കൊല്ലത്തിൽ പലവട്ടം സ്വാമി നഗരത്തിൽ
വരും. പറന്നാണ് വരിക. കൊച്ചിയിൽ നിന്ന് പറന്നാൽ ഒന്നരമണിക്കൂറിനുള്ളിൽ മുംബൈയിലെത്താം. കരമാർഗേണയുളള ദൂരയാത്രകളോട് സ്വാമിയ്ക്ക് വിരക്തിയാണ്. തീവണ്ടിയായാലും ബസ്സായാലും. ഒന്ന് രണ്ട് പകലുകളും രാത്രികളും തീവണ്ടിയിലും ബസ്സിലുമായി കഴിച്ചുകൂട്ടുമ്പോൾ വല്ലാത്ത മുഷിച്ചിലാണ്. പോരെങ്കിൽ സമയത്തിന്റെ തീപിടിച്ച വില. ബിസിനസ്സ്കാരന്റെ ഖജനാവിൽ വിരളമായി കാണുന്നതാണല്ലോ സമയത്തിന്റെ നാണയത്തുട്ടുകൾ. മുംബൈയിൽ മകൾ വേണിയോടൊപ്പം ഒന്ന് രണ്ട് ദിവസം ചെലവാക്കിയാലുടനെ നാട്ടിലേയ്ക്ക് പറക്കണം. ബിസിനസ്സിന്റെ താക്കോൽ സ്വാമിയുടെ കൈവശമാണ്.
രണ്ടു മക്കൾ മുംബൈയിൽ. ഒരാൾ ചെന്നൈയിൽ. നിത്യേന ഫോണിലൂടെ സംസാരിച്ച് സാമീപ്യം അനുഭവപ്പെടുന്നത്കൊണ്ട് മാത്രം സ്വാമി തൃപ്തനല്ല. അത്തരം ക്ഷേമാന്വേഷണവേളകളിലാണ്, മക്കളുടെയടുത്തേയ്ക്ക് പറന്നെത്താനുളള ആവേശം അനുഭവപ്പെടുന്നത്. മക്കൾ സ്വാമിയ്ക്കാരു ദൗർബല്യമാണ്. വേണിയും,വെങ്കിടിയും, വന്ദനയും. വേണിയും, വെങ്കിടി എന്ന് ഓമനപ്പേരിട്ടു വിളിയ്ക്കുന്ന വെങ്കിട്ടരാമനുമാണ് മുംബൈയിൽ. വന്ദന മദ്രാസിലാണ്. ഇപ്പോൾ ചെന്നൈ നഗരം.
വേണി താമസിക്കുന്നത് കൊളാബയിലാണ്. വിവാഹം കഴിഞ്ഞ് ഭർത്താവ് ഉല്ലാസ്കൃഷ്ണനോടൊപ്പം സസുഖം വാഴുന്നു. ഉല്ലാസിന് ജോലി മർച്ചന്റ് നേവിയിൽ.
വെങ്കിടി – ഏകമകൻ- വർളിയിൽ താമസിക്കുന്നു. ബിസിനസ്സ് അഡ്മിനി സ്ട്രേഷനിൽ മാസ്റ്റർ ബിരുദമെടുത്തിട്ടുണ്ട്. വർളിയിലെ തന്നെ ഒരു മൾട്ടി നാഷണൽ സ്ഥാപനത്തിൽ ചീഫ് എക്സിക്യൂട്ടീവാണ്.
നഗരത്തിലെത്തിയാലുടനെ സ്വാമി പഴയ സ്നേഹിതനായ എനിയ്ക്കും ഫോൺ ചെയ്യാൻ മറക്കാറില്ല. പരസ്പരം കണ്ടുമുട്ടാനും ശ്രമിക്കാറുണ്ട്.
മാഹിമിലെ ഒരു ബിയർബാറിലിരുന്ന് ഒന്ന് രണ്ട് ബോട്ടിൽ “സ്വർണ്ണക്കഴുകൻ” അകത്താക്കിയിട്ടേ പിരിയാറുള്ളൂ. ”ഞാൻ നിനക്ക് പിതൃതുല്യൻ” എന്നാണ് സ്വാമി പറയാറ്. മക്കളോടുള്ള വാത്സല്യം എന്നോടും തോന്നുന്നത് കൊണ്ടാണ്. ഒരു കാലത്തെ അയൽപക്കക്കാരനല്ലേ?
നഗരത്തിൽ വന്നാൽ വേണിയോടൊപ്പമാണ് താമസം. വെങ്കിടിയുമായി ഇടക്കാലത്ത് രസത്തിലല്ലാതായി. അതിന് ശേഷം അയാളെക്കുറിച്ച് വേണിയോടോ എന്നോടൊ സംസാരിക്കാറില്ല. വെങ്കിടിയുമായി കൂടെക്കൂടെ ടെലിഫോണിൽ സംസാരിക്കാറുണ്ടെങ്കിലും, ക്ഷേമാന്വേഷണങ്ങൾ തിരക്കാറുണ്ടെങ്കിലും അതേക്കുറിച്ചൊന്നും സ്വാമിയോട് പറയാറില്ല. സ്വാമിയുടെ പ്രതികരണം ഭയന്ന്. എങ്കിലും വെങ്കിടിയോട് ഉള്ളിന്റെയുളളിൽ സ്വാമിയ്ക്ക് വാത്സല്യം തന്നെയാണെന്ന് മനസ്സ് മന്ത്രിക്കാറുണ്ട് .അത് മറ്റൊരു കഥ.
ഇതുകൊണ്ടാന്നും സ്വാമി ഒരാഡംബരപ്രിയനാണെന്നൊന്നും ധരിക്കണ്ട. അങ്ങനെയല്ല. ഒരു മാതിരി ബിസിനസ്സുകാരുടെ ജാഡകളോ, ഷോമാൻഷിപ്പോ ഇല്ല. വസ്ത്രധാരണത്തിൽ പോലുമില്ല ആഡംബരപ്രിയം. ലക്ഷങ്ങൾ അമ്മാനമാടുന്ന ബിസിനസ്സ്കാരന് സ്വന്തമായി ഒരു വാഹനം പോലുമില്ല. അത്തരത്തിലുളള മോഹങ്ങളൊന്നും സ്വാമിയെ തീണ്ടിയിട്ടില്ല. ഇതൊക്കെ ഒന്ന് വിരൽ ഞൊടിച്ചാൽ സാധിക്കാവുന്ന കാര്യങ്ങളാണ്. ബിസിനസ്സുകാരനായ നാരായണ സ്വാമിയുടെ മകൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവനാണ്. വളർന്നവനാണ്. വളരുന്നവനാണ്. പണത്തിന് പഞ്ഞം ഒരിയ്ക്കലും അനുഭവപ്പെട്ടിട്ടില്ല. അത്യാവശ്യം ധൂർത്തെന്ന് പറയാവുന്നത് – പറക്കുന്ന കാര്യത്തിലും പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്ന കാര്യത്തിലുമാണ്. ലക്ഷ്മിയുടെയും സരസ്വതിയുടെയും വരപ്രസാദം ഒരേ അളവിൽ ഒത്തുകിട്ടുക അത്ര എളുപ്പമല്ല.
ആദ്യനാളുകളിലൊക്കെ ധരിച്ചിരുന്നത് സ്വാമി വല്ല പള്ളിക്കൂടം മാഷോ അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു സർക്കാരാപ്പീസിലെ ഗുമസ്ഥനോ മറ്റോ ആയിരിയ്ക്കുമെന്നാണ്. മനസ്സിൽ വരച്ചിട്ട ബിസിനസ്സുകാരന്റെ ചിത്രവുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. വെട്ടിത്തിളങ്ങുന്ന ജുബ്ബയും, കസവുവേഷ്ടിയും ധരിച്ച് ഗേറ്റ് വിട്ട് പുറത്തിറങ്ങണമെങ്കിൽ ഒരു കാറും ഡ്രൈവറുമൊക്കെ സ്റ്റാറ്റസ് സിംബലായി കരുതുന്ന ബിസിനസ്സുകാരന്റെ മുഖത്ത് നോക്കി, മന്ദഹസിയ്ക്കുന്ന ഒരു സാധാരണക്കാരന്റെ മുഖമാണ് സ്വാമിയ്ക്ക്.
പട്ടണത്തിൽ നിന്ന് കുറേ ഉളളിലേയ്ക്ക് മാറി അയ്യപ്പക്ഷേത്രത്തിനടുത്ത് സ്വാമിയുടെ മഠം. മുറ്റത്ത് അരിമാവിൽ തീർത്ത കോലങ്ങൾ കണ്ടാലറിയാം, അതൊരു പട്ടരുടെ വാസസ്ഥലമാണെന്ന്.
മിക്കവാറും ദിവസങ്ങളിൽ ഉണർന്നാലുടനെ കണി കണ്ടിരുന്നത് സ്വാമിയെയാണ്. ബ്രഷിൽ പേസ്റ്റ് പുരട്ടി വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങുമ്പോഴായിരിയ്ക്കും സ്വാമിയുടെ ക്ഷേത്രസന്ദർശനത്തിനുളള പുറപ്പാട്. കൈവീശി സുപ്രഭാതം പറഞ്ഞ് സ്വാമി നടന്ന് നീങ്ങും. ഒറ്റമുണ്ടുടുത്തിരി
യ്ക്കും, തോർത്ത് പുതച്ചിരിയ്ക്കും.
മാസത്തിൽ ഒന്ന് രണ്ട് പ്രാവശ്യം മാത്രം ഷേവുചെയ്യാൻ സമയം കണ്ടെത്തുന്നയാളുടെ മുഖത്തെ നരച്ച കുറ്റി രോമങ്ങൾ ഉറ്റ സുഹ്യത്തുക്കളെപ്പോലെയാണ്. പത്ത് മിനിട്ടിനുളളിൽ ക്ഷേത്രദർശനം കഴിഞ്ഞ് നെറ്റിയിൽ കുറിയും ചെവികൾക്കിടയിൽ തുളസിപ്പുക്കതിരുകളുമായി തിരികെ മഠത്തിലേയ്ക്ക്. എല്ലാം വീട്ടിലിരുന്ന് ശ്രദ്ധിച്ചിട്ടുണ്ട്.
പിന്നീട് പത്ത് മണിയോടെ വീണ്ടും പുറത്തേയ്ക്ക് . അപ്പോൾ വേഷം ഒറ്റമുണ്ടും പിഞ്ഞിതുടങ്ങിയ, നിറം മങ്ങിയ ഷർട്ടും. മുണ്ട് മടക്കിക്കുത്തിയിരിയ്ക്കും. കൈയിലൊരു സഞ്ചിയുണ്ടാകും. പട്ടണത്തിലേയ്ക്ക് നടന്ന് നീങ്ങുന്ന മനുഷ്യനെ ബിസ്സിനസ്സുകാരനെന്ന് എങ്ങനെ ഊഹിയ്ക്കാൻ കഴിയും? ബേക്കറിയും, ടെക്സ്റ്റൈൽ ഷോപ്പും, പെട്രോൾ പമ്പുമൊക്കെ എങ്ങനെ മനസ്സിലേയ്ക്ക് കടന്നുവരും ? കൈയ്യിൽ തുങ്ങുന്ന സഞ്ചിയിൽ ഗീതാഗോവിന്ദവും, ഭഗവദ്ഗീതയും, സൗന്ദര്യലഹരിയും, ഭർതൃഹരിയും, ജ്ഞാനപ്പാനയും, നാരായണീയവും ഒപ്പം ഫ്രഡറിക് ഫോർസിത്തും, മിൽട്ടൺ ഫ്രീഡ്മാനുമൊക്കെയാണെന്ന് എങ്ങനെ കരുതാൻ കഴിയും?
“തുറന്ന് പറഞ്ഞാൽ സ്വാമി ഏതോ ഒരു സർക്കാർ പള്ളിക്കൂടത്തിലെ മാഷാണെന്നാണ് കരുതിയത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു സർക്കാരാഫീസിലെ ഗുമസ്ഥനോ, ശിപായിയോ” പരിചയപ്പെട്ട്, സുഹൃത്തുക്കളായി മാറികഴിഞ്ഞപ്പോൾ സ്വാമിയോടത് പറഞ്ഞു.
“ആരേയും മുൻവിധിയോടെ നോക്കരുത്. മുൻ വിധികൾ അപകടങ്ങൾ സൃഷ്ടിയ്ക്കും. ആർക്കും ആരെയും പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അവർ തമ്മിൽ എത്രമാത്രം അടുത്ത് പെരുമാറിയാലും. ഉദാഹരണത്തിന് എന്നെ നിനക്ക് പൂർണ്ണമായി അറിയാമെന്ന് പറഞ്ഞാൽ നിനക്കെന്തെങ്കിലും തകരാറുണ്ടെന്ന് ഞാൻ പറയും. അതുപോലെ നിന്നെക്കുറിച്ച് ഞാൻ പറഞ്ഞാലും. കുറെ നിഗമനങ്ങൾ. അത്രമാത്രം. ഗുണപാഠം മനസ്സിലായല്ലോ?”
പരിചയപ്പെടുന്ന കാലത്ത് വേണിയും , വന്ദനയും, വെങ്കിടിയും വിദ്യാർത്ഥികളായി
രുന്നു. വീട്ടിൽ വിളിച്ചുകൊണ്ടു പോയി സ്വാമി അമ്മയേയും, മക്കളേയും ഒരു ദിവസം പരിചയപ്പെടുത്തി. വൈകുന്നേരങ്ങളിൽ മഠത്തിന്റെ മുറ്റത്ത് കൂടി കൈയ്യിൽ പുസ്തകങ്ങളുമായി ഓരോരുത്തരും ഉലാത്തുന്നത് ശ്രദ്ധിച്ചിരുന്നു. വീട്ടുമുറ്റത്തെച്ചെടികൾ നനയ്ക്കുന്നത് ശ്രദ്ധിച്ചിരുന്നു. പരസ്പരം കലഹിയ്ക്കുന്നതും തൊട്ടടുത്ത നിമിഷത്തിൽ ഇണങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
വേണി അക്കാലത്ത് തന്നെ കണ്ണട ധരിച്ചിരുന്നു. “ഇവൾ വേണി, മുത്തമകൾ. സാഹിത്യത്തിലാണ് താല്പര്യം.കോളേജിൽ ലിറ്ററേച്ചറാണ് വിഷയം. കണ്ടമാനം വായിയ്ക്കും. അതിന്റെ സമ്മാനമാണീ കണ്ണട. ഷെല്ലിയും, കീറ്റ്സും, ടെന്നീസനുമൊക്കെ കാണാപ്പാഠമാണ്.”
“ഇവളാണ് വന്ദന. സാമ്പത്തിക ശാസ്ത്രത്തിലാണ് താല്പര്യം. ചേച്ചിയെ പ്പോലെ കുത്തിപ്പിടിച്ചിരുന്ന് ഒരുപാട് വായിച്ചുകൂട്ടുന്ന പ്രകൃതമല്ല. എങ്കിലും പഠിയ്ക്കുന്ന വിഷയത്തിൽ വളരെ ശ്രദ്ധിയ്ക്കും.”
“ഇവൻ വെങ്കിടി. ഏക മകൻ. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദമെടുക്കാനാണ് താല്പര്യം. എനിയ്ക്കും ബിസിനസ്സ് കാര്യങ്ങൾ നോക്കി നടത്താൻ കഴിവുറ്റ ഒരു പിൻഗാമി വേണ്ടേ? അക്കാര്യത്തിൽ ഇവൻ സമർത്ഥൻ. ബിസിനസ്സിന്റെ ബാലപാഠങ്ങൾ പോലും പഠിപ്പിക്കേണ്ട. സോപ്പിടേണ്ടിടത്ത് സോപ്പിടാനും പതപ്പിക്കേണ്ടിടത്ത് നല്ലപോലെ പതപ്പിക്കാനും അവനറിയാം. പേഴ്സണൽ ടച്ചാണല്ലോ ബിസിനസ്സിൽ വളരെ പ്രധാനം. അക്കാര്യത്തിൽ ഇവൻ എന്നേക്കാൾ സമർത്ഥൻ. നല്ല ബിസിനസ്സുകാരൻ കളളനുമായിരിയ്ക്കണം.”
“പിന്നെ ഇവൾ ജാനകി. ഇവരുടെയൊക്കെയമ്മ. ഞാൻ സ്വദേശി ബ്രാഹ്മണനാണ്. എല്ലാവരും പക്ഷെ പരദേശികളായിട്ടാണല്ലോ ഞങ്ങളെ മൊത്തത്തിൽ മുദ്രയടിച്ചിരിയ്ക്കുന്നത്. തുറന്ന് പറഞ്ഞാൽ അത്യാവശ്യം തമിഴ് പറയാനും എഴുതാനും പഠിച്ചത് ഇവളിൽ നിന്നാണെന്നതാണ് സത്യം. കോയമ്പത്തൂർ കാരിയാണ്.”
വിശാലമായ വായനമുറിയിലിരുന്ന് സ്വാമി പിന്നീടും ഭാവിപരിപാടികളെക്കുറിച്ച് പറയാൻ തുടങ്ങി. “മക്കൾ മൂന്നുപേരും പഠിയ്ക്കാൻ സമർത്ഥരാണ്. എല്ലാവരും ഡിസ്റ്റിംക്ഷനോടെയാണ് വിജയിയ്ക്കുന്നത്. പഠിച്ച് വളർന്ന് ബിരുദങ്ങൾ വാരിക്കൂട്ടുന്നതിൽ ആഹ്ലാദമുണ്ട്. പക്ഷെ എന്റെ മക്കളാരും ഉദ്യോഗസ്ഥരാകുന്നത് വ്യക്തിപരമായി എനിക്കിഷ്ടമല്ല. അവർക്കും വരും തലമുറകൾക്കും വേണ്ടതൊക്കെ സമ്പാദിച്ചിട്ടുണ്ട്. വേണിയും വന്ദനയും ബിരുദമെടുത്ത് കഴിഞ്ഞാലുടനെ മാർക്കറ്റ് റിലീസ് ചെയ്യണം. ലവിംഗ് ആൻഡ് കേയറിംങ്ങ് ആയ മിടുക്കൻ ഭർത്താക്കന്മാരുടെ നല്ല ഭാര്യമാരായി വളരാനുളള ട്രെയിനിംഗ് കൂടി ഈ വിദ്യാഭ്യാസ നാളുകളിലും അവർക്ക് കൊടുക്കുന്നുണ്ട്.”
“പഠിയ്ക്കാൻ മിടുക്കുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു ഉദ്യോഗമൊക്കെ സ്വപ്ന ങ്ങളായിരിയ്ക്കില്ലേ? അത്തരം മോഹങ്ങളു ണ്ടെങ്കിൽ നേരത്തെ കെട്ടിച്ചയയ്ക്കുന്നത് കഷ്ടമല്ലേ സ്വാമീ ?”
“അക്കാര്യത്തിൽ സമാധാനമുണ്ട്. പഠിയ്ക്കുന്ന കാര്യത്തിൽ സമർത്ഥരാണങ്കിലും ഒരു ഔദ്യോഗിക ജീവിതത്തിൽ അവർക്കും താല്പര്യമില്ല. എങ്കിലും പഠിയ്ക്കുന്ന കാലത്ത് നല്ലപോലെ പഠിയ്ക്കുക എന്ന തീരുമാനം അവർക്കുണ്ട് താനും. അതായത് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും….” സ്വാമി ചിരിച്ചു.
“പിന്നെ വെങ്കിടിയുടെ കാര്യം. എം.ബി.എ കഴിഞ്ഞാലുടനെ ഈ കൊച്ചു ബിസിനസ്സ് സാമ്രാജ്യത്തിന്റെ താക്കോലെടുത്ത് അവനെ ഏല്പിക്കണം. ഏതെങ്കിലുമൊരു സ്ഥാപനത്തിൽ സൂട്ടും കോട്ടുമിട്ട് എക്സിക്യൂട്ടീവായി കാണുന്നതിൽ കൂടുതൽ ഇഷ്ടം അവനെ ഈ സാമ്രാജ്യ ത്തിന്റെ എക്സിക്യൂട്ടീവായി കാണാനാണ്. ഒരു സ്വാതന്ത്ര്യക്കുറവും അനുഭവപ്പെടില്ല താനും. ഉടമയുടെ അഭിമാനമുണ്ട് താനും. തലമുറകളായി കൈമാറി വരുന്ന താക്കോലാണിത്. ഈ താക്കോൽ അവനെ ഏല്പിക്കുന്നതോടെ ഈ ഞാൻ സ്വതന്ത്രൻ. ഗീതാഗോവിന്ദവും, ഭഗവദ്ഗീതയും, നാരായണീയവും, ജ്ഞാനപ്പാനയും പിന്നെ കുറെ സായിപ്പന്മാരും മദാമ്മമാരുമായി ശിഷ്ടകാലം.”
“നിനക്കറിയാമോ ഒരു ബിസിനസ്സുകാരനായതു കൊണ്ടു ഒരു പാട് കണക്ക് കൂട്ടലുകളുളള ഒരു വ്യക്തിയാണ്. നാളിതുവരെയായി, ഭഗവാന്റെ കൃപാകടാക്ഷങ്ങൾ കൊണ്ട് ഒരു കണക്കുകൂട്ടലുകളും പിഴച്ചിട്ടില്ല. കൂട്ടലും കിഴിക്കലും ഹരിയ്ക്കലും ഗുണിയ്ക്കലുമൊക്കെയായി കഴിയുമ്പോൾ ഉത്തരങ്ങൾ കൃത്യമായിരിക്കണമെന്ന നിർബ്ബന്ധമുണ്ട്. ഈ കൃത്യത ഇനിയുള്ള ജീവിതത്തിലും ഉണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി.
അക്കാലത്ത് അവരുടെ ജീവിതത്തെക്കുറിച്ചൊക്കെ ചിലപ്പോഴെങ്കിലും ഓർത്തുപോകും. രാത്രികളിൽ മഠത്തിന്റെ മുറ്റത്ത് എല്ലാവരും ചുറ്റും കൂടിയിരുന്ന് ഒട്ടേറെ കാര്യങ്ങൾ – സാഹിത്യവും, സംഗീതവും, ചരിത്രവും, ഭൂമിശാസ്ത്രവും, സിനിമയും എന്നുവേണ്ട ഒരുപാട് സംവാദങ്ങൾ അരങ്ങേറിയ തിരുമുറ്റം. അപ്പാവും അമ്മയും മക്കളും ഒരുമിച്ച് ആസ്വദിച്ച് തളളിയ വേളകൾ. ചിലപ്പോഴെങ്കിലും ഒരതിഥിയായി ഈ ഞാനും.
കണക്കുകൂട്ടലുകളെക്കുറിച്ചും, കണക്കുകൂട്ടലുകളിലെ കൃത്യതയെക്കുറിച്ചും അഭിമാനിച്ചിരുന്ന സ്വാമിക്ക് ഒരിയ്ക്കൽ മാത്രം തെറ്റി. അത് സ്വാമി ഒരിക്കൽപ്പോലും പ്രതീക്ഷിക്കാത്ത ഒരു കോണിൽ നിന്ന്. തന്റെ ഭാവി പരിപാടികളൊക്കെ തകിടം മറിച്ച് മകൻ വെങ്കിടിയിൽ നിന്നും. പുറമേക്കൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും വെങ്കിടിയുടെ തീരുമാനങ്ങൾ സ്വാമിയെ ഏറെ തളർത്തിയെന്നത് സത്യം.
മുംബൈയിൽ എംബിഎയ്ക്ക് പഠിയ്ക്കുന്ന കാലത്ത് തന്നെ മൊട്ടിട്ട ഒരു പ്രേമം. മുംബൈയിൽ ജനിച്ചു വളർന്ന ഗുജറാ ത്തി പെൺകുട്ടി – സ്നിഗ്ദ്ധ. ആരുമറിയാതെ വളർന്നു പന്തലിച്ചു ഒരു പ്രേമബന്ധം. അതോടൊപ്പം വെങ്കിടിയുടെ മറ്റു ചില തീരുമാനങ്ങളും. നാട്ടിലേയ്ക്ക് മടങ്ങി അവിടെ അപ്പാവ് സർവ്വാധിപതിയായി വാഴുന്ന ഒരു കൊച്ചു സാമ്രാജ്യത്തിന്റെ ഭാരം തലയിലേറ്റാനുള്ള വിമുഖത. മെട്രോപൊളിറ്റൻ നഗരത്തിന്റെ സന്തതിയാവാനുള്ള മോഹം. ഉൾനാടൻ പട്ടണത്തിലെ അന്തരീക്ഷം ഉൾക്കൊളളാനാവാത്ത അവസ്ഥ. നഗരത്തിലെ തന്നെ ഒരു വലിയ സ്ഥാപനത്തിൽ ഒരു എക്സിക്യൂട്ടീവായി കഴിയുമ്പോഴുളള സംതൃപ്തി ഒന്ന് വേറെ.
അവസാന നിമിഷത്തിൽ, എല്ലാം തീരുമാനിച്ചുറപ്പിച്ചതിന് ശേഷമാണ് മകൻ അപ്പാവിനെഴുതുന്നത്.അപ്പാവ് തളർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. എങ്കിലും എഴുതിയ മറുപടിയിൽ വിദ്വേഷമൊന്നും കുത്തി നിറച്ചില്ല.
“എല്ലാം നിന്റിഷ്ടം. നീ സ്നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിയ്ക്കുന്നത് നിന്റിഷ്ടം. സ്നേഹിയ്ക്കുന്ന ഉദ്യോഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിന്റിഷ്ടം. ഒന്ന് മാത്രം. നിന്റെ പാത തിരഞ്ഞെടുക്കാൻ നിനക്കവകാശമുളളത് പോലെ എന്റെ പാത തിരഞ്ഞെടുക്കാനുള്ള അവകാശം എനിയ്ക്കുമുണ്ടല്ലോ. നമുക്ക് പരസ്പരം മറക്കാൻ ശ്രമിക്കാം.”
എങ്കിലും സ്വാമിക്കതിന് കഴിയുമെന്ന് എനിക്കൊരിക്കലും തോന്നിയില്ല. നഗരത്തിലെത്തിയെന്ന് വിവരമറിഞ്ഞാലുടനെ ഞാൻ വെങ്കിടിയെ വിവരമറിയിക്കാറുണ്ട്. അപ്പാവ് വന്നിട്ടുണ്ട്. കൊളാബയിൽ വേണിയോടൊപ്പമുണ്ട്.
വെങ്കിടി ആകാംക്ഷയോടെ തിരക്കും “കണ്ടാലുടനെ വിവരമറിയിക്കണം. ആളിപ്പോഴെങ്ങനെ? നാട്ടിൽ അമ്മയുടെ ആരോഗ്യസ്ഥിതിയൊക്കെ തിരക്കണം. എന്നെക്കുറിച്ച് ചോദിച്ചാൽ സുഖമായി കഴിയുന്നെന്ന് പറയണം.”
സ്വാമി പക്ഷെ, ചർച്ചാവേളകളിൽ വെങ്കിടി കടന്നു വരാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വെങ്കിടിയെ ഇത്ര നിർദ്ദയമായി എങ്ങനെ ഒഴിവാക്കാൻ കഴിയുന്നെന്ന് ഓർത്ത് വേദനിച്ചിട്ടുണ്ട്. ഫോണിൽ സംസാരിയ്ക്കുമ്പോഴൊക്കെ വേണിയും പറയാറുണ്ട് അപ്പാവിന് അവനോടിത്ര വിരോധം തോന്നാൻ തക്ക കാരണമൊന്നും കാണുന്നില്ലല്ലോയെന്ന്.
തെറ്റിദ്ധരിച്ചത് ഞങ്ങളാണ്.
ഓരോ വരവും വേണിയ്ക്കുവേണ്ടി മാത്രമായിരുന്നില്ല. വെങ്കിടിയ്ക്കുകൂടി വേണ്ടിയായിരുന്നു. കൊളാബയിലെ ഫ്ലാറ്റി ൽ നിന്ന് നഗരം ചുറ്റാനെന്ന വ്യാജേന ഏകനായി പുറപ്പെട്ടിരുന്നത് വർളിയിലേക്കായി
രുന്നു. ദൂരെമാറിനിന്ന് വെങ്കിടിയെന്ന വെങ്കിട്ടരാമൻ എന്ന ഏകമകൻ സൂട്ടും, കോട്ടും, ടൈയുമണിഞ്ഞ് നഗരവീഥികളിലൂടെ കാറോടിച്ച് പോകുന്നത് കണ്ട് കൺകുളിർക്കാൻ. ഇത് സ്വാമിയറിയാതെ സ്വാമിയെ പിന്തുടർന്ന് കണ്ട് പിടിച്ച രഹസ്യം.
തലമുറകളായി കൈമാറി വരുന്ന താക്കോൽ തേടി അവനെന്നെങ്കിലും വരാതിരിക്കില്ല. സ്വാമിയുടെ തേങ്ങുന്ന മനസ്സിൽ, ഇപ്പോഴും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്.