
അന്നും അയാൾ പതിവ് പോലെ നടക്കാനിറങ്ങി, ഗുൽമോഹർ മരങ്ങൾ നിരന്നു നിൽക്കുന്ന വഴിയിലൂടെ അയാൾ തന്റെ ദുർബലമായ കാലുകൾ നീട്ടി വെച്ച് നടന്നു. പതിവ് നടത്തക്കാർ എതിരെ വരുന്നുണ്ടായിരുന്നു, പരിചിതർ ഒരു പുഞ്ചിരി സമ്മാനിച്ചും ചിലർ കൈ വീശി കാണിച്ചും അയാളെ കടന്നു പോയി..
എല്ലാവരും തിരക്കിലാണ്..
ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.. അവരുടെ ജീവിതത്തിൽ ആരുടെയും അസാനിധ്യം ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഈ മഹാനഗരം വീണ്ടും തിരക്കിൽ നിന്നും തിരക്കിലേക്ക് ഒഴുകുകയാണ്.
നടത്തത്തിന്റെ ഗതി നിയന്ത്രിച്ച് അയാൾ അവിടെ പാതയോരത്തുള്ള ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു.
ചുറ്റും ഗുൽമോഹർ പൂക്കൾ വീണു കിടക്കുന്നു..
പൊടി മണ്ണിൽ രക്തവർണ്ണം ചാർത്തി ഗുൽമോഹർ !
അയാളിൽ പല ഓർമകളും ഉണർത്തി.
ചുവന്ന പുഷ്പങ്ങൾ…
അവ പ്രണയത്തിന്റെ..
മാംഗല്യത്തിന്റെ..
സന്തോഷത്തിന്റെ..
എല്ലാം പ്രതീകമായ ഗുൽമോഹർ !!
ജീവിതത്തിന്റെ ചില നേർകാഴ്ചകൾ, അവ മനസ്സിന് അലോസരമുണ്ടാക്കുന്ന ചില സത്യങ്ങൾ ഉയർത്തി കാട്ടുന്നു.
അയാൾ വാച്ച് നോക്കി…
ഇപ്പോൾ നടന്നു വീട്ടിൽ എത്തേണ്ട സമയമായി ഇന്ന് അയാളെ കാത്തിരിക്കാൻ വീട്ടിലാരുമില്ല..
തികഞ്ഞ നിരാശയോടെ അയാൾ എണിറ്റു നടന്നു, കനത്ത കാൽവെയ്പോടെ അയാൾ നടക്കാൻ തുടങ്ങി,
വീടെത്താറായി….
പൂട്ടി കിടക്കുന്ന വീട് അയാളിൽ സമ്മിശ്രവികാരങ്ങൾക്ക് ജന്മമേകി. സാധാരണ നടന്നെത്തുമ്പോൾ ചെറുചൂട് വെള്ളവും കൊണ്ട് അവൾ –
ശാരദ നില്പുണ്ടാവും ..
കുളിച്ചു കുറി തൊട്ട്, സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി അവൾ നിൽക്കുന്നത് കാണുന്നത് തന്നെ അയാൾക്ക് ഒരു സന്തോഷമാണ്. അയാളുടെ ദിനചര്യ കിറുകൃത്യം പരിപാലിക്കുന്ന അയാളുടെ നല്ലപാതി.
കഴിഞ്ഞ മുപ്പത് വർഷമായി അയാളുടെ സന്തതസഹചാരി…
വെള്ളം കുടിച്ചു കഴിഞ്ഞാൽ അയാൾ പിന്നെ ഒരു മണിക്കൂർ നീളുന്ന പത്രവായനയിൽ അയാൾ മുഴുകും. അതിനിടയിൽ മധുരം ചേർക്കാത്ത ഒരു ഗ്രീൻ ടീയുമായി ശാരദ അയാൾക്കരികിൽ എത്തിയിട്ടുണ്ടാകും. നടന്നു വന്നതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചായിരിക്കും ബാക്കി പത്രവായനയും ചായകുടിക്കലും.
പത്രപാരായണം കഴിഞ്ഞാൽ പിന്നെ കുളിക്കാനുള്ള തിരക്കാണ്, അവിടെയും ശാരദ ചൂടു വെള്ളവുമായിയുണ്ടാകും. അയാളുടെ തലയിലെ വെള്ളിരേഖകൾ തലോടിയും, തോർത്ത് എടുത്ത് കൊടുത്തും, അയാളുടെ ആവശ്യങ്ങൾക്ക് ഒരു അത്താണിയായി അവൾ അയാൾക്കരികിൽ ഉണ്ടാകും.
കുളി കഴിഞ്ഞുള്ള പ്രാതലും, ശാരദാമയം തന്നെ…
പക്ഷെ ഇന്ന് അയാൾ ഏകനാണ്….
നടന്നു വന്നപ്പോൾ ഉള്ള ക്ഷീണത്തെക്കാൾ ഏറെ താൻ ഏകനായതാണ് അയാളെ ദുർബലനാക്കിയത്.
വീണ്ടും ഭൂതകാലസ്മൃതികൾ അയാളിൽ ഉണർന്നു.
മുപ്പത് വർഷത്തെ സഹജീവിതവും.. ശാരദയുടെ ജീവൻ തന്നെ അയാളായിരുന്നല്ലോ..
മക്കളെ ശ്രദ്ധിക്കുന്നതിനൊപ്പം അവർ അയാളെ ശുശ്രുഷിച്ചു, അയാളുടെ ശീലങ്ങളും, അവശ്യങ്ങളും, എല്ലാം ശാരദക്ക് മനഃപാഠമായിരുന്നു. അയാളുടെ ഒരു നോട്ടത്തിന്റെ അർത്ഥം അവർക്കു അറിയാമായിരുന്നു. പറയാതെ തന്നെ അയാളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമായിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ അയാൾ പടി കടന്ന് ഉള്ളിലെക്ക് നടന്നു, സിറ്റ് ഔട്ടിലെ പൂച്ചട്ടിയിൽ നിന്നും താക്കോൽ തപ്പിയെടുത്തു വാതിൽ തുറന്നു. അകത്തെക്ക് കടന്നപ്പോൾ കനത്ത ഏകാന്തത അയാളെ പൊതിഞ്ഞു. ഇനി സ്വയം വെള്ളം ചൂടാക്കണം, പാത്രത്തിൽ വെള്ളമെടുത്ത് ഇൻഡക്ഷൻ കുക്കറിൽ വെച്ച് അയാൾ സോഫയിൽ ചാഞ്ഞു.
ഇല്ലെങ്കിൽ ഈ സമയം വ്യായാമം ചെയ്യാറാണ് പതിവ്.
അവൾ – ശാരദ !
തന്നെയും നോക്കി അവിടെ നിൽക്കും. ഇന്ന് അയാൾക്ക് വ്യായാമം ചെയ്യാൻ തോന്നിയില്ല. വെള്ളം തിളച്ചു തുടങ്ങി, പാത്രം ഇറക്കി, ഇത് എങ്ങിനെ തണുപ്പിക്കും, കുടിക്കാൻ പാകത്തിനുള്ള ചൂടുള്ള വെള്ളം മാത്രമെ അയാൾക്ക് ഇന്നോളം കയ്യിൽ കിട്ടിയിട്ടുള്ളു.. തിളച്ച വെള്ളം തണുപ്പിക്കാനുള്ള തത്രപാടിൽ കുറച്ച് വെള്ളം തറയിലും കയ്യിലുമായി.
അപ്പോഴാണ് ഡോർബെൽ അടിച്ചത്. വെള്ളത്തിന്റെ പാത്രം അവിടെ വെച്ച് അയാൾ മുന്നിലെ വാതിൽ തുറക്കാനായി പോയി, വാതിൽ കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല ചാരിയ വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് തങ്കമ്മ നിൽക്കുന്നു. കുറേ വർഷങ്ങളായി അവിടെ വീട്ടിൽ പണിക്ക് വരുന്നത് അവരാണ്. തങ്കമ്മയെ കണ്ടപ്പോൾ അയാൾക്ക് കുറച്ചു ആശ്വാസമായി. അടുക്കള അവരെ ഏൽപ്പിച്ച് അയാൾ മുന്നിൽ ചെന്നിരുന്നു പത്രം വായിക്കാൻ തുടങ്ങി.
ഇന്ന് പത്ര വാർത്ത കേൾക്കാൻ ആരുമില്ല. പത്രത്തിലെ ഒരു വാർത്തയും അയാളിൽ ഉദ്വെഗം സൃഷ്ടിച്ചില്ല. വിരസമായി തോന്നിയ വായന അയാൾ ഉപേക്ഷിച്ചു. അപ്പോഴേക്കും തങ്കമ്മ അയാൾക്കുള്ള ചായയുമായി വന്നു. ശാരദ വെക്കുന്നത് പോലെ ആയില്ല, അയാൾക്കുള്ള ഭക്ഷണം എന്നും ശാരദ തന്നെയാണ് ഉണ്ടാക്കിയിരുന്നത്. മക്കൾക്ക് പോലും അയാളുടെ രുചി അത്ര കണ്ട് പരിചിതമല്ലായിരുന്നു. കഷായം കുടിക്കുന്നത് പോലെ ചായ കുടിച്ച് അയാൾ കുളിക്കാനായി തയാറായി, വീണ്ടും ശാരദയുടെ അഭാവം അയാളെ വേട്ടയാടി..
ചൂട് വെള്ളത്തിൽ പച്ച വെള്ളമൊഴിച്ച് സ്വയം പാകമാക്കി അയാൾക്ക് കുളിക്കേണ്ടി വന്നു. കുളി കഴിഞ്ഞു എത്തിയപ്പോഴേക്കും തങ്കമ്മ പ്രാതൽ ഒരുക്കിയിരുന്നു. ഓട്സ് കഞ്ഞിയും പയറും, ഒരു വിധം അയാൾ അത് കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റു. ഉച്ചക്ക് ഉള്ള ഭക്ഷണം തയാറാക്കി, വീട് വൃത്തിയാക്കി തങ്കമ്മ പോയി. വീണ്ടും അയാൾ ഏകാന്തതയുടെ വാത്മീകത്തിൽ തളക്കപ്പെട്ടു.
അല്ലെങ്കിൽ എന്തിനും ഏതിനും നിയമങ്ങളും ചിട്ടങ്ങളും മുറുക്കെ പിടിക്കുന്ന അയാൾക്ക് ഇന്ന് അവയുടെ പൊള്ളത്തരം വെളിപ്പെട്ടു. ആർക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ, ഇവിടെ നിയമം നടപ്പാക്കേണ്ടതും അനുസരിക്കേണ്ടതും അയാൾ തന്നെ, ശാരദ ഉള്ളപ്പോൾ അതിനൊക്കെ ഒരു മനോഹാരിതയുണ്ടായിരുന്നു, അയാൾ വരുമ്പോഴേക്കും എല്ലാം അതിന്റെ സ്ഥാനത്ത് അവർ വെക്കുമായിരുന്നു, അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവർ വീട് ഒരുക്കി, ഭക്ഷണം പാചകം ചെയ്തു, മക്കളെ ഒരുക്കി, സ്വയം ഒരുങ്ങി നിന്നു. അയാളുടെ ചുറ്റുമായിരുന്നു അവരുടെ ലോകം.
അവരുടെ അതീവ ശ്രദ്ധയിലും പരിചരണത്തിലും ഒരു ചക്രവർത്തിയെ പോലെ വീട്ടിലും, കുടുംബാങ്ങളുടെയിടയിലും അയാൾ പരിലസിച്ചു. അങ്ങിനെയുള്ള ആൾ ഇന്ന് തീർത്തും ഏകനാണ്.
ചെങ്കോലും കീരിടവും ഉള്ള രാജ്യഭാരമില്ലാത്ത രാജാവ്….
ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു, ശാരദയുള്ളപ്പോൾ ഉച്ചക്ക് കൃത്യസമയത്ത് മരുന്നും ഭക്ഷണം അയാളെ കഴിപ്പിക്കുമായിരുന്നു. മരുന്ന് കഴിക്കാനായി അയാൾ എഴുന്നേറ്റു, മരുന്ന് ഇട്ടു വെച്ച ബോക്സിൽ നിന്നും ഗുളിക എടുത്ത് കഴിച്ചു.
ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം അടച്ചു വെച്ചിട്ടാണ് തങ്കമ്മ പോയത്. പാത്രങ്ങൾ തുറന്ന് അയാൾ നോക്കി, ചോറും സാമ്പാറും, കോവയ്ക്ക തോരനുമുണ്ട്. കുറച്ച് ചോറും കറികളുമെടുത്ത് അയാൾ കഴിക്കാനിരുന്നു. എത്ര ശ്രമിച്ചിട്ടും ഭക്ഷണം ഇറങ്ങുന്നില്ല. കുറച്ച് കഴിച്ച് അയാൾ വീണ്ടും തന്റെ ഭാവനാലോകത്തിൽ മുഴുകി.
അയാൾ കുറച്ചു നേരം ടി വി കാണാൻ ഇരുന്നു. സാധാരണ ഉച്ച കഴിഞ്ഞുള്ള നേരം അവരുടെതാണ് ടീവിയിലെ വാർത്തയും സിനിമയും ഒരു പോലെ ആസ്വദിക്കുന്ന സമയം. മക്കൾ വലുതായപ്പോൾ വൈകുന്നേരങ്ങൾ ഒഴിവ് വേളകളായി. വീണ്ടും അവർക്കു അവരെ കിട്ടിയ കാലമായിരുന്നു അത്, അവർ ആ കാലഘട്ടം ആവോളം ആസ്വദിച്ചു.
വീണ്ടും ഒരു പുതിയ ജീവിതം തുടങ്ങിയത് പോലെയുള്ള കാലം, അയാൾ ഉദ്യോഗത്തിൽ നിന്നും വിരമിച്ച സമയമായിരുന്നു. ജീവിതത്തിൽ അന്ന് വരെ ഇല്ലാതെയിരുന്ന “സമയം” അപ്പോൾ അയാൾക്ക് ആവോളം ഉണ്ടായിരുന്നു. രാവിലെ ഓഫീസിലെക്കുള്ള ഓട്ടമില്ല, വൈകുന്നേരം വരെ ഓഫീസിലുള്ള സമ്മർദ്ദമില്ല, വൈകുന്നേരം വീട്ടിൽ മക്കളുടെ തിരക്കുമില്ല, ഇപ്പോൾ ശാരദക്കും അയാളുടെ കൂടെ ചിലവിടാൻ ധാരാളം സമയം ലഭിച്ചു, അവരും അതിൽ അതീവ സന്തോഷവതിയായിരുന്നു. രാവിലെ അടുക്കളയിലെ തിരക്ക് കഴിഞ്ഞ്, ഭർത്താവിനെയും മക്കളെയും അയച്ചു, സ്വയം ഒരുങ്ങി ഓഫീസിൽ പോയി, അവിടെയും ജോലി ചെയ്തു തിരിച്ചു വീട്ടിൽ എത്തി, വീണ്ടും വീട്ടിലെ പണി ചെയ്തു, എല്ലാവർക്കും വേണ്ടി ഓടി നടന്നു അവരും തളർന്നിരുന്നു. രണ്ടു മക്കളും വിവാഹിതരായി ദൂരസ്ഥലങ്ങളിൽ ജോലി സംബന്ധിച്ച് സ്ഥിരമായി താമസിക്കേണ്ടി വന്നു.
ആ സമയമാണ് ശാരദയ്ക്കും അയാൾക്കും മറ്റു തിരക്കുകൾ ഇല്ലാതെ ജീവിക്കാൻ കിട്ടിയത്. അവർ അവർക്കായി സമയം ചിലവഴിച്ചു, പരസ്പരം താങ്ങും തണലുമായി ജീവിച്ചു. മക്കളടുത്ത് ഇല്ലാത്തതിന്റെ ദുഃഖമുണ്ടെങ്കിലും അവർക്ക് കിട്ടിയ ജീവിത സായാഹ്നത്തിലെ മനോഹാരിത ആവോളം നുകർന്നു. കുറച്ചു കാലം അനർഗളമൊഴുകിയ അലസമനോഹരമായ ആ ജീവിതഗതി വീണ്ടും തടസ്സപെട്ടു.
അപ്രതീക്ഷിതമായി അയാൾ ഒറ്റപെട്ടു. യൗവനത്തിൽ ഉണ്ടാകുന്ന ഒറ്റപ്പെടലിന്റെ വേദനയെക്കാൾ തീവ്രത കൂടുതലാണ് വാർദ്ധക്യത്തിലെ ഏകാന്തത. ആ ഘട്ടത്തിൽ അയാൾ പതറിപോയി, തന്റെ ഇഷ്ടജനങ്ങൾ അടുത്തില്ലാത്തതും അയാൾക്ക് കനത്ത ആഘാതമായി.
ഡോർ ബെല്ലടിച്ചു, അയാൾ ഞെട്ടി എഴുന്നേറ്റ് വാതിൽ തുറന്നു തങ്കമ്മ വന്നിരിക്കുന്നു അവർ വേഗം അടുക്കളയിൽ കയറി അത്താഴം തയാറാക്കാൻ തുടങ്ങി. അയാൾ വീണ്ടും തന്നിലെക്ക് ചുരുങ്ങി, പഴയ ഓർമ്മകൾ താലോലിച്ചു കൊണ്ടിരുന്നു. പതുക്കെ നടന്നു കിടപ്പു മുറിയിലെക്ക് നടന്നു അവിടെയുള്ള കബോർഡ് തുറന്നു, ശാരദയുടെ സാരികൾ അടുക്കി വച്ചിരിക്കുന്നു, ഓർമ്മകൾ ഒന്നിന് പുറകെ ഒന്നായി അയാൾക്ക് മുന്നിൽ തെളിഞ്ഞു…
ഇനി വയ്യ..
പിടിച്ചു നിൽക്കാനാവുന്നില്ല.
ഇന്ന് വൈകിട്ട് ഗായത്രി വിളിക്കുമ്പോൾ പറയാം. അയാൾ മനസ്സിൽ കണക്കുകൂട്ടി…
അന്ന് വൈകുന്നേരം അയാൾ അക്ഷമയോടെ കാത്തിരുന്നു, മൂത്തമോൾ ഗായത്രി റഷ്യയിൽ മോസ്കോയിലാണ് താമസിക്കുന്നത്, അവൾ രാത്രിയിൽ വിളിക്കും, കൃത്യം പത്ത് മണിക്ക് ഫോൺ ബെല്ലടിച്ചു, ഒരു റിംഗിന് തന്നെ അയാൾ ഫോൺ എടുത്തു. മറുതലയ്ക്കൽ സ്‌ക്രീനിൽ ഗായു,
“എന്താ അച്ഛാ ഉറങ്ങാറായില്ലേ? “
“ഇല്ല, ഞാൻ കാത്തിരിക്കുകയായിരുന്നു, മോളെ ഒരു കാര്യം പറയുന്നുണ്ടായിരുന്നു, നീ എത്രയും പെട്ടെന്ന് എനിക്ക് അങ്ങോട്ടേക്കുള്ള ടിക്കറ്റ് അയച്ചു താ, ഞാനും അങ്ങോട്ട് വരികയാണ്.. “
“അവസാനം അച്ഛൻ വരാൻ തീരുമാനിച്ചോ? നന്നായി ഇന്ന് തന്നെ ഞാൻ ഓഫീസിൽ നിന്നും ബുക്ക് ചെയ്യാം…”
“ശരി…. “
അയാൾ പറഞ്ഞു കഴിയുമ്പോഴേക്കും ഗായുവിന്റെ നീട്ടിയുള്ള വിളി…
” അമ്മേ…. അച്ഛൻ ഇങ്ങു വരികയാണ്, ഒടുവിൽ സമ്മതിച്ചു… “
അടുത്ത നിമിഷം തന്നെ രണ്ടാഴ്ച പ്രായമായ പേരകുട്ടിയേയും കയ്യിലെടുത്ത് ശാരദ സ്‌ക്രീനിൽ പ്രത്യക്ഷപെട്ടു,
“വേണുവേട്ടാ, ഇങ്ങു വരാൻ അന്ന് തന്നെ പറഞ്ഞതല്ലേ, അവസാനം സമ്മതിച്ചുല്ലേ?, വേഗം ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്ക് ഗായു,…”
തന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞിനെ സ്ക്രീനിലേക്ക് കാണിച്ചിട്ട് അവർ പറഞ്ഞു,
“വേണുവേട്ടാ ഇവൻ അങ്ങിനെ ഏട്ടനെ പോലെയാ ആ കണ്ണും മൂക്കും എല്ലാം….. “
അത് പറയുമ്പോൾ ശാരദയുടെ മിന്നുന്ന കണ്ണുകളും അവയിൽ ഒളിമിന്നുന്ന സ്നേഹവും അയാൾ കണ്ടു,
വാർദ്ധക്യം…
ഒരു പക്ഷെ നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചു തുടങ്ങുന്ന കാലഘട്ടമായിരിക്കും. ഒരുപക്ഷെ
നമ്മുടെ ഇഷ്ടങ്ങളെയും. ശാരദ തന്റെ ഇഷ്ടഭാജനങ്ങളുടെ ചക്രവ്യൂഹത്തിൽ ആയിരുന്നു, മോളും അവളുടെ നവജാത ശിശുവും ഒരു ഭാഗത്ത്, അയാൾ മറ്റൊരു ഭാഗത്ത്..
അയാൾക്ക് തന്നെ കുറ്റബോധം തോന്നി.. താനിക്ക് അവളുടെ കൂടെ പോകാമായിരുന്നു, അന്ന് അവൾകൂടെ ചെല്ലാൻ അയാളോട് ഒരുപാട് അപേക്ഷിച്ചതാണ്. അത്രയും ദൂരെ അയാളെ ഒറ്റക്കാക്കി പോകാൻ അവർക്കും വിഷമമായിരുന്നു. പ്രസവവും, കുഞ്ഞിനെ പരിപാലിക്കലും, ജോലിയും എല്ലാം ഗായത്രിയെ കുഴക്കിയപ്പോൾ അവൾ അച്ഛനെയും അമ്മയെയും ആശ്രയിച്ചു. ശാരദക്ക് മോളെ സഹായിക്കാൻ പോയെ പറ്റു എന്ന നിലയിലായി. അമ്മയല്ലാതെ മറ്റാരാണ് മോളെ സഹായിക്കുക. അങ്ങിനെ ശാരദ ഗായത്രിയുടെ അടുത്തേക്ക് യാത്രയായി……
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഐ എം ഒ കാൾ, ഇത്തവണ ജഗനാണ് അമേരിക്കയിൽ നിന്നു, ഗായത്രി പറഞ്ഞറിഞ്ഞ് അവൻ അച്ഛനെ വിളിച്ചതാണ്. അയാൾ അതീവ സന്തോഷത്തോടെ അവനോട് സംസാരിച്ചു.
കൃത്യം പത്താം ദിവസം ഗായത്രിയുടെ മെയിൽ വന്നു. അച്ഛനുള്ള ടിക്കറ്റ് ആയിരുന്നു അത്.
മൂന്നാം ദിവസം പുറപ്പെടണം.
പിന്നീടുള്ള ദിവസങ്ങൾ തിരക്കുകളുടെയായിരുന്നു. അയാൾ തകൃതിയായി പാക്കിങ് നടത്തി. ഗായത്രിക്കും കുഞ്ഞിനും വേണ്ട സാധനങ്ങൾ എടുത്തു വെച്ചു. പിന്നെ ശാരദ ആവശ്യപെട്ട സാധനങ്ങളും അയാൾ ഓർമയോടെ എടുത്തു വെച്ചു. അവസാനം അയാൾ ശാരദയുടെ അടുത്തേക്ക് യാത്രയായി..