പോലീസ് വണ്ടിയുടേതു പോലെ കണ്ണിൽ കുത്തുന്ന തരം നീല നിറമുള്ള ചെറിയ അലങ്കാരലൈറ്റുകൾ തൂക്കിയിട്ട ക്രിസ്തുമസ് മരമാണ് ഹോട്ടലിനുള്ളിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ആദ്യം കാണുന്നത്. അത് മിന്നിയും കെട്ടുമാണിരുന്നത്. ലോബിയിലേക്ക് കയറുന്ന ആളുകളൊക്കെ ആ മരത്തിനടുത്ത് നിന്നു ചിത്രങ്ങളെടുക്കുന്നുണ്ട്. ഞങ്ങൾ അവിടെ നിൽക്കാതെ ലോബിയുടെ ഇടത്തെ വശത്തുള്ള നീളൻ ഇടനാഴിയിലൂടെ നടന്നാണ് ഭക്ഷണശാലയിലേക്കെത്തിയത്. ആ ഇടനാഴിയിൽ മഞ്ഞ നിറമുള്ള കൂറ്റൻ ഷാൻഡിലിയറുകൾ തൂങ്ങി കിടന്നിരുന്നു. അതിൽ നിന്നും വെളിച്ചം താഴേക്ക് ഒഴുകിയാണിറങ്ങി വരുന്നതെന്ന് തോന്നുമായിരുന്നു. ഇടയ്ക്ക് നട്ട് പിടിപ്പിച്ചതു പോലുള്ള കൃത്രിമ ഈന്തപ്പനകൾക്ക് മീതേക്കാണ് ഈ മഞ്ഞവെളിച്ചം വന്നു തൊട്ടിരുന്നത്. റെസ്റ്റോറന്റ് ഏകദേശം നിറഞ്ഞിരുന്നു. നേരത്തെ കൂട്ടി ബുക്ക് ചെയ്തു വച്ചിരുന്നത് കൊണ്ട് ജനാലയോട് ചേർന്നുള്ള കടൽക്കാഴ്ചയുള്ള മേശയാണ് ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. പതിന്നാലു പേർക്കിരിക്കാവുന്ന രീതിയിൽ രണ്ടു മേശകൾ കൂട്ടിയിട്ട് ഓരോ വശത്തും ആറാറു കസേരകളും, മേശയുടെ തലപ്പ് വശങ്ങളിൽ ഓരോ കസേരയുമാണിട്ടിരുന്നത്. ഞങ്ങൾ പതിമൂന്നു പേരാണ് ഭക്ഷണത്തിനും, അതേ തുടർന്നു നടക്കാൻ പോകുന്ന ചർച്ചയിലും പങ്കെടുക്കാനുണ്ടായിരുന്നത്. ഇത് ഞങ്ങളുടെ ഈ വർഷത്തെ പതിമൂന്നാമത്തെ ടീം മീറ്റിങ്ങാണ്. ജനുവരി മുതൽ എല്ലാ മാസവും മുടങ്ങാതെ ആദ്യ ഞായറാഴ്ച ഞങ്ങളൊന്നിച്ചു കൂടി തലേ മാസത്തെ വില്പനയുടെ പോരായ്മകളും, നേട്ടങ്ങളും അവലോകനം ചെയ്യുമായിരുന്നു. അടുത്ത മാസം പുറത്തെടുക്കേണ്ട അടവുകളെന്തൊക്കെയെന്ന് രഹസ്യമായി പദ്ധതി തയ്യാറാക്കുമായിരുന്നു. അന്നേരമൊക്കെ മൈക്കൽ സാക്കി എന്ന ഞങ്ങളുടെ സെയിൽമാനേജരുടെ മുഖം വലിഞ്ഞു മുറുകിയാണിരിക്കാറുള്ളത്. ആഫ്രിക്കൻ കാടുകളിൽ ഇര പിടിക്കാൻ തക്കം പാർത്തിരിക്കുന്ന പുള്ളിപ്പുലിയുടെ മുഖമാണപ്പോഴയാൾക്ക്.അയാൾ ചുരുങ്ങി പമ്മി, ഇപ്പോ ചാടുമെന്നതു പോലെ കസേരയിൽ പതിഞ്ഞ് തല നീട്ടിയാണിരിക്കുക.
ഞങ്ങളുടെ ടീമിൽ നിന്നും കഴിഞ്ഞ മാസം രണ്ടു പേർ രാജി വച്ചു പോയിരുന്നു. അതു കൊണ്ടാണിപ്പോൾ ഞങ്ങളെണ്ണത്തിൽ പതിമൂന്നായി ചുരുങ്ങിയത്. എനിക്ക് യേശുവിന്റെ അവസാനത്തെ അത്താഴമാണപ്പോൾ ഓർമ്മ വന്നത്. ഡാവിഞ്ചിയുടെ അവസാന അത്താഴത്തിന്റെ പെയിന്റിംഗിൽ ഉള്ളത് പോലെ കസേരകളൊക്കെ ഒരു വശത്തേ പിടിച്ചിട്ട് മേശയുടെ ഒരു വശത്ത് നിരന്നിരുന്നു ഭക്ഷണം കഴിച്ചാലോ എന്നെനിക്കപ്പോൾ തോന്നുന്നുണ്ടായിരുന്നു. എന്റെ മനസ്സിലിതു വന്ന അതേ നിമിഷം ഞാൻ വെറുതെ മൈക്കലിനെ നോക്കിയിരുന്നു. അപ്പോഴയാൾ യേശുവിനെ പോലെ നീട്ടി വളർത്തിയ ബ്രൗൺ നിറമുള്ള താടിയിൽ തലോടുന്നുണ്ടായിരുന്നു. ദൂരെ കടലിലൂടെ അപ്പോൾ കടന്നു പോയ് കൊണ്ടിരുന്ന കപ്പലിലായിരുന്നു അയാളുടെ കണ്ണുകൾ. അത് പകുതിയടഞ്ഞതു പോലെയായിരുന്നു. ഞങ്ങൾ ടാർഗറ്റ് നേടിയിരുന്നില്ല. തീരെ ലാഭത്തിലല്ലാതെ പോയ് കൊണ്ടിരുന്ന നേരത്താണ് രണ്ടു പേർ രാജി വച്ചു പോയതും. അയാളുടെ ഉത്കണ്ഠയ്ക്ക് വ്യക്തമായ കാരണമുണ്ടെന്ന് ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു. അയാൾക്ക് ഞങ്ങളോടൊക്കെ ദേഷ്യമുണ്ടെന്നും എന്നാലത് പ്രകടിപ്പിക്കാനേ സാധിക്കാത്തതിന്റെ നിരാശയാണ് അയാളുടെ ആ ഭാവത്തിനു പിറകിലെന്ന് ഞങ്ങളിൽ ഭൂരിഭാഗവും മനസ്സിലാക്കി വച്ചിട്ടുണ്ടായിരുന്നു. അയാൾ തട്ടി കയറിയതു കൊണ്ടായിരുന്നു രണ്ട് പേർ രാജി വച്ചതെന്ന് അയാളുടെ മാനേജർ അറിഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ സംശയം ശരിയാണെങ്കിൽ മൈക്കൽ ശ്രദ്ധയോടെ പെരുമാറണമെന്നുള്ള ഒരു കത്ത് അയാളുടെ മാനേജരിൽ നിന്നും കൈ പറ്റി കഴിഞ്ഞിട്ടുണ്ട്.
ഞങ്ങൾ ഏഴു പേരാണ് എത്തിയിരുന്നത്. ബാക്കി ആറു പേർ കൂടി വന്നിട്ടൊന്നിച്ചു പോയി ഭക്ഷണമെടുക്കാമെന്ന് ടീമിലെ ആരോ പറഞ്ഞതു പ്രകാരം ഞങ്ങൾ അവരെ കാത്തിരിക്കുകയായിരുന്നു. ടീമംഗങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ പതിവു പോലെ ഞാൻ മിണ്ടാതിരുന്നു. അവരെല്ലാം ഒരേ സ്ഥലത്തു നിന്ന് വന്ന്, ഒരേ ഭാഷ സംസാരിക്കുന്നവരായിരുന്നു. അവരുടെ ഇഷ്ടങ്ങളും, ഭാവങ്ങളുമൊക്കെ ഒരേ പോലെയായിരുന്നു. ഞാനവർക്കിടയിൽ വേർപെട്ടാണ് നിന്നിരുന്നത്. അവരൊക്കെ സ്നേഹത്തോടെ പെരുമാറുമ്പോഴും, ഞാൻ ഒറ്റയാനാണെന്ന് എനിക്ക് അറിയാമായിരുന്നു. വില്പന മോശപ്പെട്ടു പോകുമ്പോഴൊക്കെ അതിന്റെ ഉത്തരവാദിത്തമെന്റെ തലയിലേക്കവരിടുമോ എന്നെനിക്ക് ഉൾഭയം തോന്നാറുണ്ടായിരുന്നു. എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരെന്നെ കുടുക്കുകയായിരിക്കുമോ എന്ന സംശയമെപ്പോഴുമെനിക്കുണ്ടാകാറുണ്ട്. ഞാനുൾപ്പെടുന്ന ആർക്ക് വേണമെങ്കിലും ജോലി വരെ നഷ്ടമാകാൻ മാത്രം മോശമായ കച്ചവടമായിരുന്നു എന്നുറപ്പുണ്ടായിട്ടും മൈക്കലൊഴിച്ച്, എന്റെ കൂടെയുള്ള ആരും വിഷമിക്കുന്നുണ്ടെന്ന് തോന്നിയില്ല. അവരൊക്കെ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കുകയായിരുന്നു. സംഗതിയുടെ ഗൗരവമവർക്ക് ഗ്രഹിക്കാനാകാത്തതു കൊണ്ടാവുമോ എന്ന് ഞാൻ സംശയത്തോടെ ഓർക്കുകയും ചെയ്തു.
പെട്ടെന്ന് റെസ്റ്റോറന്റിനുള്ളിൽ ഒരു കയ്യടി കേട്ടപ്പോഴാണ് ഞങ്ങളെല്ലാവരും തല തിരിച്ച് നോക്കിയത്. ഗിറ്റാറും, സാക്സഫോണും, മണികൾ തൂക്കിയിട്ടതു പോലൊരു സംഗീതോപകരണവും കൊണ്ട് മൂന്ന് പെൺകുട്ടികൾ വെള്ള ഉടുപ്പുകൾ ധരിച്ച് കൈ വീശി കടന്നു വരികയായിരുന്നു. ഉയരമുള്ള മെലിഞ്ഞ പെൺകുട്ടിയായിരുന്നു കൂട്ടത്തിലേറ്റവും സുന്ദരി. അവൾ മുട്ടിറക്കമുള്ള ഉടുപ്പിനു മീതെ ചാരനിറമുള്ള ഒരു ഓവർക്കോട്ട് ധരിച്ചിരുന്നു. ഈ ഡിസംബർ മാസത്തിലെ ഏറ്റവും തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്. അവൾ മെലിഞ്ഞിരിക്കുന്നത് കൊണ്ട് തണുപ്പ് കൂടുതലനുഭവപ്പെടുമെന്ന് ഞാൻ വെറുതെ ഓർത്തു. ഇളം ബ്രൗൺ നിറമുള്ള മുടിയവൾ പിന്നി മുന്നിലേക്കിട്ടിരുന്നു. കൂട്ടത്തിൽ ഏറ്റവും തടിയുള്ള പെൺകുട്ടി ധരിച്ചിരുന്ന ഉടുപ്പിനു അവളുടെ അടിവസ്ത്രത്തേക്കാൾ അരയിഞ്ചു നീളക്കൂടുതൽ പോലുമുണ്ടായിരുന്നില്ല. അവൾ സ്റ്റേജു പോലുള്ളിടത്ത് കീ ബോർഡിനു മുന്നിലിരുന്നപ്പോൾ ഞാനവളുടെ അടിവസ്ത്രം വ്യക്തമായി കാണുകയും ചെയ്തു. മൂന്നാമത്തെ പെൺകുട്ടി നീളമുള്ള ഒരു ഗൗണാണ് ധരിച്ചിരുന്നത്. അതിന്റെ പട്ട പോലുള്ള കൈകൾ വെള്ള ലേസു കൊണ്ടാണ് തുന്നിയിരുന്നത്. സ്വർണ്ണ നിറമുള്ള മുടി ഒന്നിച്ചെടുത്ത് അവൾ പിറകിൽ കെട്ടി വച്ചിരുന്നു. അവൾ ചിരിക്കാനലപം വിമുഖതയുള്ള പെണ്ണായിരുന്നു. ഞങ്ങളുടെ സെയിൽസ്മാനേജരെ പോലെ തന്നെ. ഈ റെസ്റ്റോറന്റ് ഒരു നാടകശാലയാണെങ്കിൽ അയാൾ യേശുവും, ഈ മൂന്നാമത്തെ പെൺകുട്ടി മഗ്ദലന മറിയവുമായേനെ എന്നു ഞാനോർക്കാതിരുന്നില്ല. അവർ പാട്ടു പാടാനുള്ള പുറപ്പാടിൽ സംഗീതോപകരണങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങിയപ്പോൾ മൈക്കൽ താടിയിൽ നിന്നും കയ്യെടുത്ത് പതുക്കെ പറഞ്ഞു, നമ്മൾ തിരഞ്ഞെടുത്ത സ്ഥലം തെറ്റി പോയി. ഇവിടിരുന്നു ഒരു ചർച്ച നടക്കുമോ? അയാളത് പറഞ്ഞത് അറബിയിലായിരുന്നെങ്കിലും എനിക്ക് കൃത്യമായി മനസ്സിലായിരുന്നു. ഒരു വേള അയാളപ്പോൾ തന്നെ അവിടം വിട്ടിറങ്ങി പോകുമോ എന്നെനിക്ക് തോന്നുന്നുണ്ടായിരുന്നു. സംഗീതമാസ്വദിക്കാനുള്ള ഒരു മനസ്സല്ല അയാൾക്കെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞതിനു മറുപടി കൊടുക്കാതെ ടീമിലെ മറ്റുള്ളവർ എന്തൊക്കെയൊ ഉറക്കെയുറക്കെ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞങ്ങളിൽ പത്ത് പേരെത്തി കഴിഞ്ഞിട്ടുണ്ടായിരുന്നു.
ബുഫേ കൗണ്ടറിനു പിറകിലെ അടുപ്പുകളിൽ കിടന്ന് കടൽജീവികൾ മൊരിയുന്നതിന്റെ മണം ഞങ്ങളിരിക്കുന്നിടത്തേക്ക് വരുന്നുണ്ടായിരുന്നു. എനിക്ക് വിശക്കാൻ തുടങ്ങിയിരുന്നു. ബാക്കി മൂന്നു പേരെ കാത്തിരിക്കാതെ ഭക്ഷണമെടുത്താലോ എന്നെനിക്ക് തോന്നുന്നുണ്ടെങ്കിലും ഞാനത് ഉറക്കെ പറയാതെ മുന്നിലിരിക്കുന്ന കോളയെടുത്ത് ഒരൊറ്റ വലിക്ക് കുടിച്ച് തീർത്തു. എന്നിട്ട് ബെയററെ വിളിച്ച് ഒരു ഗ്ലാസ് കൂടി കൊണ്ട് തരാൻ പറയുകയും ചെയ്തു. കടും ബ്രൗൺ നിറമുള്ള ആ ദ്രാവകമെനിക്ക് തീരെ പിടിക്കാത്ത ഒന്നാണെങ്കിലും ഈയിടെയായി ഒരു ശീലം കണക്കെ ഞാനും ഇത് മീറ്റിംഗുകളിൽ വലിച്ച് കുടിക്കാറുണ്ട്. ചിലപ്പോഴൊക്കെ സംസാരിക്കാൻ കൂട്ട് കിട്ടാതാകുകയോ അല്ലെങ്കിൽ ആകെയൊരു സംഭ്രാന്തി അനുഭവപ്പെടുകയോ ചെയ്യുമ്പോൾ കോള കുടിക്കുന്നത് ഒരു രസമാണെന്ന് എനിക്ക് തോന്നാറുണ്ട്. അതിന്റെ കുമിളകളെന്റെ അഡ്രിനാലിന്റെ തള്ളികയറ്റത്തെ പിടിച്ച് നിറുത്തുന്നുണ്ടെന്ന് തോന്നും.
കൂട്ടത്തിലുള്ളവർ പറയുന്ന ഭാഷ മനസ്സിലാകാതെ ബോറടിക്കുന്ന അവസരങ്ങളിലൊക്കെ ഞാൻ പഴയ കഥകളോർത്തു കൊണ്ടാണിരിക്കാറുള്ളത്. ഓർത്തതു തന്നെ വീണ്ടുമോർത്ത്, അപ്പോഴൊക്കെ ചിരിച്ചത് പോലെ വീണ്ടും ചിരിച്ച്, ചില കാര്യങ്ങളിൽ ഞാൻ പറയേണ്ടിയിരുന്ന കാര്യങ്ങൾ പറയാത്തതിൽ ഖേദിച്ച് വെറുതെയങ്ങിനെയിരിക്കും. കൂട്ടത്തിലുള്ളവർ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ടെന്ന മട്ടിൽ വെറുതെ ചിരിച്ച് കൊണ്ടാണ് ഞാനിരിക്കാറുള്ളത്. അവരാരുമതൊന്നും ശ്രദ്ധിക്കാറില്ലെന്നറിഞ്ഞു കൊണ്ടു തന്നെ. പക്ഷേ പുറമേ നിന്നുള്ള ഒരാൾ നോക്കിയാൽ ഞാനാ ഭാഷ മനസ്സിലാക്കി ആസ്വദിക്കുക തന്നെയാണെന്നേ തോന്നൂ എന്നെനിക്കറിയാം.
സ്റ്റേജിൽ കയറിയിരുന്ന പെൺകുട്ടികൾ അവരുടെ പാട്ടുകൾ ആരംഭിക്കാൻ പോകുന്നു എന്ന് അനൗൺസ് ചെയ്തു. അവരിൽ എനിക്കിഷ്ടപ്പെട്ട മെലിഞ്ഞു ഉയരം കൂടിയ പെൺകുട്ടി തന്നെയാണ് ആദ്യത്തെ പാട്ടു പാടിയത്. അതാകട്ടെ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പാട്ടായിരുന്നു. ഒരു സ്പാനിഷ് ഗാനം. ലൂയിസ് ഫോൻസിയുടെ ഡെസ്പാസീറ്റൊ. ആ പാട്ടിലെ ഒരു വരി പോലുമെനിക്ക് ഇത്ര കാലമായിട്ടും കൂടെ പാടാൻ സാധിക്കില്ലെന്നറിഞ്ഞിട്ടും, ഞാനത് മുഴുവൻ ഇഷ്ടമുള്ളതു പോലെ കൂടെ പാടുമായിരുന്നു. ഇടയ്ക്കുള്ള ചില വാക്കുകളെനിക്ക് മനസ്സിലായത് മാത്രം വ്യക്തമായി പറയുമെന്നതൊഴിച്ചാൽ മറ്റൊന്നും ശരിയായ രീതിയില്ലല്ല ഞാൻ പാടി കൊണ്ടിരുന്നത്. പക്ഷേ അത് വളരെ ശബ്ദം കുറച്ച് ഏകദേശം മനസ്സിൽ തന്നെ പാടുന്നത് പോലെയായിരുന്നു. ആ പെൺകുട്ടികളിരുന്ന സ്റ്റേജു പോലെ തോന്നിക്കുന്ന ഭാഗത്ത് കൂടുതൽ വെളിച്ചമുണ്ടായിരുന്നു. അതവരുടെ തലയിലേക്ക് പതിക്കുന്നുണ്ടായിരുന്നു. ഞാനിരിക്കുന്നത് ഏതോ സ്വർഗ്ഗത്തിലെ സദസ്സിലാണോ എന്നെനിക്ക് തോന്നി. പെട്ടെന്നൊരു തോന്നലിൽ ഞാൻ മൊബൈലെടുത്ത് അവരുടെ പാട്ട് റെക്കോർഡ് ചെയ്യാനാരംഭിച്ചു. ഞാനത് ചെയ്യുന്നത് കണ്ടതും പാടി കൊണ്ടിരുന്ന സുന്ദരി ഒന്നൂടെ ചിരിക്കാനും ഇടക്ക് കയ്യുയർത്തി കാണിക്കാനും തുടങ്ങിയിരുന്നു. സുബ്രന് ഈ പാട്ടു പരിപാടി വല്ലാതങ്ങ് ഇഷ്ടമായെന്ന് തോന്നുന്നു എന്ന് കൂട്ടത്തിലാരോ പറഞ്ഞു. അതു കേട്ടപ്പോൾ ലേശം സങ്കോചത്തോടെ ഞാൻ റെക്കോർഡിംഗ് നിറുത്തി കോളയെടുത്ത് കുടിക്കാനും തുടങ്ങി.
അപ്പോഴേക്കും ഞങ്ങളുടെ മുഴുവൻ ടീമംഗങ്ങളും എത്തി കഴിഞ്ഞിരുന്നു. പാട്ടിൽ മുഴുകിയിരുന്ന് ഞാനത് കണ്ടില്ലെന്ന് ഓർത്ത് കൊണ്ടിരുന്നപ്പോഴാണ് മൈക്കൽ പറഞ്ഞത്, നമുക്ക് ഭക്ഷണമെടുക്കാം, അതു കഴിഞ്ഞ് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാനുണ്ട്. അത് കേട്ടതും എല്ലാവരും ചിരിയും ബഹളവുമായി ബുഫേ കൌണ്ടറിനരികിലേക്ക് നീങ്ങി. കൗണ്ടറിനു താഴെയുള്ള സ്റ്റാൻഡിൽ നിന്ന് വെളുത്ത കുപ്പി പ്ലേറ്റുമെടുത്ത് ആളുകൾ കടൽജീവികളെ തിരഞ്ഞെടുക്കുന്നതിൽ വ്യാപൃതരായി. വേണ്ടവയെ തിരഞ്ഞു കൊടുത്തത് അപ്പാപ്പോൾ പാകം ചെയ്തു കൊടുക്കുന്നതിനായി അവിടെ മൂന്ന് ചെറുപ്പക്കാർ നിൽക്കുന്നുണ്ടായിരുന്നു. ഒരാൾ കൗണ്ടറിനരികിൽ നിന്ന് പ്ലേറ്റ് വാങ്ങി ഉടമയുടെ പേരെഴുതി വയ്ക്കുന്നുണ്ടായിരുന്നു, ഞണ്ട്, കൂന്തൾ, പുറന്തോടുള്ള ഷെൽഫിഷെന്ന കടൽജീവി, ഓയ്സ്റ്റർ പിന്നെ എനിക്കെങ്ങിനെ നോക്കിയാലും പേരു കിട്ടാൻ സാധ്യതയില്ലാത്ത ചില ജീവികൾ. ഇതിനിടയിൽ ജപ്പാൻകാരുടെ പ്രിയപ്പെട്ട സൂഷിയും അവരൊക്കെ ആവേശത്തോടെ പ്ലേറ്റിലേക്കിട്ടു. ഞാൻ സസ്യഭുക്കാണെന്നും എനിക്ക് പറ്റിയ എന്തെങ്കിലും കിട്ടുമോ എന്നും അവിടെ നിന്ന ഹോട്ടൽ ജീവനക്കാരിയോട് ചോദിക്കുമ്പോൾ ഞാനെപ്പോഴും നേരിടാറുള്ള ആ അങ്കലാപ്പ് എന്റെ മുഖത്ത് വളരെ പ്രകടമായിരുന്നു. എന്നെ പോലെ അവരും പ്രതിസന്ധിയിലായത് പോലെയായിരുന്നു അവരുടെ മറുപടി. അവിടെ കാണുന്ന ധാരാളം പച്ചക്കറിക്കളിൽ നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുത്ത് ആ ഷെഫിനെ ഏൽപ്പിച്ചാൽ അദ്ദേഹമത് രുചികരമായി നിങ്ങൾക്ക് പൊരിച്ചു തരും. ഞാൻ മറുപടിയായി ഒരു നന്ദി പറഞ്ഞ് പച്ചക്കറികൾ തിരഞ്ഞെടുക്കാൻ തുടങ്ങി. അധിക സമയമോ, സന്ദേഹമോ ഒന്നുമാവശ്യം വന്നില്ല. ഏകദേശമൊരു മിനിറ്റ് കൊണ്ട് കുറച്ച് കൂണും, കാപ്സിക്കവും, വെളുത്ത നിറത്തിലുള്ള ഉള്ളിയും, ബ്രോക്കോളിയും, കൊച്ചു തക്കാളിയും കൂടെ പ്ലേറ്റിലാക്കി സുബ്രമണ്യൻ രാഘവേന്ദ്രൻ എന്ന പേരും എഴുതി കൊടുത്ത് സീറ്റിലേക്ക് ചെന്നു.
ഞാൻ ചെല്ലുമ്പോൾ അവരൊക്കെ സൂഷി കഴിക്കുന്ന തിരക്കിലായിരുന്നു. അതിനിടയിൽ ഉച്ചത്തിലുച്ചത്തിൽ സംസാരിക്കുന്നുമുണ്ടായിരുന്നു. അവിടെ മഗ്ദലന മറിയത്തെ പോലുള്ള പെൺകുട്ടി പാടാനാരംഭിച്ചിരുന്നു. അതും ഒരു സ്പാനിഷ് ഗാനമായിരുന്നു. താക്കി താക്കി എന്ന ആ പാട്ടും എനിക്ക് കൂടെ പാടാൻ തോന്നിയിരുന്നു. ബൈലാമെ കോമൊ സി എന്ന ആദ്യ ഭാഗം മൂളി പിന്നെ ഞാൻ അവളുടെ ഭാവങ്ങൾ ശ്രദ്ധിച്ചിരുന്നു. അവൾ പാടുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്ന് എനിക്ക് തോന്നി. അവൾ ആകുലയാണെന്നും എന്തോ ഭയമവൾക്ക് ഉണ്ടെന്നും എനിക്ക് വെറുതെ തോന്നി. അപ്പോഴെനിക്കും എന്തൊക്കെയോ ഭയം തോന്നി. മൈക്കലിന്റെ കീഴിൽ ഞങ്ങളുടെ ബിസിനസ്സ് അപകടത്തിലാണെന്ന് എനിക്ക് വീണ്ടുമോർമ്മ വന്നു. അയാൾ അവലംബിച്ച് കൊണ്ടിരിക്കുന്ന രീതി പിന്തുടർന്നാൽ പുതുവർഷവും നമ്മളെങ്ങുമെത്തില്ലെന്ന് അയാളുടെ മാനേജരെ അറിയിച്ചാലോ എന്നെനിക്ക് തോന്നി. അയാൾ തുടർന്ന് പോയാൽ തീർച്ചയായും ഇനിയും പലരും ജോലി വിടാനുള്ള സാധ്യതയുമുണ്ട്. കാര്യം അയാൾ പറയുന്ന വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണെങ്കിലും, ജോലി ചെയ്യിക്കുന്നതിൽ അയാളത്ര മിടുക്കനല്ലെന്ന് അയാളുടെ മാനേജർ അറിഞ്ഞിരിക്കേണ്ട കാര്യമാണെന്ന് ഞാനോർത്തു. സൂഷി ചോപ്പ് സ്റ്റിക്കു കൊണ്ട് കുത്തിയെടുത്ത് വായിലേക്കിട്ടയാൾ എന്തോ തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്നത് കണ്ടപ്പോഴെനിക്ക് ദയവ് തോന്നി. ഞാനത് അറിയിക്കുമ്പോൾ ചിലപ്പോൾ ഇയാൾക്ക് ജോലി നഷ്ടമായേക്കുമോ?
നിരനിരയായി യുവതികൾ പ്ലേറ്റുകളുമായി ഞങ്ങളുടേ മേശക്കരികിലേക്ക് വരാൻ തുടങ്ങിയിരുന്നു. അവരോരൊ പേരുമുറക്കെ വിളിച്ച് അതാത് പ്ലേറ്റ് മുന്നിൽ കൊണ്ട് വച്ചു തന്നു കൊണ്ടിരുന്നു. എന്നത്തേയും പോലെ ശുഷ്കിച്ച വിഭവങ്ങളുള്ള എന്റെ പ്ലേറ്റ് മറ്റുള്ളവരുടെ കണ്ണിൽ പെടുന്നത് മോശമെന്ന മട്ടിൽ വലിച്ചെന്റെ മുന്നിലേക്ക് നീക്കി വച്ചു. അത് ഏകദേശം ചെറുപ്പത്തിൽ അമ്മ മെലിഞ്ഞുണങ്ങിയ എന്റെ ശരീരത്തിൽ എണ്ണ പുരട്ടി കൊണ്ടിരിക്കുമ്പോൾ അയല്പക്കത്ത് നിന്നാരെങ്കിലും പെട്ടെന്ന് കയറി വന്നാൽ തോർത്തു കൊണ്ടെന്നെ പൊതിഞ്ഞു പിടിക്കാറുള്ളത് പോലെയാണെന്ന് എനിക്ക് തോന്നി. എന്റെ ഉണങ്ങിയ ശരീരം നോക്കി അവരെന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാലോ എന്ന് പേടിച്ചിട്ടായിരുന്നു. എന്റെ പ്ലേറ്റ് മുന്നിലേക്ക് വച്ചു തരുമ്പോൾ വെയിട്രസ്സിന്റെ മുഖത്ത് പോലും വല്ലാത്തൊരു ദയാഭാവമായിരുന്നു. ഒരു ദീനാനുകമ്പ. സമൃദ്ധിക്കിടയിൽ പെട്ട് പോയ ദരിദ്രനെ കാണുന്ന ഭാവം.
ഞാനെന്റെ പച്ചക്കറിവിഭവങ്ങളെ കത്തിയും മുള്ളുമുപയോഗിച്ച് കഴിക്കാനാരംഭിച്ചു. ഒലീവ് ഓയിലിൽ കുരുമുളകും, ഉപ്പും, ഹെർബ്സുമിട്ട് വഴറ്റിയെടുത്ത ആ വിഭവമെനിക്ക് രുചിയുള്ളതായി തോന്നി. കൂണും, കാപ്സിക്കവും, ഉള്ളിയും ഒന്നിച്ച് കുത്തിയെടുത്ത് വായിലേക്കിടുമ്പോൾ ഞാൻ ഓട്ടക്കണ്ണിട്ട് മൈക്കലിനെ ഒന്ന് നോക്കി. അപ്പോൾ എനിക്ക് മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം ശരിക്കും കേൾക്കാനായി. അയാൾ യേശുവും, കൂട്ടത്തിലെ യൂദാസ് ഞാനുമാണെന്ന് എനിക്ക് തോന്നി. അടുത്ത ആഴ്ച അയാളുടെ മാനേജർ ഓഫീസിലെത്തുന്നുണ്ടെന്ന ഇമെയിൽ എനിക്കോർമ്മ വന്നു. അയാൾ വന്ന് കഴിഞ്ഞാൽ എങ്ങിനെയെങ്കിലും ഒരവസരമുണ്ടാക്കി അയാളെ തനിച്ച് കാണണം. എന്നിട്ട് മൈക്കലിന്റെ ജോലിയിലുള്ള പോരായ്മ ചൂണ്ടി കാണിച്ച് കൊടുക്കണം. ഇപ്പോഴെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ ഈ ബ്രാഞ്ച് അടക്കേണ്ടി വരും എന്ന് സൂചിപ്പിക്കണം. മൈക്കൽ വന്ന ശേഷമാണ് ആളുകൾക്ക് ജോലിയിലുള്ള താല്പര്യമിങ്ങനെ കൂപ്പ് കുത്തിയത്. എനിക്ക് അയാളോട് ദയവ് തോന്നുന്നുണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഇങ്ങിനെയൊരു ബുദ്ധി ഉദിച്ചതിൽ കുറച്ച് സമാധാനം തോന്നി. അപ്പോൾ മഗ്ദലന മറിയം അപോളജി സോങ്ങ് ആണ് പാടിയിരുന്നത്. ആം റിയലി സോറി സ്റ്റീവൻ ബട്ട് യുവർ ബൈസിക്കിൾ ഈസ് ബീൻ സ്റ്റോളൻ. അവൾ ഒച്ചയുയർത്തി പാടി കൊണ്ടിരുന്നു. ഞാനും കൂടെ സോറി മൈക്കൽ എന്ന് പാടി കൊണ്ടിരുന്നു. നമ്മുടെ നിലനില്പിനായി ഒരാൾക്കെതിരെ സംസാരിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു. അല്ലെങ്കിലും ഈ മൈക്കൽ എന്ന വ്യക്തി വന്നതിൽ പിന്നെയാണല്ലോ കച്ചവടം മോശമായതും, ആകെ ഉണ്ടായിരുന്ന ജോർദ്ദാനിയും, പാകിസ്താനിയും കൂടെ ജോലി വിട്ടതും. ഇപ്പോൾ ഞാനൊഴിച്ചുള്ളവരെല്ലാം അയാളുടെ ദേശക്കാർ തന്നെയായിട്ടുണ്ട്. പക്ഷേ എല്ലാ മീറ്റിംഗുകളിലും അയാൾ ഉറക്കെ പറയും, വൈവിധ്യമാണ് എന്റെ മോട്ടൊ. നമ്മുടെ ടീമിൽ അത് ഞാൻ കൊണ്ട് വരിക തന്നെ ചെയ്യും. ഇയാളിനിയും ഇവിടിരുന്നാൽ അതുണ്ടാകാനേ പോകുന്നില്ല. എനിക്ക് ഞാൻ ഒറ്റു കൊടുക്കാൻ തീരുമാനിച്ചതിലുള്ള ഒരു പിടി ന്യായങ്ങൾ കിട്ടി കൊണ്ടിരുന്നു. എനിക്കത് വരെ തോന്നി കൊണ്ടിരുന്ന അസ്വസ്ഥത മാറിയതു പോലെ തോന്നി. ഞാൻ വെറുതെ യൂദാസായതല്ല. ഒരു കാരണത്തിനു വേണ്ടി ഒറ്റുന്നതാണെന്ന ആശ്വാസം.
അപ്പോഴേക്കും എല്ലാവരും പ്ലേറ്റുകൾ കാലിയാക്കി ഡെസേർട്ടുകൾ എടുക്കാൻ പോയി തുടങ്ങിയിരുന്നു. കേക്കുകളും, ഐസ്ക്രീമും, ബ്രൗണികളുമൊക്കെയായി തിരിച്ച് വന്നിരുന്ന് ഞാൻ സാവധാനം കഴിച്ച് തുടങ്ങിയപ്പോഴേക്കും, ഞങ്ങളൊരു ബ്രേക്ക് എടുക്കുകയാണ്. നിങ്ങൾ ഭക്ഷണം ആസ്വദിച്ച് കഴിക്കൂ. ഞങ്ങൾ അര മണിക്കൂറിൽ തിരിച്ച് വരാം എന്ന് അനൗൺസ് ചെയ്ത് പെൺകുട്ടികൾ പാട്ട് നിറുത്തി കൈ വീശി തിരികെ പുറത്തേക്ക് നടക്കാനാരംഭിച്ചു. അതാണ് സംസാരിക്കാനുള്ള അവസരമെന്ന തിരിച്ചറിവിൽ ആ വിടവിലേക്ക് മീറ്റിംഗുമായി മൈക്കൽ കടന്നു.
ഇതാണ് നമുക്ക് സംസാരിക്കാനുള്ള അവസരം. അവർ പാട്ട് പുനരാരംഭിക്കുന്നതിനു മുൻപേ പ്രധാന വിവരങ്ങൾ നിങ്ങളുമായി പങ്ക് വയ്ക്കാനെനിക്ക് താല്പര്യമുണ്ട്. അയാൾ സംസാരിക്കുന്നതിനിടയിൽ പല കുറി ശബ്ദം ശരിയാക്കുന്നുണ്ടായിരുന്നു. കച്ചവടമെന്നാൽ ചൂടൊ, മഴയോ, തണുപ്പോ ഒക്കെ പോലെയാണ്. കാലാവസ്ഥ പ്രവചിക്കും പോലെ കൃത്യമായി പറയാൻ സാധിക്കാത്ത ഒന്ന്. ചിലപ്പോൾ നന്നായേക്കും, നമ്മൾ പ്രവചിക്കും പോലെ തന്നെ. എന്നാൽ മറ്റു ചിലപ്പോൾ നമ്മുടെ പ്രവചനങ്ങൾക്കൊക്കെ അതീതമായി, പ്രതീക്ഷകളെ ഒക്കെ മാറ്റി മറിച്ച്, ആകെ തകിടം മറിഞ്ഞ് നമ്മളെ സങ്കടപ്പെടുത്തുന്ന ഒന്ന്. ഈ വർഷം നമ്മുടെ പ്രവചനങ്ങളൊക്കെ തെറ്റിച്ച് വളരെ മോശമായ വർഷമായിരുന്നു. അതിന്റെ ഫലമായി നമുക്ക് നഷ്ടങ്ങളുണ്ടാകുമെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൊക്കെ അറിയാം. പെട്ടെന്ന് അങ്ങിനെയൊന്ന് പറയുക എന്നത് എന്നെ സംബന്ധിച്ചും വിഷമമുണ്ടാക്കുന്ന ഒന്നാണ്. ചിലർക്കൊക്കെ ജോലി നഷ്ടമായേക്കുമെന്നത് മുൻപേ നടന്ന ടൗൺഹാളിൽ എയ്മാൻ ഒമർ പ്രഖ്യാപിച്ചത് നമ്മളെല്ലാം കേട്ടിരുന്നതാണല്ലോ. എയ്മാൻ ഞങ്ങളുടെ റീജിയന്റെ ഹെഡാണ്. ഒരു ടർക്കിഷ്. മൈക്കൽ പോലുള്ളവരും, അയാളുടെ മാനേജർ ഹോസ്നി ഉൾപ്പെടുന്നവരും എയ്മാനെ പേടിച്ചാണ് ജീവിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. മൈക്കൽ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴോ മുന്നിലിരുന്ന ടർക്കിഷ് കോഫി അയാൾ മോന്തുന്നുണ്ടായിരുന്നു. അപ്പോഴാണൊ, അയാൾക്ക് എയ്മാനെ ഓർമ്മ വന്നതെന്ന് എനിക്ക് സംശയം തോന്നി. ഞാനിന്ന് പറയുന്ന കാര്യങ്ങളൊ തീരുമാനങ്ങളൊ എന്റേതാണെന്ന് നിങ്ങൾ കരുതരുത്. ഇത് ഹോസ്നിക്കും മീതെ നിന്ന് ഉരുതിരിഞ്ഞു വന്ന തീരുമാനങ്ങളാണ്. ഞങ്ങളൊക്കെ അത് നിർവഹിക്കാൻ നിയുക്തരായി എന്ന് മാത്രം. കച്ചവടത്തിന് പുറമെ കെപിഐ (കീ പെർഫൊർമൻസ് ഇൻഡിക്കേറ്റർ) എന്ന ഒരു മാനദണ്ഡം കൂടെ നമ്മുടെ ഭാവി നിശ്ചയിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ട് എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലൊ. അയാളിതൊക്കെ സംസാരിക്കുമ്പോൾ ഞാൻ പതുക്കെ ചുറ്റുമുള്ളവരുടെ ഭാവങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരും ആകുലപ്പെടുന്നില്ല. സത്യത്തിൽ ഫാദിലിനു പേടി തോന്നേണ്ടതല്ലെ. അവന്റെ കച്ചവടമായിരുന്നു ഏറ്റവും മോശം. അവനു പ്രശ്നമുണ്ടാകാനുള്ള സാധ്യത ഏകദേശം തൊണ്ണൂറ്റിയഞ്ചു ശതമാനമാണ്. പക്ഷേ അവന്റെ ഭാവം കണ്ടാൽ ഭയമുള്ളതായി തോന്നില്ല. അവൻ ഐസ്ക്രീം നുണയുകയാണ്. ഇടയ്ക്ക് അവന്റെ കുസൃതി ചിരി ചിരിക്കുന്നുണ്ട്. എന്താണവനു ഭയമില്ലാത്തത്.
പെട്ടെന്ന് മൈക്കൽ എന്റെ നേരെ തിരിഞ്ഞു. ക്ഷമിക്കണം സുബ്രാ. നിന്റെ കെപിഐ ആണ് ഏറ്റവും മോശം. അത് കൊണ്ട് തന്നെ നിനക്ക് നോട്ടീസ് തരിക എന്ന ഏറ്റവും വേദനയുള്ള ജോലിയാണെനിക്ക് മാനേജ്മെന്റ് തന്നിരിക്കുന്നത്. ഇന്ന് മുതൽ ഒരൊറ്റ മാസത്തേക്കാണ് നോട്ടീസ്. കേക്ക് കുത്തി കൊണ്ടിരുന്ന എന്റെ കയ്യിലിരുന്ന ഫോർക്ക് ഒന്ന് വിറച്ചു. പറഞ്ഞത് ഒന്നൂടെ പറയൂ മൈക്കൽ എന്നാണെനിക്ക് പറയാൻ തോന്നിയത്. ചിലപ്പോൾ ഞാൻ കേട്ടത് തെറ്റി പോയതാവുമോ. ഫാദിൽ എന്നാവും പറഞ്ഞത്, അല്ലെങ്കിൽ അത് തന്നെയാണ് പറയേണ്ടത്. സുബ്രാ വി വിൽ മിസ്സ് യു. മൈക്കലിന്റെ സങ്കടമുള്ള ശബ്ദമെനിക്ക് കേൾക്കാമായിരുന്നെങ്കിലും പിന്നീട് അയാൾ പറഞ്ഞതോ കൂടെയുള്ളവർ പറഞ്ഞതോ എനിക്ക് കേൾക്കുന്നുണ്ടായിരുന്നില്ല. കുപ്പി പിഞ്ഞാണങ്ങളിൽ ഫോർക്കും കത്തിയും മുട്ടുന്ന ശബ്ദങ്ങൾ ദൂരത്തേതെന്നത് പോലെ കേട്ടു കൊണ്ടിരുന്നു. പിറകിൽ നിന്ന് പിന്നെയുമൊരു ആരവം കേട്ടു. പെൺകുട്ടികൾ പാട്ടു പാടാൻ തിരിച്ച് വരികയാണെന്ന് എനിക്ക് മനസ്സിലായി. മഗ്ദലന മറിയത്തെ പോലുള്ള പെൺകുട്ടിയാണ് പാടാൻ തുടങ്ങിയത്. പാടുമ്പോൾ അവളെന്നെ തന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പോൾ മാത്രമാണ് ഇന്നത്തെ നാടകത്തിലെ യേശു മൈക്കലല്ല അത് ഞാൻ മാത്രമായിരുന്നു എന്നുമെനിക്ക് മനസ്സിലായത്. എന്റെ വലതു വശത്തിരുന്ന് എന്നെ അവസാന അത്താഴമൂട്ടി യാത്രയാക്കിയ മൈക്കലാണ് യൂദാസെന്ന് എനിക്ക് മാത്രമാകുമോ മനസ്സിലാകാതിരുന്നത്? അപ്പോഴും മൈക്കൽ സംസാരിച്ച് കൊണ്ടിരുന്നു. ഞാനാവട്ടെ ദൂരെ കടലിൽ നീങ്ങി കൊണ്ടിരുന്ന കപ്പൽ നോക്കി കൊണ്ടിരുന്നു.
One Response
ഒരുപാടിഷ്ടം ♥️