
നടുക്കം മാറാതെത്ര നേരമീ-
ചതുപ്പിൽ, ആരാലുമന്വേഷിച്ചറിയാതെ
പിടയ്ക്കും നോവിനാൽ മിടിയ്ക്കു-
മെന്നുള്ളം കാണുവാനാളില്ലാതെ.
ഇവിടേയ്ക്കൊന്നു നോക്കീടൂ
തിരക്കും തിടുക്കവുമുള്ളവർ നിങ്ങൾ,
അറിയാം; ഞാനുമൊരിക്കലിങ്ങനെ
വേഗം കൊണ്ടവൻ, ആരെയും ഗൗനിക്കാത്തോൻ.
എന്റെ നാളിൽ ചുറ്റും തിരക്കായിരുന്നു,
ആരാധക സുഗന്ധതൈലത്തിൽ മണം
പുകഴ്ത്തിപ്പാടുന്നോരുടെ മേളം
ഒന്നുതൊടുവാൻ ഹരം കൊണ്ടൊരു കൂട്ടം
എടുത്തുയർത്താൻ ആരും കൊതിക്കുമാരവം.
ഞാനൊരാൾ, ലോകനെറുകിലെത്തിയോൻ
ധരിച്ചു ഭൂമി ഗോളത്തിനുടയവൻ
ഞാനൊരാൾ, മാലോകർക്കേറ്റവും പ്രിയൻ
വൃഥാ ധരിച്ചു ആകാശവാസിയേക്കാളും കേമൻ.
ഇതാ കിടക്കുന്നു ഞാൻ; കണ്ടുവോ കോലം
പാടിപ്പുകഴ്ത്തിയോരില്ല
കോലാഹലക്കേളി നടത്തിയ ഭൃത്യന്മാരില്ല.
ഇതാ കിടക്കുന്നു ഞാൻ; വെറും നൃണം
ശ്വാസവായുവിനായ് മനക്കൈ കൂപ്പി.
ദയവുണ്ടാകുമോ ആർക്കാനും
മത്സരച്ചൂതിലാവേശം പൂണ്ട ലോകത്തിൽ
എന്നെയൊന്നെടുക്കാൻ
പൊടി തുടയ്ക്കാൻ
എന്നെ ഞാനാക്കിയ ശ്വാസമൂതാൻ, വീണ്ടും
സ്നേഹസംഗീത പുല്ലാങ്കുഴലാക്കാൻ. ——————————————————