സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒരു ദേശത്തിന്റെ രണ്ടു കഥകൾ

കോണോത് സുകുമാരൻ

 

കഥ ഒന്ന് 

 

 പന്നിക്കോട് വീട് ദേശത്തിലെ  ഏറ്റവും  സമ്പന്നമായ നായർ തറവാടാണ്.ചിന്നൻ നായർ ആണ് കാരണവർ . 

കാലങ്ങളോളം പഴക്കമുള്ള തറവാട് . അടുത്തുള്ള പത്തായപ്പുര മാളികവീടാണു .പത്തായപ്പുരയുടെ മുൻപിലായി 

പുഴയിലേക്ക് ഉള്ള വഴിയുടെ ഒരു വശത്തു കുടുംബ ദേവത ഭഗവതിയെ കുടിയിരുത്തിയ മണ്ടകം.

ചിന്നൻ നായർ അധികവും പത്തായപ്പുരയുടെ മാളികയിലാണ് താമസം 

തറവാട്ട് വീടിന്റെ പടിഞ്ഞാറേ ഭാഗത്തായി രണ്ടാലകൾ. ഒന്ന് പശുക്കൾക്ക് ,രണ്ടാമത്തെ ആല വലുതാണ് .

 അത് രണ്ടായി തിരിച്ചിരിക്കുന്നു .ഒന്നിൽ കന്നു പൂട്ടാനുള്ള മൂരികൾ.മറ്റേതിൽ കാളപൂട്ടിന് മാത്രമുള്ള കാളകൾ .

ചിന്നൻ നായർക്ക് കാളപൂട്ടിൽ വലിയ കമ്പമാണ്.  

ഒരു   കാളപൂട്ട് കഴിഞ്ഞാൽ കാളകൾക്കു വിശ്രമവും ചികിത്സയും ആണ് .

 പ്രത്യേകിച്ചുള്ള കാലിത്തീറ്റ, വൈദ്യൻ  വീട്ടിലിരുന്നു തയ്യാറാക്കുന്ന

 മുക്കിടികൾ ,കഷായങ്ങൾ ,കോഴിമരുന്നു എന്നിങ്ങനെ പലതും .

 ചങ്ങലക്കിട്ടാണ് കാളകളെ ആലയിൽ നിർത്തുക . 

നാല് കാളകളെ നോക്കാൻ സ്ഥിരമായി രണ്ടു ചെറുമക്കളും ഉണ്ട്. ചെറിയാത്തൻ, ചെള്ളിയും.

കാളകൾ അവരെ മാത്രമേ അനുസരിക്കുള്ളൂ .

സമീപത്തുള്ള പല ദേശങ്ങളിലും കാളപൂട്ട് നടക്കും 

.കാളപൂട്ട് കാണാനും കാളകൾ ഓടുമ്പോൾ ആർത്തു വിളിക്കാനും ആളുകൾക്ക് വലിയ ഹരമാണ്.

ചിലപ്പോൾ വഴക്കിലും കയ്യാങ്കളിയിലും കലാശിക്കാറുണ്ട്. 

കാളപൂട്ടിന്റെ കാലമായാൽ പന്നിക്കോട്ടെ കാളകളും ചിന്നൻ നായരും കാളപൂട്ടുകാരും 

അടങ്ങിയ ഒരു സംഘം ആളുകൾ കാളപൂട്ട് സ്ഥലത്തേക്ക് യാത്രയാകും

 അധികം കാളപൂട്ടിലും ജയം ചിന്നൻ നായരുടെ കാളകൾക്കാണ് .

ഒരു തവണ പന്നിക്കോട്ടെ കാളകൾക്കു ഓട്ടത്തിൽ അല്പം മാന്ദ്യം വന്നു.

മൂസാജിയുടെ കാളകൾ മുൻപിലെത്തി .

വരമ്പത്തു നിന്ന്; ചേറിളകിമറിഞ്ഞ കണ്ടത്തിലേക്കു ചാടിയ

ചിന്നൻ നായർ കാളപൂട്ടുകാരൻ ചെറിയാത്തനെ കണ്ടത്തിലിട്ടു ചവിട്ടി 

പടിപ്പുരയിൽ നിന്ന് കിഴക്കോട്ടു നോക്കിയാൽ നോക്കെത്താത്ത ദൂരം വരെ പടിക്കൽ   പാടമാണ്.

പാടത്തിന്റെ ഒരതിരായി പുഴയൊഴുകുന്നു.

 അവിടെ തറവാട് വകയാണ് കൃഷി നടക്കുന്നത്  .

പടിക്കൽ പാടത്തെ  ഉർച്ച കഴിഞ്ഞു ഞാറു നടുന്നതിനു മുമ്പ്

( വളവും പച്ചിലത്തോലും  ഇട്ട്  ,   കന്നുപൂട്ടി,കരിയഴിച്ചു  മരം കെട്ടി,   

കണ്ടത്തിലുള്ള കുഴഞ്ഞു കിടക്കുന്ന ചേറിനെ സമനിലയിലാക്കുന്നതിനാണ്  ഉർച്ച എന്ന് പറയുന്നത്)

കാളപൂട്ട് കാളകളെ കണ്ടത്തിലിറക്കും. ഇതിൽ മത്സരമില്ല .പന്നിക്കോട്ടെ കാളകൾ മാത്രം.

കാണികൾ വരമ്പത്തു തടിച്ചു കൂടും. പിന്നെ തറവാട്ടിലെ അംഗങ്ങളും   .

കാളകളെ കെട്ടി പൂട്ടി നുകവും ചെരുപ്പും* കൈകയറും കെട്ടി കണ്ടം കാണിച്ചു

നുകത്തിൽ ഘടിപ്പിച്ച ചെരുപ്പിൽ കയറി നിന്ന് ചെറിയാത്തൻ

 ചിന്നൻ നായരുടെ അനുമതിക്ക് കാത്തു നിക്കും .

കിട്ടിക്കഴിഞ്ഞാൽ ആർത്തു വിളിച്ചു കാളകളെ തള്ളി, വാലുകൾ പിടിച്ചു തിരിക്കും .

കാളകൾ മുന്നോട്ടു കുതിക്കും.

വരമ്പത്തു നിൽക്കുന്ന ജനം ആർത്തു വിളിക്കും

 ചെരുപ്പിന്നടിയിലെ കലങ്ങി മറിഞ്ഞ ചേറു രണ്ടു പാർശ്വങ്ങളിലേക്കു വീണുകൊണ്ടിരിക്കും.

കാളകളുടെ വേഗത്തിനു കുറവ് വന്നാൽ മുതുകത്തു അടി വീഴും .ചെറിയാത്തൻ  വാല്  പിടിച്ചു കടിക്കും .

അതി വേഗത്തിലോടുന്ന കാളകൾ,ചെരുപ്പിൽ പിടിക്കാതെ നിൽക്കുന്ന ചെറിയാത്തൻ  ,

ഇളകി മറിഞ്ഞു വീഴുന്ന ചേറു ,ചേറിൽ നിന്നുയരുന്ന ഹരം പിടിപ്പിക്കുന്ന മണം

 ആവേശം  മൂത്ത   കാണികൾ ആർത്തു വിളിച്ചു കണ്ടത്തിലേക്കു ചാടും.

കാളപൂട്ട് കഴിഞ്ഞാൽ ചെറിയാത്തൻ ചെരുപ്പിൽ നിന്നും കണ്ടത്തിലേക്കു ചാടി

 മുട്ട് കുത്തി കുറച്ചു നേരം ഇരിക്കും . 

പിന്നെ ചിന്നൻ നായരുടെ മുമ്പിൽ ചെന്ന് ഓച്ഛാനിച്ചു നില്കും. ഓണപ്പുടവ വാങ്ങാൻ .

(* ചെരുപ്പ്  രണ്ടു പാദങ്ങൾ മാത്രം വെക്കാൻ വലുപ്പമുള്ള ചെരുപ്പ് രൂപത്തിലുള്ള 

മരക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ പലകകൾ .ഇത് നുകത്തിലേക്കു ബന്ധിക്കും .

കാളപൂട്ടിന് മാത്രമേ ഇത് ഉപേയാഗിക്കാറുള്ളു )  

 പന്നിക്കോട്ടെ ഒരു സ്ഥിരം കന്നുപൂട്ടുകാരനാണ് ഹംസ.ഹംസക്കു ഏതാണ്ട് നാൽപതു വയസ്സായിക്കാണും.

പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പ് കെട്ടിയവൾ കുരിപ്പു പിടിച്ചു മരിച്ചു.  

 പാത്തു മരിക്കുമ്പോൾ മകൻ കുഞ്ഞാപ്പുവിനു അഞ്ചു  വയസ്സായിക്കാണും.

പലരും നിർബന്ധിച്ചെങ്കിലും ഹംസ രണ്ടാം കെട്ടു നടത്തിയില്ല .

“എൻ്റെ പാത്തൂൻടെ സാനത്തു ഇനി ഞമ്മക്ക് ബേറെ ഒരു പെണ്ണ് മാണ്ട.

കുഞ്ഞാപ്പൂനെ ഞമ്മള് ഒറ്റയ്ക്ക് നോക്കിക്കോളാം.” 

.ഹംസയുടെ സ്ഥിരം മറുപടി .ഹംസ പണിക്കു പോകുമ്പോൾ കുഞ്ഞാപ്പുവും കൂടെയുണ്ടാവും .

കന്നുപൂട്ടു കഴിഞ്ഞു മൂരികളെ പുഴയിൽ കുളുപ്പിക്കാൻ സഹായിക്കും .

പന്നിക്കോട്ട് വന്നു മൂരികളെ ആലയിൽ കെട്ടി എന്തെങ്കിലും ഭക്ഷണം കഴിച്ചു കുടിയിൽ പോകും.

ഹംസ വളരെ സംതൃപ്തനാണ് .ഒരാക്ഷേപവും ഇല്ല.

അങ്ങനെയിരിക്കുമ്പോൾ ഹംസക്കു  പരിചയമുള്ള ഒന്നുരണ്ടു പേർ ഹജ്ജിനു പോകാൻ തെയ്യാറെടുക്കുകയായിരുന്നു .

ഹംസയോട് കൂടെ വരുന്നോ എന്ന് ചോദിച്ചു ആയിരം ഉറുപ്പിക ഉണ്ടാക്കണം.

ഹജ്ജിനു പോകാൻ ഹംസക്കു കലശലായ ആഗ്രഹം .പണമെങ്ങിനെ ഉണ്ടാക്കും ?

കഷ്ടിച്ച് ഒരേക്കർ സ്ഥലവും ഒരു ചെറിയ പുല്ലുമേഞ്ഞ പുരയും സ്വന്തമാണ് .

പുരയിടത്തിന്ടെ ആധാരവുമായിരാവിലെ ചിന്നൻ നായരേ കണ്ടു 

“ഈ ആധാരം ഇവിടെ ഇരിക്കട്ടെ മൊയ്‌ലാളീ . എനിക്ക് ഒരായിരം ഉറുപ്പ്യ ബേണം .

ഹജ്ജിനു പോവാനാണ് .

പിന്നെ കുഞ്ഞാപ്പൂനെ ഞാൻ ഇവിടെ നിർത്താണ്. ഓൻ പന്നിക്കോട്ടെ ചെക്കനായി വളരട്ടെ” .

ചിന്നൻ നായർ ആധാരം പെട്ടിയിൽ വച്ച് പൂട്ടി . ഹംസക്കു ആയിരം ഉറുപ്പിക കൊടുത്തു.

ഹംസ ഹജ്ജിന് മക്കത്തേക്കു പോയി .പിന്നെ മടങ്ങി വന്നില്ല.

കുഞ്ഞാപ്പു അലയുടെ ചായ്പ്പിൽ താമസം തുടങ്ങി.

പുല്ലരിഞ്ഞും ,കാലികളെ മേച്ചും ,കാളകളെ തീറ്റിയും അവൻ ജീവിച്ചു .

കുടിയിൽ പോകുന്നത് നിർത്തി .അവൻ പന്നിക്കോട്ടെ തറവാട്ടിൽ വളരാൻ തുടങ്ങി,

ആലയിൽ  നിന്നും, കാളയിൽ നിന്നും ചിന്നൻ നായരുടെ വിശ്വസ്ത ഭൃത്യ പദവിയിലേക്ക് .

നാളികേരം നെല്ല് അടക്ക കുരുമുളക് എന്നിവ പുഴ വഴി കമ്പോളങ്ങളിൽ കൊണ്ട് വിൽക്കാനും ,

പണമിടപാടുകൾ നടത്താനും എല്ലാം കുഞ്ഞാപ്പുവായി .

.എന്നാലും ആണ്ടുതോറുമുള്ള ,ദേശത്തു വച്ച് ഏറ്റവും പ്രസിദ്ധപെട്ട മുണ്ടംപറമ്പിലെ

 കാളപൂട്ടിനു തെളിക്കാൻ ചിന്നൻ നായർക്ക് കുഞ്ഞാപ്പു തന്നെ വേണം .

പാലക്കൽ മൂസാജിയുടെ കാളകളെ തോൽപ്പിക്കാൻ കുഞ്ഞാപ്പുവിനെകൊണ്ടേ പറ്റുള്ളൂ .       #   

മുണ്ടംപറമ്പിലെ കഴിഞ്ഞ കൊല്ലത്തെ കാളപൂട്ടിൽ മൂസാജിയുടെ കാളകൾ വീണ്ടും പിന്നിലായി.

കാളപൂട്ട് കഴിഞ്ഞു കാളകളുടെ   കഴുത്തിൽ നിന്നും നുകം എടുക്കുമ്പോൾ പിന്നിൽ ഒരാൾ വരമ്പത്തു നിൽക്കുന്നു.

മുതലാളിയുടെ  സംഘം കണ്ടത്തിന്നരികിലെ മരച്ചുവട്ടിലേക്കു നീങ്ങിയിരുന്നു.

“മോനെ  അന്റെ പേരെന്താടാ “?വരമ്പത്തു നിന്ന ആൾ ചോദിച്ചു 

“കുഞ്ഞാപ്പു ” തിരിഞ്ഞു നോക്കാതെ കുഞ്ഞാപ്പു പറഞ്ഞു.

“ജ്ജ് മാപ്പളകുണ്ടനല്ലെടാ “?വീണ്ടും ചോദ്യം.അപ്പോളാണ് കുഞ്ഞാപ്പു തലയുയർത്തി നോക്കിയത് .

ആ ചോദ്യം അവനു പിടിച്ചില്ല.

പാലക്കൽ മൂസാജിയാണ് വരമ്പത്തു നിൽക്കുന്നത് 

“ന്റെ വാപ്പാന്റെ പേര് ഹംസ .ഓല് മക്കത്തു പോയി തിരിച്ചു ബന്നില്ല.

ഓല് പോയ മൊതല് ഞമ്മള് ചിന്നൻ നായർ മൊതലാളീടെ കൂടെ ആണ് . 

പത്തു പതിനഞ്ചു കൊല്ലായി. ഇപ്പം ഞമ്മള് മൊതലാളീന്റെ  കാര്യസ്ഥനാണ് ” 

“എന്റെ  കാളപൂട്ടിക്കാരനായി ബെരുന്നോ ?ചിന്നൻ നായർ തരിനെന്റെ പത്തിരട്ടി തരാം “

പിന്നെ അല്പം നിർത്തി പതിഞ്ഞ സ്വരത്തിൽ മൂസാജി പറഞ്ഞു.

ഒന്നുല്ലെങ്കിലും മ്മള് ഒരു മതക്കാരല്ലെടാ “

“ഞാനൊറ്റ തടിയാണ്‌. ഞമ്മക്കെല്ലാം മൊയ്‌ലാളിയാണ്. ഇനി ബിടുന്നങ്ങാട്ടും അച്ചേല്ക്കന്നെ.

 ങ്ങള് നേരം കളയാണ്ടെ പൊയ്‌ക്കോളി,”

മൂസാജി തിരിഞ്ഞു നടന്നു.മനസ്സിലെവിടെയോ ഒരു കടുത്ത അമർഷം ,ചിന്നൻ നായരോടും കുഞ്ഞാപ്പുവിനോടും 

കാളകളെയും കൊണ്ട് തറവാട്ടിലേക്ക് നടക്കുമ്പോൾ കുഞ്ഞാപ്പു ചിന്തിച്ചു

എന്തിനാണ് മൂസാജി അങ്ങിനെ പറഞ്ഞത് 

ഈ കാലത്താണ് ,മലബാറിലെ പ്രത്യേകിച്ച് ഏറനാട് താലൂക്കിലെ

 രാഷ്ട്രീയ, സാമുദായിക ,സാമ്പത്തിക തലങ്ങളിൽ പല സംഭവ വികാസങ്ങളും തലകാണിച്ചു തുടങ്ങിയിരുന്നതു .

ജന്മി കുടിയാൻ തമ്മിലുള്ള സാമ്പത്തിക അന്തരം

 സവര്ണരായ ജന്മിമാരുടെ അവര്ണരായ കുടിയാന്മാരോടും

 കര്ഷകത്തൊഴിലാളിമാരോടും ഉള്ള ക്രൂരമായ പെരുമാറ്റങ്ങൾ,

ജന്മികളുടെ ഒപ്പം നിൽക്കുന്ന വെള്ളക്കാരുടെ 

ഭരണത്തിന്നെതിരായുള്ള വികാരവും എതിർപ്പും, 

ഗാന്ധിയുടെ നേതൃത്ത്വത്തിൽ ഇന്ത്യ മുഴുവനും നടക്കുന്ന ബ്രിട്ടീഷുകാർക്കെതിരായ പ്രസ്ഥാനങ്ങൾ, 

മുസ്ലിം സമുദായത്തിന്റെ ഖിലാഫത് പ്രസ്ഥാനത്തോടുള്ള അനുകൂല മനോഭാവം ,അങ്ങിനെ പലതും.

പക്ഷെ ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നതിൽ വന്ന തെറ്റിധാരണയും

 മിക്ക ജന്മിമാരും സവര്ണരായ ഹിന്ദുക്കളായതിനാലും

 ഇതൊരു ഹിന്ദു മുസ്ലിം ലഹളയായി കലാശിച്ചതു വളരെ നിർഭാഗ്യ മായിപ്പോയി

 ഖിലാഫത് പ്രസ്ഥാനത്തിന്  ഏറനാട് പ്രദേശങ്ങളിൽ 

ഒരു മത പരിവേഷം കൊടുത്തതിൽ ആർക്കോ എവിടെയോ തെറ്റ് പറ്റി പോയി .

 തിരുത്താൻ വൈകിപ്പോയ ഈ തെറ്റ് കാരണം

 ഇരു സമുദായങ്ങളിൽനിന്നും ആയിരക്കണക്കിന് ജീവൻ നഷ്ടമായി 

ഖിലാഫത്തു പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് കൊണ്ട് നാട്ടുകാർ ഇതിനെ “കിലാപത്”എന്ന് വിളിച്ചു.

ലഹള ആരംഭിച്ചു കഴിഞ്ഞപ്പോൾ ഖിലാഫത് നേതാക്കൾക്ക് പോലും ലഹള നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ശരിയായ വഴിക്കു നയിക്കപ്പെടാത്തതു കൊണ്ട് മാപ്പിളമാർ

 ഹിന്ദു ജന്മികളുടെ വീടുകളിൽ കൊള്ള നടത്തി ആളുകളെ നിർബന്ധപൂർവം മതം മാറ്റി .

,നിരസിച്ചവരെ വധിച്ചു .

ഹിന്ദുക്കൾ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് 

ലഹള ഇല്ലാത്ത സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തു .കോഴിക്കോട്ടേക്കും, ഗുരുവായൂരിലേക്കും മറ്റും.

പന്നിക്കോട് തറവാട്ടിലെ ചിന്നൻ നായരൊഴികെയുള്ള എല്ലാവരും

 എര്ണാടിന് പുറമെയുള്ള തറവാട് വക കളത്തിലേക്ക് മാറി .

 ചിന്നൻ നായരോട് തറവാട്ടിൽ നിന്നും മാറി താമസിക്കാൻ അനന്തിരവന്മാർ നിർബന്ധിച്ചപ്പോൾ പറഞ്ഞു. 

“ഭഗവതി ഇരിക്കുന്ന വീടാണ് .എവിടുന്നു ഞാൻ ഇങ്ഗട്ടും പോണില്ല . പിന്നെ കുഞ്ഞാപ്പു ഇവിടെ ഉണ്ടല്ലോ.”

തറവാട്ടിലുള്ളവർ കളത്തിലേക്ക് പോയപ്പോൾ ആഭരണങ്ങളും ആധാരകെട്ടുകളും ,

 മറ്റു വില പിടിച്ച വസ്തുക്കളും കൂടെ കൊണ്ടുപോയി.

ഈയിടക്ക് കുഞ്ഞാപ്പുവിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

മിണ്ടാട്ടം കുറഞ്ഞു . വെള്ളിയാഴ്ച പോലും 

പള്ളിയിൽ നിസ്കരിക്കാൻ പോകാത്തവൻ അധിക സമയവും പള്ളിയിൽ ആണ്.

ഒറ്റക്കായതിനു ശേഷം ചിന്നൻ നായർ അധിക സമയവും 

ഭഗവതിയുടെ മണ്ടകത്തിന്നു മുമ്പിൽ അല്ലെങ്കിൽ പത്തായപ്പുരയുടെ മാളികയിൽ

  മൗനിയായാണ് ,ഇപ്പോഴും ആലോചനയിൽ . ഇതു കാരണം കുഞ്ഞാപ്പുവിനുണ്ടായ മാറ്റങ്ങൾ അയാൾ ശ്രദ്ധിച്ചില്ല.

പൂക്കോട്ടൂർ ഉണ്ടായ ഏറ്റുമുട്ടലിൽ വെള്ളക്കാരെ ലഹളക്കാർ തുരത്തി .

അതിനു ശഷം ലഹള അതിവേഗം കത്തിപ്പടരാൻ തുടങ്ങി.

കൊള്ളയും ,  കൊലയും, സ്ത്രീകളുടെ കൂട്ടക്കരച്ചിൽ, 

പന്തങ്ങളും, വടിവാളും തോക്കുകളുമായി ലഹളക്കാർ, നാട്ടിൽ അരാജകത്വം .

കുഞ്ഞാപ്പു കുറെ നാളായി തറവാട്ടിൽ ഉണ്ടായിരുന്നില്ല.

രണ്ടു ദിവസം മുമ്പ് കുഞ്ഞാപ്പുവിനെ ലഹളക്കാരുടെ കൂടെ കണ്ടുവെന്ന് ആരോ പറഞ്ഞു .

ചിന്നൻ നായരുടെ മനസ്സിൽ ഒരിടിത്തീ മിന്നി . ചിന്നൻ നായർ കാര്യമായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.

അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിയിരുന്ന നാണിയമ്മ വന്നിട്ട് കുറച്ചു ദിവസമായി.എന്ത് പറ്റിയോ ആവോ .

പത്തായത്തിൽ നിന്ന് പഴക്കുലയിലെ ഒന്നുരണ്ടു പഴം ഇരിഞ്ഞു  തിന്നും .വെള്ളം കുടിക്കും.

ആലയിലെ പശുക്കളും കാളകളും ഒഴിച്ചാൽ തറവാട്  വിജനമാണ് .

 കുഞ്ഞാപ്പു വരാത്തത് കൊണ്ട് കാലികൾ പട്ടിണിയാവും .

 ചിന്നൻ നായർ വളരെ ക്ഷീണിതനായി.കുളിച്ചിട്ടു രണ്ടു ദിവസമായി.

പിന്നെ അത് സംഭവിച്ചു.സൂര്യോദയത്തിനു അല്പം മുൻപ് ഭഗവതിയുടെ മണ്ഡലത്തിൽ വിളക്ക് കത്തിച്ചു

  തിരിഞ്ഞു നടക്കുമ്പോളാണ് ആരവം കേട്ടത് .

ജ്വലിക്കുന്ന പന്തങ്ങളായി അനേകം ആളുകൾ പടി കടന്നു വരുന്നു.

 വടിയും വടിവാളും ,കുന്തങ്ങളും ചിലരുടെ കയ്യിൽ തോക്കുകളും. അള്ളാഹു അക്ബർ 

പലരെയും തിരിച്ചറിയാം .എന്നാൽ മുന്നിലുള്ള ആളെ കണ്ടപ്പോൾ ഞെട്ടി 

വടിവാളുമേന്തി ജ്വലിച്ച കണ്ണുകളുമായി നില്കുന്നു കുഞ്ഞാപ്പു.

“അന്നെ തീറ്റി പോറ്റിവളർത്തിയ മൊയ്‌ലാളിയല്ലേടാ കുഞ്ഞാപ്പു ,നിന്റെ പൊന്നാര മൊയലാളി,

ഇജ്ജന്നെ ഓന്റെ തല വെട്ടണം “

 ആരോ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നു

 തല പൊന്തിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി പാലക്കൽ മൂസാജി,

 കാളപൂട്ടിൽ തന്നോട് എപ്പോഴും പരാജയപ്പെട്ടയാൾ .  

കുഞ്ഞാപ്പു അടുത്തു വന്നു . പതുക്കെ പറഞ്ഞു ,പക്ഷെ ഉറപ്പിച്ച സ്വരത്തിൽ 

“മൊയലാളി ഇങ്ങള് മാർഗം കൂടിക്കോളി .അല്ലെങ്കിൽ 

ഈ ഹറാം പിറന്നോർ എന്നെ കൊണ്ട് അത് ചെയ്യിക്കും .

ചിന്നൻ നായർ തലയുയർത്തി കുഞ്ഞാപ്പുവിനെ നോക്കി .

ആ മുഖം ശാന്തമായിരുന്നു.ഭയത്തിന്റെ ലാഞ്ചന ലവലേശമില്ല.

കുഞ്ഞാപ്പുവിന് ആ കണ്ണുകളെ നേരിടാൻ കഴിഞ്ഞില്ല .

ചിന്നൻ നായർ പറഞ്ഞു

” ഭഗവതി ഇരിക്കിണ സ്ഥലത്തു നിന്ന് വേണ്ടാത്ത കാര്യങ്ങൾ പറയല്ലേ കുഞ്ഞാപ്പു . നീ എന്താച്ചാ ചെയ്‌തോ “

“വലിച്ചു പുഴയിലേക്ക് കൊണ്ടുപോടാ ഓനെ. അവസാനത്തെ പണി പൊഴേന്നു .”

ആളുകൾ മുന്നോട്ടു കുതിച്ചു നായരെ പിടിക്കുവാൻ .കുഞ്ഞാപ്പു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 

“ഒരൊറ്റ നയിന്റ മക്കളും മൊയ്‌ലാളിയെ തൊടരുത് . അതെന്റെ പണിയാണ്.ഞാനയ്ക്കോളാം” .

ആളികൾ മാറി നിന്ന് . 

കുഞ്ഞാപ്പുവിന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ കവിളിലേക്കുപതിച്ചത് അവിടെ കൂടിയവർ ശ്രദ്ധിച്ചില്ല 

“കുഞ്ഞാപ്പു പോണെന്റെ മുമ്പ് ഭഗവതിയേ ഒന്ന് തൊഴുതോട്ടെ ” ചിന്നൻ നായർ പറഞ്ഞു.

കുഞ്ഞാപ്പു ചിന്നൻ നായരുടെ കൈ വിട്ടു.

ഭഗവതിയുടെ മണ്ടക്കകത്തിലെ അടഞ്ഞ വാതിൽക്കലേക്കു നോക്കി ചിന്നൻ നായർ തൊഴുതു . 

പിന്നെ പുഴക്കടവിലേക്കു നടന്നു. അപ്പോൾ കുഞ്ഞാപ്പു ചിന്നൻ നായരുടെ കൈ പിടിച്ചില്ല.

പുഴക്കടവിലെ കല്ലിൽ കുനിഞ്ഞിരുന്നു ചിന്നൻ നായർ .

കുഞ്ഞാപ്പുവിന്റെ ഖഡ്ഗം ആകാശത്തിലേക്കുയർന്നു .

 ഉയർന്നതിനേക്കാൾ ശക്തിയോടെ ,വേഗതയോടെ താഴോട്ട് വന്നു ചിന്നൻ നായരുടെ കഴുത്തിൽ പതിച്ചു.

ശിരസു വേറിട്ട് പുഴയിൽ വീണു.പുഴ അതേറ്റു വാങ്ങി.

ശിരസ്സറ്റ കൺഠത്തിൽ നിന്നും ചീറ്റിത്തെറിച്ച രക്തത്തിൽ  കുഞ്ഞാപ്പുവിന്റെ മുഖം ചുകന്നു

കിഴക്കുദിച്ചുവരുന്ന സൂര്യന്റെ കിരണങ്ങൾ വീണു പുഴ ചോരക്കളമായി

ആളുകളുടെ ഇടയിൽ നിന്നും കുഞ്ഞാപ്പുവിനെ കാണാതായി.ആരും അന്വേഷിച്ചതുമില്ല .

ലഹളക്കാർക്കു ഭക്ഷണത്തിനു വേണ്ടി അറക്കാൻ കാളയെ കട്ട് കൊണ്ട് പോകാൻ

 പന്നിക്കോട്ടെ ആലയിൽ ഏതോ ഒരു ലഹളക്കാരൻ ചെന്നപ്പോൾ  കുഞ്ഞാപ്പുവിനെ കണ്ടു.

തന്റെ പ്രിയപ്പെട്ട കാളകളുടെ നടുവിൽ അവരെ കെട്ടുന്ന കയറിൽ

ആലയുടെ വെട്ടത്തിൽ നിന്നും കുഞ്ഞാപ്പു തൂങ്ങി നിൽക്കുന്നു

One Response

  1. സുകുവേട്ടാ,
    അങ്ങനെ സംബോധന ചെയ്യട്ടയോ?
    ഞാൻ മoത്തിൽ തൊടിയിലെ മണി.നമ്പീശൻ്റെ മകൻ .റെയിൽവേയിലെ 40 വർഷത്തെ സേവനത്തിനു ശേഷം റിട്ടയറായി.ഇപ്പോൾ ചോറ്റാനിക്കരയിൽതാമസം. ആദ്ധ്യാത്മിക കാര്യങ്ങളും കുറച്ചൊക്കെ കുത്തിക്കുറിക്കലുമായി കാലം കഴിക്കുന്നു.
    ഗോപേട്ടൻ കഥShare ചെയ്തിരുന്നു. വായിച്ചു. നന്നായി.ഡോക്ടറുടെ കോട്ടിനകത്ത് ഇങ്ങനെയൊരു വൈഭവം ഒളിച്ചിരുന്നുവോ? ആ അഗ്നി അണയാതെ സൂക്ഷിച്ചുവല്ലോ.
    ഇനി കഥയെപ്പററി. പഴയ തലമുറയുടെ മനസിൻ്റെ ഏടുകളിൽ എവിടെയൊക്കെയോ ഇത്തരം കഥാപാത്രങ്ങൾ ഒളിച്ചിരുന്നുവല്ലോ. ലഹളയിൽ നേരിട്ട് പങ്കെടുത്ത ഇണ്ണി മമ്മതും ,അബു ഹാജിയുമൊക്കെ കൂർക്കപ്പട്ടാളം (MSP) വേട്ടയാടിയപ്പോൾ കാട്ടിലൊളിച്ചതും ദാഹിച്ചപ്പോൾ മൂത്രമൊഴിച്ച് കുടിച്ചതുമൊക്കെ കേട്ടു മറന്ന കഥകൾ. ഒരു ജനതയെ മുഴുവൻ മതം മാറ്റത്തിനിരയാക്കിയതും നിഷേധിച്ചവരെ നിഷ്ക്കരുണം വാളിനിരയാക്കിയതും മനപൂർവം മറന്നതാവാം .കാലം 1921ൽ നിന്നും 2021 ൽ എത്തി നിൽക്കുമ്പോഴും സ്ഥിതി ഒട്ടും ആശാവഹമല്ല. മറിച്ച് ഭീതിജനകം തന്നെ. മദ്രസയെന്ന മതപാഠശാലകളിൽ നിന്നും വമിക്കുന്ന വർഗീയ വിഷമേറ്റ വിദ്യാസമ്പന്നർ പോലും വിവേകമെന്യെ പെരുമാറുമ്പോൾ കാലം പിന്നിലേക്ക് തന്നെ തിരിച്ചു പോവുകയാണോ എന്ന ആശങ്ക .1921ൽ ഊരിയ വാൾ ഇനിയും അരയിലെ ഉറയിലുറച്ചിട്ടില്ലെന്ന ചിലരുടെയൊക്കെ ആക്രോശവും വർഷങ്ങൾക്കു മുൻപ് മാറാടിൻ്റെ മാറു പിളർന്ന വാർത്തകളുമൊക്കെ കേൾക്കുമ്പോൾ ഭാവി ഏറെ അപകടത്തിലാണെന്ന് തോന്നിപ്പോകുന്നു. മലയാളത്തിനതീതമായി വിശാലമായി ചിന്തിച്ചിരുന്ന മാധവിക്കുട്ടി പോലും മതം മാറ്റത്തിനടിമപെടുമ്പോൾ ആശ്വാസത്തിന് വക തുലോം കുറവത്രേ.( ഇതിനു പുറകിൽ വർഗീയതക്കതീതമായി ചിന്തിക്കുന്നെന്ന് നാം ധരിക്കുന്ന എം പി ‘സമദാനിയാണെന്നും ശ്രുതിയുണ്ട് )
    നീട്ടുന്നില്ല, നിർത്തട്ടെ. കഥ ഒഴുക്കോടെ വായിക്കാനായി. മനസിനെ കുറച്ചു നേരത്തെക്കു ഉഗ്ര പുരത്തേക്കും ആ പഴയ കാലത്തിലേക്കും ആനയിച്ചു. ആശംസകൾ. കഥക്കും, കഥാകാരനും.
    ഞാനും കുറച്ചൊക്കെ കുത്തിക്കുറിക്കുന്ന കൂട്ടത്തിലാണ്. സമയം കിട്ടുമ്പോൾ എൻ്റെ FBPagൽ ഒന്ന് കയറി നോക്കൂ.
    വേണുഗോപാലൻ, കണ്ടോ തടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…