
മനസ്സിൽ മഥിക്കുന്ന വാക്കുകൾ നീ കോതേ ..
കുറിക്കുകപുസ്തക താളുകളിൽ.
വൃത്തങ്ങൾ വേണ്ടലങ്കാരങ്ങൾ വേണ്ട..
ഭാവം അഹംഭാവം മാത്രം മതി..
ചിന്തകൾ വേണ്ട ചിന്തേരിടേണ്ട വായിൽ വരുന്നത് കോതയ്ക്ക് പാട്ട്.
പുച്ഛത്തിലാണെങ്കിൽ അവ നിശ്ചയം ഉച്ചത്തിൽ തന്നെ ചൊല്ലീടേണം….. ഒളിച്ചുവെക്കാനൊന്നുമില്ലെങ്കിൽ പിന്നെ മറിച്ചു നീയെന്തിനു ചിന്തിക്കണം…..
കട പിഴുതെറിയണം, തലയരിഞ്ഞെറിയണം.. തലൈവരായുള്ളവർ ഭയന്നോടണം….
കനിവുകൾ കാട്ടാനവർ അലിവുള്ളോരല്ല കുപ്പയിൽ പോലും കയ്യിട്ടുവാരുവോർ…
എന്തിനു കഷ്ടം കൂറണം നിങ്ങൾ നിഷ്ഠൂരരായ കാമവെറിയരിൽ,
പിഞ്ചു കുഞ്ഞിൻ ചാരിത്രമൂറ്റി മദം കൊള്ളുമാ
മനുഷ്യദൈവങ്ങളിൽ…
ശൂലത്തിൽ ഗർഭം കോർത്തെടുത്തുന്മാദനൃത്തം ചവിട്ടും കാട്ടാളകൂട്ടരിൽ,
വിഷം വീഴ്ത്തി ഒട്ടിയ വയറിന്റെയന്നം നിഷേധിക്കും മൂഢമാം ദൈവ വിശ്വാസത്തിൽ!!!
എഴുതുക നീ കവേ !! കാലഘട്ടത്തിൻ മരിക്കാത്ത പ്രജ്ഞയാം മഷിയിൽ മുക്കി….
എന്തിന്നധീരത.
നിനക്ക്താങ്ങായി
ചരിത്രത്തിൻ മരിക്കാത്ത
പിൻകാഴ്ചകൾ.
പാഠമതാകേണം, പാതയുമതാകേണം ,
പതറാതെ പോരിനിറങ്ങിടേണം.
തിരസ്കരിക്കേണം നീയും നിന്നെ തമസ്കരിക്കുന്ന മാദ്ധ്യമ കഴുകരെ….
നീ ചൊല്ലും വാക്കുകൾ പതിരില്ലാ കതിരുകൾ!! കൊയ്യാൻ കൊയ്ത്ത് പാട്ടേറ്റു പാടാൻ
കൊത്താൻ കൊത്തിപ്പറന്നുയരാൻ…..
ഇവിടുണ്ടൊരു ലോകം നവമാദ്ധ്യമലോകം
കോതേ!…. നിനക്കിനി പാട്ടു പാടാം………
വായിൽ തോന്നുന്നപ്പോലെ പാടാം………