
എൻ മിഴിക്കോണിലെ ഏക ബിന്ദുവായി
നീയിന്നിരുട്ടിൽ പതിയിരിക്കുമ്പോൾ
വാനവും പൂഴിയും ഈ അന്ധകാരവും
നീയെന്ന ബിന്ദുവായി സല്ലപിക്കുന്നു.
എന്നിലെ വർണശബളമാം ചിറകുകൾ
നിന്നിലേക്കൊതുക്കി വിശ്രമിക്കുമ്പോൾ
പറന്നു പോകാൻ നിനക്കാകുമെന്നോതി-
യൊരു ജാലകം പോലും നീ തുറന്നുതന്നില്ല.
രാവിലും പകലിലും നിന്നെയും നോക്കി
ഇരുട്ടിന്റെ കറുപ്പ് ഞാൻ നോക്കികിടക്കെ
വെളിച്ചമേ ഒന്നു ചിരിച്ചു കാണിക്കാൻ പറഞ്ഞു
കൊണ്ടോരു ജാലകം പോലും നീ തുറന്നുതന്നില്ല.
ലോകമേ വശ്യമാം സൗന്ദര്യസങ്കല്പം
ഞാനെന്നു നീ ഉറക്കെ പറഞ്ഞപ്പോൾ
നീമാത്രമാണെൻ ലോകമെന്നോതി
ഞാനന്നൊരിക്കൽ അടച്ചതാണാ ജാലകം.
വെളിച്ചം വിതയ്ക്കാത്ത ഈ ലോകജീവിതം
പണ്ടേക്കുപണ്ടേ മടുത്തതാണെങ്കിലും
പറന്നുപോകാൻ കഴിയാത്തവണ്ണം നീ
എൻ വർണ ചിറകുകൾ മുറിച്ചു മാറ്റി.
ഞാനിന്നിതാ നിൻ വാക്കുകൾ തെറ്റിച്ച്
ആ ഏക ജാലകം നോക്കി നിൽക്കെ
നീയെന്ന സ്വാർഥന്റെ ഇരുണ്ട മുഖവും
ചിറകുകളരിഞ്ഞ കൈകളും കണ്ടു.
മുന്നോട്ടു പോകാൻ പറഞ്ഞുകൊണ്ടൊ-
രശിരീരി എൻ ചെവി കടിച്ചു മുറിച്ചപ്പോൾ
നീയെന്ന എൻ മിഥ്യ ലോകത്തെ വിട്ടു ഞാൻ
അശ്രുക്കൾ പൊഴിച്ചു പുറത്തിറങ്ങി.
മഴയും മഞ്ഞും വസന്തവും എൻ മേനി
തട്ടി കടന്നു പോകുമ്പോഴൊരു
ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു
“പ്രതീക്ഷകളെ ചിറകായെന്നിലേക്കണയൂ.”
-