സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഓർമയുടെ ഗന്ധം

സജ്‌ന എസ് പി


“പെരുമഴക്കാലം തന്നെ! അയാൾ ഉമ്മറപ്പടിയിൽ കാൽനീട്ടിയിരുന്ന് പുലമ്പി. കാലവർഷം കനത്ത് പെയ്യുകയാണ്. ശക്തമായ കാറ്റ് എല്ലാത്തിനേയും വകഞ്ഞുമാറ്റി ഒഴുകിനടക്കുന്നു. കാറ്റ് കയറിയിറങ്ങിയതിന്റെ ബാക്കിപത്രമെന്നോണം ആ ചെറ്റപ്പുരയുടെ വാതിൽ അനാഥമായി അടഞ്ഞു. ഓല മേഞ്ഞ മേൽക്കൂര ഒരുനിമിഷം കൊണ്ട് പറന്നുപോയേക്കുമോ എന്നയാൾ സന്ദേഹപ്പെട്ടു.
രാവിലെ ഉണ്ടാക്കിയ പുഴുങ്ങിയ കടല ഓരോന്നായി വായിലേക്കേറിഞ്ഞുകൊണ്ട് അയാൾ മഴയെ കാര്യമായി നിരീക്ഷിച്ചു. കാറ്റിന്റെ കരങ്ങളിലമർന്ന് മഴത്തുള്ളികൾ ചെരിഞ്ഞു പെയ്യുകയാണ്. ചിലത് അയാളുടെ ഉണങ്ങിയ കമ്പുപോലുള്ള നീണ്ട കാലുകളെ സ്പർശിച്ച് കടന്നുപോയി. അയാൾ കുളിരുകൊണ്ടു. ഹൃദയത്തിൽ ഓർമകളുടെ മഴപ്പെയ്ത്ത് നടന്നു. അയാളുടെ മനസ് അതിവേഗത്തിൽ ആ ചെറ്റക്കൂരയിൽ നിന്നും തന്റെ ബാല്യകാലത്തിലേക്കിറങ്ങിയോടി.

ദൂരെ മലഞ്ചെരിവുകൾക്ക് മീതെ വയലേലകൾ വിളങ്ങിനിന്ന പാടത്തിന് നടുവിലെ പലകവീടിന് മുമ്പിൽ ഓർമകൾ വന്നുനിന്നു. അയാളുടെ ഹൃദയം ഗൃഹാതുരത്വത്തോടെ ആ പുരയ്‌ക്കകത്തേക്കെത്തിനോക്കി.
പുറത്ത് ഓമനത്വം തുളുമ്പി പെയ്യുന്ന ചാറ്റൽമഴയെ കൂട്ടുപിടിച്ച്, അകത്തെ മൂലയിൽ കല്ലു കൂട്ടി മെരുക്കിയ തീയിൽ അമ്മ പൊടിയരിക്കഞ്ഞി വേവിക്കുന്നു. അവരുടെ ഉടുപ്പിൽ ദാരിദ്ര്യത്തിന്റെ വിള്ളലുകൾ വീണിരുന്നു. ദൂരെ വയൽവരമ്പത്ത് നിന്ന് ചാറ്റൽമഴയെ പാള കൊണ്ട് തടഞ്ഞുനിർത്തി അച്ഛൻ നടന്നുവരുന്നു. നിറം മങ്ങിയ മുണ്ട് മാത്രമാണ് വേഷം. തലയിലൊരു ചെറിയ തോർത്തും. അയാളുടെ ഓർമകൾ ആർത്തിയോടെ വീണ്ടും അകത്തേക്കെത്തിനോക്കി. വടക്കേമൂലയിൽ, അമ്മയുണ്ടാക്കുന്ന പൊടിയരിക്കഞ്ഞിയുടെ മണംപിടിച്ച്, പച്ചോല സമ്മാനിച്ച കളിപ്പാട്ടം കൊണ്ട് അക്ഷമയോടെ കളി തുടരുന്ന ബാലൻ. നരച്ച വള്ളിട്രൗസറാണ് വേഷം.

മഴ അല്പം കുറഞ്ഞു. കാറ്റും പതിയെ പിൻവലിഞ്ഞിട്ടുണ്ട്. അയാളുടെ ഓർമകൾ ശരവേഗത്തിൽ ചെറ്റക്കുടിലിലേക്ക് തന്നെ മടങ്ങിയെത്തി. ഓലത്തുമ്പിൽനിന്ന് ഇറ്റിവീഴുന്ന വെള്ളത്തുള്ളികൾ ശരീരത്തേയും മനസിനേയും തണുപ്പിച്ചു. നാല് നേരത്തേക്കെന്നോണം പുഴുങ്ങിയെടുത്ത കടല ഒരു നേരംകൊണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. ഓർമകളുടെ വേലിയേറ്റത്തിൽ അവ വയറ്റിലേക്ക് മടി കൂടാതെ ഇറങ്ങിച്ചെന്നത് അയാളറിഞ്ഞില്ല. നിസ്സംഗനായി അയാൾ അകത്തെ ശൂന്യമായ ഇരുട്ടിലേക്ക് നോക്കി. ചെരിഞ്ഞു വീശുന്ന ഇളംകാറ്റിനൊപ്പമതാ ചൂടുപാറുന്ന പൊടിയരിക്കഞ്ഞിയുടെ മണം!”

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…