നിത്യകന്യക
നിലാവ് ചിതറിയ പോലെ
ഒളി വിതറി
മിഴികൾ കൂമ്പി
നിശ്ചലം…
വിരലിൽ ജലചക്രം.
തണു തുള്ളികൾ
അടുക്കിൽ കൊരുത്ത
പോലെ …
നിലാത്തുള്ളികൾ
കൊണ്ടൊരു
വർത്തുള വജ്രനേമി പോലെ…
ലംബമായും, തിരശ്ചീനമായും
താനേ തിരിയുന്നു,
വിരൽത്തുമ്പ് അച്ചുതണ്ടാവുന്നു.
തെറിച്ചു ചിതറും
തുള്ളികളിൽ നിന്നും
കാലം ഉണ്ടാകുന്നു..
ഒരു വിത്തു പോലെ….
ചെറു മീനുകൾ
ചുണ്ടു പിളർക്കുന്നു.
കാലമതിന് ശ്വാസം നൽകുന്നു..
വിത്താവരണം
പതിയെ തുറക്കുന്നു…
ഹരിതം നാമ്പുകൾ
അറകൾ
തുറക്കുന്നു.
കാലം അവയിൽ
മധുനീർ
നിറയ്ക്കുന്നു…
ഹൃദയമൊരു ആഭേരി
ദോലനം
രചിയ്ക്കുന്നു…
ചിതറുന്ന ഒരു തുള്ളി
അവളുടെ
ചുണ്ടിൽ പറ്റുന്നു…
തേനും, നിലാവും
അടർത്തി
വസന്തമായി പരക്കുന്നു..
തെരു തെരെ
പൂക്കൾ പെയ്യുന്നു…
തിരിഞ്ഞു കൊണ്ടേ യിരിക്കുന്നു
ചക്രം,
പെയ്യുന്ന പൂക്കൾ
സുഗന്ധം വഹിക്കുന്ന
ഓളങ്ങൾ ഉണ്ടാക്കുന്നു…
ഊഞ്ഞാലു പോലെ
മണ്ണും, മാനവും
ഓടിപ്പിടുത്തം കളിക്കുന്നു.
ചിതറുന്ന പൂക്കൾ
നിറവില്ല്,
ചെമ്മാനം,
പച്ചപ്പുൽമേട്,
വള്ളിക്കുടിൽ,
അങ്ങനെ…
ചിത്രങ്ങൾ
വരച്ചു കൊണ്ടിരുന്നു…
തരുക്കളിൽ
വിടർന്നതോരോന്നും
അധര പുഷ്പങ്ങൾ…
ഇലയനക്കങ്ങൾ
ചുംബനങ്ങൾ..
മിഴികളടക്കുമ്പോഴൊക്കെ
തുള്ളികൾ
ജീവനായി മിടിച്ചു കൊണ്ടിരുന്നു….
മിഴികൾ തുറന്നപ്പോൾ
ദുർഗന്ധം വമിക്കുന്ന
പഴന്തുണിക്കെട്ട്
പരക്കം പായുന്നത്
യുഗപുരുഷൻ കണ്ടു…
മാഞ്ഞ് പോയ
അദ്ഭുതചക്രത്തിൻ്റെ
സൗഗന്ധികങ്ങളിലേക്ക്,
തേനിരമ്പങ്ങളിലേക്ക്
അവൻ
പുതപ്പ് വലിച്ചിട്ടു.
3 Responses
നല്ല കൽപ്പന കൾ….
കവിതയുട ചില ഭാവതലങ്ങൾ ദുർഗ്റാഹ്യമായി തോന്നി
മാഞ്ഞുപോയ അത്ഭുതചക്രത്തിന്റെ സൗഗന്ധികങ്ങൾ…👌👌
Fabulous