്നു. അതു തന്നെയാണ് എന്റെ കര്‍ത്തവ്യമായി, മാര്‍ഗ്ഗമായി, എന്നും എപ്പോഴും സ്വീകരിച്ചിട്ടുള്ള്.
ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സാമഞ്ജസ്യമുള്ളതാക്കുന്ന ഒരു ദര്‍ശനം നാരായണഗുരു കാഴ്ചവച്ചു. എടുത്തു പ്രയോഗിക്കുവാന്‍ തക്കവണ്ണം നടരാജഗുരു അതിനെ സജ്ജമാക്കി. ഇനി വിളവെടുപ്പിന്റെ കാലമാണ്. ഈ മഹോത്സവത്തില്‍ പങ്കാളികളാവാന്‍ ഞാന്‍ ഏവരെയും ക്ഷണിക്കുന്നു. എളിയവനായ എന്നില്‍ അര്‍പ്പിച്ച ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും മുന്നില്‍ ശിരസ്സു നമിക്കുന്നു.
നിത്യയുടെ ഈ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ ശേഷകാല ജീവിതവും. നാരായണഗുരുവിനെ എന്നല്ല ഒരു ഗുരുവിനെയും ദര്‍ശനത്തെയും പൊക്കിക്കാണിക്കുകയായിരുന്നില്ല അദ്ദേഹം തന്റെ ജീവിതംകൊണ്ടു ചെയ്തത്. മറിച്ച്, നാരായണഗുരു വിഭാവനചെയ്ത പലമതസാരവും ഏകം എന്ന കാഴ്ചയെ മൂല്യങ്ങളുടെ സംഘനൃത്തം എന്ന് നാമകരണംചെയ്ത് അതില്‍ ജീവിക്കുകയായിരുന്നു. ലോകത്തുണ്ടായിട്ടുള്ള എല്ലാ മൂല്യങ്ങളെയും സ്‌നേഹമെന്ന, കാരുണ്യമെന്ന നൂലില്‍കോര്‍ത്ത് ഏവരിലേക്കു് അദ്ദേഹം ഒഴുക്കിവിട്ടു. കലയും സാഹിത്യവും സംഗീതവും സിനിമയും ശാസ്ത്രവും ദര്‍ശനവുമെല്ലാം അതില്‍ നൃത്തംചെയ്തു. ആകെ ജീവന്റെ ആകെ നന്മ എന്നതായിരുന്നു ആ ഹൃദയത്തിന്റെ പ്രാര്‍ത്ഥന.
ഒന്നായ മാനവര്‍ക്കൊറ്റനീതി
ഈ മണ്ണുനമ്മുടെ ആകെ ഭൂമി
ഒന്നായ് പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ എന്നായിരുന്നു അദ്ദേഹം പാടിനടന്ന പാട്ട്.
ഗോമുഖില്‍നിന്ന് പ്രവഹിച്ച് പല കൈവഴികള്‍ചേര്‍ന്ന് അവസാനം ഒരു മഹാപ്രവാഹമായി താഴ്വരയില്‍വന്നു പതിക്കുന്ന ഗംഗാനദിപോലെത്തന്നെയായിരുന്നു നാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ തുടര്‍ച്ച. ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കുന്നിടത്താണ് ദര്‍ശനം പ്രകാശപൂര്‍ണ്ണമാകുന്നതെന്ന യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു കാഴ്ചയാണ് ഈ ഗുരുക്കന്മാര്‍ നമുക്ക് പകരുന്നത്.
നടരാജഗുരുവിന്റെയും നിത്യഗുരുവിന്റെയും വൈവിദ്ധ്യമാര്‍ന്ന സംഭവനകളെ വിശദമായി എടുത്തുകാണിക്കാന്‍ ഇവിടെ ശ്രമിച്ചിട്ടില്ല. നാരായണഗുരുവിന്റെ ദര്‍ശനത്തെ അവതരിപ്പിച്ച് മറ്റു രണ്ടുപേരുടെ തുടര്‍ച്ചയെ ഒന്നു സ്പര്‍ശിച്ചു പോവുക മാത്രമെ ചെയ്തിട്ടുള്ളൂ.
മനുഷ്യഹൃദയങ്ങളെ തൊടാത്ത ദര്‍ശനങ്ങളെല്ലാം വിരസവും നിരര്‍ത്ഥകവുമാണെന്ന അറിവില്‍ ഉറച്ചുനിന്നുകൊണ്ട് തൊട്ടു മുന്നില്‍ വന്നുനില്ക്കുന്നവന്റെ ആവശ്യങ്ങളറിഞ്ഞ് അതു നിവര്‍ത്തിച്ചു കൊടുക്കാന്‍ തനിക്കാവുന്നത് ചെയ്യുന്നിടത്തുനിന്നായിരുന്നു നിത്യ തന്റെ ദര്‍ശനത്തെ ജീവിച്ചുതുടങ്ങിയിരുന്നത്.
ഒരിക്കല്‍ ഗുരുവിനെ കാണാന്‍ ഒരു പ്രായംചെന്ന ആള്‍ വന്നു. പ്രഭാതസവാരിക്കിറങ്ങിയ ഗുരുവിനോടും കൂട്ടത്തോടുമൊപ്പം അദ്ദേഹവും കൂടി. നീലഗിരി മലഞ്ചെരുവിലൂടെ ഗുരു നടന്നു. കൂടെ എല്ലാവരും. ഇടയ്ക്കിടെ ഗുരു എന്തെങ്കിലും പറയും. ചിലപ്പോള്‍ ആരെങ്കിലും എന്തെങ്കിലും ചോദിക്കും. ഗുരു അതിനു മറുപടി പറയും. മോക്ഷം കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു നാം പറഞ്ഞ ആളുടെ ചോദ്യം. ഗുരു ആളെ അടിമുടി ഒന്നു നോക്കി. ഫേണ്‍ഹില്ലില്‍ നല്ല തണുപ്പാണ്. അദ്ദേഹമാണെങ്കില്‍ സ്വറ്ററൊന്നും ധരിച്ചിട്ടില്ല. തണുത്തു വിറയ്ക്കുന്നുമുണ്ട്.
ഗുരു സൗമ്യമായി ചിരിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കിപ്പോള്‍ വേണ്ടത് തണുപ്പില്‍നിന്നുള്ള മോക്ഷമാണ്. അതുകൊണ്ട് ഉടന്‍ തിരിച്ചുചെന്ന് റിസപ്ഷനിലുള്ള ആളെ കാണുക. അദ്ദേഹം ഒരു സ്വറ്റര്‍ തരും. അതു ധരിച്ച് തിരിച്ചു വരൂ. അപ്പോള്‍പിന്നെ ഇനി എന്തില്‍നിന്നുള്ള മോക്ഷമാണ് വേണ്ടതെന്ന് ആലോചിക്കാം… ഇതായിരുന്നു നിത്യ. നാരായണഗുരുവിന്റെ തുടര്‍ച്ചയിലെ ഒരു കണ്ണി.
ഇങ്ങനെ അനേകം കണ്ണികളുണ്ട്. തെളിഞ്ഞതും കെട്ടതുമായി ആ കണ്ണികളങ്ങനെ നീണ്ടു കിടക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും ആത്മീയമായുമെല്ലാം അതിനു ധാരകളുണ്ട്. കേരളത്തെ പ്രത്യേകമായി സ്വാധീനിച്ച മഹാവ്യക്തിത്വമെന്ന നിലയില്‍ നാരായണഗുരുവിന്റെ തുടര്‍ച്ചയെ സമഗ്രമായി അവതരിപ്പിക്കുക പ്രയാസമാണ്. ആ ഗുരുവില്‍നിന്നും ഇത്തിരിവെട്ടം ഏറ്റുവാങ്ങിയ ഒരു ധാരയുടെ പ്രകാശരശ്മികളെ അവതരിപ്പിക്കുക മാത്രമെ ഇവിടെ ചെയ്തിട്ടുള്ളു. അതും അല്പമായിമാത്രം.
നമസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…