സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അയാൾ

ജോയൽ മാർട്ടിൻ

                                                

                                     

ദിവസത്തിന്റെ സിംഹഭാഗവും തീർന്നെങ്കിലും അതുൾകൊള്ളാൻ മനസ്സില്ലാത്ത അവസ്ഥയിലായിരുന്നു അന്തരീക്ഷം. ഇരുട്ട് പുറത്ത് കാത്തുനിൽക്കുമ്പോഴും തലതെറിച്ചവനെ പോലെ വിമതയോടെ ചൂട് ചുറ്റും തങ്ങി നിന്നു. തോട്ടത്തിലെക്കുള്ള വഴിയില്‍ പതിവില്ലാത്ത ആൾപെരുപ്പം കണ്ടതോടെയാണ് കിടക്കയില്‍ നിന്നും അയാള്‍ പുറത്തിറങ്ങിയത് .അയാൾ നഗ്നനായിരുന്നു ശേഷിച്ച കള്ളിന്റെ ബാക്കി ഉള്ളിലേക്ക് കമത്തിയിട്ടായിരുന്നു മുറി വിട്ടിറങ്ങിയത് എന്റെ കണ്ണുകളില്‍ ചിരിനിറഞ്ഞു. അവ കണ്കീറുകളില്‍ തുള്ളിയായ് നിന്നു. വരാന്തയിലെ മഞ്ഞ വെളിച്ചത്തില്‍ തോക്കിന്‍ കാലില്‍ തിരികുത്തിയിറക്കുന്ന അയാളുടെ വിരിഞ്ഞ നിഴല്‍ കാണാമായിരുന്നു. മരത്തിന്റെ മണമായിരുന്നു അയാളുടെ ദേഹത്തിന് . പൊക്കിളിനും തുടയ്ക്കും ഇടയില്‍ വലിച്ചു ചുറ്റിയ ആ കാവിതുണി അയാളുടെ നാണം മറച്ചിരുന്നുവോ എന്ന് പോലും എനിക്കിപ്പോള്‍ സംശയമുണ്ട്. തോക്കിന്റെ പട്ടകഴുതിലൂടെ ഇട്ട് അയാള്‍ പറമ്പിലേക്ക് വലിച്ചു വെച്ച കാലോടെ നടക്കുമ്പോള്‍ അയാളുടെ നീളചെന്ന നിഴൽ വരാന്തയില്‍ ശേഷിക്കുന്നുണ്ടായിരുന്നു.

ആ നടത്തത്തില്‍ എനിക്കോര്‍മ്മവന്നത് ഇന്നലെ പറമ്പിലിട്ട് കരിച്ച പന്നിതോലിന്റെ ശവഗന്ധമായിരുന്നു. എനിക്ക് ഉള്ളില്‍ നിന്നും തികട്ടി വന്നു. കള്ളിന്റെ കുപ്പിയിൽ നിന്നും ഉള്ളം കയ്യിൽ കുറച്ചു പകർന്നെടുത്ത് ഞാൻ നാവിൽ ഇറ്റിച്ചു.

പെട്ടന്ന് എണ്ണയിൽ ഇരുമ്പ് പട്ടയുരയുന്ന ശബ്ദം ശേഷം തോട്ടം വിറയ്ക്കുന്ന വെടിയൊച്ച..

തോട്ടത്തില്‍ നിന്നും കയ്യും കാലും കൂച്ചിക്കെട്ടി കാട്ടുപന്നിയെ തലകീഴെ തൂക്കി നടക്കുന്ന അയാളുടെ മുഖം എന്റെ മനസ്സിൽവന്നു . കള്ളിന്റെ തുള്ളികള്‍ തങ്ങിയ മീശതുമ്പ് മേലോട്ട് പിരിച്ച് നിഴലിനെ പുറകിൽ വിട്ട് അയാൾ നടന്നു വരും.

ഒരിറ്റ് ഇഴകൊണ്ടു പോലും നാണം മറയ്ക്കാതെ ഞാൻ വാരാന്തയിലേ ചുവന്ന തറയിലേ തണുപ്പിൽ ആ കാഴ്ചയ്ക്കായ് കണ്ണെടുക്കാതെ കാത്തിരുന്നു.

നേരം തീർന്നപ്പോൾ ഉള്ളിലെ പേടിയുടെ പെരുപ്പങ്ങൾ നെഞ്ചിൽ കിടന്നു മറിഞ്ഞു. ഇരുപ്പുറയ്ക്കാതെ കയ്യിൽ കിട്ടിയതെടുത്തുടുത്ത് ഞാൻ വഴിയിലേക്കിറങ്ങി. പെട്ടന്ന് ഭയങ്കരമായകാലൊച്ച.

പറമ്പിലൂടെ ആരോ ഓടിമറയുന്നതു കാണാം ചാക്കിനടിയിലേ ഇരുമ്പ് എന്റെ കണ്ണിൽ തടഞ്ഞിട്ടുണ്ട്. അതെടുത്ത് ഞാൻ തോട്ടത്തിലേക്ക് നടന്നു. നെഞ്ചിന്റെ ഞിരക്കങ്ങൾ തോട്ടത്തിൽ ചുറ്റും മുഴങ്ങി .

” എന്റെ കണ്ണുകൾ അയാളെ ചുറ്റും തിരഞ്ഞു “

ശേഷം അയാൾ !

നിലാവിന്റെ വട്ടവെളിച്ചത്തിൽ നെഞ്ചിൽ കയ്യൂങ്ങി അയാൾ കൂനിനിൽക്കുന്നു. നെഞ്ചിൽ നിന്നും കഴുത്തിലേക്കും പിന്നെ കാലിലൂടെ നിലത്തേക്കും ചോര വാർന്നൊഴുകുന്നു….

                                                                   മുറിമുഴുവൻ അയാളുടെ രക്തത്തിന്റെ കറകളായിരുന്നു. ജാനാലക്കമ്പിയുടെ ഇടയിലൂടെ കീഴോട്ട് ഇറക്കി വെച്ച മരപ്പലകയിൽ അയാളെ ചാരിനിറുത്തി, പിന്നെ രണ്ടാൾകനമുള്ള പലക പതിയെ വലിച്ചിറക്കിയായിരുന്നു അയാളെ കിടക്കയിൽ കിടത്തിയത്.

” വലം നെഞ്ചിലായിരുന്നു മുറിവ് ” എന്നതുകൊണ്ടത്രേ ചാവാണ്ട് കിട്ടിയത്. തോട്ടത്തിലേ ചെക്കൻ പറഞ്ഞതാണ്. അയാൾക്ക് വേദനയില്ലായിരുന്നു. പച്ചനീര്ചേർത്ത തുണി പുറം കഴുത്തു വഴി മുറിവിൽ ചുറ്റി വെച്ചിരുന്നു. ആ വശം മറിച്ചായിരുന്നു അയാളേ കിടത്തിയിരുന്നത്. എന്നാൽ അയാൾ അത് കൂസാതെ തിരിഞ്ഞും മറിഞ്ഞും ചോരക്കറയുള്ള വിരിപ്പിൽ ഉരുണ്ടു.

തിരിഞ്ഞുകിടക്കുമ്പോൾ മുറിവിന്റെ വാ കീറി ചോരചീറിത്തുടങ്ങി. അത് തടയാൻ എന്നെ അയാൾ അനുവധിച്ചില്ലാ. കണ്ണിൽ ചുവന്ന കടൽ കലങ്ങിമറിഞ്ഞ് കിടപ്പുണ്ട് . കവിളുകൾ വിറച്ച് വായിൽ നിന്നും നീര് തെറിക്കുന്നു. വട്ടംചുഴറ്റി വിരിപ്പിനടിയിൽ പൂഴ്ത്തിയ പെരുവിരൽ പാമ്പുകൾ ഇഴചേരും പോലെ തൊട്ടടുത്തതുമായ് ആയത്തിൽ പിണഞ്ഞു കിടന്നു..

വേദന ഒരു മനുഷ്യനെ കൂടുതൽ മനുഷ്യനിലേക്ക് നയിക്കും എന്നെനിക്കറിയാമായിരുന്നു. അയാൾ അയാളിലെ മനുഷ്യനെ കൂടുതൽ ആയി അറിയുന്നുണ്ടാവണം. വരണ്ടനാവ് പുറത്തോട്ട് നീട്ടി എന്നെ നോക്കുമ്പോൾ അയാളിലെ മനുഷ്യൻ ശിശുഭാവം കൊള്ളുകയായിരുന്നു. മണിക്കൂറുകൾക്ക് മുൻപ് പേപിടിച്ച മൃഗത്തെപ്പോലേ എന്റെ ശരീരത്തിൽ നാവ് ഇഴച്ച് നടന്നയാൾ മനുഷ്യനായ് മാറുന്നു. ഞാൻ ജയിക്കുകയാണോ തോൽക്കുകയാണോ. മണ്കലത്തിൽ നിന്നും വെള്ളം കൈവെട്ട് വഴി ചുണ്ടിലേക്കടിപ്പിച്ചു കൊടുക്കുമ്പോൾ അയാൾ ആർത്തിയോടെ എന്റെ കൈയ്യിൽ ചുംബിക്കുന്നുണ്ടായിരുന്നു. ആത്മാവ് തണുത്ത് കണ്ണിന്റെ കലക്കം വിട്ടപ്പോൾ അയാൾ ദയനീയമായ് എന്നെ നോക്കി..

എനിക്ക് ഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു. ഞാൻ ഒരു ചോദ്യത്തെയും ഉത്തരത്തെയും പ്രതീക്ഷിക്കുന്നില്ലായിരുന്നു. എങ്കിലും വിറയ്ക്കുന്ന ചുണ്ടുകൾ പിടപ്പിച്ച് അയാൾ എന്നെ അടുത്തേക്ക് വിളിച്ചപ്പോൾ അയാൾ കൂടുതൽ കൂടുതൽ മനുഷ്യനാ വുകയാണെന്ന് എനിക്ക് തോന്നി.

ഇരുട്ടിന്റെ പൂർണ്ണതയിൽ ഒച്ചകൾ എല്ലാം തോട്ടം വിട്ടുകടന്നിരുന്നു. പന്നികളുടെ അമർച്ചകൾ ഇല്ലാത്ത ഒരു രാത്രി. തോട്ടത്തിലെ ചെക്കൻ ഇന്ന് പോയില്ലായിരുന്നു . വരാന്തയിൽ കിടപ്പുണ്ട്. അവന്റെ ശ്വാസത്തിന്റെ ശബ്ദം പോലും ഈ നേരത്തെ നിശബ്ദതയെ ശല്യം ചെയ്യാൻ ഉണ്ടായിരുന്നില്ലാ.

അത്രയും നിശ്ശബ്ദമായ രാത്രിയിൽ അയാളുടെ ചുണ്ടിന്റെ വിറയൽ എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ കൂടുതൽ അടുത്തേക്ക് കാത് നീട്ടി.

” നീ….നീയെന്നെ കൊല്ലാൻ ആളെ വെച്ചല്ലേ?!

എന്റെ കണ്ണുകളിൽ അഗ്നിനിറഞ്ഞു..

അതേ !!

ഞാൻ അയാളുടെ നെറ്റിയിൽ ചുണ്ടുചേർത്ത് ചുംബിച്ചു..

എന്തിനെന്നല്ലേ?

പറയാം.. 

അയാൾ ഒരിക്കലും മരണത്തെ കാത്തിരുന്നയാൾ ആയിരുന്നില്ലാ. പക്ഷെ ഈ ഒരു രാത്രിക്കപ്പുറം അയാൾക്ക് ആയുസ്സുണ്ടാവില്ലാ. ചാവുണ്ട വലം നെഞ്ചിൽ സ്ഥാനംപിടിച്ചിട്ടും ഇപ്പോഴും വലിച്ചുകൊണ്ടിരിക്കുന്ന അയാളുടെ പ്രണനിൽ ഇന്ന് ഞാൻ വിഷം നിറയ്ക്കും. തോക്കിൽ തിരിയിറക്കുന്ന കമ്പിയിൽ വിഷതുണിചുറ്റി ഞാൻ നെഞ്ചിന്റെ തുളയിൽ മരണം ചാലിക്കും. താങ്ങിക്കൊണ്ട് വന്ന് ഇന്ന് വരെ എന്നെ ഭോഗിച്ച കിടക്കയിൽ അയാളെ കിടത്തിയത് അവസാനതുള്ളിവെള്ളവും അന്ത്യചുംബനവും കൊടുക്കാനായിരുന്നു..

ഹാ എത്ര നിസ്സഹായനായിട്ടാണ് അയാൾ എന്നെ നോക്കുന്നത്. അയാളുടെ നോട്ടത്തിൽ കൺപോളകളിൽ പ്രണയം തങ്ങിയിരുന്നു. പക്ഷെ ആ പ്രണയത്തിന് ഒരു യാജനയുടെ ചുവയുണ്ടായിരുന്നു..

അതേ അയാൾ മരിക്കെണ്ടവനാണ്…

【 ഒരു വർഷം മുൻപ് 】

അന്ന് മരിച്ച ആത്മാക്കളുടെ ഓർമ്മദിവസമായിരുന്നു. സെമിത്തേരിയിലേ അവസാന അന്ധേവാസിയുടെ കടയ്ക്കലും പൂക്കൾ കൊണ്ട് പൊതിയുമ്പോൾ എന്റെ എതിർ വശത്ത് കുറച്ച് വാരം അകലെ ആർക്കോ വേണ്ടിയുള്ള കുഴിക്കുത്തൽ നടക്കുന്നുണ്ടായിരുന്നു. ഓരോ ആച്ചിലിലും കുഴിവെട്ടുകാരന്റെ കണ്ണ് എന്റെ നേരെ വീശുന്നുണ്ടായിരുന്നു. എനിക്ക് ഭയം തോന്നി. ചിന്തകൾ എനിക്ക് പിടിതരാതെ ഏതോ പേടിപ്പിക്കുന്ന കാടുകളിലേക്ക് കയറിയപ്പോൾ ശവപ്പറമ്പ് വിറയ്ക്കുന്ന ഒച്ചത്തിൽ പള്ളിമണി വീശിയടിച്ചു. ഞെട്ടിവിറച്ച ഞാൻ കണ്ണ് തിരിച്ചപ്പോൾ അയാൾ കോടാലികയ്യിൽ മുഷിഞ്ഞ വിയർപ്പുതുണി ഇട്ട് പറമ്പ് കടന്ന് പോയിരുന്നു. പള്ളി വിട്ട് ഞാൻ വീട്ടിലേക്കുള്ള വഴിയിലെക്ക് കേറുമ്പോൾ എനിക്ക് ചുറ്റും മരണത്തിന്റെ മണമായിരുന്നു. ഒരുപാട് ഒച്ചപ്പാടുകൾ നിറഞ്ഞ വഴി പക്ഷെ അന്ന് എന്തിനോ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. എന്റെ കണ്ണുകൾ വല്ലാതെ പിടച്ചു. ദാഹിച്ചു ചുണ്ടുകൾ വരണ്ടു. നായയുടെ കിതപ്പ് നെഞ്ചിൽ നിന്നു. കാരണം അറിയാതെ ഞാൻ എന്തിനെയോ പേടിച്ചു. ഒരുപാട് അടർന്ന ഒച്ചകളിൽ നിന്നും അടരാതെ ഒരുപാട് വാക്കുകൾ ഞാൻ കേട്ടു. വന്നവരും പോയവരും എന്നെ ചേർത്ത് നിറുത്തി ചുംബിച്ചു. കണ്ണുനീര് നനഞ്ഞ എന്റെ നെറ്റിതടം വെറുതെ പൊള്ളി.

അതേ. ആ വഴിയിലേക്ക് ഇപ്പൊൾ ഒരു ശവം കൊണ്ടുവരും..

എന്റെ ചാച്ചന്റെ. പേ-നായയുടെ കടിയേറ്റചാച്ചനെ നായയുടെ കൂട്ടത്തിലിട്ട് മൊതലാളി വെടിവെച്ചിട്ടു. ഓലപ്പായയിൽ ചുരുട്ടി ചെക്കന്മാര് ചുവന്ന് കൊണ്ടുവരുമ്പോഴേക്കും എന്റെ കണ്ണുകൾ എന്നെ മറന്നിരുന്നു. ശേഷിച്ചതോന്നും ഞാൻ അറിഞ്ഞിട്ടില്ലാ. കുഴിവെട്ടുകാരന്റെ മുഖത്തെ ഭാവം എനിക്ക് അടുത്തടുത്ത് വരുന്ന പോലെ. ഞാൻ ഏതോ കുഴിയിലേക്ക് മറിയുന്ന പോലെ..

” മതി ” എനിക്കന്ന് അങ്ങനെ ചെയ്യണ്ട വന്നു. ഇതിനാണോ നീ !

വലിഞ്ഞു മുറുകിയ കഴുത്ത് എനിക്ക് നീട്ടി അയാൾ പറഞ്ഞു..

” അല്ല ഇതിനല്ലാ. “

” പിന്നെ ?”

ചാച്ചൻ മേലൊഴിഞ്ഞെന്റെ പത്തിന്റന്ന് തോട്ടത്തിൽ പണിക്ക് പള്ളിലെ കാർന്നോരുടെ കൂടെ വണ്ടികയറുമ്പോൾ അത് സഹതാപം മൂത്തിട്ടായിരുന്നുന്നാ ഞാൻ ഓർത്തെ. അങ്ങനെ അല്ലെന്നറിഞ്ഞത് ഷെഡിന്റെ പുറകിലെ തിണ്ടിലിരുന്ന് കാർന്നോര് കള്ളും മോന്തി കാശും കുപ്പിയും പൊതിഞെടുക്കുന്ന കണ്ടപ്പോഴായിരുന്നു.

【 മണിക്കൂറുകൾ മുൻപ് 】

കുഞ്ഞേ നീയെളേപ്പൻ പറേണ ഇനിങ്കിലും കേൾക്ക്. നിന്റെ തന്ത കൊടുത്ത തീരാത്ത കടം വെച്ചിട്ട കാലം തീർത്തത്. അതെല്ലാം മൊതലാളി വേണ്ടന്ന് പറേമ്പോ ഒരു കടപ്പാട് കാണിക്കണ്ടെ. ഒന്നുല്ലേലും ഒരു തൊഴിലിനല്ലേ. വെറുതെ കണക്ക് എണ്ണി ഇരുന്നാ എത്ര കിട്ടുന്നാ .

കൊച്ചേ നീ കേറി വായോ…

‘ അയാൾ ‘

പ്രായം അറിയാത്ത ദേഹം , റബറിന്റെ മണം തോളിലും കയ്യിലെ തോക്കിലും ചോരക്കറ. അകത്തെക്ക് കയറുമ്പോൾ ഞാൻ അവിടെ ചാച്ചന്റെ ഗന്ധം തിരഞ്ഞു. ” നീയാ കുപ്പിന്ന് ഒരു വെട്ട് ഒഴി ” അയാളെന്നെ മുൻപോട്ടു തള്ളി . പകപ്പിന്റെ പലഭാവങ്ങളും എന്റെ നേർക്ക് പല്ലിളിക്കുന്ന പോലെ. മുന്നോട്ടാഞ്ഞ ഞാൻ മേശവട്ടത്തിൽ കയ്യൂങ്ങി മറയത്തെക്ക് നീങ്ങി നിന്നു. അയാളുടെ കണ്ണുകൾ എന്റെ ദേഹത്തിന്റെ അളവുകോലായി മാറുന്നത് ഞാൻ കണ്ടു നിന്നു. മുൻവിടവിലെ ഇരുട്ടിൽ അയാൾ നാക്ക് കയറ്റി എന്റെ നേർക്ക് നടക്കുമ്പോൾ ആ കൂറ്റൻ നിഴലിൽ ഞാൻ ഇല്ലാതായി പോയിരുന്നു. ചാച്ചന്റെ കുഴിമാടത്തിലേ പച്ചമണ്ണിന്റെ മണം ഉള്ളിൽ ചുരുട്ടിപ്പിടിച്ചപ്പോൾ എവിടെനിന്നോ എന്നെ ആരോ വലിക്കുന്ന പോലെ. ഞാൻ പുറകിലേ മുറിയിലെക്ക് പാഞ്ഞു. പാതിചെത്തി നിറുത്തിയ ചെങ്കല്ലിന്റെ തിണ്ണയിലെക്ക് ഞാൻ ചവിട്ടി എറിയപ്പെട്ടപ്പോൾ കോഴികളുടെയും പന്നികളുടെയും തോലുകളിൽ ഞാൻ മൂടപ്പെട്ടു അവയുടെ ശവങ്ങൾക്കുള്ളിൽ ഞാൻ മുറിവേറ്റു. പിന്നീട് ഒരു വേട്ടമൃഗത്തെപ്പോലെ എന്നിലേക്ക് പലവുരു പ്രവേശിച്ചപ്പോൾ ചാച്ചന്റെ കുഴി എനിക്ക് വേണ്ടി തുറന്നെന്ന് ഞാൻ ഓർത്തു. ഞാൻ മറിഞ്ഞു വീഴുന്നപോലെ. പിന്നീട് പതിവ്കാരിയുടെ അഭാവം എന്നിൽ തീർത്തതെന്ന ന്യായത്തിൽ അയാൾ എനിക്കായ് മണിയറതുറന്നപ്പോൾ അയാൾ മാന്യനാവുകയായിരുന്നു. ഞാൻ മുറിവേൽക്കുകയായിരുന്നു.

പിന്നീട് ഓരോ രാത്രികളിലും എന്നിൽ അവശനായ് അയാൾ വീഴുമ്പോൾ ഞാൻ ആ ശരീരത്തിന്റെ അളവുകൾ എടുത്തിരുന്നു. അതേ ഞാൻ ഒരു മനുഷ്യനിലേക്ക് ജനിച്ചു തുടങ്ങി. ചാവിന്റെ വക്കത്ത് എനിക്കയാളേ കൊണ്ടുപോയി നിറുത്തണം. അലറിക്കൂവി അയാളുടെ മരണം എനിക്ക് അസ്വദിക്കണം.

ഒരു നിശ്ശബ്ദയ്ക്ക് ശേഷം ഞാൻ ചിരിച്ചു. എന്റെ കണ്ണുകൾ ജയത്തിന്റെ രസം കൊണ്ട് വിടർന്നു.

അയാളുടെ കണ്ണുകൾ പേടിയിൽ നിറഞ്ഞു. കാരണം ഞാൻ അത് ചെയ്യും എന്നയാൾക്ക് ഉറപ്പായിരുന്നു.

” പിന്നെ നീയെന്തിനാ എന്നെ സ്നേഹിച്ചത് ??”

” അതോ “!

” മരണത്തിന് മുൻപ് നീ അതറിയും ” !

രാത്രിയുടെ പകുതിയും ഞാൻ എന്റെ പകയൂതി അയാൾക്ക് ചിതകൂട്ടി. അയാൾക്ക് മുന്നിൽ ഒരിക്കൽ കൂടി ഞാൻ കാമുകിയായ്. കട്ടിൽ  നിറഞ്ഞുകിടക്കുന്ന അയാളുടെ പാതിജീവന് വേണ്ടി ഞാൻ അവിടെ മണിയറ തീർത്തു. വീഞ്ഞിന്റെ വട്ടമറുത്ത് ഞാൻ രണ്ടുകോപ്പകളിൽ പകർന്നു. ചുവന്നപട്ടിൽ ഞാൻ അയാൾക്ക് മുന്നിൽ അണിഞ്ഞു നിന്നു. പക്ഷെ അയാൾ ബലഹീനനായിരുന്നു. എനിക്കുമുന്നിൽ അയാളിലേ പുരുഷത്വം ചത്തിരുന്നു. അയാളെ നേരെ കിടത്തി ഞാൻ മുറിവിന്റെ കെട്ടഴിച്ചു. അയാൾ പേടികൊണ്ട് വിറച്ചു. വരണ്ടചുണ്ടുപോലെയുള്ള മുറിവിൽ ഞാൻ ചുംബിച്ചു. അയാൾ നീറിപുളഞ്ഞു. ചുണ്ടെടുത്ത് വായിൽ വിഷത്തിൽ കുത്തിയ ആണികടിച്ച് ഞാൻ തെരുതെരെ ആ മുറിവിനെ ചുംബിച്ചു. അയാൾ മരണം കൊണ്ട് അലറി. വിടർന്നു തുടങ്ങിയ മുറിവിൽ ഞാൻ എന്റെ ചാച്ചന്റെയും എന്റെ ഓർമ്മകളുടെയും ശവക്കുഴികണ്ടു. എന്റെ നോട്ടത്തിൽ രതിയുടെ വൈകൃതങ്ങൾ ഉണ്ടായിരുന്നു. ആ ശരീരത്തിൽ ഞാൻ വീഞ്ഞിന്റെ ഇഴകൾ ഇറ്റിച്ചു.  പൂക്കൾ കൊണ്ട് മൂടിയ ആ കിടക്കയിൽ ഞാൻ ശവമഞ്ജത്തിന്റെ രൂപം കണ്ടു. ഞാൻ ഉള്ളിൽ അട്ടഹസിച്ചു. അയാൾ പൂർണ്ണമായും നഗ്‌ന്നനായിരുന്നു , ഞാനും. എന്റെ നഗ്നത അയാളിൽ മരണമുണർത്തി. അയാളുടെ നഗ്നത എന്നിൽ ദയനീയതയും. ചുംബനം കൊണ്ട് അയാളുടെ ഉച്ചിയിൽ നിന്നും ഞാൻ ഉഴിഞ്ഞിറങ്ങുമ്പോൾ അവിടെയെല്ലാം വിഷം കുത്തിയ ആണിപ്പാട് വീഴുന്നുണ്ടായിരുന്നു.അയാളുടെ വലം നെഞ്ചു നീലച്ചു തുടങ്ങി അയാൾ വിറച്ചു തുടങ്ങി. ശേഷം തോക്കിന്റെ തിരിക്കമ്പിയിൽകെട്ടി വിഷകോപ്പയിൽ മുക്കിയ വെളുമ്പുതൂണി അയാളുടെ മുറിവിൽ വെച്ചു കെട്ടി. അഴിഞ്ഞു വീണ സാരിതുമ്പ് കയ്യിൽ കോർത്ത് ഞാൻ അയാളുടെ കസേരയിൽ ചാരിഇരുന്ന് മരണത്തിന്റെ മണത്തിനായ് പാത്തു നിന്നു ഒരു അറ്റം തൊട്ട് വിറച്ചു മരിക്കുന്ന ആ ശരീരത്തിൽ നോക്കി ഞാൻ അലറിചിരിച്ചു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു..എനിക്കറിയാമായിരുന്നു പ്രണയം കൊണ്ട് അയാളെ ഞാൻ കൊല്ലുമ്പോൾ എന്റെ പ്രതികാരം അത്രമേൽ ശക്തപ്പെടുകയായിരുന്നു.

” എന്നാടി ഈ കുത്തികുറിക്കുന്നെ നോവലാണോ ” 

” അല്ലച്ഛായ ഒരു പ്രവചനപത്രം “ഞാൻ ചിരിച്ചു അയാളും

” കിടക്കല്ലേ ഞാൻ ദേ വരുവാ ” 

അതേ ഞാൻ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഇത് സമ്പവിക്കും. കിടക്കയിലേക്ക് ഞാൻ കയറുമ്പോൾ തൊട്ടത്തിൽ ആരുടെയോ കാൽപെരുമാറ്റം…

അയാളുടെ വലം നെഞ്ചിൽ ചുംബിച്ഛ് ഞാൻ ചാരെകിടന്നു….

പ്രതികാരത്തിന്റെ ലഹരി ഞാൻ അറിയുന്നുണ്ട്..

ഞാൻ ചിരിച്ചു കൊണ്ട് മെല്ലെ കണ്ണടച്ചു…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…