ഒഴുകുന്ന
കമ്പാർട്ടു മെന്റുകളിൽ
കാലംനട്ടുവളർത്തിയ മുല്ല
വള്ളികൾ ഞാത്തിയിടുന്ന
പെൺകുട്ടിയോടുപൂവു
ചോദിക്കുന്നുണ്ടു പലവടിവു
കളിലാടിയുലഞ്ഞാടും
പത്തിയൊതുക്കിയ
ചലനങ്ങൾ
ഓരോ
നോട്ടത്തിലുമെരിഞ്ഞുകത്തും
നിലവിളിയുടെ
യടുപ്പുകല്ലുകൾ പുറത്തു
കാട്ടാതെ വെളുക്കുന്നുണ്ടു
വിടർന്നുനിരയൊത്ത
മൊട്ടുകൾ
ചുരം കടക്കുമ്പോൾ
പലവട്ടമപായചങ്ങലവലിച്ചിട്ടും
തകർന്നൊരുപ്രണയത്തിലൂടെ
നിത്യവും നിർത്താനാവാതെ
യോടുകയാണെന്നിട്ടും
ഒഴിഞ്ഞകൂടുവിൽക്കാതെ
കടക്കെണി മഞ്ഞച്ച
പലപാളം
എന്നാലും
കയറിപ്പറ്റുന്നുണ്ട്
ഓരോസ്റ്റേഷനിലും
കുത്തിനിറച്ചയോർമ്മകളുടെ
കനംതൂങ്ങിയബാഗുകൾ
വലിച്ചുകേറ്റുന്നുണ്ടു
മുറുകിയമുഖത്തു നിലച്ചു
തളംകെട്ടിക്കിടപ്പുണ്ടു
കണ്ണുകൾ
ചൂളം
വിളിച്ചാടിയുലഞ്ഞു
പായുംവണ്ടിയിലപരിചിതം
നിലച്ചൊരുറിസ്റ്റുവാച്ചൂർന്നു
വീഴുന്നുണ്ടാരുടെയോ
പാതിഞെരക്കം
വഴിയിൽ
ഈച്ചകൾ
റീത്തുവെക്കുന്നുണ്ടു
താഴെവീണു ചതഞ്ഞരഞ്ഞൊരു
മണത്തിന്മേൽപേരെഴുതാതെ
നേരമൊരു വൃത്തം