കാണണമെന്ന്
കരുതിയ ഒരാൾ
രണ്ടു മാസങ്ങൾക്കുമുൻപ്
മരിച്ചു പോയി.
അനുശോചനക്കുറിപ്പെഴുതി.
സംസാരിക്കണമെന്ന്
കരുതിയ മറ്റൊരാൾ
കഴിഞ്ഞമാസം മരിച്ചു.
ചെന്നുകാണേണ്ടതായിരുന്നുവെന്ന്
വൈകിയബോധത്തെ
കുറ്റപ്പെടുത്തി.
പതിനഞ്ചു ദിവസം മുൻപ്
മരിച്ചയാളേയും
ചെന്നുകണ്ടില്ലല്ലോയെന്ന്
പശ്ചാത്തപിച്ചു
അനുശോചനക്കുറിപ്പ് എഴുതാനായില്ല.
ഈയാഴ്ച്ച ആരാണാവോ
മരിക്കുക ?
എന്നുള്ള ചിന്തകൾക്കൊപ്പം
എന്നെ കാണണമെന്നു ശഠിച്ച
ഒരാളുംകൂടി മരിച്ചു.
കരഞ്ഞില്ല,
അനുശോചനമെഴുതിയില്ല,
നോക്കിയപ്പോൾഞാൻ ഇന്നലെ മരിച്ചുപോയിരുന്നു.