സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയത്തിന്റെ സുവിശേഷം

മഞ്ജുഷ ഹരി


അനന്തരം അവൾ ഉന്മാദത്തിന്റെ ഋതുവിലേക്ക് കാൽവഴുതി വീഴ്കയും അവൻ, അവളിൽ ഇനിയുമെഴുതിത്തീർക്കാത്ത ഉത്തമഗീതങ്ങളിലേക്ക് മുഖംപൂഴ്ത്തുകയും ചെയ്തു. ഞാൻ നിന്നെയറിയുന്നിടത്തോളം ഈ ഗന്ധങ്ങളെയുമറിയുന്നുവെന്നും നിന്നോടുകൂടെയായിരിപ്പാൻ ഭൂമിയുടെ ന്യായപ്രമാണങ്ങൾ തെറ്റിക്കാനൊരുക്കമാണെന്നും അവൻ അരുളിച്ചെയ്തു! കാലം എന്നെന്നേക്കുമായി അവളുടെ ഉടലിൽ വസന്തത്തെ എഴുതിച്ചേർത്തു. പ്രണയത്തിന്റെ നിത്യമായ കളപ്പുരകൾ അവളിൽ സ്ഥാപിക്കപ്പെട്ടു. രാത്രികളിൽ അവർ പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ നിന്നിറങ്ങിവന്ന രേഫാൻ നക്ഷത്രത്തിന്റെ വെളിച്ചത്തിൽ മൊലോക്കിന്റെ കൂടാരത്തിൽ പ്രണയം പങ്കിടുകയും പകലുകളിൽ ആൾക്കൂട്ടത്തിനിടയിൽ അന്യരായി നടിക്കയും ചെയ്തു. ലോകം നിന്നെയറിഞ്ഞിട്ടില്ല, ഞാനോ നിന്നെയറിയുന്നുവെന്ന് നഗരവാതിൽക്കൽ വച്ച് അവൻ അവളുടെ കണ്ണുകളോടും ഹൃദയത്തോടും അരുളിച്ചെയ്തു. ഇന്നലെയും ഇന്നും എന്നെന്നേക്കും ഞാൻ നിന്നൊടുകൂടെ സഹവസിക്കാൻ വേണ്ടിയത്രേ പിറവിയെടുത്തിരിക്കുന്നുവെന്ന് അവൾ അവനോട് മൗനമായി പ്രതിവചിച്ചു. വിശ്വാസത്തിന്റെ സാക്ഷ്യം ഇരുവരെയും ഒന്നാക്കി ബന്ധിക്കയാൽ, നാം ഇവിടെനിന്നും ഓടിപ്പോക എന്നവൾ അവനോടാവശ്യപ്പെടുകയും ഭൂമിയുടെ ഭ്രമണപഥത്തിൽ അവർ എന്നേക്കുമായി അലിഞ്ഞുചേരുകയും ചെയ്തു.

എന്നോടവർ ഇപ്രകാരം പറഞ്ഞു: ഉന്മാദത്തിന്റെ തോട്ടങ്ങളിൽ നിന്നും കവിതകൾ ശേഖരിക്കുക. ഏടുകൾ ചേർത്തു തുന്നിയ കാലത്തിന്റെ വേദപുസ്തകത്തിൽ സൂക്ഷിക്കുക.
ഞാനോ ഇക്കാണുന്ന പാപങ്ങളെല്ലാം ഒട്ടകംപോൽ പേറുന്നവൾ; ഇരുട്ടിലും വെളിച്ചത്തിലും നിലാവിന്റെ ഭാരം ചുമക്കുന്നവൾ. ആകയാൽ ഞാൻ നിങ്ങൾക്കായി പാപികളുടെ വേദപുസ്തകം എഴുതുന്നു.

നീ എന്നോടിപ്രകാരം പറഞ്ഞു: വിലക്കപ്പെട്ട കടൽപ്പാതകളിൽ പ്രണയത്തിന്റെ റാന്തൽവിളക്കും പേറി സഞ്ചരിക്ക. ഇടമുറിയാതെ വീശുന്ന കാറ്റിൽ കണ്ടുമുട്ടാം. ഒരു ചുംബനത്താൽ നാം ആത്മാക്കളെ കൈമാറ്റം ചെയ്യാം.
എന്നാൽ എന്റെ വിളക്ക് കെട്ടുപോകയും നീ ഇരുട്ടിൽ അലിഞ്ഞുപോകയും ചെയ്തതായി ഞാനറിയുന്നു. സമാന്തരമായ ആകസ്മികതകളിൽ ജീവിക്കയും മരിക്കയും എന്നെന്നേക്കും സ്മരിക്കപ്പെടുമാറ് പറുദീസയിൽ അവശേഷിക്കയും ചെയ്യുമത്രെ. അതിനാൽ അവിശ്വാസിയുടെ വേദവാക്യങ്ങളിൽ നാം ജീവിക്കുമത്രെ !!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…