ചുട്ടുപൊള്ളുന്ന പാതകളും
തിളയ്ക്കുന്ന മനസ്സുകളും
ഇണചേരുന്ന സമരമാണ്
നാം കാഴ്ചകൾ മെനയുന്ന
വഴിയോര കുരുക്ഷേത്രം..
അവിടെ വിൽക്കുന്നത്,
നിറമുള്ള സ്വപ്നങ്ങളും
നരച്ച ജീവിതാഭിലാഷവും
ഉള്ളിൻ്റെ ഉള്ളിൽ നിറഞ്ഞ
പൊടിപിടിച്ച നിഴലുകളുമാണ്…
അവിടെ വിലപേശുന്നത്,
കാലത്തിൻ്റെ കണക്കുകളും
വീശാൻ മറന്നുപോയ കാറ്റിൻ്റെ
കൊഴിഞ്ഞ ഇലകളിൽ പതിഞ്ഞ
വിടരാൻ മറന്ന പഞ്ചിരികളും..
അവിടെ തൂത്തുവാരുന്നത്,
അടർന്നുവീണ മുത്തുകളും
പൊട്ടിത്തകർന്ന വാക്കുകളും
മണ്ണിലുറഞ്ഞ മിഴിനീരുകളും
പ്രതീക്ഷയുടെ അലോസരങ്ങളുമാണ്..
അവിടെ വിടരേണ്ടത്,
സൂര്യോദയത്തിൽ നിന്ന്
നിലാവിൽ നിന്ന്
മുകിലുകലിൽ നിന്ന്
മന്ദഹസിക്കും വർണ്ണപൂക്കളാണ്.