ഓരോ വാക്കും
ഒളിപ്പിയ്ക്കുന്നുണ്ടതിൽ
ഒരു വിസ്ഫോടനം.
മുന്നേറ്റം നടത്താനായ്
വെമ്പുന്നുണ്ടുള്ളിൽ
സൂക്ഷ്മം
നീരാളിക്കൈവിരലറ്റത്ത്
മിന്നലിന്നൊരു തരി.
തൊടുത്തുവിടപ്പെട്ടാൽ
താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്
ഒരു രഹസ്യത്തെയെന്നപോലെ
തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്
തന്നെത്തന്നെയത് ഏൽപ്പിക്കുന്നു.
അതിദ്രുതമായ് പലയിടനാഴികളിലൂടെ
ദ്യുതിതരംഗം
ഒന്നിൽനിന്നൊന്നിനെയായ്
മുഴുവനുമായ് ബാധിക്കുന്നു.
മറ്റൊന്നും കേൾക്കാതെ, പറയാനാവാതെ
ഒരു വാക്കുണർത്തുന്ന
സംവേദനങ്ങൾ പടർന്ന്.
വാക്കുകൾ
അഗ്നിസ്ഫുലിംഗങ്ങളാണ്.
ഒരു കൊള്ളിയാൻ സ്പർശ്ശത്താലും
നിലതെറ്റാം;
പ്രണയത്തിൽ എന്നപോലെ
കവിതയിലും.
വായിക്കാതിരിക്കുകയാണ്.
പുലർകാലത്ത്
പുൽക്കൊടിത്തുമ്പിൽ
ജലകണികയൊന്നെന്നപോലെ
ജീവിതത്തെ
അത്രയും അവധാനതയോടെ
ധ്യാനിച്ചിരിക്കുന്നനേരമാണ്.
കാറ്റിനോടാണ്;
നെറുകിൽത്തലോടി
വീശാതിരിക്കുക.
ഇനിയുമൊരു വീണുതകരലിന്
ഉൽപ്രേരകമാവാതിരിക്കുക!