മൊഴിമാറ്റം: ബിനോയ് വി
അങ്ങനെയിരിക്കെ ഞാൻ അവളുമൊത്തു പുഴക്കരയിലേക്കു പോയി.
അവൾ വിവാഹിതയല്ലെന്നാണ് ഞാൻ
കരുതിയിരുന്നത്,
പക്ഷെ അവൾക്ക് ഒരു ഭർത്താവ് ഉണ്ടായിരുന്നു .
അന്ന് വിശുദ്ധ സെബാത്യനോസിന്റെ
തിരുനാളായിരുന്നു.
ഞങ്ങളേതാണ്ട് പൂർണ്ണ സമതത്തിലായിരുന്നു.
നഗരത്തിന്റെ മൂല വിളക്കണഞ്ഞിരുന്നു,
ചീവണ്ടുകൾ രാത്രി ഗാനമാരംഭിച്ചിരുന്നു.
ഞാനവളുടെ മയങ്ങി കിടന്ന മുലത്തടത്തിൽ തൊട്ടു
കുളവാഴ കുലയ്ക്കുന്ന പോലെ അത് വിടർന്നുവന്നു,
പശമാവിൽ മുക്കിയെടുത്ത അവളുടെ അടിയുടുപ്പുകൾ
പത്തു കഠാര കൊണ്ട് പട്ടു മുറിക്കുന്ന പോലുള്ള സീൽക്കാരമുയർത്തി .
മരങ്ങൾ മാനം മുട്ടെ വളർന്നിരുന്നു
ഇലകളിൽ നിന്നും വെള്ളി വെളിച്ചമണഞ്ഞു തുടങ്ങിയിരുന്നു,
പുഴക്കരയിലെ അംബരാന്ത സീമയിൽ
നായ്ക്കൾ നിർത്താതെ
കുരയ്ക്കുന്നുണ്ടായിരുന്നു.
കള്ളി മുള്ള് കൂട്ടത്തിനും , റോസാ മുള്ളുകൾക്കും,
ഓടക്കാടിനുമിടയിൽ വെച്ച്,
കോരപ്പുല്ല് കൊണ്ട് ഞാൻ അവളുടെ പിൻ കഴുത്തിൽ
ഒരു ദിവ്യാത്ഭുതം കാണിച്ചു.
ഞാൻ എന്റെ ടൈ അഴിച്ചു,
അവൾ വസ്ത്രവും
ഞാൻ കൈത്തോക്കും , തോൽവാറുമൂരി
അവൾ കീഴ്കഞ്ചുകങ്ങളും,
സ്തനാവരണങ്ങളുമഴിച്ചു.
പട്ടിനോ , സുഗന്ധ തൈലങ്ങൾക്കോ യില്ലാത്ത
മാർദ്ദവവും , സുഗന്ധവുമായിരുന്നു അവളുടെ മേനിക്ക് ,
ചന്ദ്രികയോ , വജ്രങ്ങളോ പോലും ഇങ്ങനെ തിളങ്ങിയിരിക്കില്ല.
അവളുടെ തുടകൾ നക്ഷത്ര മീനിനെ പോലെ വഴുതി മാറുന്നു ,
ഒരു പകുതിയിൽ തപ്ത താപവും,
മറു പകുതിയിൽ ആസക്തമായ കുളിരും.
ഇ തെറിച്ച പെണ്ണിന്റെ മുകളിൽ
അങ്കവടിയും , കടിഞ്ഞാണുമില്ലാതെ ഞാൻ നടത്തിയ സവാരിയാണേറ്റവും ഉൽകൃഷ്ടമെന്നു ഞാൻ പറയുന്നു .
ഈ രാത്രി അവളെന്നോട് പറഞ്ഞതൊന്നും ഞാൻ ആരോടും ആവർത്തിക്കില്ല .
ഞാൻ വിവേകിയായ ഒരു പുരുഷൻ ആയിരിക്കുന്നു.
ഞാനവളെ നദിയിലേക്കുയർത്തുന്നു
മണ്ണ് മൂടി ഞാനുമ്മ വയ്ക്കുന്നു.
ഐറിസ് മുള്ളുകളാൽ കോറി മുറിയുന്നു,
കാറ്റിനാൽ നീറുന്നു .
തികച്ചും നാടോടിയായി തന്നെയാണ് ഞാനവൾക്ക് ഒപ്പം നിന്നത്
ഞാൻ ഞാനായി തന്നെ.
ഞാനവൾക്കു റയോൺ പട്ടിൽ തീർത്ത
സ്വർണ്ണ വർണ്ണമാർന്ന ഒരു തയ്യൽ സഞ്ചി സമ്മാനിച്ചു,
പ്രണയം നിരസിച്ചു ,
ആ രാത്രി തന്നെ.
കാരണം , പുഴക്കരയിലേക്കു ഞാൻ അവളെയാനയിക്കുമ്പോൾ
അവൾ അവിവാഹിതയാണെന്നു പറഞ്ഞിരുന്നെങ്കിലും
അവൾക്കൊരു ഭർത്താവുണ്ടായിരുന്നു.
ഞാൻ കൂടുതൽ വിവേകിയായ പുരുഷനാവുന്നു

ലോർക്കയുടെ വധത്തെക്കുറിച്ച് 1937 ഫെബ്രുവരി 20നു ചെയ്ത പ്രസംഗം നെരൂദ അവസാനിപ്പിച്ചത് ഇങ്ങനെയാണ്:
“…അപ്രത്യക്ഷനായ നമ്മുടെ സഖാവിന്റെ ഓർമ്മ നിങ്ങൾക്കു മുന്നിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്. മണ്ണിൽ നിന്നും യുദ്ധത്തിൽ നിന്നുമകന്ന, കവിതയും പ്രശാന്തതയും നിറഞ്ഞ ചില വാക്കുകളാവും പലരും എന്നിൽ നിന്നു പ്രതീക്ഷിച്ചിരിക്കുക. ”സ്പെയിൻ“ എന്ന വാക്കു തന്നെ ഉത്കണ്ഠാകുലമായ ഒരു പ്രത്യാശയോടൊപ്പം വിപുലമായ വേദനയാണല്ലോ നിങ്ങളിൽ പലർക്കുമുണ്ടാക്കുക. ആ വേദനകളെ തീവ്രമാക്കാനോ നമ്മുടെ പ്രത്യാശകളെ അലങ്കോലമാക്കാനോ അല്ല ഞാൻ ശ്രമിച്ചത്; എന്നാൽ, ഭാഷ കൊണ്ടും വർഗ്ഗം കൊണ്ടും സ്പാനിഷായ എനിക്ക് അതിന്റെ നാണക്കേടുകളെക്കുറിച്ചല്ലാതെ സംസാരിക്കാൻ പറ്റില്ലെന്നായിരുന്നു. ഞാൻ രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയവാദപ്രതിവാദങ്ങളിൽ ഇന്നേവരെ ഞാൻ പങ്കെടുത്തിട്ടുമില്ല. എന്നാൽ എന്റെ വാക്കുകൾ, നിഷ്പക്ഷമായിരിക്കാൻ നിങ്ങളിൽ പലരും ഇഷ്ടപ്പെടുന്ന വാക്കുകൾ, ഉത്കടവികാരത്തിന്റെ ചായം പുരണ്ടതാണ്. എന്നെ മനസ്സിലാക്കൂ, സ്പാനിഷ് അമേരിക്കയിലെ കവികളേയും സ്പെയിനിലെ കവികളേയും മനസ്സിലാക്കൂ: ഞങ്ങളിൽ ഏറ്റവും മഹാനെന്നും നമ്മുടെ ഭാഷയിലെ ഇന്നത്തെ കാലത്തിന്റെ മാലാഖയെന്നും ഞങ്ങൾ ഗണിക്കുന്ന ഒരാളുടെ ഘാതകനെ ഞങ്ങൾ മറക്കുകയില്ല, ഞങ്ങളൊരിക്കലും അയാൾക്കു മാപ്പു കൊടുക്കുകയുമില്ല. സ്പെയിനിന്റെ എല്ലാ ദുഃഖങ്ങളിലും വച്ച് ഒരു കവിയുടെ ജീവിതവും മരണവും മാത്രമേ ഞാൻ ഓർക്കുന്നുള്ളുവെങ്കിൽ എന്നോടു ക്ഷമിക്കൂ. നാമൊരിക്കലും ഈ പാതകം മറക്കില്ല, നാമൊരിക്കലും അതു പൊറുക്കില്ല. നാമൊരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കില്ല. ഒരിക്കലും.“
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫാഷിസ്റ്റുകൾ വധിച്ച ലോർക്കയുടെ തിരത്തെടുത്ത കവിതകളും ഗദ്യരചനകളും. വിവ: വി.രവികുമാർ, 294 പേജ്, വില ₹400, ഇപ്പോൾ പോസ്റ്റേജ് ഉൾപ്പെടെ ₹320. കോപ്പികൾക്ക് 7356370521 ( ഐറിസ് ബുക്സ്), 7025000060 ( ഐവറി ബുക്സ്)