സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പെയിന്റര്‍

മുസ്തഫ എ.കെ

മാനാഞ്ചിറ സ്‌ക്വയറിലെ പുല്‍ത്തകിടിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ ചങ്ങാതിയോട് പറഞ്ഞു. എന്റെ മനസ്സില്‍ ഒരു കഥയുണ്ട്.
‘പെയിന്റര്‍’
അങ്ങനെ ഒരു കഥ എനിക്കെഴുതണം.
അത് കേട്ട്, കണ്ണടയുടെ വെളുത്ത ഫ്രെയിംമിലൂടെ നോക്കി ചങ്ങാതി ചിരിച്ചു.
നമ്മുടെ കുലത്തൊഴിലിനെക്കുറിച്ചുള്ള കഥയല്ലേ, വളരെ നന്നായി. നീയെങ്കിലുമുണ്ടായല്ലോ ചായം തേക്കുന്നവരെപ്പറ്റി എഴുതാന്‍.
എങ്കില്‍ പറയു. എഴുതുന്നതിന് മുന്‍പ് കഥയൊന്ന് കേള്‍ക്കട്ടെ. ചങ്ങാതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ കഥ ചുരുക്കി പറഞ്ഞു.

ഒരു പാവപ്പെട്ട പെയിന്റര്‍ ദിവസവും ജോലി തേടി നഗരത്തിലെത്തുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍ തോറും കയറിയിറങ്ങുന്നു. കാലിന് ചെറിയ സ്വാധീനക്കുറവുള്ള അയാളെ ആരും ജോലിക്കെടുക്കുന്നില്ല. വീട്ടിലാണെങ്കില്‍ എല്ലാവര്‍ക്കും അസുഖവും ദുരിതങ്ങളും. ഇതാണ് കഥയുടെ തീം. അയാള്‍ കഥപറഞ്ഞു നിറുത്തി.
അയാള്‍ പറഞ്ഞ കഥയെകുറിച്ച് ആലോചിച്ച ചങ്ങാതി പൊട്ടച്ചിരിച്ചു. ഇതെന്തു കഥ.? ഇതൊരു പട്ടിണിക്കഥയല്ലേ? ചങ്ങാതി പറഞ്ഞപ്പോള്‍ അയാള്‍ നിരാശനായി.
പട്ടിണിക്കഥയോ? ഇത് ദാരിദ്ര്യത്തിന്റെ ചുട്ടുപൊള്ളുന്ന സത്യമല്ലേ? പട്ടിണിക്കഥ എന്നൊരു കഥയുണ്ടോ?
നമ്മുടെ രാജ്യത്ത് പകുതി ജനങ്ങളും പട്ടിണികിടക്കുകയല്ലേ! പിന്നെ പട്ടിണിയെക്കുറിച്ചെല്ലാതെ എന്തെഴുതും?
അപ്പോള്‍ ചങ്ങാതി ചോദിച്ചു: പട്ടിണിയെക്കുറിച്ചെഴുതിയാല്‍ പട്ടിണി മാറുമോ ? അത്തരം സാഹിത്യ സിദ്ധാന്തങ്ങളില്‍ മാറ്റം വന്നില്ലേ. കലകലയ്ക്ക് വേണ്ടിയാണെന്ന് കേട്ടിട്ടില്ലേ?
ഭുമിയുടെ ഓരോ അണുവിലും കവിതയുണ്ട്. കഥയുണ്ട്. ഇലയില്‍, പൂവില്‍, മനുഷ്യരില്‍, മൃഗങ്ങളില്‍, നദികളില്‍ എല്ലാം.
തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം പട്ടിണിക്കഥകള്‍ എഴുതിയിരുന്നു. ഇന്ന് അതിന്റെ ആവശ്യമുണ്ടോ?
ഇ.എം.എസ്സ് പോലും കലയെക്കുറിച്ചുള്ള നിലപാട് മാറ്റിയിരിക്കുന്നു. ഇന്നെല്ലാം ആഗോളവത്ക്കരിക്കുകയല്ലേ. കലാകാരനുപോലും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
വില്ക്കലിന്റേയും വാങ്ങലിന്റേയും ലോകത്തില്‍ എഴുത്തുകാരനെന്താണ് വില? തൊഴിലാളി വര്‍ഗ്ഗമെന്ന മഞ്ഞുരുകി പോയിരിക്കുന്നു. മുതലാളിത്തത്തിന്റെ കോട്ടകള്‍ക്ക് വിള്ളല്‍ വീണിരിക്കുന്നു.
സുഹൃത്ത് പറഞ്ഞു നിറുത്തിയപ്പോള്‍ അയാള്‍ ചോദിച്ചു: അപ്പോഴും പട്ടിണിക്ക് ഒരു മാറ്റവും വന്നിട്ടില്ലല്ലോ?
കമ്പ്യൂട്ടര്‍ യുഗമെത്ര പുരോഗമിച്ചാലും മനുഷ്യന് വിശപ്പെന്നും പ്രശ്‌നമാണ്. ഉഗാണ്ടയിലും സോമാലിയയിലും പട്ടിണിമൂലം ആയിരങ്ങള്‍ മരിക്കുന്നു.

‘ഇങ്ങനെയൊക്കെയാണെങ്കില്‍ നിങ്ങളുടെ കഥയില്‍ മാറ്റം വരുത്തിക്കൂടെ’ ചങ്ങാതി ചോദിച്ചു.
നിങ്ങളെഴുതാന്‍ പോകുന്ന പെയ്റ്റര്‍ എന്നക്കഥ അനുവാചകന് നിരാശയല്ലേ നല്‍കുക. എഴുത്തുകാര്‍ വായനക്കാര്‍ക്ക് പ്രതീക്ഷയല്ലേ നല്‍കേണ്ടത്.?

കഥയില്‍ ഇങ്ങനെ മാറ്റം വരുത്തിക്കൂ ടെ, പാവപ്പെട്ട പെയിന്റര്‍ നഗരത്തിലൂടെ പണിയില്ലാതെ അലയുന്നു, വിശന്നപ്പോള്‍ ഹോട്ടലില്‍ കയറാതെ കയ്യിലുള്ള ചില്ലറക്ക് ലോട്ടറിവാങ്ങുന്നു. അയാള്‍ക്ക് ലോട്ടറി അടിക്കുന്നു. ലക്ഷാധിപതിയാകുന്നു. വലിയ ബിസിനസ്സ് കാരനാകുന്നു. ഇങ്ങനെ കഥയവസാനിക്കുമ്പോള്‍ വായനക്കാരന് നിരാശയുണ്ടാവില്ല.
അയാള്‍ ചങ്ങാതിയോട് പറഞ്ഞു: സ്വപ്‌നത്തില്‍ പൊതിഞ്ഞ കഥയെഴുതി ആളുകളെ പറ്റിക്കുക നമ്മുടെ സിനിമാക്കാരും സീരിയലുകാരുമൊക്കെ ചെയ്യുന്ന പണിയല്ലേ. സങ്കല്‍പ്പത്തിലെ പൊയ്കയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് നടക്കലാണത്. എത്ര ആഭാസകരം?

പാര്‍ക്കില്‍ പെട്ടന്ന് ഇരുട്ടുപരന്നു, ചങ്ങാതിയോട് യാത്ര പറഞ്ഞു ബസ്സിലിരിക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു, എഴുതാന്‍ വിചാരിച്ച പട്ടിണിക്കഥ എത്ര ദയനീയമാണ്.!
ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യം വായിക്കുമ്പോള്‍ ഒരു സുഖവും ആര്‍ക്കും നല്‍കില്ല. അതെഴുതുമ്പോള്‍ കൈ പൊള്ളും.
ചങ്ങാതി പറഞ്ഞകഥ, സത്യത്തില്‍ നിന്നും എത്ര അകലെയാണ്. അങ്ങനെ ഒരു കഥയെഴുതാന്‍ തന്റെ കൈ ചലിക്കുമോ?
വേണ്ട, ഞാനൊന്നുമെഴുതുന്നില്ല. ഒരു കഥയുമെഴുതേണ്ട. അയാള്‍ കണ്ണടച്ചു ബസ്സിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…