അന്നും രാവിലെ പതിവുപോലെ നേരത്തെ ഉണർന്നു. തിങ്കളാഴ്ച
ദിവസമായിരുന്നു. ഇന്നത്തെ ദിവസത്തിന് അൽപ്പം തിടുക്കം
കാണിച്ചുകൊണ്ട് അംബുജം ഓരോ ജോലികൾ ആയി ചെയ്തു തുടങ്ങി.
ജീവിതത്തിൽ ഇനി അങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച് തലേന്ന് രാത്രി
വൈകുവോളം ആലോചിച്ചത് കൊണ്ട് അവൾ ഉറക്കത്തിന് തൽക്കാലം
ഇടവേള നൽകിയിരുന്നു. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ അത്തരം
ചിന്തകളൊക്കെ തൽക്കാലം മൂടിവെച്ച് മനസ്സിന്റെ ചെപ്പിൽ പൂട്ടിയിട്ടു.
സംഭവിക്കാനിരിക്കുന്നതിനെ ഒക്കെ നേരിടാൻ ഉറച്ചുകൊണ്ട് അംബുജം
ചില തീരുമാനങ്ങൾ കൂട്ടിയും കിഴിച്ചും കൊണ്ടിരുന്നു.പ്രഭാതത്തിന്റെ
നിശബ്ദതയെ അലോസരപ്പെടുത്തുന്ന വിധത്തിലാണ് അവളുടെ ഇന്നത്തെ
ഓരോ പ്രവർത്തികളും. ക്ലോക്കിലെ സൂചി കളെ സൂക്ഷ്മമായി
പരിശോധിച്ചാൽ അറിയാം, മനുഷ്യന്റെ ഓരോ പ്രവർത്തികളോടും
മത്സരിച്ചു വിജയിച്ചു കൊണ്ട് മുന്നേറുകയാണെന്ന്. ആത്യന്തിക വിജയം
എപ്പോഴും സമയത്തിന് ആയിരിക്കും. തോൽക്കുമെന്ന് അറിയാമെങ്കിലും
സമയത്തെ വെല്ലുവിളിച്ച് അഹങ്കരിക്കുന്നവരാണ് മനുഷ്യൻ
രാവിലെ മുതൽ വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മക്കളുടെ
ഭാര്യമാരുടെ മുഖത്ത് പതിവില്ലാത്ത ഒരു പരിഹാസം അംബുജം
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മാത്രം തോന്നലുകളാണ് എന്നൊരു
സംശയം ഉണ്ട്. അതിന് മരുമക്കളെ കുറ്റം പറയാനും സാധിക്കില്ല.
അംബുജ ത്തിന്റെ ജോലി കുടുംബത്തിൽ പിറന്ന സ്ത്രീകൾ
ചെയ്യുന്നതാണോ?. എന്നാൽ ഇതേവരെ അവൾക്ക് അങ്ങനെയൊരു കുറവ്
ഈ ജോലിയെപ്പറ്റി ഉണ്ടായിട്ടില്ല.
ബാധ്യതകളുടെ കടമകളുടെ ഭാണ്ഡങ്ങൾ അംബുജത്തിന്റെ ചുമലിൽ
നിന്നും ഓരോന്നായി ഇറക്കിവെക്കാൻ സഹായിച്ചത് അവളുടെ ജോലി
കാരണം ആയിരുന്നു, “ ശ്മശാനം സൂക്ഷിപ്പുകാരി” യുടെ ജോലി. ദുർബല
മനസ്സുള്ള സ്ത്രീകൾക്ക് പറ്റിയ ജോലിയല്ല എന്നൊക്കെയുള്ള ഒരുപാട്
വിമർശനഅമ്പുകൾ സമൂഹം അവൾക്കെതിരെ തൊടുത്തു വിട്ടിരുന്നു.
അതൊന്നും വകവെക്കാതെ അവളുടെ മക്കളുടെ മുഖം മാത്രം
കണ്ടുകൊണ്ടാണ് ഈ ജോലി ഏറ്റെടുത്തത്.
എല്ലാ പെൺകുട്ടികളെയും പോലെ യൗവനത്തിന്റെ എല്ലാ അലങ്കാര
സൗഭാഗ്യങ്ങളിലൂടെയാണ് അംബുജം നടന്നുനീങ്ങിയത്. ഒരു പൂവിനെ
പോലും നുള്ളി നോവിക്കാത്ത ഒരു പാവം പെൺകുട്ടി.അനാഥനായ
കുമാരൻ അംബുജത്തിന്റെ മനസ്സിൽ ഇഷ്ടക്കൂട് കെട്ടിയപ്പോൾ അയാളുടെ
കൂടെ ഇറങ്ങി തിരിക്കാൻ പിന്നെ ഒന്നും ആലോചിച്ചില്ല. ഇറങ്ങി
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവൾ ഭയപ്പെട്ടു.
ഒരുപക്ഷേ അമ്മയുടെയും അച്ഛന്റെയും കണ്ണുനീർ അവളെ തിരിച്ചു
വിളിച്ചേക്കാം. സ്നേഹതീവ്രതയുടെ കൊടുമുടിയിൽ എത്തിച്ച
അംബുജത്തിന്റെ ഭർത്താവ് കുമാരേട്ടൻ രണ്ടുമക്കളെയും നൽകി
മരണത്തിലേക്ക് തിരിച്ചു മടങ്ങിയിരുന്നു. പെട്ടെന്നുണ്ടായ
ഹൃദയാഘാതമായിരുന്നു കുമാരന്റെ മരണകാരണം. ഒരുപക്ഷേ
കുമാരന്റെയും കുടുംബത്തിന്റെയും സ്നേഹം കണ്ടു ദൈവത്തിനു
പോലും ഇഷ്ടപ്പെട്ടു കാണില്ല. അത്രയധികം പരസ്പരം സ്നേഹിച്ചവർ
ആയിരുന്നു അവർ. രണ്ടുമക്കളെയും അവളെയും ഭൂമിയിൽ തനിച്ചാക്കി
പോയപ്പോൾ എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
“ അംബുജം, എന്ത് പറയാനാണ് ഇതാണ് നിന്റെ വിധി.
“
എന്നിങ്ങനെയുള്ള പതം പറച്ചിലുകളുടെ നടുവിൽ
അവൾക്കു മനസ്സിന്റെ ധൈര്യം കുറഞ്ഞുവരുന്നത് പോലെ
അനുഭവപ്പെട്ടു. രാത്രിയിൽ പതിഞ്ഞ കാലൊച്ചയുമായി എത്തുന്ന
വാതിലിൽ തട്ടുന്ന ഓരോ മുട്ടലുകളും അവൾക്കു ജീവിതത്തെക്കുറിച്ചുള്ള
മുന്നറിയിപ്പായി തോന്നി. വിഫലമായ മനസ്സും പറക്കമുറ്റാത്ത
രണ്ടുമക്കളും അതായിരുന്നു അംബുജ ത്തിന്റെ പൂർവ്വകാല ചിത്രം.
“ എന്തിനാണ് അമ്മ പതിവിലും നേരത്തെ തിടുക്കം
കാട്ടുന്നത് സമയം ആകുന്നതേയുള്ളൂ. “
മൂത്ത മരുമകൾ രാജിയുടെ പരിഹാസം കലർന്ന
ചോദ്യം.
മൂത്ത മകൻ രാകേഷ്. രണ്ടാമത്തെ മകൻ രാജീവ്. രണ്ടുപേർക്കും
പഠിച്ച് സർക്കാർ സ്കൂളിലെ അധ്യാപകരാകാൻ സാധിച്ചിട്ടുണ്ട്. അവർ
രണ്ടുപേരുടെയും ഭാര്യമാർക്ക് പ്രൈവറ്റ് സ്ഥാപനത്തിൽ ആണ് ജോലി.
അംബുജത്തിന്റെ ആഗ്രഹപ്രകാരം രണ്ടു മക്കളുടെയും വിവാഹം ഒരേ
ദിവസമാണ് നടന്നത്. മക്കൾക്ക് അച്ഛൻ വീട്ടുകാരും അമ്മ വീട്ടുകാരും
ഇല്ലാത്തതുകൊണ്ട് തന്നെ അംബുജമാണ് എല്ലാ കാര്യങ്ങളും ഓടിനടന്ന്
ചെയ്യേണ്ടത്. അതിനുവേണ്ടി അവൾ കണ്ടുപിടിച്ച മാർഗ്ഗമാണിത്.
രണ്ടുപേരുടെയും കല്യാണം ഒരേ ദിവസം നടത്താൻ.
കല്യാണ ആലോചന തുടങ്ങിയപ്പോൾ മുതൽ തന്നെ പരിഹാസവും
കുറ്റപ്പെടുത്തലും കൊണ്ട് അംബുജത്തിനെ വെറുതെ വിട്ടിരുന്നില്ല
നല്ലവരായ നാട്ടുകാർ. കാരണം ശ്മശാന സൂക്ഷിപ്പുകാരിയെ ഒരു
അറപ്പും വെറുപ്പും കൂടിയാണ് സമൂഹം നോക്കിക്കണ്ടത്. മരിച്ച
ആത്മാക്കളെ ഈ ലോകത്ത് നിന്ന് തന്നെ പുകഞ്ഞ് തീർത്ത് ഇല്ലാതാകുന്നു
അംബുജത്തെ പേടിപ്പെടുത്താനോ തളർത്തുവാനോ ജീവനുള്ള മനുഷ്യനു
സാധിക്കില്ല. ഓരോ ശവശരീരങ്ങളും കത്തിച്ചു തുടങ്ങുമ്പോൾ ആരോടോ
പക തീർത്തു പൊട്ടിത്തെറിക്കുന്ന അസ്ഥികളുടെ സംഗീതമാണ് അവളുടെ
മനസ്സു മുഴുവൻ. പൊതുവെ ഇത്തരത്തിൽ ഒരു ജോലിയാവുമ്പോൾ
മനസ്സും ശരീരവും മുരടിച്ചു പോകും. എങ്കിലും അംബുജ ത്തിന്
ശ്മശാനം ഒരു സ്വർഗ്ഗതുല്യമായാണ് അനുഭവപ്പെട്ടത്.സുഗന്ധപൂരിതമായ
ചന്ദന അഗർബത്തികളുടെ ഗന്ധം തങ്ങി നിൽക്കുന്ന അന്തരീക്ഷമായിരുന്നു
അവിടം മുഴുവൻ.
മരുമക്കളുടെ ഭാര്യമാരുടെ വീട്ടുകാർക്ക് വലിയ പ്രശ്നങ്ങളൊന്നും തന്നെ
അംബുജത്തിന്റെ ജോലി കാരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ
ഏറെക്കുറെ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഈ രണ്ട് കല്യാണങ്ങളും
പെട്ടെന്ന് നടത്താൻ സാധിച്ചു.
എന്നിരുന്നാലും അംബുജത്തിന്റെ മക്കൾക്ക് അമ്മയുടെ ഈ
ജോലിയെകുറിച്ച് നല്ല മതിപ്പായിരുന്നു. ഒരുതവണ പോലും ഈ നിമിഷം
വരെ മോശമായ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. എന്നാൽ
ഈയിടെയായി മക്കൾക്ക് ഒരേ നിർബന്ധം, അമ്മ ഇനി ജോലി നിർത്തി
വിശ്രമ ജീവിതം നയിക്കണം.
ആരൊക്കെ പരിഹസിച്ചാലും ജോലിയാണ്
അംബുജത്തിന്റെ ജീവിതത്തിന് പൊൻതൂവൽ. കുഞ്ഞുങ്ങളെയും കൊണ്ട്
തനിച്ചായി പോയ രാത്രികളിൽ അടക്കം പറഞ്ഞ വാതിൽ മുട്ടുകൾ
അല്ലാതെ ആരാണ് ഒരു സഹായത്തിന് ഉണ്ടായത്. അടുത്തുള്ള
പള്ളിയിലെ അച്ഛന്റെ നല്ല മനസ്സ് കൊണ്ടാണ് അന്ന് ആ ജോലി ലഭിച്ചത്.
അതിനും ഒത്തിരി പഴി കേൾക്കേണ്ടി വന്നു അച്ഛന്. എന്തുകൊണ്ടാണ്
അച്ഛന് ഈ ജോലി അംബുജത്തിന് വേണ്ടി നിർദ്ദേശിച്ചത് എന്ന്
പലതവണ ആലോചിച്ചിട്ടുണ്ട്. എങ്കിലും അപവാദ പ്രചാരണങ്ങളുടെ
കൂരമ്പുകളെ ഒരു പുഞ്ചിരി കൊണ്ട് മാത്രം പരാജയപ്പെടുത്തുന്നു
അച്ഛന്റെ യുദ്ധതന്ത്രം മാത്രം അവൾക്ക് ജീവിതത്തിൽ ഇതുവരെ
പഠിക്കാൻ കഴിഞ്ഞിട്ടില്ല.
പുരുഷൻമാരുടെ കുത്തക ജോലിയായ ശ്മശാന സൂക്ഷിപ്പ്
അംബുജത്തിന് ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ
കെട്ടമർന്ന കനലും ചാരവും മാത്രം ബാക്കിയായ ചിതയിൽനിന്നും
എരിയാതെ ബാക്കിയായ കുറച്ച് എല്ലിൻകഷണം കുടത്തിലേക്ക്
മാറ്റുമ്പോൾ മനംപുരട്ടലും ഓക്കാനവും ഒക്കെ വന്നിട്ടുണ്ട്. മരണം
ബാക്കി വെച്ചു പോയ ചില സ്വപ്‌നങ്ങളും ഇഷ്ട്ടങ്ങളും ചിതയിൽ
കത്തിചാമ്പൽ ആകുന്നത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. അതുവരെ
മനുഷ്യ ഹൃദയത്തിന്റെ അടിത്തട്ടിൽ പറഞ്ഞതും പറയാത്തതുമായ
സ്വപ്നങ്ങളെല്ലാം തിരിച്ചിറങ്ങി പോകുന്ന സമയം അംബുജത്തിന്റെ
മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരും.
“ അമ്മയെ ഞാൻ കൊണ്ടു വിടാം”.
രാജീവിന്റെ സ്നേഹാർദ്രമായ വാക്കുകൾ. കാലചക്രത്തിനൊപ്പം
കറങ്ങാൻ വിധിക്കപ്പെടുമ്പോൾ അവിടെ ചോദ്യ ശരങ്ങളേറ്റ്
അംബുജത്തിന്റെ മക്കൾ ദഹിച്ചു പോകാറുണ്ട്.
അലമാരയിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട സാരി തന്നെ
അംബുജം തിരഞ്ഞെടുത്തു. നന്നായി അണിഞ്ഞൊരുങ്ങി അവൾ
കണ്ണാടിക്ക് മുൻപിൽ നിന്നു. 60-കളിൽ കാലെടുത്തു വച്ചിട്ടുണ്ടെങ്കിലും
വെള്ളമുടികളെ തോൽപ്പിച്ച് കൊണ്ട് കറുത്ത മുടികൾ വിജയം
കണ്ടെത്തിയിരിക്കുന്നു. ജീവിതം ഒരു ഗൗരവക്കാരനെ പോലെ കടന്നു
പോകുമ്പോൾ ഒരു കാഴ്ചക്കാരൻ ആവാൻ മാത്രമേ മനുഷ്യന് സാധിക്കു.
മക്കൾ വീട്ടിൽ നിന്നു ഇറങ്ങുന്നതിനു മുൻപ് തന്നെ അംബുജം
ഇറങ്ങി.
“ അമ്മ ജോലി കഴിഞ്ഞാൽ അവിടെത്തന്നെ നിന്നാൽ മതി,
ഞാൻ വന്നു കൂട്ടിക്കോളാം. “
രാകേഷിന്റെ ശബ്ദം പതുക്കെ ഉയർന്നു. ഒന്നും പറയാതെ
ഒരു പുഞ്ചിരി മാത്രം അംബുജം തിരിച്ചു നൽകി.
വിജനമായ നിരത്തിലേക്ക് അംബുജം ഇറങ്ങി നടന്നു.
ആരെയൊക്കെയോ തോൽപ്പിച്ചുകൊണ്ട് ഉല്ലാസത്തോടെ ഒഴുകിയെത്തിയ
കാറ്റിനെ ഒന്നു തൊട്ടു തലോടി കൊണ്ട് കടന്നുപോയി. ഇലപൊഴിഞ്ഞ
മരങ്ങളുടെ തണലില്ലാത്ത തെരുവോരത്ത് കൂടി പതിയെ നടന്നുതുടങ്ങി.
കാലുകൾക്ക് കീഴിൽ ഞെരിഞ്ഞമരുന്ന കരിയിലകൾ തേങ്ങലുകൾ
ഉള്ളിലൊതുക്കുന്നുണ്ടാകും. ഉള്ളിലെ മൂകതയുടെ പശ്ചാത്താപം പോലെ
ആകാശം സാകൂതംനിരീക്ഷിച്ചു കൊണ്ടിരുന്നു. ഇലകളില്ലാത്ത മരങ്ങളെ
നോക്കി കിളികൾ അടക്കം പറഞ്ഞുകൊണ്ട് പറന്നുപോയി.
“ അംബുജം പതിവില്ലാതെ ഇന്നെന്താ ഇത്ര കാലത്തെ? “.
രാവിലെ നടക്കാനിറങ്ങിയ സീതമ്മയുടെ ചോദ്യം. ഒന്നും
പറയാതെ ചിരിച്ചുകൊണ്ട് അംബുജം മുന്നോട്ടു നടത്തം തുടർന്നു.
റോഡിന്റെ അവസാനം ആ ബോർഡ് ഒന്നുകൂടെ അവൾ വായിച്ചു. “
ശ്മശാനം”.
പഴയ മതിൽകെട്ടിനുള്ളിൽ ഒത്തിരി ആത്മാക്കളുടെ ഒരു
വിശാലമായ ലോകം തന്നെയാണ്. സ്വപ്‌നങ്ങളെല്ലാം കത്തിച്ചാമ്പലായിട്ടും
ഈ ലോകം വെറുക്കാൻ ആവാതെ കറങ്ങിത്തിരിയുന്ന പേരറിയാത്ത
ഒത്തിരി ആത്മാക്കൾ. ആ മതിൽക്കെട്ടിനകത്ത് ഒരുവശത്തായി ഒത്തിരി
പൂക്കൾ വിരിഞ്ഞു കിടക്കുന്നുണ്ട്. ഒരുപക്ഷേ ഇതൊരു കൊച്ചു സ്വർഗം
തന്നെയാണെന്ന് അംബുജത്തിന് പലതവണ തോന്നിയിട്ടുണ്ട്.
മരിച്ചുപോയവരൊക്കെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് എത്തിച്ചേരുന്നതാവാം.
അംബുജത്തിന് ഈ ജോലി ലഭിക്കുന്ന സമയം യാതൊരു
യോഗ്യതയും മാനദണ്ഡങ്ങളും നിർബന്ധമാക്കാത്ത ഒരു സമയമായിരുന്നു.
എന്നാൽ ഈ ജോലിക്കും യന്ത്രങ്ങളുടെ കടന്നുകയറ്റം പതിയെ മാറ്റങ്ങൾ
വന്നു തുടങ്ങി. “ വൈദ്യുത ശ്മശാനം” അവളുടെ ജീവിത
യാഥാർത്ഥ്യങ്ങൾക്കുമേൽ കടന്നു കയറിയ ഒരു അപസർപ്പകകഥ പോലെ
ആ വാക്കുകൾ ഇഴഞ്ഞു നീങ്ങി. മരണത്തിനു ശേഷം വീണ്ടും
തിരിച്ചുവരാമെന്ന് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അംബുജം
അവിടെനിന്നും തിരിച്ചു നടന്നു…