
ഉറങ്ങുന്നതിന് എനിക്ക്
പ്രത്യേക നേരമോ കാലമോയില്ല ,
എവിടെയും എങ്ങനെയും
ഉറങ്ങാനാവും .
രാത്രി ഭക്ഷണം കഴിച്ച്
വീട്ടിലെ മറ്റുള്ളവരൊക്കെ
ഉറങ്ങാൻ പോകുമ്പോൾ
ഞാനെൻ്റെ വായനയിലോ
എഴുത്തിലോആയിരിക്കും
ടെലിവിഷൻ മിണ്ടിപ്പറയുന്നുണ്ടാകും.
ചിലപ്പോൾ പിന്നീട്
ഏതെങ്കിലും നേരത്ത് നോക്കുമ്പോൾ
ഞാൻ ഒരു ഉറക്കം കഴിഞ്ഞിട്ടുണ്ടാകും.
ബസ്സിൽ കയറി ഇരിപ്പുറച്ചാൽ ഉറക്കമാകും.
കണ്ടക്ടർ വിളിച്ചു പറഞ്ഞില്ലെങ്കിൽ
സ്ഥലത്ത് ഇറങ്ങാനാവാത്ത സ്ഥിതിയാവും
ട്രെയിനിൽ ഉറങ്ങിപ്പോയി
അവസാന സ്റ്റേഷനിൽ നിന്നും
അടുത്ത വണ്ടിക്ക് തിരിച്ചു വന്ന
എത്രയോ അനുഭവം.
കോടതിയിൽ
കേസു നടന്നു കൊണ്ടിരിക്കുമ്പോൾ,
യോഗത്തിൽ സംസാരിക്കുമ്പോൾ ,
ഭാര്യയോടൊപ്പം രമിക്കുമ്പോൾ ഒക്കെ ഉറങ്ങിപ്പോയിട്ടുണ്ട് , ഞാൻ.
ഇന്നലെ ഓടിച്ചു പോയ കാർ
ഓഫീസ് ഗേറ്റിനിടിച്ചു
നിന്നപ്പോഴാണറിഞ്ഞത്
പരിചിതവഴിയിലെ
ഡ്രൈവിങ്ങിനിടയിൽ
എപ്പോഴോ ഉറങ്ങിപ്പോയി എന്ന് .
ഒരിക്കൽ മാഷോടൊത്ത്
പാടവരമ്പിലൂടെ പുഴക്കടവിലേക്ക് നടക്കുകയായിരുന്നു.
മാഷ് രാഷ്ടീയം പറഞ്ഞ് മുന്നിലും
ഞാൻ മൂളിക്കൊണ്ട് പിന്നിലും.
പെട്ടെന്ന് മുന്നിൽ
കടവത്ത് തോണിയിറങ്ങി
കുഞ്ഞുമായി പടവുകൾ കയറിവരുന്ന
പഴയ കൂട്ടുകാരിയെ കണ്ടപ്പോഴാണ്
ഞെട്ടിയുണർന്നത്…
ഞാൻ വരമ്പത്തൂടെ നടന്നുറങ്ങുകയായിരുന്നല്ലോ !.