ആഹ്ലാദത്തിൻ്റെ കൈ പിടി –
യിലമർന്ന യാത്രയിൽ
വഴി തിരിഞ്ഞത്
നൊമ്പരകുപ്പായ –
മണിഞ്ഞവരുടെ
ഊടുവഴികളിലൂടെ
വെട്ടിത്തിളച്ച വെള്ളത്തിൻ
കാത്തിരിപ്പ് ………..
പൊള്ളലേറ്റ നഗ്നപാദൻ്റെ
വിയർപ്പിൻ മണികൾക്കായ്…….
ഉന്മാദിനിയുടെ
ഉദരത്തുടിപ്പിന്നാശ
പാതയോരത്തെ
പൈപ്പുവെള്ളം………
ഇരുളിൽ
വിറങ്ങലിച്ചിരിക്കുന്ന വാർദ്ധക്യത്തിനു
കൂട്ടിനായൊരു നായ….
അന്ത്യകർമ്മങ്ങൾക്കു
കാതോർക്കുന്ന
ശവക്കൂമ്പാരങ്ങൾ……
മുഖം മറച്ചു നിൽക്കുന്നു
അഭിമാനക്ഷതമേറ്റ
പട്ടിണിക്കോലങ്ങൾ…..
നരാധമൻ്റെ കൺവലയിൽ
കുടുങ്ങിയ പരൽ മീൻ
പിടച്ചിൽ…..
കലഹം വിതച്ച കുടുംബ പാടത്ത്
അരിഞ്ഞെടുക്കുന്നു
കൂടപ്പിറപ്പിൻ തലക്കറ്റകൾ…..
ഇരുണ്ട ചുമരുകളിൽ
ചാരിയിരിക്കുന്നു
നിസ്സഹായതയുടെ
നെടുവീർപ്പുകൾ……
മരണത്താലിചാർത്തുന്നു
അല്പായുസ്സിൻ കണ്ഠത്തിൽ
പിന്നിലെയലമുറകള –
വഗണിച്ചോടുന്നു
കുടിവെയ്പിനായ്
രാഹുകാലം നോക്കി…..
കനവു കണ്ടൊരു
പൊൻതാലിയോ
കുരുക്കിടുന്നു
കുടില തന്ത്രത്താൽ……..
മനസ്സ് പിടയുന്നൊരു
കാഴ്ച കാൺമു
ഇരുട്ടിലൊരു പെൺപക്ഷി
ഇടവിട്ട് കരയുന്നു
ഇണയെ ‘ വേർപെട്ടതിനല്ല
ഉയിരു വേർപെടാതിരിക്കാൻ
നൊമ്പരക്കാഴ്ചയുടെ
ഊടുവഴികൾ കടന്ന്
നേർ പാതകളുടെ
അരികിലെത്താനാകുമോ?