കരുതിവയ്ക്കുന്നിതെല്ലാം നിനക്കായ്
തരുവതില്ലേയൊരു ദിനം കാലം….
ഹൃദയതാളിൽ കുറിക്കുന്നു നിത്യം
പറയുവാനുള്ള കദനങ്ങളെല്ലാം…
അറിയുകില്ലിനി കാണുമോ നമ്മൾ
പുലരിയിൽകിനാപ്പൂക്കളാൽ വീണ്ടും
കരളിനുള്ളിലെ കനലാഴിയെല്ലാം
ഒരുദിനം നിന്നിലേക്കു പകർന്ന്
മനമിതൊരുവേള നിശ്ശൂന്യമാക്കാൻ
ഹൃദയഭാരമിറക്കി വച്ചൊന്നായ്
അലിയുവാൻ മനം കുതികുതിക്കുന്നു…
അറിവതുണ്ടു ഞാൻ നിൻ സ്പന്ദനങ്ങൾ
ചിലതെനിക്കായ് വിതുമ്പുന്ന രാഗം
എഴുതുവാനും പറയാനുമാവാ-
തെഴുതിവച്ചില്ലേ വാക്കുകൾ തമ്മിൽ
പുണരുവാനൊന്നു ചുംബിച്ചുണർത്തി
കരയുവാനിനിയെത്രനാൾ വേണം…
അകലെയെങ്കിലും, അറിയുന്നു നമ്മൾ
ഹൃദയതാളത്തുടിപ്പുകൾ നിത്യം…!
ഹൃദയതാളം നിലച്ചിടും മുൻപൊ-
ന്നലിയണംതമ്മിലേകരായ് മാറാൻ…
പൊരുളറിയാത്ത ജീവിതമിഥ്യാ –
നദിയിലൊരുദിനം ഒന്നിച്ചു മുങ്ങാൻ
കഴിയുമെന്നുള്ളൊരൊറ്റ സ്വപ്നത്തിൻ
നിറവിലാണെൻ്റെ ജീവിതനൗക…
അതുമതിയെനിക്കീജൻമമാകെ
സുകൃതജീവിതസാഗരമാകാൻ!