മൊഴിമാറ്റം : മുരളി.ആർ
പ്രാർഥന
ഒരു നാവികൻ
കടലിന്റെ അഗാധതയിൽ മുങ്ങിമരിച്ചു. അതറിയാതെ അവന്റെ അമ്മ
വിശുദ്ധകന്യാമറിയത്തിന്റെ ബിംബത്തിനു മുന്നിൽ
ഒരു മെഴുകുതിരി കൊളുത്തുന്നു –
കാറ്റിന്റെ ഗതിയറിയാൻ എപ്പോഴും ചെവി കൂർപ്പിച്ചുകൊണ്ട്,
മകൻ വേഗം തിരിച്ചുവരണമെന്നും കാറ്റും കോളും മഴയുമില്ലാതിരിക്കണമെന്നും പ്രാർത്ഥിച്ചുകൊണ്ട്.
അവൾ കാത്തിരിയ്ക്കുന്ന മകൻ
ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞുകൊണ്ടുതന്നെ
ബിംബം എല്ലാംശ്രദ്ധിക്കുന്നു-
ഗൗരവത്തോടെ, ദു:ഖത്തോടെ.
ജനലുകൾ
ഈ ഇരുണ്ട മുറികളിൽ ശൂന്യമായ ദിവസങ്ങൾ തള്ളിനീക്കുന്ന ഞാൻ ജനലുകൾ കാണാനായി അലയുന്നു.
ഒരു ജനൽ തുറക്കുമ്പോൾ അതുവലിയൊരാശ്വാസമായിരിക്കും,
എന്നാൽ അവിടെ ജനലുകളില്ല.
അല്ലെങ്കിൽ അവയെ എനിക്കുകാണാനാവുന്നില്ല.
ഒരു പക്ഷേ ഞാനവയെ കാണാത്തത്
നന്നായിരിയ്ക്കും. എന്തെന്നാൽ വെളിച്ചം മറ്റൊരു പീഡനമായി മാറിയേക്കാം. ആർക്കറിയാം അത് എന്തെല്ലാം പുതിയ കാര്യങ്ങളാണ് വെളിപ്പെടുത്തുകയെന്ന് ?
മെഴുകുതിരികൾ
കനകാഭയാർന്ന, ഊഷ്മളമായ, ഉജജ്വലമായ
ഒരു വരിമെഴുകുതിരികളെപ്പോലെ വരാൻ പോകുന്ന ദിവസങ്ങൾ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു.
കത്തിയെരിഞ്ഞ മെഴുകുതിരികളുടെ ഒരു മങ്ങിയ നിരപോലെ കഴിഞ്ഞുപോയ ദിവസങ്ങൾ ഞങ്ങൾക്കു പിന്നിൽ നിലം പതിയ്ക്കുന്നു ;
തണുത്ത്, ഉരുകി വളഞ്ഞ്, അടുത്തുള്ളവ ഇപ്പോഴും പുകയുന്നു.
അവയെ നോക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അവയുടെ രൂപം എന്നെ വ്യാകുലപ്പെടുത്തുന്നു. അവയുടെ മുമ്പുണ്ടായിരുന്ന പ്രകാശത്തെ ഓർക്കുന്നതും
എന്നെ ദു:ഖത്തിലാഴ്ത്തുന്നു.
ഞാൻ മുന്നിലേയ്ക്കു കണ്ണയയ്ക്കുന്നു –
കത്തി ജ്വലിക്കുന്ന
എന്റെ മെഴുകുതിരികളിലേക്ക്.
തിരിഞ്ഞുനോക്കാൻ,
കാണാൻ ഭയം മൂലം ഞാനാഗ്രഹിക്കുന്നില്ല, ഇരുണ്ട ആ നിര
എത്ര പെട്ടെന്നാണ് നീണ്ടു പോകുന്നത് ?
മരിച്ച ഒരു മെഴുകുതിരി കൂടി
എത്ര പെട്ടെന്നാണ് മറ്റൊന്നിനോടു ചേരുന്നത് ?