സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും


ഷൗക്കത്ത്


മനുഷ്യന്‍ ഒരു സങ്കീര്‍ണ്ണജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില്‍നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന ബോധത്തിലേക്കുവരെ അവന്‍ ചിന്തിച്ചും ജീവിച്ചും എത്തിനില്ക്കുന്നുണ്ടെങ്കിലും ആ വികാസപരിണാമയാത്രയില്‍ കൂടെ പറ്റിച്ചേര്‍ന്നതൊന്നുംതന്നെ അവനില്‍നിന്നും ഇല്ലാതായിപ്പോയിട്ടില്ല. കൂട്ടിച്ചേര്‍ക്കപ്പെട്ടതെല്ലാം സന്ദര്‍ഭം വരുമ്പോള്‍ ഉണര്‍ന്നുവരികയും പലപ്പോഴുമത് നാശത്തിനു കാരണമാവുകയും ചെയ്യുന്നത് നാം സദാ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
തൊട്ടുമുന്നില്‍ വന്നുനില്ക്കുന്നത് തന്റെ നിലനില്പിന്നു തടസ്സമാണെന്നു കരുതി രണ്ടാമതൊന്നാലോചിക്കാതെ ഉന്മൂലനം ചെയ്തിരുന്ന സ്വഭാവം മുതല്‍ എല്ലാവര്‍ക്കും സമാധാനമുള്ളതരത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന അറിവില്‍നിന്നുണരുന്ന സംയമംവരെ അവനില്‍ നിറഞ്ഞുനില്ക്കുന്നു. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍ക്കിടന്ന് ശരിതെറ്റുകളുടെ നൂലാമാലകളില്‍പെട്ട് നട്ടംതിരിയുന്ന മനുഷ്യനെയാണ് നാമിന്നനുഭവിക്കുന്നത്. ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് നിരന്തരം ചര്‍ച്ച ചെയ്യുകയും കൃത്യമായി ഉത്തരം കിട്ടാതെ ഉഴറുകയും ചെയ്യുന്നത് മഹാഭാരതംമുതല്‍ ഇങ്ങോട്ടുള്ള ഗ്രന്ഥങ്ങളില്‍പോലും നാം കണ്ടിട്ടുള്ളതാണ്.
മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം സത്യസന്ധമായി അന്വേഷിക്കുന്നവരിലെല്ലാം ഈ സംഘര്‍ഷം സ്വാഭാവികമാണ്. കൂടുതല്‍കൂടുതല്‍ ഉണരുംതോറും കൂടുതല്‍കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന ജീവിതം. ഇവിടെയാണ് വികാരവിചാരങ്ങളുടെ ഏറ്റിറക്കങ്ങളെ വേണ്ടവണ്ണം സംയമംചെയ്തു് വിവേകത്തോടെ കാലദേശാനുസൃതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉണരുന്നത്. കാലാകാലങ്ങളില്‍ വിവേകത്തിന്റെ വഴി പറഞ്ഞുതന്നു കടന്നുപോയവര്‍ എന്നും പ്രസക്തമായിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന് ആധുനികനായ ഒരു ഗുരു പറഞ്ഞത് ആ സംയമത്തിന്റെ മൂല്യത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുതന്നെയാണ്.
മറ്റുജീവികളെല്ലാം അവരവരുടെ വഴികള്‍ ഏറെക്കുറെ തെളിഞ്ഞു കിട്ടിയവരാണ്. എന്തു തിന്നണം, എങ്ങനെ പുലരണം എന്ന കാര്യത്തില്‍ അവര്‍ സംശയം അനുഭവിക്കന്നതായി കാണുന്നില്ല. എന്നാല്‍ നാം മനുഷ്യരുടെ കാര്യം അങ്ങനെയല്ല. എന്തു തിന്നണം എന്ന കാര്യത്തില്‍പോലും ഇപ്പോഴും നാം ചര്‍ച്ചയിലാണ്. പെരുമാറ്റരീതികളും ജീവിതശൈലികളും നാം നിരന്തരം ഓര്‍മ്മപ്പെടുത്തുകയും പരിശീലിക്കുകയും ചെയ്യേണ്ടി വരുന്നു. ഇനിയും ഉറച്ചു കിട്ടിയിട്ടില്ലാത്ത, ബാല്യദശയിലെന്നു വേണമെങ്കില്‍ പറയാവുന്ന ബോധത്തിന്റെ അവകാശികളായ നാം മനുഷ്യര്‍ക്ക് ആ മനുഷ്യര്‍ക്കിടയില്‍നിന്നുതന്നെ ഏറ്റവും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും ജീവിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരുന്നു എന്നത് സ്വാഭാവികമാണ്. അനിവാര്യവുമാണ്.
എത്ര ബുദ്ധിയും തെളിച്ചവുമുള്ളവരും ചില ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍ സംഭവിച്ചു കഴിഞ്ഞതിനുശേഷം ഛെ, അതു വേണ്ടായിരുന്നു എന്ന് ഒരിക്കലെങ്കിലും പറയാതിരുന്നിട്ടുണ്ടാവില്ല. ബുദ്ധിയും വിവേകവും എത്ര തെളിഞ്ഞിരുന്നാലും അതിനെയെല്ലാം അതിവര്‍ത്തിച്ചുകൊണ്ട് പുറത്തുചാടുന്ന വാസനകള്‍ക്ക് അടിമകളാണ് നാമെന്നതിനു് അതുതന്നെ മതിയായ തെളിവാണ്. ആ പുറത്തുചാടലുകളെ വിവേകപൂര്‍വ്വം സംയമം ചെയ്യുന്നിടത്താണ് സംസ്‌ക്കാരം ഉദയം ചെയ്യുന്നത്. അങ്ങനെ സംയമംചെയ്ത് തനിക്കും തന്റെ ചുറ്റുപാടിനും ഹിതകരമായ രീതിയില്‍ ജീവിക്കുമ്പോഴാണ് നാം മനുഷ്യരാകുന്നത്. അല്ലാത്തിടത്തോളം മനുഷ്യശരീരത്തില്‍ വസിക്കുകയും പ്രാകൃതവും ശീലവിധേയവുമായ വാസനകള്‍ക്കനുസരിച്ച് വിധേയപ്പെട്ടു കഴിയുന്ന ഒരു സങ്കരജീവിതന്നെയാണ് നാം എന്നാണ് മനസ്സിലാക്കേണ്ടത്.
മൂന്നു പടലങ്ങളായി വേണമെങ്കില്‍ നമ്മുടെ ബോധത്തെ സാമാന്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാം. പ്രാപഞ്ചികം(ൗിശ്‌ലൃമെഹ), സാമൂഹികം(ീരെശമഹ), വൈയക്തികം(ശിറശ്ശറൗമഹ). ഒരു ജീവി എന്ന നിലയില്‍ ജൈവികമായ വാസനകള്‍ മറഞ്ഞിരിക്കുന്ന അബോധമാണ് നമ്മുടെ അടിസ്ഥാന ബോധമണ്ഡലം. ജീവനുണ്ടായതുമുതല്‍ ഏതെല്ലാം ജീവരൂപങ്ങളിലൂടെ അതു കടന്നു വന്നിട്ടുണ്ടോ അതിന്റെയെല്ലാം പാടുകള്‍ നമ്മുടെ കോശങ്ങളില്‍ ഉണര്‍ന്നുവരാന്‍ തക്കം പാര്‍ത്തു കിടപ്പുണ്ട്. അതാണ് പ്രാപഞ്ചികവാസനകളെ ഉള്‍വഹിക്കുന്ന നമ്മുടെ അബോധം.
അതിനു മുകളില്‍ പ്രസരിച്ചിരിക്കുന്ന കുറച്ചുകൂടെ വ്യക്തവും സ്ഫഷ്ടവുമായി അനുഭവമാകുന്ന സാമൂഹികമായി രൂപം പ്രാപിച്ച ഉപബോധമനസ്സാണ് രണ്ടാം പടലം. മനുഷ്യനായി പിറന്നതുമുതല്‍ കടന്നുവന്ന സാംസ്‌ക്കാരികസഞ്ചാരങ്ങളുടെ ആകെത്തുകയാണത്. ഗോത്രസംസ്‌ക്കാരംമുതല്‍ ഏറ്റവും ആധുനികമായ ഏകലോകമെന്നുപറയാവുന്ന സമത്വസംസ്‌ക്കാരംവരെ അവിടെ ഇഴപിരിഞ്ഞുകിടക്കുന്നു.
ഏറ്റവും മുകളില്‍ ഞാന്‍ ഇന്ന സ്വഭാവക്കാരനാണു് എന്ന് മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമെന്നപോലെ അനുഭവിക്കുകയും പ്രകടമാവുകയും ചെയ്യുന്ന വ്യക്തിബോധമെന്നു പറയാവുന്ന ബോധമനസ്സ് ഓരോളംപോലെ ഊയലാടുന്നു.
ഈ മൂന്നിന്റെയും കൂടിക്കലര്‍ന്ന അവസ്ഥയാണ് നമ്മുടെ ഓരോ പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നത്. കൂട്ടത്തിനൊപ്പം ചേരുമ്പോള്‍ സാമൂഹികമനസ്സും ഇരുട്ടില്‍ പലപ്പോഴും തികച്ചും ജൈവികമായ അബോധവും സ്വകാര്യതാല്പര്യങ്ങളില്‍ വൈയക്തികമനസ്സും മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നത് അല്പം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടൊക്കെയാണ് നാം മനുഷ്യജീവിയെ സങ്കീര്‍ണ്ണജീവിയെന്ന് അറിവുള്ളവര്‍ വിളിക്കുന്നത്. സ്വതന്ത്രരെന്ന് അഹങ്കരിക്കുകയും തികച്ചും അസ്വതന്ത്രരായി ജീവിക്കുകയും ചെയ്യുന്ന നിസ്സഹായജീവിതന്നെയാണ് നാം മനുഷ്യര്‍.
നന്നായി ചിന്തിക്കണമെന്നും ജീവിക്കണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും സന്ദര്‍ഭം വരുമ്പോള്‍ പ്രാകൃതസ്വഭാവത്തിനടിപ്പെട്ട് അസ്വസ്ഥരാകുന്ന നന്മനിറഞ്ഞ മനുഷ്യരാണ് നമ്മില്‍ പലരും. എല്ലാ കാലത്തുമുള്ള മനുഷ്യര്‍ ഈ നിസ്സഹായതയിലൂടെ കടന്നുപോയിട്ടുണ്ട്. പ്രാകൃതമായ വാസനകളുടെ പിടിയിലമരുന്ന വ്യക്തിബോധത്തെയും സാമൂഹ്യബോധത്തെയും സംസ്‌ക്കരിച്ചെടുക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തിട്ടുള്ള വിവേകികളായ ശ്രദ്ധാലുക്കളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്. ദാര്‍ശനിക സാംസ്‌ക്കാരിക രാഷ്ട്രീയ ശാസ്ത്ര കലാസാഹിത്യാദി ലോകങ്ങളിലെല്ലാം അങ്ങനെയുള്ള വരുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. ആധുനികകാലത്ത് കേരളത്തില്‍ ജനിച്ച അങ്ങനെയുള്ള ഒരു വിവേകിയായിരുന്നു നാരായണഗുരു.
അദ്ദേഹം വന്നു പിറക്കാനിടയായ സാമൂഹ്യസാഹചര്യത്തിന്റെ ശുദ്ധീകരണത്തിനാവശ്യമായ കര്‍മ്മങ്ങളിലേര്‍പ്പെട്ടും ദാര്‍ശനികലോകത്തു സംഭവിച്ച അപചയങ്ങളെ പുനക്രമീകരിച്ചും പുനര്‍മൂല്യ നവീകരണംചെയ്തും തന്റെയടുത്തെത്തുന്ന മനുഷ്യരുടെ വൈയക്തികജീവിതത്തിലേക്കു് വെളിച്ചം പകര്‍ന്നും കഴിയുന്നത്ര സമഗ്രമായ ഒരു ജീവിതം ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസക്തനാക്കുന്നത്. ദാര്‍ശനികനെന്ന നിലയിലും സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയിലും ഗുരുവെന്ന നിലയിലുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വം പടര്‍ന്നു പന്തലിച്ചിരുന്നുവെന്നത് ഒരനുഗ്രഹംതന്നെ. ഇതില്‍ ഏതെങ്കിലും പക്ഷത്തുനിന്നു ചിന്തിക്കുന്നവര്‍ക്ക് അദ്ദേഹം ആ പക്ഷക്കാരനാണെന്നു തോന്നുക സ്വാഭാവികം.
ഒരു പക്ഷവുമില്ലാത്തവരെയാണ് നമുക്ക് പല പക്ഷങ്ങളിലേക്ക് വലിച്ചടുപ്പിക്കാനെളുപ്പം. ഒരുപക്ഷെ നാരായണഗുരു നിഷ്പക്ഷനായിരുന്നതുകൊണ്ടാവാം ഓരോരുത്തര്‍ക്കും അദ്ദേഹം അവരുടെ പക്ഷത്താണെന്ന് തോന്നിയതും അവിടെ അദ്ദേഹത്തെ പ്രതിഷ്ഠിച്ചതും. ഓരോരുത്തര്‍ തന്നെ ഓരോയിടങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ താനതല്ല എന്ന് ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്തിന് ഉറക്കെ പറയേണ്ടിയും വന്നിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മരണശേഷം പിന്നെ പറയേണ്ടതില്ലല്ലോ?!
താന്‍ വന്നുപിറക്കാനിടയായ സാമൂഹികസാഹചര്യത്തില്‍ ഏറ്റവും സജീവമായിരുന്ന ഇരുട്ട് ജാതീയതയാണെന്ന് അദ്ദേഹം കണ്ടു. അറിവുകൊണ്ടും കര്‍മ്മംകൊണ്ടും എങ്ങനെയൊട്ടെ അവിടെ തെളിച്ചമുണ്ടാക്കാം എന്നദ്ദേഹം ആലോചിച്ചു. മനുഷ്യരെന്ന പരിഗണനപോലും നല്കാതെ നികൃഷ്ടജീവിയെന്നപോലെ അകറ്റിനിറുത്തിയിരുന്ന ഒരു കൂട്ടം മനുഷ്യരെ വൃത്തിയും വെടിപ്പുള്ള ബോധത്തിലേക്ക് ഉണര്‍ത്തിക്കൊണ്ടുവരാന്‍ എന്തില്‍നിന്നൊക്കെയാണോ അവരെ അകറ്റിനിറുത്തിയിരിക്കുന്നത് അതിലേക്കുതന്നെ തിരിച്ചെത്തിക്കുകയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹത്തിനു തോന്നി. തൊട്ടു മുന്നിലുള്ള അവഹേളനത്തിനു പരിഹാരം കണ്ടിട്ടേ അകമേയുള്ള അവഹേളനത്തെ പറഞ്ഞിട്ടു കാര്യമുള്ളൂ എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അരുവിപ്പുറത്ത് പ്രതിഷ്ഠനടത്തി ഒരു ക്ഷേത്രാന്തരീക്ഷമുണ്ടാക്കിയപ്പോള്‍ അതുവരെ മനുഷ്യരെന്നുപോലും സ്വയം കരുതിയിരുന്നില്ലാത്തവര്‍ക്ക് തങ്ങള്‍ എന്തോക്കെയോ ആണെന്നും നിവര്‍ന്നു നില്‌ക്കേണ്ടവരാണെന്നുമൊക്കെ തോന്നിത്തുടങ്ങി. കുനിഞ്ഞുകുനിഞ്ഞ് കൂനുബാധിച്ച ബോധങ്ങളെ നിവര്‍ന്നുനില്ക്കാന്‍ പ്രാപ്തരാക്കുന്ന ആദ്യത്തെ ചുവടുവയ്പായിട്ടുവേണം ആ കര്‍മ്മത്തെ നാം മനസ്സിലാക്കാന്‍.
പിന്നെയും അദ്ദേഹം പലയിടങ്ങളിലായി ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചു. വൃത്തിയോടും വെടിപ്പോടുംകൂടി മനുഷ്യര്‍ക്ക് ഒന്നിച്ചു വന്നിരിക്കാനും പ്രാര്‍ത്ഥിക്കാനും ഒരിടം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവസാനം മറ്റേതൊരു ക്ഷേത്രങ്ങളെയുംപോലെ അന്ധവിശ്വാസത്തിന്റെയും മറ്റു കര്‍മ്മങ്ങളുടെയും അതിപ്രസരമായി താന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍ മാറുന്നതുകണ്ടപ്പോള്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അവനവനെ വൃത്തിയായി കാണുക മാത്രമാണ് ക്ഷേത്രത്തിന്റെ ഉദ്ദേശമെന്ന് ഉണര്‍ത്തിച്ചു. എന്നിട്ടും മനുഷ്യന്‍ താന്‍ ഉദ്ദേശിച്ച അറിവിലേക്ക് ഉണര്‍ന്നു വരുന്നില്ലല്ലോ എന്നു മനസ്സിലാക്കിയതോടെ ഇനി ക്ഷേത്രങ്ങള്‍വേണ്ട വിദ്യാലയങ്ങള്‍ മതി എന്നുതീരുമാനിച്ചു.
ക്ഷേത്രമുണ്ടാക്കാന്‍ എന്തിനു തുനിഞ്ഞുവോ അതേ കാരണംതന്നെയാണ് വിദ്യാലയങ്ങളുടെ പിന്നിലും ഗുരുവിന്റെ ഉദ്ദേശമായിരുന്നത്. സംസ്‌കൃതവും ഇംഗ്ലീഷും മനുഷ്യബോധത്തില്‍ അടിമത്തമായി നിലനിന്നിരുന്ന അക്കാലത്ത് ആ രണ്ടു ഭാഷകള്‍ ഏവര്‍ക്കും ലഭ്യമാക്കുക വഴി ബോധത്തില്‍ അടിഞ്ഞുകൂടിയ അപകര്‍ഷതാബോധത്തെ തൂത്തെറിയുക എന്നതായിരുന്നു ഉദ്ദേശം. ആ അര്‍ത്ഥത്തില്‍ ക്ഷേത്രപ്രതിഷ്ഠയുടെ തുടര്‍ച്ചയായിവേണം നാം വിദ്യാലയപ്രതിഷ്ഠയെ മനസ്സിലാക്കാന്‍. ഒരേ ഉദ്ദേശത്തിന്റെ തുടര്‍ച്ചയായിരുന്നു ആ കര്‍മ്മങ്ങള്‍.
അവിടെയും അത് അവസാനിക്കുന്നില്ല. അറിവിന്റെയും ഭക്തിയുടെയും ലോകത്ത് നിലനിന്നിരുന്ന എല്ലാതരത്തിലുള്ള വിവേചനങ്ങളെയും അകറ്റി സമഗ്രമായ ഒരു ദാര്‍ശനിക പ്രതിഷ്ഠയിലേക്കാണ് ആ കര്‍മ്മത്തിന്റെ തുടര്‍ച്ചയുണ്ടായത്. കേവലം പാദാതികേശവും കേശാദിപാദവുമുള്ള വര്‍ണ്ണനകളില്‍ ഒതുങ്ങിനിന്നിരുന്ന ഭക്തിയെ അറിവിന്റെ മൂശയിലിട്ട് ഉണര്‍ത്തുന്ന തരത്തിലുള്ള ജ്ഞാനഭക്തിനിറഞ്ഞ ക്ഷേത്രപ്രതിഷ്ഠകളാണ് ജനനീനവത്‌നമഞ്ജരിപോലെയുള്ള സ്‌തോത്രകൃതികളിലൂടെ ഗുരു നിര്‍വഹിച്ചത്. ആത്മോപദേശം, അറിവ്, ദര്‍ശനമാല പോലെയുള്ള ദാര്‍ശനികകൃതികളിലൂടെ നാം കടന്നുപോയാല്‍ ഉദാത്തമായ അറിവുകള്‍പോലും വാദത്തിന്റെയും ജയത്തിന്റെയുമൊക്കെ താര്‍ക്കികതയില്‍കിടന്നു പിടഞ്ഞ് വിഭാഗീയതയുടെ അഴുക്കുപുരണ്ട് വിലപിക്കുന്നതില്‍ വിഷമിച്ച് എഴുതിപ്പോയതാണെന്ന് കാണാന്‍ കഴിയും. അറിവിന്റെ പുനഃപ്രതിഷ്ഠകളായിവേണം നാം ഇവയെയെല്ലാം മനസ്സിലാക്കാന്‍. ഇങ്ങനെ കേവലം വിഗ്രഹപ്രതിഷ്ഠയില്‍നിന്നു തുടങ്ങി നിരുപാധികവും സമഗ്രവുമായ അറിവിന്റെ പ്രതിഷ്ഠവരെ എത്തിനില്ക്കുന്ന ഒരു പരിണാമപ്രക്രിയായിവേണം നാം നാരായണഗുരുവിന്റെ കര്‍മ്മമണ്ഡലത്തെ മനസ്സിലാക്കാന്‍. സാമൂഹികമായ ജാതീയത മുതല്‍ അറിവില്‍ നിറഞ്ഞിരുന്ന ധാര്‍ഷ്ട്യമാലിന്യംവരെ കഴുകിക്കളഞ്ഞ് പുനഃപ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ആ സമഗ്രതയെയാണ് നാം ചെറുതായൊന്നു് അടുത്തു പരിശോധിക്കാന്‍ ശ്രമിക്കുന്നത്.
നാരായണഗുരുവിനെപറ്റി പറയുമ്പോള്‍ ആദ്യമായി നാം അറിയേണ്ടത് അദ്ദേഹത്തിന്റെ ദാര്‍ശനികലോകം തന്നെയാണ്. കാരണം ഒരാളുടെ അകമേ തെളിയുന്ന കാഴ്ചയാണ് പിന്നീട് തന്റെ കര്‍മ്മത്തിന്റെ അടിസ്ഥാനമായി മാറുക. യാതൊരു ദാര്‍ശനികലോകത്തിരുന്നുകൊണ്ടാണ് ഗുരു തന്റെ കര്‍മ്മങ്ങളില്‍ നിരതനായത് എന്നറിഞ്ഞാലേ ആ വിശാലതയിലേക്ക് നമുക്ക് വാതില്‍ തുറന്നു കിട്ടുകയുള്ളൂ.
വാദത്തിന്റെയും ജയത്തിന്റെയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയുമൊക്കെ ലോകത്തു കിടന്നു ശ്വാസം മുട്ടിയ ചരിത്രമാണ് ദര്‍ശനങ്ങള്‍ക്കുള്ളത്. ഞാന്‍ ശരി അപരന്‍ തെറ്റ് എന്നു പറയുന്ന ദര്‍ശനങ്ങളെല്ലാംതന്നെ മുന്നോട്ടു വയ്ക്കുന്നത് ആകെ ലോകത്തിന്റെ ആകെ നന്മ എന്നതിനേക്കാള്‍ മറ്റെന്തൊക്കെയോ ആണ്. അതെന്തായാലും അവര്‍ പറയാന്‍ ശ്രമിക്കുന്ന ചിന്തയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. വിവേകത്തേക്കാള്‍ വികാരമാണ് അവരുടെ വാക്കുകളില്‍ കത്തിനില്ക്കുന്നത്. മതത്തിന്റെ കാര്യത്തിലായാലും മറ്റു ദാര്‍ശനികപ്രസ്ഥാനങ്ങളുടെ കാര്യത്തിലായാലും ആരെയൊക്കെയോ ശത്രുപക്ഷത്തു നിറുത്തിക്കൊണ്ടാണ് വിശാലമെന്ന് അവരവകാശപ്പെടുന്ന ചിന്തകളെ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
ഇങ്ങനെ രൂപപ്പെട്ട അനേകം ദര്‍ശനങ്ങളും അവയ്ക്കിടയില്‍ നിരന്തരം നടക്കുന്ന സംഘര്‍ഷങ്ങളും സാധരണ ജനങ്ങള്‍ക്ക് അതുകൊണ്ടുണ്ടാകുന്ന വിഷമതകളുമെല്ലാം അതിന്റെ രൂക്ഷതയില്‍ തുടരുന്ന കാലത്തുതന്നെയാണ് നാരായണഗുരു ജനിക്കുന്നത്. ആകാശത്തെക്കാള്‍ വിശാലമായ ദര്‍ശനങ്ങളുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ജാതീയത മനുഷ്യനെ തട്ടുതട്ടായി വിഭജിച്ച് പല വിഭാഗത്തെയും ഓരത്തേക്കു തള്ളിമാറ്റി ഒരു ജീവിയെന്ന പരിഗണനപോലും നല്കാതെ ഉപദ്രവിക്കുന്ന സാമൂഹികതയാണ് മഹത്തായ ദര്‍ശനങ്ങള്‍ ഉദയംചെയ്യാന്‍ ഇടം നല്കിയ ദേശത്തുപോലും അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. അവിടെ ഇനി പുതിയ ഒരു ദര്‍ശനത്തെക്കൂടി കുത്തി നിറയ്ക്കുകയല്ല മറിച്ച് ഉണ്ടായതെല്ലാം ഒരേ ലക്ഷ്യത്തെ കേന്ദ്രമാമാക്കിയാണെന്ന് ഉണര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിനു തോന്നിയത്.
അവരവരുടെ കാഴ്ചപ്പാടുകളെ വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ അടിസ്ഥാനജീവിതമൂല്യങ്ങളെ വീണ്ടെടുത്തുവേണം ആ മഹത്തായ ദര്‍ശനങ്ങളിലേക്ക് മനുഷ്യഹൃദയത്തെ ഉണര്‍ത്തിക്കൊണ്ടു വരേണ്ടത് എന്നും അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. പലതായി പിരിഞ്ഞിരിക്കുന്നതിലെ ഏകതയിലേക്കു വിരല്‍ചൂണ്ടി മനുഷ്യബോധത്തെ ബാധിച്ചിരിക്കുന്ന ഇരുട്ടിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികളാണ് അദ്ദേഹമാലോചിച്ചത്. കാലങ്ങളായി പേറിനടക്കുന്ന ശീലവിധേയമായ അന്ധത്വത്തെ അറിവുകൊണ്ട് ന്യായീകരിക്കുന്ന മനുഷ്യനെ അതില്‍നിന്ന് രക്ഷിച്ചെടുക്കേണ്ടത് അലിവുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏതിര്‍ക്കുക എന്നതിനേക്കാള്‍ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന വിവേകത്തിന്റെ പരിണിതഫലങ്ങളായിരുന്നു പിന്നീടു നാം കണ്ടത്.

”സകലവുമുള്ളതുതന്നെ തത്വചിന്താ
ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും
അകമുഖമായറിയായ്കില്‍ മായയാം വന്‍
പക പലതും ഭ്രമമേകിടുന്നു പാരം” എന്നാണ് ഗുരു പറയുന്നത്. എല്ലാം ഉള്ളതുതന്നെയാണ്. അറിവിനെ ആഴത്തിലനുഭവിക്കുന്നന്‍ ഇതെല്ലാം ഒന്നായിത്തന്നെ അറിയുന്നു. അറിവു് ധ്യാനാത്മകമല്ലെങ്കില്‍ മായയാകുന്ന വന്‍ വൈരുദ്ധ്യങ്ങള്‍ പല തരത്തിലും വളരെയധികം നമ്മെ സംഭ്രമിപ്പിക്കും. ഭ്രമബുദ്ധിക്കു് അടിമയാക്കും എന്നാണ് ഗുരു ഉണര്‍ത്തിക്കുന്നത്.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…