ബെർതോൾഡ് ബ്രെഹ്റ്റ്
വിജയങ്ങൾ നേടുന്നതിന്റെ കാലമല്ല
പരാജയങ്ങൾ നേടുന്ന കാലം.
വിജയിക്കുവാനായി മാത്രം ജീവിക്കുന്നവർക്ക്
വിജയത്തെ കുറിച്ച് ഒന്നുമറിയില്ല
മുങ്ങുന്ന കപ്പലിൽ നിന്ന് നീന്തുന്നവൻ
തേടുന്നത് മികച്ച ദ്വീപിനെയല്ല
ഏറ്റവും അടുത്ത ദ്വീപിനെ.
ലോകത്തെ മാറ്റുക
എന്നതിന്റെ അർത്ഥം
വിജയങ്ങൾ നേടുക എന്നല്ല.
ഒരു മാറ്റവും സംഭവിക്കാത്ത
സ്വന്തം നഗരത്തിൽ
വിജയിയായിരുന്നു കൊണ്ട്
വെറുതെ ലോകത്തെ
മാറ്റാൻ പോകരുതേ.
നീ വിജയങ്ങൾക്ക് വഴിയൊരുക്കി
പോരാട്ടങ്ങളിൽ പൊരുതി
ഇപ്പോൾ വേണമെങ്കിൽ വിജയിയാകാം
വിജയിയാകാതിരിക്കൂ !
പൊരുതിക്കൊണ്ടിരിക്കൂ !
ഞാൻ നിന്നോട്
പറഞ്ഞു കൊണ്ടിരിക്കുന്ന
ഈ കാലം
വിജയത്തിന്റെ കാലമല്ല
നിന്റെ എല്ലാ തോൽവികളിലും
സന്നിഹിതനാകൂ
ഒരു ഒഴികഴിവുമില്ലാതെ
എല്ലാ നിന്ദകളെയും കേൾക്കൂ
ഓരോ നിന്ദകളെയും
ഓരോ ചോദ്യങ്ങളായി എടുത്ത്
അതിന് ഉച്ചത്തിൽ മറുപടി പറയൂ !
പോരാട്ടങ്ങൾക്ക് സാകൂതം കാത്തിരിക്കുന്ന
പോരാളിയായ മനുഷ്യാ
തിന്ന് , കുടിക്ക്
ഇരിക്കുന്ന കസേര നന്നാക്കി വെക്ക്
ചിരിക്കുന്നവരോടൊപ്പം ചിരിക്ക്
നിന്റെ വൃക്കകൾക്ക് സുഖപ്പെടാൻ
സമയം കൊടുക്ക്
മരിച്ചു പോയവരുടെ ചിന്തകളെ
ശാന്തമായി അറിയാൻ ശ്രമിക്ക്
വിജയങ്ങളുടെ കാലം വരും
നിനക്ക് ശേഷം.