സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യേശുവിൻ്റെ പാപം

ഐസക്ബാബല്‍മൊഴിമാറ്റം: പി.എം.നാരായണന്‍

(ഐസക് ബാബല്‍ 1894ല്‍ ഒരിടത്തരം ജൂത കുടുംബത്തില്‍ ഒഡേസയില്‍ ജനിച്ചു. 21-ാം വയസ്സില്‍ പീറ്റേഴ്‌സ്ബര്‍ഗിലെത്തി. വലിയ ദാരിദ്ര്യത്തിലാണ് അവിടെ ജീവിച്ചത്. 1923ല്‍ ആനുകാലികങ്ങളില്‍ കഥകളും നാടകങ്ങളും എഴുതാന്‍ തുടങ്ങി. പെട്ടന്നു പ്രശസ്തനായി. 1934ല്‍ സ്വയം അടിച്ചേല്‍പ്പിച്ച നിശബ്ദത കൈവരിച്ചു. അജ്ഞാതമായ കാരണങ്ങളാല്‍ 1937ല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലടക്കപ്പെട്ടു. 1939ല്‍ലോ 40ലോ ക്യാമ്പില്‍വെച്ച് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.)

അരീന ഹോട്ടലിലെ ഒരു പരിചാരികയായിരുന്നു. അവള്‍ താമസിച്ചിരുന്നത് ഹോട്ടലിലെ പ്രധാനകോണിയുടെ തൊട്ടടുത്താണ്. പിന്‍ വശത്തുള്ള കോണിയുടെ അരികിലാണ് കാവല്‍ക്കാരന്റെ സഹായിയായ സെര്യോഗ താമസിച്ചിരുന്നത്. അവര്‍ തമ്മില്‍ ശയിച്ചു. കുരുത്തോലപ്പെരുന്നാളില്‍ അരീന സെര്യോഗയ്ക്ക് ഒരു സമ്മാനം നല്‍കി. ഇരട്ടക്കുട്ടികളെ. വെള്ളം ഒഴുകുന്നു; നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു. മനുഷ്യന്‍ കാമാര്‍ത്തനാവുന്നു. വേഗത്തില്‍തന്നെ അരീനയുടെ വയര്‍ വീണ്ടും വീര്‍ത്തു. ഇത് ആറാം മാസമാണ്. സ്ത്രീയുടെ മാസങ്ങള്‍ പിടിച്ചു നിര്‍ത്താനാവില്ലല്ലോ. സെര്യോഗയ്ക്ക് പട്ടാളസേവനത്തിനു പോകാന്‍ സമയമായി. സംഗതി ആകെ കുഴപ്പം തന്നെ!
അരീന അവന്റെ അടുത്തു ചെന്നു പറഞ്ഞു. ‘കാര്യമില്ല സെര്യോഗാ, നിനക്കുവേണ്ടി കാത്തിരിയ്ക്കുന്നതില്‍ ഒരു കാര്യവുമില്ല. നാലു കൊല്ലം നാം വേറിട്ടു നില്‍ക്കണം. എങ്ങിനെ നോങ്ങിയാലും നാലുകൊല്ലത്തിനിടയില്‍ ഞാനീ ഭൂമിയിലേയ്ക്ക് രണ്ടോ മൂന്നോ എണ്ണത്തിനെക്കൂടി കൊണ്ടുവരും. ഹോട്ടലില്‍ ജോലി ചെയ്യുക എന്നു വച്ചാല്‍ പൊങ്ങിയ പാവാടയുമായി നടക്കുന്നതുപോലെയാണ്. ജൂതനാകട്ടെ, മറ്റാരെങ്കിലുമാകട്ടെ, ഇവിടെ വരുന്നവരെല്ലാം യജമാനന്മാര്‍. നീ മടങ്ങി വരുമ്പോഴത്തേക്കും എന്റെ അകം മുഴുവന്‍ നാശമായിക്കഴിഞ്ഞിരിക്കും. ഉപയോഗിച്ചു പഴകിയ ഒരു പെണ്ണായിക്കഴിഞ്ഞിട്ടുണ്ടാവും ഞാനപ്പോള്‍- നിനക്ക് ഒട്ടും അനുയോജ്യയല്ലാത്തവള്‍’
‘ശരിയാണല്ലോ’ സെര്യോഗ തലയാട്ടി
‘പലര്‍ക്കും എന്നെ വേണം. കരാറുകാരന്‍ ട്രോഫിമിച്ച് ആണ് ഒരാള്‍. പക്ഷെ അവനൊരു മാന്യനല്ല. പിന്നൊരാള്‍ ഇസായ് അബ്രാമിച്ച് – നിക്കോളാസ് വിയാട്‌സ്‌കി പള്ളിയുടെ വാര്‍ഡന്‍ –
അശുവായൊരു കിഴവന്‍. നിന്റെ മാരകമായ ശക്തി എന്റെ അടിവയറോളം താറുമാറാക്കിക്കഴിഞ്ഞു. ഞാന്‍ നിന്നോട് പറയുകയാണ് – ഒരു കുമ്പസാരത്തിലെന്നപോലെ – ഓരോ തവണയും നിന്റെ പൗരുഷം എന്റെ ശ്വാസം പോലും പറിച്ചുമാറ്റുന്നു. മൂന്നു മാസത്തിനുള്ളില്‍ ഞാനീ ഭാരമൊഴിവാക്കും. കുഞ്ഞിനെ ഏതെങ്കിലും ഒരനാഥാലയത്തിലാക്കി ഞാല്‍ കിഴവനെ കെട്ടും’

ഇതു കേട്ടപ്പോള്‍ സെര്യോഗ അവന്റെ ബെല്‍ട്ടൂരി അവളെ അടിയ്ക്കാന്‍ തുടങ്ങി – ഒരു വീരനായകനെപ്പോലെ – അടിവയറ്റില്‍ തന്നെ.
അരീന പറഞ്ഞു.’നോക്ക് വയറ്റില്‍ പതുക്കെ അടിയ്ക്ക്. അത് നീ നിറച്ച സാധനംതന്നെയാണ്. മറ്റാരുടേയുമല്ല.’
അടി അവസാനമില്ലാതെ തുടര്‍ന്നു. പുരുഷന്റെ കണ്ണീരും സ്ത്രീയുടെ രക്തത്തിനും അവസാനമില്ലല്ലോ – ഇവിടെയെന്നല്ല, എവിടേയും.
പിന്നെ ആസ്ത്രീ യേശുവിന്റെ അരികിലെത്തി. അവള്‍ പറഞ്ഞു. ‘കര്‍ത്താവായ യേശുവേ വെര്‍സ്‌കായ തെരുവിലെ മാഡ്രിഡ് ആന്റ് സൂവര്‍ ഹോട്ടലിലെ പരിചാരികയാണ് ഞാന്‍. ഹോട്ടലിലെ ജോലി പൊങ്ങിയ പാവാടയുമായി നടക്കുന്നതുപോലെയാണ്. ജൂതനാകട്ടെ മറ്റാരെങ്കിലുമാകട്ടെ, ഏതു പുരുഷന്‍ വന്നാലും അവന്‍ നമ്മുടെ പ്രഭു., യജമാനന്‍. ഭൂമിയില്‍ നിന്റെ മറ്റൊരു പ്രജയുണ്ട്.- സെര്യോഗ, കാവല്‍ക്കാരന്റെ സഹായി. കഴിഞ്ഞ കൊല്ലം കുരുത്തോലപ്പെരുന്നാളിന് ഞാനവന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു.’

അങ്ങിനെ അവള്‍ എല്ലാം കര്‍ത്താവിനോട് വിവരിച്ചു പറഞ്ഞു.
‘സെര്യോഗ പട്ടാളസേവനത്തിന് പോയില്ലെങ്കില്‍ എന്താ കുഴപ്പം?’ രക്ഷകന്‍ നിര്‍ദ്ദേശിച്ചു.
‘ അതില്‍ നിന്ന് ഒഴിവാകാനോ പോലീസുകാരന്‍ അടുത്തു തന്നെയുള്ളപ്പോള്‍? പോലീസുകാരന്‍ അവനെ വലിച്ചുകൊണ്ടുപോകും. ഇതു പകല്‍ പോലെ പരമാര്‍ത്ഥം’
‘ശരിയാണല്ലോ’ കര്‍ത്താവ് തലകുനിച്ചു.’പോലീസുകാരനെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല. എന്നാല്‍ പിന്നെ കുറച്ചു കാലം നിനക്കു പരിശുദ്ധയായി ജീവിച്ചുകൂടെ?’
‘നാലു കൊല്ലമോ?’ അവള്‍ മുറവിളിയിട്ടു. നീ പറയുന്നതുപോലെ നടക്കണമെങ്കില്‍ എല്ലാവരും അവരുടെ മൃഗസ്വഭാവം ഉപേക്ഷിക്കണം. നീ ഇപ്പോഴും പഴയ ആളുതന്നെ. നിനക്കെങ്ങനെ
യാണ് മാറാന്‍ കഴിയുക? കുറച്ചുകൂടി ബുദ്ധിപൂര്‍വ്വമായ ഉപദേശം നിന്നില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കര്‍ത്താവിന്റെ കവിളുകള്‍ രക്തവര്‍ണ്ണമായി. സ്ത്രീയുടെ വാക്കുകള്‍ അവന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. പക്ഷെ അവനൊന്നും പറഞ്ഞില്ല. ആര്‍ക്കും സ്വന്തം ചെവിയില്‍ ചുംബിക്കാനാവില്ലല്ലോ – ദൈവത്തിനുപോലും ഇതറിയാം.
‘ഹേ! ദൈവത്തിന്റെ ദാസി, ശ്രേഷ്ഠയായ പാപി, കന്യകയായ അരീന, ഞാനൊരു കാര്യം പറയട്ടെ’ കര്‍ത്താവ് പ്രഭാവത്തോടെ ഉല്‍ഘോഷിച്ചു.’ ഇവിടെ സ്വര്‍ഗത്തില്‍ ചെറിയൊരു മാലാഖയുണ്ട്. അവനെക്കൊണ്ട് എനിക്കൊരുപകാരവുമില്ല. അവന്റെ പേര് ആല്‍ഫ്രഡ്. അടുത്തകാലത്തായി അവനേറേ അസ്വസ്ഥനാണ്. എപ്പോഴും കരഞ്ഞുകൊണ്ട് അവനെന്നോടിങ്ങനെ പരിഭവം പറയുന്നു. ‘കര്‍ത്താവേ, നീയെന്താണെന്നോടിങ്ങനെ ചെയ്തത് ? എന്റെ ഇരുപതാം വയസ്സില്‍ തന്നെ നീയെന്നെ ഒരു മാലാഖയാക്കിക്കളഞ്ഞു. ഞാനൊരാരോഗ്യവാനായ ചെറുപ്പക്കാരനല്ലേ?’ അതിനാല്‍ ഞാന്‍ നിനക്ക് നാലു കൊല്ലത്തേക്ക് ഭര്‍ത്താവായി ആല്‍ഫ്രഡ്ഡിനെത്തരാം. അവന്‍ നിന്റെ പ്രാര്‍ത്ഥനയായിരിക്കും. നിന്റെ സുരക്ഷയായിരിക്കും. നിന്റെ സമാശ്വാസവുമായിരിക്കും. കുട്ടികളെ സംബന്ധിച്ചാണെങ്കില്‍, നീ വിഷമിക്കുകയേവേണ്ട. അവനില്‍ നിന്ന് ഒരു കുഞ്ഞുപോകട്ടെ, ഒരു താറാവുകുഞ്ഞുപോലും നിനക്കുണ്ടാവുകയില്ല. അവനൊരു രസികനാണ്. പക്ഷെ ഗൗരവപ്പെട്ട കൃത്യങ്ങള്‍ക്കൊന്നും അവനാവില്ല’
‘അതുതന്നെയാണ് എനിയ്ക്കു വേണ്ടത്’. അരീന നന്ദിപൂര്‍വ്വം പറഞ്ഞു. ‘അവരുടെ ഗൗരവപ്പെട്ട കൃത്യങ്ങള്‍ പലപ്പോഴും എന്നെ കുഴിമാടത്തിന്റെ വാതില്ക്കലോളമെത്തിയ്ക്കുന്നു.’
‘അരീന, ദൈവത്തിന്റെ കുഞ്ഞേ, നിനക്ക് മധുരമായ ഒരിടവേള ലഭിയ്ക്കുന്നു. നിന്റെ പ്രാര്‍ത്ഥന ഒരു ഗാനം പോലെ തരളമായിരിക്കട്ടെ. ആമേന്‍ ‘

അങ്ങിനെ അതു തീരുമാനമായി. ആല്‍ഫ്രഡിനെ കൊണ്ടുവന്നു. ലോലനും സുമുഖനുമായ ഒരു യുവാവായിരുന്നു അവന്‍. അവന്റെ ഇളം നീല നിറമാര്‍ന്ന തോളുകള്‍ക്കു പിന്നില്‍ പാടലാഭമായ ഓളങ്ങളിളക്കികൊണ്ട് രണ്ടു ചിറകുകള്‍. സ്വര്‍ഗ്ഗത്തില്‍ കളിയാടുന്ന രണ്ടു ഹംസങ്ങളെപ്പോലെ. അലിവാര്‍ന്ന ഹൃദയത്തോടെ മൃദുലതയോടെ, കരഞ്ഞുകൊണ്ട് അരീന തന്റെ കനത്ത കൈകളാല്‍ അവനെപ്പുണര്‍ന്നു.’ആല്‍ഫ്രഡ്, എന്റെ ഹൃദയമേ, എന്റെ സാന്ത്വനമേ, എന്റെ പ്രിയനേ…..?

പിരിഞ്ഞുപോകുമ്പോള്‍ കര്‍ശനമായ ഒരു നിര്‍ദ്ദേശം കര്‍ത്താവ് അവള്‍ക്കു നല്‍കി. മാലാഖ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചിറകുകള്‍ ഒരു വാതിലെന്നപോലെ, വിജാഗിരികളില്‍ ഉറപ്പിച്ചവയായിരുന്നു. എല്ലാ രാത്രികളിലും അവളവ പുറത്തെടുത്ത് വൃത്തിയൊള്ളാരു തുണിയില്‍ പൊതിഞ്ഞുവെക്കണം കാരണം അവ എളുപ്പത്തില്‍ ഒടിയുന്നവയാണ്. അവന്‍ കിടക്കയില്‍ തിരിഞ്ഞുകിടക്കുമ്പോള്‍ അവ പൊട്ടിപ്പോയേക്കാം- അവ നിര്‍മ്മിച്ചത് കുഞ്ഞുങ്ങളുടെ നെടുവീര്‍പ്പുകൊണ്ടാണല്ലോ.

അവസാനമായി കര്‍ത്താവ് അവരുടെ സംഗമത്തെ ആശീര്‍വദിച്ചു. ആ സമ്മര്‍ദ്ദത്തിലേയ്ക്കായി വിളിച്ചുവരുത്തിയ മെത്രാന്മാരുടെ ഗായകസംഘം ഗംഭീരമായ സ്തുതി ഗീതങ്ങള്‍ മുഴക്കി. ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. ഒരു ചെറുതുണ്ട് റൊട്ടിപോലും. സ്വര്‍ഗ്ഗത്തിലെ രീതി അങ്ങിനെയായിരുന്നു. പിന്നെ അരീനയും ആല്‍ഫ്രഡും കൈയ്യോടു കൈചേര്‍ത്ത് പട്ടുഗോവണിയിലൂടെ താഴെ ഭൂമിയിലേയ്ക്ക് ഊര്‍ന്നിറങ്ങി. അവര്‍ പെട്രോവ്ക്ക തെരുവിലാണെത്തിയത് – ഏറ്റവും നല്ല സാധനങ്ങള്‍ കിട്ടുന്ന ഇടം. ആല്‍ഫ്രഡ്ഡിന്റെ കാലിലെന്നല്ല ദേഹത്തും ഒന്നുമുണ്ടായിരുന്നില്ല. അവന്‍ പിറന്നപടി നഗ്നനായിരുന്നു. അരീന അവനോട് നീതി ചെയ്തു. അവള്‍ അവനുവേണ്ടി ലെതറിന്റെ ബൂട്ടുകളും നിറമുള്ള ട്രൗസറുകളും കുപ്പായവും നീല നിറത്തിലുമുള്ള കോട്ടും വാങ്ങിച്ചു.

‘ബാക്കിയെല്ലാം വീട്ടില്‍ച്ചെന്ന്’അവള്‍ പറഞ്ഞു.

അന്ന് അരീന ജോലിയില്‍ നിന്ന് ഒഴിവെടുത്തു. സെര്യോഗ വന്ന് ബഹളമുണ്ടാക്കി. പക്ഷെ അവളവന്റെ അടുത്ത് ചെന്നതേയില്ല. അടഞ്ഞ വാതിലിനപ്പുറത്തുനിന്ന് അവള്‍ വിളിച്ചുപറഞ്ഞു. ‘സെര്‍ജി നിഫാന്‍ടിച്ച്, ഞാനിവിടെ തിരക്കിലാണ്.കൂടുതല്‍ ശല്യമുണ്ടാക്കതെ സ്ഥലം വിട്.
അവന്‍ ഒന്നും പറയാതെ സ്ഥലം വിട്ടു. മാലാഖയുടെ പ്രഭാവം അങ്ങിനെ പ്രത്യക്ഷമാവാന്‍ തുടങ്ങി.
രാത്രിയില്‍ അരീന രാജകീയമായ അത്താഴമൊരുക്കി. അവള്‍ വലിയ പൊങ്ങച്ചക്കാരിയായിരുന്നു. കാല്‍കുപ്പി വോഡ്ക, വൈന്‍, മീന്‍കറി, ഉരുളക്കിഴങ്ങ്, ചായ എല്ലാം ഉണ്ടായിരുന്നു. ഭൂമിയിലെ രുചികരമായ ഭക്ഷണം ആസ്വദിച്ച് ശേഷം ആല്‍ഫ്രഡ് നിലത്തു വീണ് ഗാഢനിദ്രയിലാണ്ടു. കണ്ണിമയ്ക്കുന്ന വേഗത്തില്‍ അരീന വിജാഗിരികളില്‍ നിന്ന് അവന്റെ ചിറകുകള്‍ ഊരിയെടുത്തു. അവ പൊതിഞ്ഞുവെച്ച് അവളവനെ കൈകളിലെടുത്ത് കിടക്കയിലേയ്ക്ക് കൊണ്ടുപോയി.

അതവിടെ കിടക്കുന്നു. മഞ്ഞു പോലുള്ള ആ അത്ഭുതം. അവളുടെ കീറിപ്പഴകിയ പാപപങ്കിലമായ കിടയ്ക്കയില്‍ത്തൂവല്‍ത്തലയിണയില്‍. സ്വര്‍ഗ്ഗീയമായ പ്രകാശം പ്രസരിപ്പിച്ചുകൊണ്ട്. വെളിച്ചത്തിന്റെ ചന്ദ്രികാധവളമായ വെള്ളിയമ്പുകള്‍ കടന്നു വരുന്നു; വീണ്ടും വരുന്നു. കൂടെ ചുവന്ന അമ്പുകളും. അവ നിലത്ത് ഒഴുകിനടക്കുന്നു. അവന്റെ തിളങ്ങുന്ന കാലടികള്‍ക്കുമേല്‍ നൃത്തം ചെയ്യുന്നു. അരീന കരയുന്നു, ആനന്ദിക്കുന്നു, പാടുന്നു, പ്രാര്‍ത്ഥിക്കുന്നു. അരീനാ, പീഡിതമായ ഈ ഭൂമിയിലെങ്ങും ആര്‍ക്കും ലഭിയ്ക്കാത്ത ആനന്ദം നിനക്കിതാ അനുവദിയ്ക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ നീയേ അനുഗ്രഹിയ്ക്കപ്പെട്ടവള്‍!

വോഡ്ക അവസാനത്തുള്ളിവരെ അവര്‍ കുടിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അതു പ്രവര്‍ത്തിക്കാന്‍തുടങ്ങി. ഉറക്കം പിടിച്ചപ്പോള്‍ ആറുമാസം വളര്‍ച്ചയെത്തിയ വയറും നിറച്ച് അവള്‍ ആല്‍ ഫ്രഡ്ഡിന്റെ മേല്‍ കേറിമറിഞ്ഞു. ഒരു മാലാഖയോടൊപ്പം ഉറങ്ങിയാല്‍ മാത്രംപോരാ അവള്‍ക്ക് വൃത്തി കെട്ട, ആര്‍ത്തിപ്പിടിച്ച ആ തേവടിശ്ശിയ്ക്ക് തന്റെ വയറൊന്നു ചൂടാക്കുകയും വേണ്ടിയി രുന്നു. സെര്യാഗോവിന്റെ കാമത്താല്‍ വീര്‍ത്ത തന്റെ കത്തുന്ന വയര്‍. ലക്കുകെട്ട ഉറക്കത്തില്‍ അവളവനെ ഞെക്കി ഞെരുക്കി. ഒരു ശിശുവിനെയെന്നപോലെ ആനന്ദാതിരേകത്തില്‍ അവളവനെ പുണര്‍ന്നു. തന്റെ കളങ്കിതമായ ഭാരത്താല്‍ അവളവനെ ഞെരിച്ചു. അവന്‍ മരിച്ചു. തുണിയില്‍ പൊതിഞ്ഞ അവന്റെ ചിറകുകള്‍ കണ്ണീരണിഞ്ഞു.

പഭാതം വന്നു. വ്യക്ഷങ്ങളെല്ലാം ഭൂമിയില്‍ തലകുനിച്ചു. അകലെയുള്ള വടക്കന്‍ കാടുകളില്‍ ഓരോ ഫര്‍മരവും ഓരോ പുരോഹിതനായി. ഓരോ ഫര്‍മരവും നിശബ്ദമായ ആരാധനയില്‍ മുട്ടുകുത്തി നിന്നു.
വീണ്ടും ആ സ്ത്രീ കര്‍ത്താവിന്റെ സിംഹാസനത്തിനരികിലെത്തുന്നു. അവള്‍ ബലിഷ്ഠ. അവളുടെ വലിയ ചുവന്ന കൈകളില്‍ തൂങ്ങിക്കിടക്കുന്നു.
‘ഇതു നോക്കൂ, കര്‍ത്താവേ!’
യേശുവിന്റെ മൃദുലഹൃദയത്തിന് പൊറുക്കാവുന്നതിലധികമായിരുന്നു ഇത്. അവനവളെ ദേഷ്യത്തോടെ ശപിച്ചു. ‘ഈ പാപത്തിന് അരീനാ, ഭൂമിയിലെപ്പോലെ നീ ശിക്ഷ അനുഭവി ക്കേണ്ടിവരും’
‘അതെങ്ങിനെയാണ് കര്‍ത്താവേ!’ പതിഞ്ഞ ശബ്ദത്തില്‍ സ്ത്രീ ചോദിച്ചു. ‘എന്റെ ശരീരം ഭാരമുള്ളതാക്കിയത് ഞാനാണോ? ഈ ഭൂമിയില്‍ വോഡ്ക വാറ്റിയെടുത്തതു ഞാനാണോ? സ്ത്രീയുടെ ആത്മാവ് ചപലവും ഏകാന്തവുമാക്കിയത് ഞാനാണോ?’

‘നിന്നെക്കൊണ്ട് വിഷമിക്കാന്‍ ഇനി ഞാന്‍ വിചാരിക്കുന്നില്ല’ യേശു പറഞ്ഞു. ‘നീയെന്റെ മാലാഖയെ ഞെരിച്ചു കൊന്നു. വൃത്തികെട്ട ജന്തു’

ദുര്‍ഗന്ധമാര്‍ന്ന കാറ്റിന്റെ അകമ്പടിയോടെ അരീന ഭൂമിയിലേക്കുതന്നെ എറിയപ്പെട്ടു. വീണ്ടും വെര്‍സ്‌കായാ തെരുവ്. മാഡ്രിഡ് ആന്റ് ലൂവര്‍ ഹോട്ടല്‍. അവിടെ നാളുകള്‍ കഴിയ്ക്കാന്‍ അവള്‍ ശിക്ഷിക്കപ്പെട്ടു. അവിടെയോ? പാപത്തിന്റെ അതിര് ആകാശം മാത്രം. പട്ടാളസേവനത്തിന് മുമ്പുള്ള ദിവസങ്ങള്‍ സെര്യോഗ കുടിച്ചുതീര്‍ക്കുകയായിരുന്നു. കൊളോമ്‌നയില്‍നിന്ന് ഇപ്പോളെത്തിയ കരാറുകാരന്‍ ട്രോഫിമിച്ച് അരീനയുടെ തുടിപ്പും തുടുത്ത കവിളും കണ്ട് പറഞ്ഞു.’നിനക്കെന്തൊരു ചന്തം?’…അങ്ങിനെയങ്ങിനെ…

കിഴട്ടുകിളവന്‍ ഇസായ് അബ്രാമിച്ച് ആ സുന്ദരിയെപ്പറ്റി കേട്ട് അവിടെയെത്തി, പല്ലില്ലാത്ത വായിലൂടെ ശ്വാസമുതിക്കൊണ്ട് പറഞ്ഞു. ‘ഇത്രയൊക്കെയായശേഷം നിയമപരമായി എനിയ്ക്കു നിന്നെ വിവാഹം കഴിയ്ക്കാനാവില്ല. പക്ഷെ മറ്റാരേപ്പോലെയും എനിയ്ക്ക് നിന്റെ കൂടെ കിടക്കാനാകും.’ ഇങ്ങിനെ ചിന്തിക്കുന്നതിനുപകരം ഭൂമിമാതാവിന്റെ തണുത്ത മടിയിലാണ് കിഴവന്‍ കിടക്കേണ്ടിയിരുന്നത്. പക്ഷെ അയാള്‍ക്കും അവളുടെ ആത്മാവില്‍ – കാര്‍ക്കിച്ചു തുപ്പണം. എല്ലാവരും തുടലഴിഞ്ഞ് വന്നപോലെ തോന്നി -അടുക്കളവേലക്കാരന്റെ, വ്യാപാരികള്‍, വിദേശികള്‍. എല്ലാര്‍ക്കും അവളോടൊത്ത് കിടക്കണം.
എന്റെ കഥ ഇവിടെ അവസാനിക്കുന്നു.

മൂന്നു മാസത്തിനുശേഷം അരീന ഒരുനാള്‍ കാവല്‍ക്കാരന്റെ മുറികള്‍ക്ക് പിന്നിലുള്ള അങ്കണത്തിലെത്തി. തന്റെ ഭീമാകാരമായ ഉദരം പട്ടുപോലുള്ള ആകാശത്തിനുനേരെ ഉയര്‍ത്തിപ്പി ടിച്ചുകൊണ്ട് അവള്‍ നിലവിളിച്ചു.’കര്‍ത്താവേ! ഇതെന്തൊരുവയര്‍. അവരതില്‍ വീണ്ടും വീണ്ടും അധ്വാനിക്കുന്നു. ഇതൊക്കെ എന്തിനാണെന്ന് എനിക്കറിയില്ല. ഏതായാലും എനിക്കു വേണ്ടതിലേറെയായി.’
ഈ വാക്കുകേട്ടപ്പോള്‍ അശ്രുബിന്ദുക്കളാല്‍ യേശു അരീനയെ കഴുകി. രക്ഷകന്‍ അവളുടെ കാല്‍ക്കല്‍ മുട്ടുകുത്തി.
‘കുഞ്ഞേ അരീനാ, എനിക്ക് മാപ്പുതരൂ. നിന്നോട് ചെയ്തതിനെല്ലാം പാപിയായ ദൈവത്തോട് ക്ഷമിക്കു.”
അരീന നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അവള്‍ക്കതൊന്നും കേള്‍ക്കുകയേ വേണ്ട.
‘യേശുവേ! നിനക്ക് മാപ്പില്ല. അവള്‍ പറഞ്ഞു. ‘മാപ്പില്ല, ഒരിയ്ക്കലുമില്ല.’

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…