
പായ്‍ വിശറികൾക്ക് താഴെ
മയങ്ങുന്ന നൗകകളെ അവൾ
അരുമയായ് താരാട്ടാറുണ്ട് .
അവയുടെ നങ്കൂരങ്ങൾ
ചിലപ്പോഴൊക്കെ നെഞ്ചിലേല്പിക്കുന്ന പരിക്കുകൾ
സാരമില്ലെന്നവൾ പറയാറുണ്ട്
നീലമേഘപ്പരപ്പിലെ
പ്രകാശവര്ഷങ്ങള്ക്കപ്പുറത്തെ
പ്രണയമുളവാക്കും
ഏറ്റമിറക്കങ്ങളിൽ
അവളുലയാറുണ്ട് ..
അവളുടെ നെടുവീർപ്പുകൾ
അടിത്തട്ടിലെ ശംഖുകളിലും
സ്വപ്നങ്ങൾ ,കരസ്‌പർശമേൽക്കാത്ത
ചിപ്പികളിലും ഒതുങ്ങാറുണ്ട് ..
ചിലപ്പോഴൊക്കെ അവൾ
മോഹങ്ങളാൽ പതഞ്ഞ് നുരഞ്ഞ്
തീരത്തെ നനക്കാറുണ്ട് ..
നീണ്ടു വഴുവഴുത്ത കൈകൾ
കൊണ്ട്
മടുപ്പിന്റെ നീരാളികൾ ചൂഴുമ്പോൾ
ആകെ വീർപ്പുമുട്ടാറുണ്ട് ..
അവളും കണ്ണീരും
സ്വത്വങ്ങൾ ചുഴികളിലെറിഞ്ഞ്
ഒരേ ഉപ്പുടലായ് മാറാറുണ്ട് ..
ചരാചരങ്ങളെ ഒളിപ്പിക്കും
അവളുടെ ഗർഭത്തിൽ ,
മിഴികളെത്താത്ത ആഴത്തട്ടുകൾക്കുമടിയിൽ
ഇപ്പോഴും തിളയ്ക്കും
ജ്വാലാമുഖികളുമുണ്ട് ..
എങ്കിലും അവളെ വിളിക്കുന്നത്
ശാന്തസമുദ്രമെന്നു തന്നെയാണ് ..